Palestine

ഇസ്രയേൽ ലക്ഷ്യം വെക്കുന്നതെന്ത്?

പുതിയ ജനസംഖ്യാ പരിഷ്കാരങ്ങളിലൂടെ

ഫലസ്തീനികളോട് ഒട്ടും അനുഭാവപൂർണമല്ലാത്ത ദേശരാഷ്ട്ര നിയമം 2018 ജൂലൈയിൽ ഇസ്രയേൽ പാസാക്കിയതോടെ ഫലസ്തീനികളോടുള്ള ഇസ്രയേലിന്റെ വ്യവസ്ഥാപിതമായ വംശീയതക്കെതിരെയുള്ള ചർച്ചകൾ ഒന്നടങ്ങിയ മട്ടായിരുന്നു. എന്നാൽ, ഇസ്രയേലീ ജനസംഖ്യയുടെ അഞ്ചിലൊന്നു മാത്രം വരുന്ന ഫലസ്തീനി ന്യൂനപക്ഷത്തെ അരുക്കാക്കുകയെന്ന അജണ്ടയോടെ ഇസ്രയേൽ ഗവൺമെന്റ് തങ്ങളുടെ അടിസ്ഥാന നിയമങ്ങളിലേക്ക് വീണ്ടും ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഒക്ടോബർ 28-നാണ് ഇസ്രായേലി പാർലമെന്റിലെ പതിനെട്ടോളം അംഗങ്ങൾ ഇതു സംബന്ധമായ കൂടിയാലോചനകൾ നടത്തുന്നത്. ഫലസ്തീനി അതോറിറ്റിയിൽ നിന്നും നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള സഹായം സ്വീകരിക്കുന്ന ഫലസ്തീനീ തടവുകാരുടെ പൗരത്വം റദ്ദാക്കണമെന്നാണ് അവർ ഈ ബില്ലിലൂടെ നിർദേശിച്ചത്. ഈ അംഗങ്ങളിൽ തീവ്ര വലതുപക്ഷ പാർട്ടികൾക്കു പുറമേ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയെപ്പോലുള്ള മധ്യനിലപാട് സ്വീകരിക്കുന്ന പാർട്ടി അംഗങ്ങളും ഉൾപ്പെട്ടു എന്നതാണ് ഏറെ ശ്രദ്ധേയം. അഥവാ, ഇസ്രയേലീ പാർലമെന്റിലെ ഭൂരിപക്ഷ അംഗങ്ങളും ഈ ബില്ലിന് അനുകൂലമാണെന്നാണ് അതിൽ നിന്നും വ്യക്തമാകുന്നത്.
ഖജനാവ് കാലിയായതിന് ശേഷം ഫലസ്തീൻ അതോറിറ്റി ഫലസ്തീനീ തടവുകാരുടെ കുടുംബങ്ങൾക്കും വെസ്റ്റ് ബാങ്ക്, ജെറുസലേം പോലുള്ള അധിനിഷ്ട പ്രദേശങ്ങളിലുള്ളവർക്കും നൽകുന്ന സഹായം വളരെ തുച്ഛമാണെന്നിരിക്കെ, ഈ ബില്ലിന്റെ നിർമാണം ഏറെ സംശയങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

വലതുപക്ഷ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഗവൺമെന്റ് വടക്കൻ ഇസ്രയേലിലെ ജൂതനഗരമായ ഹരീഷിന്റെ അധികാരപരിധി അമ്പതു ശതമാനത്തോളമായി വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി ഇസ്രയേലി പത്രമായ ഹാരെറ്റ്സ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിൽ ഫലസ്തീനികൾ ഭൂരിപക്ഷമാകുന്നത് തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 2050-ഓടെ ആ നഗരത്തിലെ ആനുപാതിക ജനസംഖ്യയുടെ അമ്പത്തിയൊന്നു ശതമാനവും ഫലസ്തീനി മുസ്ലിംകളാവുമെന്ന രേഖ പുറത്തുവന്നതു കൊണ്ടാണ് ഇസ്രയേലി ഹൗസിംഗ് മന്ത്രാലയത്തിന്റെ തിടുക്കപ്പെട്ടുള്ള ഈ നീക്കം. ഫലസ്തീനികളെ ജനസംഖ്യാപരമായും പരാജയപ്പെടുത്തുകയെന്ന പരമമായ ലക്ഷ്യം മുന്നിൽവെച്ചുകൊണ്ട്, ഇസ്രയേൽ തുടക്കം കുറിച്ച സ്ഥാപനവൽകൃത വംശീയ പദ്ധതിയായ ദേശരാഷ്ട്ര നിയമത്തിന്റെ തുടക്കം മാത്രമാണ് നാം കണ്ടത് എന്നാണ് ഭീകരമായ ഈ രണ്ടുദാഹരണങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.

Also read: ലബനാനിലെ ആരോഗ്യമേഖല നൽകുന്ന സൂചന?

1948- 67 കാലയളവിലെ യുദ്ധങ്ങളിൽ ഇസ്രയേൽ നടത്തിയ പൂർണാർഥത്തിലുള്ള വംശഹത്യ പോലുള്ളവ ഇപ്പോൾ പ്രായോഗികമല്ലാത്തത് കൊണ്ട്, ഇസ്രയേലി അധിനിവിഷ്ട പ്രദേശങ്ങളിൽ ജൂത മേധാവിത്വം ഉറപ്പുവരുത്തുക മാത്രമാണ് അവർക്ക് മുമ്പിലുള്ള വഴി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജെറുസലേമിലെയും അനധികൃത ജൂത കുടിയേറ്റ പാർപ്പിട കേന്ദ്രങ്ങൾ വിപുലീകരിക്കുക വഴി ഇസ്രയേൽ നടപ്പാക്കാനുദ്ദേശിക്കുന്നത് കൃത്യമായ വംശഹത്യ (incremental genocide) തന്നെയാണെന്നാണ് ഇസ്രയേലി ചരിത്രകാരനായ ഇലാൻ പാപ്പെ നിരീക്ഷിക്കുന്നത്.

365 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള, രണ്ടു മില്യണോളം ജനങ്ങൾ താമസിക്കുന്ന സാന്ദ്രതയേറിയ ഗാസാ മുനമ്പിൽ ഇത്തരമൊരു ജനസംഖ്യാ യുദ്ധം ജയിക്കുകയെന്നത് ഒട്ടും ആശാവഹമായൊരു പദ്ധതിയായിരുന്നില്ല. എന്നാൽ ഏരിയൽ ഷാരോൺ പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ കുപ്രസിദ്ധമായ മാറ്റിപ്പാർപ്പിക്കൽ പദ്ധതി ഇസ്രയേലിന്റെ തന്ത്രപരമായൊരു മുന്നേറ്റമായിരുന്നു. ഗസയിൽ തങ്ങൾക്ക് നഷ്ടമായതിലേറെ വെസ്റ്റ്ബാങ്കിലെയും നഖ്‌ബ് മരുഭൂമിയിലെയും കോളനിവൽകരണ പദ്ധതികളിലൂടെ ഇസ്രയേൽ നേടിയെടുത്തു. ഗസയിലെ ജൂതരെ മുഴുവൻ ഒട്ടും വൈകാതെ തന്ത്ര പ്രധാനമായ ഈ മേഖലകളിലേക്ക് വിന്യസിക്കാനും അവർക്ക് സാധിച്ചു. അതു പോലെ, ഇസ്രയേലിലെ വലിയ സ്വാധീനവും ഒരുമയുമുള്ള പൊളിറ്റിക്കൽ ബ്ലോക്കായ ഫലസ്തീനികളായ ഇസ്രയേലീ പൗരന്മാരെ നിലക്കു നിർത്താൻ ഇസ്രയേൽ മറ്റു പദ്ധതികളാണ് ആവിഷ്‌കരിച്ചത്.

ഈ മാർച്ചിൽ നടന്ന പൊതു തെരെഞ്ഞെടുപ്പിൽ വിശാലസഖ്യമായി മത്സരിച്ച ഫലസ്തീനിയൻ പാർട്ടികൾക്ക് ഇസ്രയേലിൽ വൻ ജനപിന്തുണ നേടാനായിരുന്നു. രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രീയ ശക്തിയായുള്ള ഇവരുടെ ഉയർന്നുവരവ് സ്വാഭാവികമായും ഇസ്രയേലിലെ ജൂത ഭരണ നേതൃത്വത്തെ ഏറെ ആശങ്കപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമായാണ് പ്രമുഖ പാർട്ടികളായ ലിക്കുഡ്, കാഹോൾ ലാവൻ എന്നിവ ഫലസ്തീനി പാർട്ടികളുമായി സഖ്യത്തിലേർപ്പെട്ടവരെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കരുതെന്ന പ്രസ്താവനയുമായി വരുന്നത്. ഫലസ്തീനികളോട് വിവേചനപരമായ നിയമങ്ങൾ നടപ്പിലാക്കുന്നതിന് ഇവർ തടസമാകുമെന്ന് ഉറപ്പുണ്ടായതു കൊണ്ടാണ് ഈ പാർട്ടികളെ രാഷ്ട്രീയപരമായി അടിച്ചമർത്താൻ ഇസ്രയേൽ പ്രത്യേക ഉത്സാഹം കാണിക്കുന്നത്. നെസറ്റിലെ ഫലസ്തീനീ അംഗങ്ങൾക്ക് വലിയ തോതിൽ വിവേചനങ്ങൾ നേരിടേണ്ടി വരുന്നതായി ഈയിടെ ആംനസ്റ്റി ഇന്റർനാഷണലും അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യപരമായി മറ്റുള്ളവരെപ്പോലെ തെരെഞ്ഞെടുക്കപ്പെട്ടിട്ടും ഫലസ്തീനികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കാൻ അവർക്ക് കഴിയുന്നില്ല- റിപ്പോർട്ട് പറയുന്നു.

അധിനിവിഷ്ട ഫലസ്തീനിലെ ഭരണ അംഗങ്ങൾക്ക് നേരത്തെ തന്നെ ഇതു പോലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇസ്രയേലി പൗരന്മാരായ ഫലസ്തീനികളെയും ഇസ്രയേൽ ഇതേ കണ്ണോടെയാണ് കാണുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

പഴയ ഫലസ്തീനിന്റെ അവശിഷ്ടങ്ങൾക്കു മേൽ ജൂത രാഷ്ട്രം സ്ഥാപിതമായതു തൊട്ട് 1979 വരെയും ഫലസ്തീനീ ജനസാമാന്യത്തെ അവർ നിയന്ത്രിച്ചത് അക്രമമാർഗങ്ങളിലൂടെയായിരുന്നു. 1948-ലെ കുപ്രസിദ്ധമായ നക്ബക്കു ശേഷം ഇസ്രയേലിൽ തുടർന്ന ഫലസ്തീനികളെയും കർശനമായ നിയന്ത്രണങ്ങൾ ചുമത്തിയാണ് ഇസ്രയേലീ ഗവൺമെന്റ് അരുക്കാക്കിയത്.

Also read: 2007 ലാണ് ഞാൻ ഈജിപ്ത്‌ സന്ദർശിച്ചത്

അഥവാ മേൽപറഞ്ഞ അടിയന്തരാവസ്ഥ നീക്കം ചെയ്തത് വെറും പേരിൽ മാത്രമായിരുന്നു. അത് പുനരാവിഷ്കരിക്കപ്പെടുകയും പുതിയ പേരുകളിലെത്തുകയും മാത്രമാണുണ്ടായത്. ഇസ്രയേൽ കേന്ദ്രമായ അദാലയുടെ റിപ്പോർട്ട് പ്രകാരം ഇസ്രയേൽ നടപ്പാക്കിയ 65-ഓളം നിയമനിർമാണങ്ങൾ അവിടത്തെ ഫലസ്തീനീ ന്യൂനപക്ഷത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. ഫലസ്തീനികളായ പൗരന്മാരുടെ നിയമ പരിരക്ഷയെത്തന്നെ ഇല്ലാതാക്കുന്ന ദേശരാഷ്ട്ര നിയമം പോലുള്ളവ ലക്ഷ്യം വെക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയുള്ള വംശഹത്യയാണെന്ന് പറയാതെ വയ്യ.

ഇസ്രയേലിനെ ജൂത രാഷ്ട്രം എന്നു വിശേഷിപ്പിക്കുന്നതു തന്നെ ഫലസ്തീനി പൗരന്മാരുടെ കർതൃത്വ നിഷേധമാണെന്നാണ് അദാല നിരീക്ഷിക്കുന്നത്.

ഇസ്രയേൽ നടപ്പിലാക്കുന്ന വംശീയത ഒട്ടും ആകസ്മികമായ ഒന്നല്ലാത്തതിനാൽ അതിനെ മനുഷ്യാവകാശ ലംഘനമെന്ന കള്ളിയിലേക്ക് മാത്രമായി ചുരുക്കാനാവില്ല. ഒരു നിയമ, ഭരണഘടനാ ചട്ടക്കൂടുകൾക്കുള്ളിൽ വെച്ചു തന്നെ ഇസയേലിലെ ഫലസ്തീനീ അറബ് ന്യൂനപക്ഷത്തെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും അരികുവൽകരിക്കുന്ന അജണ്ടയാണവർ നടപ്പിലാക്കുന്നത് എന്ന നിലയിൽ തന്നെ ആ വിഷയം അഭിമുഖീകരിക്കപ്പെടേണ്ടതുണ്ട്. ഇസ്രയേലിന്റെ ഈ അജണ്ട അവസാനിപ്പിക്കാതെ ഫലസ്തീനി പൗരന്മാരുടെ രാഷ്ട്രീയ അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടമെല്ലാം നിരർഥകമായിരിക്കും.

 വിവ: അഫ്സൽ പി.ടി മുഹമ്മദ്

Facebook Comments

റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker