Politics

കൊറോണ കാലത്തെ രോഹിങ്കന്‍ ജനത ?!

നില്‍ക്കാന്‍ പോലും കഴിയാത്ത നൂറു കണക്കിനു രോഹിങ്കന്‍ സ്ത്രീകളെയും കുട്ടികളെയും കോസ്റ്റ് ഗാര്‍ഡു രക്ഷപ്പെടുത്തി ബംഗ്ലാദേശിലെ താല്‍ക്കാലിക ക്യാമ്പിലേക്ക് അയച്ചു. രണ്ടു മാസമായി കടലില്‍ കുടുങ്ങിയ ഇവരില്‍ ഇരുപത്തിനാല് പേര്‍ പട്ടിണി കൊണ്ട് മരിച്ചു എന്നും വാര്‍ത്ത പറയന്നു. വാര്‍ത്ത പല അന്താരാഷ്ട്ര മീഡിയകളില്‍ നിന്നും പിറകോട്ടു പോയിരിക്കുന്നു. ആയിരങ്ങള്‍ മരിച്ചു വീഴുന്ന ലോകത്ത് ഇരുപതു ഒരു കണക്കല്ല. അത് കൊണ്ട് തന്നെ അതൊന്നും വാര്‍ത്തയാകില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.

രോഹിങ്കന്‍ ജനത ഇന്നും ലോകത്തിന്റെ മുന്നില്‍ ചോദ്യ ചിഹ്നമായി തുടരുന്നു. സ്വന്തം സര്‍ക്കാര്‍ തന്നെ അവരുടെ അന്തകരാകുന്നു എന്നതാണ് അതിലെ വലിയ ദുര്യോഗം. കാലമേറെയായി അവര്‍ ജീവിക്കാനുള്ള ഭൂമി തേടുകയാണ്. അതിന്റെ ഭാഗമായാണ് അവര്‍ മലേഷ്യ തേടി പോയത്. പുതിയ സാഹചര്യത്തില്‍ രാഷ്ട്രങ്ങള്‍ അതീവ ജാഗ്രതയിലാണ്. കൊറോണ വരുന്ന വഴികള്‍ അവര്‍ അടച്ചു കളയുന്നു. അത് കൊണ്ട് തന്നെ രണ്ടു തവണ കരയുടെ അടുത്തെത്തിയിട്ടും അവര്‍ക്ക് മലേഷ്യന്‍ മണ്ണില്‍ കാല്‍ കുത്താന്‍ കഴിഞ്ഞില്ല. പ്രതീക്ഷയോടെ അവര്‍ കടലില്‍ തന്നെ കാത്തിരുന്നു. ഒരു മാസത്തേക്കുള്ള വിഭവങ്ങള്‍ അവര്‍ രണ്ടു മാസമായി ഉപയോഗിച്ചു. അവസാനം അവരില്‍ പലരും ഭക്ഷണമില്ലാതെ ഈ ആധുനിക കാലത്തും മരണത്തിനു കീഴടങ്ങി.

അതൊരു കേവലം വാര്‍ത്ത എന്നതിലപ്പുറം മുന്നോട്ടു പോയില്ല. ബാക്കിയുള്ള ഏകദേശം നാനൂറു പേരെരക്ഷപ്പെടുത്തിയിട്ടുണ്ട്. എന്തിനു വേണ്ടിയാണോ അവര്‍ പുറപ്പെട്ടത് അതിപ്പോഴും നിലനില്‍ക്കുന്നു. സ്വസ്ഥമായി ജീവിക്കാനുള്ള ഇടമാണു ഒരു ജനത അന്വഷിച്ച് നടക്കുന്നത്. ജനാധിപത്യവും മാനുഷിക മൂല്യങ്ങളും കൂടുതല്‍ പ്രസക്തമായ ലോകത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ തന്ന ലോകത്തെവിടെ മാനുഷിക വിരുദ്ധമായി എന്ത് നടന്നാലും അതിന്റെ പ്രതിധ്വനി ലോകം മുഴുവന്‍ പെട്ടെന്ന് പരക്കുന്നു. പക്ഷെ അതൊന്നും രോഹിങ്കന്‍ ജനതയുടെ കാര്യത്തില്‍ പ്രസക്തമല്ല. അവരെ മനുഷ്യരായി കാണാന്‍ ലോകം ഇനിയും മുന്നോട്ടു പോകണം.

Also read: തുറാസ് വിഴുങ്ങികൾ

ലോകത്ത് വിലയില്ലാത്ത ഒന്നായി മനുഷ്യ ജീവന്‍ മാറുന്നു. കൊറോണ ഒരു ദിവസം കൊണ്ട് പോകുന്നത് ആയിരങ്ങളെയാണ്. എത്ര ആള്‍ വരെ മരിക്കാം എന്ന ചര്‍ച്ചയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. രണ്ടു ലക്ഷം ആളുകള്‍ വരെ മരിച്ചാലും കുഴപ്പമില്ല എന്നിടത്താണ് അമേരിക്ക പോലുള്ള രാജ്യങ്ങളുള്ളത് എന്നാണു വാര്‍ത്ത. മരണ സംഖ്യ കൂടുമ്പോള്‍ തന്നെ പല യോറോപ്യന്‍ രാജ്യങ്ങളും ലോക്ക് ഡൌണ്‍ പിന്‍വലിച്ചിരിക്കുന്നു. മനുഷ്യ ജീവന്‍ ഒരു ലാഭ നഷ്ട കണക്കായി മാറിയിരിക്കുന്നു. ആവശ്യമില്ലത്തവര്‍ മരിക്കട്ടെ എന്ന് തന്നെയാണ് പല സമൂഹവും മനസ്സിലാക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെയാണ് രോഹിങ്കന്‍ ജനതയുടെ ദാരുണ മരണവും ഒരു ചര്‍ച്ച അല്ലാതെ പോയത്.

പട്ടിണി ഒരു മരണകാരണമാകാന്‍ പാടില്ലാത്ത വിധം ലോകം വളര്‍ന്നിരിക്കുന്നു. ലോകത്തെ ഏതു പട്ടിണിക്കാരെനെയും കണ്ടെത്താനുള്ള മാര്‍ഗം ഇപ്പോള്‍ എളുപ്പമാണ്. വിഭവങ്ങളുടെ കുറവ് കൊണ്ടല്ല പട്ടിണി മരണം നടക്കുന്നത്. അതില്‍ നിന്നും കയ്യൂക്കുള്ളവന്‍ ഇല്ലാത്തവനെ തടയുന്നു എന്നത് മാത്രമാണ് അതിനു കാരണം. അര്‍ഹതയില്ലാത്തവന്‍ കൊഴിഞ്ഞു പോകട്ടെ എന്നതാണ് മുതലാളിത്വ നിലപാട്. ഇന്ന് അതൊരു ആഗോള നിലപാടായി മാറിയിരിക്കുന്നു. പലരുടെയും കണക്കില്‍ രോഹിങ്കന്‍ ജനത ജീവിക്കാന്‍ അര്‍ഹത ഇല്ലാത്തവരാണ്. അത് കൊണ്ട് തന്നെ അവര്‍ മരിച്ചു തീരണം. ഒരു സമൂഹം മൊത്തമായി ലോകത്തിന്റെ പല ഭാഗത്തും വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിതം തള്ളിനീക്കുന്നു. ആധുനിക ലോകത്തിന്റെ വംശീയതയുടെ വലിയ ഇരകളായി അവര്‍ ജീവിക്കുന്നു.

ഫലസ്തീന്‍ രോഹിങ്കന്‍ എന്നിവയുടെ രാഷ്രീയം അവര്‍ ചില പ്രത്യേക വിഭാഗത്തില്‍ പെട്ടുപോയി എന്നതു മാത്രമാണ്. തൊട്ട അയല്പക്കങ്ങളിലെ പീഡിത ജനതയുടെ കണക്കില്‍ ഇന്ത്യയും അവരെ ഉള്‍പ്പെടുത്തിയില്ല. കാരണം അവരുടെ മതം തന്നെ. ഐക്യരാഷ്ട്രസഭയും അവരുടെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ഉതകുന്ന ഒരു നിലപാടും സ്വീകരിച്ചില്ല. ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ ഇതൊരു വിഷയമായി തന്നെ കണ്ടില്ല. പട്ടിണി കൊണ്ട് ആളുകള്‍ മരിക്കുക എന്നത് മൊത്തം ലോകത്തിനു തന്നെ നാണക്കേടാണ്. അതൊരു വാര്‍ത്ത പോലുമല്ലാത്ത രീതിയിലേക്ക് മാറി പോയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം മാനുഷിക മൂല്യങ്ങള്‍ ലോകത്ത് നിന്നും വിട പറഞ്ഞു പോകുന്നു എന്നത് തന്നെയാണ്.

Also read: കൊറോണക്കാലത്തെ റമദാന്‍ നോമ്പ്

കൊറോണ മനുഷ്യന് നല്‍കുന്ന പാഠം വലുതാണ്. പട്ടിണി രാജ്യങ്ങളും പട്ടണങ്ങളും സുരക്ഷിതമായി നില്‍കുമ്പോള്‍ വമ്പന്‍ പട്ടണങ്ങളും രാജ്യങ്ങളും ജനതയും രോഗത്തിന്റെ പിടിയില്‍ അമരുന്നു. പക്ഷെ അതൊന്നും ഒരു പാഠമായി കാണാന്‍ ലോകം തയ്യാറല്ല. അപ്പോഴും നാം ഉണ്ടാക്കിയ രാജ്യത്തിന്റെ വരകള്‍ക്ക് നാം കാവലിരിക്കുന്നു. നൂറു കണക്കിനു മനുഷ്യര്‍ നടുക്കടലില്‍ മരണത്തോട് മല്ലിടുമ്പോഴും നാം അറിഞ്ഞ ഭാവം വെച്ചില്ല. ജീവിത സൌകര്യം തേടിയാണു പലരും കടലുകള്‍ കടന്നു വന്‍ പട്ടണങ്ങളെ പുല്‍കിയത്. മഹാമാരി പട്ടണങ്ങളെ തേടി ചെന്നപ്പോള്‍ മനുഷ്യന്‍ നിസ്സഹായത പ്രകടിപ്പിച്ചു. മറ്റൊരു വിഭാഗം മരണത്തെ കാത്തിരുന്നു സ്വീകരിച്ചു. ഭൂമിയില്‍ ജീവിക്കാനുള്ള എല്ലാവരുടെയും അവകാശം ഒന്നാണ്. പക്ഷെ നാം തന്നെ നമുക്ക് അവകാശം നിഷേധിക്കുന്ന കാടന്‍ നിയമങ്ങള്‍ തിരുത്താന്‍ നമ്മുടെ ജനാധിപത്യ ബോധം നമുക്ക് വഴി കാട്ടിയില്ല.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker