Politics

ശ്രീലങ്ക വീണ്ടും കലുഷിതമാവുന്നുവോ ?

ഒരിക്കല്‍ കൂടി ശ്രീലങ്ക കലുഷിതമാവാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെരഞ്ഞെടുത്ത പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പുറത്താക്കി പഴയ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മൈത്രിപാലി സിരിസേന. ലോക രാജ്യങ്ങള്‍ ഈ നടപടിയെ ശക്തമായി അപലപിച്ചു. ചൈന മാത്രമാണ് ഈ മാറ്റത്തെ സ്വാഗതം ചെയ്തത്. ചൈനയുടെ ഇടപെടലാണ് ഈ നടപടികള്‍ക്ക് പിന്നില്‍ എന്നാണ് പൊതുവെയുള്ള സംസാരം.രാജ്യത്ത് പാര്‍ലമെന്റ് മരവിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം ആഭ്യന്തര യുദ്ധത്തിലൂടെ കടന്നു പോയ ചരിത്രമാണ് ശ്രീലങ്കക്ക് പറയാനുള്ളത്. അത് തിരിച്ചു വരുമോ എന്ന ഭയത്തിലാണ് വിഷയത്തെ പലരും നോക്കുന്നത്.

തന്നെ കൊല്ലാനുള്ള ഒരു ഗൂഢാലോചനയും സാമ്പത്തിക തകര്‍ച്ചയും ഇത്തരം നടപടിക്ക് പ്രേരിപ്പിച്ചുവെന്നാണ് പ്രസിഡന്റ് സിരിസേന പറഞ്ഞത്. അതെ സമയം ഇപ്പോഴും താന്‍ തന്നെയാണ് രാജ്യത്തെ പ്രധാനമന്ത്രി എന്ന് വിക്രമസിംഗയും പറയുന്നു. നാട്ടില്‍ സമാധാനവും നീതിപൂര്‍വകമായ നീതിന്യായ വ്യവസ്ഥയും തിരിച്ചു കൊണ്ട് വരും എന്നാണ് പുതിയ പ്രധാനമന്ത്രി പറയുന്നതും. എല്ലാ ജനപ്രതിനിധികളും തന്നെ പിന്തുണക്കണം എന്നാണു പുതിയ പ്രധാനമന്ത്രി ആവശ്യപ്പെടുന്നതും.

മേഖലയില്‍ കടന്നു കയറാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി എന്നാണ് ശ്രീലങ്കന്‍ ജനത പറയുന്നത്. പ്രസിഡണ്ടായിരുന്ന കാലത്തു രജപക്‌സെ നടത്തി എന്ന് പറയുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അദ്ദേഹത്തെ പലരും പ്രതി സ്ഥാനത്തു നിര്‍ത്തുന്നു. ഏകദേശം നാല്പത്തിനായിരത്തോളം തമിഴരെ 2005-2009 ആഭ്യന്തര യുദ്ധ കാലത്ത് കൊലപ്പെടുത്തി എന്നാണു പറയപ്പെടുന്നത്. മാത്രമല്ല വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയാണ് രണ്ടാം തവണ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്.

2005-2015 കാലത്ത് ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു രജപക്‌സെ. ചൈനയുമായി അടുത്ത ബന്ധം എന്നതാണ് മഹീന്ദ്ര രജപക്‌സയുടെ വലിയ ഗുണമായി പറഞ്ഞു വരുന്നതും. മൂന്നാം തവണ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റപ്പോള്‍ ഒരു പട്ടാള അട്ടിമറിക്കു ശ്രമിച്ചു എന്നും കേള്‍ക്കുന്നു. പട്ടാള മേധാവി പ്രസ്തുത വിഷയം അംഗീകരിച്ചില്ല എന്നതാണ് അത് നടക്കാതെ പോകാന്‍ കാരണവും.

നാട്ടിലെ ജനാധിപത്യ മൂല്യങ്ങളെ ആദരിക്കണമെന്നു ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ലങ്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നാട്ടിലെ മന്ത്രി സഭയെ പോലും മാറ്റുന്നതില്‍ വിദേശ രാജ്യത്തിന്റെ ഇടപെടല്‍ എന്നത് ജനാധിപത്യത്തിന്റെ ശക്തികുറവാണ് കാണിക്കുന്നത്. മേഖലയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നാല്‍ അത് ലങ്കയെ മാത്രമല്ല മേഖലയെ മൊത്തം ബാധിക്കും എന്ന ഭയത്തിലാണ് അയല്‍ രാജ്യങ്ങള്‍.

മന്ത്രിമാര്‍ ഓഫീസിലേക്ക് വന്നപ്പോള്‍ അവരെ തടയുകയും തുടര്‍ന്ന് അംഗരക്ഷകര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മഹീന്ദ്ര രജപക്‌സക്ക് എതിരെ മത്സരിച്ചാണ് ഇപ്പോഴത്തെ പ്രസിഡന്റ് അധികാരത്തില്‍ വന്നത്. നിലവിലുള്ള മന്ത്രിസഭയെ മാറ്റി പുതിയ ഒരാളെ കൊണ്ടുവരേണ്ട ഒരു വിഷയവും ലങ്കയില്‍ ഇല്ല എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ചൈനയുടെ സീമന്ത പുത്രനായ മഹീന്ദ്ര രജപക്‌സയെ തന്നെ അധികാരത്തില്‍ കൊണ്ടുവരിക എന്നിടത്ത് നിലവിലെ പ്രസിഡന്റ്് തീരുമാനിച്ചത് ചൈനയുടെ ശക്തമായ ഇടപെടല്‍ തന്നെ എന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ ഉചിതം. അത് കൊണ്ടാണ് ഈ അട്ടിമറിയെ ഒരു അന്താരാഷ്ട്രീയ ഗൂഢാലോചന എന്ന് വിളിക്കപ്പെടുന്നതും. ചുരുക്കത്തില്‍ ലങ്കന്‍ ജനാധിപത്യത്തിന് ഗുണകരമല്ല പുതിയ തീരുമാനങ്ങള്‍ എന്ന് മനസ്സിലാക്കാനാണ് ഒറ്റനോട്ടത്തില്‍ നമുക്കാവുക.

Facebook Comments
Show More

Related Articles

Close
Close