അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് സ്ഥാനാർഥിയാകാൻ എത്രമാത്രം സാധ്യതയുണ്ട് എന്നതിന്റെ സൂചകം കൂടിയാണ്. സാധ്യത ദുർബലമാണെന്ന് പറയേണ്ടിവരും. കാരണം ട്രംപിന്റെ എതിരാളിയായി റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് മത്സരിക്കാൻ സാധ്യതയുള്ള റോൻ ഡി സാന്റിസ് ഫ്ലോറിഡ സംസ്ഥാനത്ത് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഡമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണിത്. അതിനാൽ സ്ഥാനാർഥിത്വത്തിന് വേണ്ടി പാർട്ടിക്കകത്ത് നടക്കുന്ന പ്രിലിമിനറി തെരഞ്ഞെടുപ്പുകൾ ട്രംപിന് ഒരിക്കലും എളുപ്പമാകില്ല.
റിപ്പബ്ലിക്കൻ പാർട്ടിക്കകത്ത് ട്രംപിന്റെ കടുത്ത വിമർശകരിലൊരാളായ ബ്രയൻ കെംപ് ജോർജിയ സംസ്ഥാനത്തിന്റെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതും ട്രംപിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാക്കുന്നു. ഈ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് പിന്തുണച്ച സ്ഥാനാർഥികളിൽ പലരും പരാജയപ്പെടുകയും ചെയ്തു. പെൻസിൽവാനിയയിൽ നിന്ന് സെനറ്റിലേക്കും ഗവർണർ സ്ഥാനത്തേക്കും മത്സരിച്ചവർ അക്കൂട്ടത്തിലുണ്ട്. മിഷിഗൺ, ന്യൂയോർക്ക്, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച ട്രംപിന്റെ ആളുകളും പരാജയപ്പെടുകയായിരുന്നു. ടർക്കിഷ് വംശജനായ പ്രമുഖ ഭിഷഗ്വരനും ടെലിവിഷൻ അവതാരകനുമായ മുഹമ്മദ് ഓസും ദോഗ് മാസ്ത്രിയാനോയും ട്രംപ് ക്യാമ്പിൽ പരാജയം രുചിച്ചവരിൽ പെടും. ഓഹിയോ സംസ്ഥാനത്ത് നിന്ന് ജെ.ഡി വാൻസ് സെനറ്റിലേക്ക് ജയിച്ച് കയറുകയും ചെയ്തു.
സെനറ്റിലേക്കും ജനപ്രതിനിധി സഭയിലേക്കും ഗവർണർ സ്ഥാനങ്ങളിലേക്കുമുള്ള ഈ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ വിജയമൊന്നും നേടാനായില്ല. ഡമോക്രാറ്റായ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വലിയ സന്തോഷത്തിലുമാണ്. 2024 – ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനുണ്ടാവുമെന്ന് ബൈഡൻ സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ എതിരാളി ഡി സാന്റിസ് ജയിച്ചു കയറിയതാണ് ബൈഡന്റെ ആത്മവിശ്വാസം വർധിപ്പിച്ചത്.
ഏതായാലും ഈ ഇടക്കാല തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ട്രംപിന് തന്നെ. സെനറ്റിലേക്കും ജനപ്രതിനിധി സഭയിലേക്കും ഗവർണർ സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പിൽ പല റിപ്പബ്ലിക്കൻമാരും തോറ്റതിന്റെ പാപഭാരം ട്രംപിന്റെ തലയിലാണ് കെട്ടിയേൽപ്പിക്കുന്നത്. യാതൊരു തത്ത്വദീക്ഷയുമില്ലാതെ തന്റെ ജനകീയത തെളിയിക്കാനുളള മാർഗ്ഗമായി ഇടക്കാല തെരഞ്ഞെടുപ്പിനെ മാറ്റുകയായിരുന്നു ട്രംപ്. അതിന് കനത്ത തിരിച്ചടി കിട്ടുകയും ചെയ്തു. ചുരുക്കത്തിൽ, റിപ്പബ്ലിക്കൻമാർ നേരിയ വിജയം നേടി എന്നു പറയാം. ട്രംപ് എട്ടു നിലയിൽ പൊട്ടുകയും ചെയ്തു!
വിവ : അശ്റഫ് കീഴുപറമ്പ്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp