Palestine

തടവിലാക്കപ്പെടുന്ന ഫലസ്തീന്‍ ബാല്യങ്ങള്‍

കഴിഞ്ഞ മാസം 29ന്, നാലു വയസ്സുകാരന്‍ മുഹമ്മദ് റബീഅ് അല്‍അയാന്‍ എന്ന ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ പോലീസ് ചോദ്യംചെയ്യലിനു വിധേയനാക്കി എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഫലസ്തീനിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഇസ്രായേല്‍ പോലിസ് നിഷേധിക്കുകയുണ്ടായി. എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിനു നേരെ നാലു വയസ്സുകാരന്‍ മുഹമ്മദ് കല്ലെറിഞ്ഞതായും, അതുമായി ബന്ധപ്പെട്ട് പിതാവ് റബീഅ്-നെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്നായിരുന്നു ഇസ്രായേല്‍ പോലീസിന്‍റെ പ്രതികരണം.

കുട്ടി കല്ലെറിഞ്ഞു എന്നു പറയപ്പെടുന്ന ഇസ്സാവിയ്യ എന്ന പ്രദേശം ഇസ്രായേലി അതിക്രമങ്ങള്‍ക്ക് നിരന്തരം വിധേയമാകുന്ന ഒരിടമാണ്. അനധികൃതമെന്ന പേരില്‍ ഇവിടുത്തെ ഫലസ്തീന്‍ കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ഒരിടം കൂടിയാണിത്. ഇസ്സാവിയ്യയിലും മറ്റും ഫലസ്തീനികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിനുള്ള അനുമതിനിഷേധിക്കപ്പെടാറാണ് പതിവ്, അതേസമയം ജൂത കുടിയേറ്റക്കാര്‍ക്ക് യഥേഷ്ടം അനുമതി ലഭിക്കുകയും ചെയ്യുന്നു.

ഇസ്രായേല്‍ സൈന്യത്തിന്‍റെ മനുഷ്യത്വവിരുദ്ധവും നിയമവിരുദ്ധവുമായ ചെയ്തികള്‍ക്ക് നിരന്തരം സാക്ഷിയാവുന്ന ഒരു പ്രദേശമാണ് ഇസ്സാവിയ്യ. ജൂലൈ ആറിന്, മഹ്മൂദ് ആബീദ് എന്ന കൗമാരക്കാരനെ അറസ്റ്റു ചെയ്യുന്നതിനു വേണ്ടി, സമ്മര്‍ദ്ദ തന്ത്രമെന്ന നിലയ്ക്ക്, അവന്‍റെ ഉമ്മയെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്യുകയുണ്ടായി. നാലു വയസ്സുകാരന്‍ ബാലനെ അറസ്റ്റു ചെയ്ത നടപടി ഉണ്ടാക്കിയ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഇസ്രായേല്‍ പോലീസ് ന്യായങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും, അതെല്ലാം കളവാണെന്ന് തെളിയിക്കുന്നതാണ് ബാലന്‍റെ പേരിലുള്ള അറസ്റ്റു വാറണ്ട് രേഖകള്‍. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, കുട്ടികളെ അറസ്റ്റു ചെയ്യുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്യുന്നത് ഇസ്രായേലി അധിനിവേശക്രൂരതകളുടെ അനുഭവയാഥാര്‍ഥ്യങ്ങളില്‍ ഒന്നു മാത്രമാണ്.

മുഹമ്മദിനെ ചോദ്യം ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, ഇസ്സാവിയ്യയിലെ തന്നെ ആറു വയസ്സുകാരന്‍ ഖൈസ് ഫിറാസ് ഉബൈദ് എന്ന ബാലന്‍റെ പിതാവിനെ ഇസ്രായേല്‍ സൈന്യം ചോദ്യം ചെയ്തിരുന്നു. ഇസ്രായേല്‍ സൈനികര്‍ക്കു നേരെ ജ്യൂസ് കാര്‍ട്ടണ്‍ എറിഞ്ഞു എന്നതാണത്രെ ആ കുട്ടി ചെയ്ത കുറ്റം.

തടവുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അള്വമീര്‍ എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം, നിലവില്‍ 250 കുട്ടികള്‍ ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുന്നുണ്ട്. ഓരോ വര്‍ഷവും ഏതാണ് 700ലധികം കുട്ടികളാണ് ഇസ്രായേല്‍ കോടതികളില്‍ വിചാരണ ചെയ്യപ്പെടുന്നത്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നതാണ് കുട്ടികളുടെ മേല്‍ സാധാരണയായി ചുമത്തപ്പെടുന്ന കുറ്റം. സൈനിക നിയമമനുസരിച്ച് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. രണ്ടാം ഇന്‍തിഫാദ തുടങ്ങിയതു മുതല്‍ക്ക്, 12000 ഫലസ്തീന്‍ കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം തടവിലാക്കുകയും ചോദ്യംചെയ്യലിനു വിധേയമാക്കുകയും ചെയ്തത്.

ഫലസ്തീന്‍ കുട്ടികളും കുടുംബങ്ങളും മാത്രമല്ല, അവര്‍ക്കു വേണ്ടി നിലകൊള്ളുന്നവരും ഇസ്രായേല്‍ സൈന്യത്തിന്‍റെ നിയമവിരുദ്ധ നടപടികള്‍ക്കു വിധേയമാവുന്നുണ്ട്. ഫലസ്തീന്‍ കുട്ടികള്‍ക്കു വേണ്ടി വാദിക്കുന്ന അഡ്വേക്കറ്റുമാരില്‍ ഒരാളാണ് താരിഖ് ബര്‍ഗ്വൂത്. ജൂലൈ 30-ന് ഇസ്രായേല്‍ സൈനിക കോടതി അദ്ദേഹത്തെ 13 വര്‍ഷം തടവിന് വിധിക്കുകയുണ്ടായി. സുരക്ഷാസൈന്യത്തിന്‍റെ ബസ്സുകള്‍ക്കു നേരെ വെടിയുതിര്‍ത്തു എന്നതാണത്രെ അദ്ദേഹം ചെയ്ത കുറ്റം. ഇസ്രായേല്‍ സൈന്യം വ്യാജകുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയും, സൈനിക കോടതി 12 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്ത അഹ്മദ് മനാസ്വറ എന്ന 13 വയസ്സുകാരന്‍ ഫലസ്തീന്‍ ബാലനുമായി കോടതിയില്‍ ശക്തമായി വാദിച്ച താരിഖ് ബര്‍ഗ്വൂത് ഇസ്രായേല്‍ സൈന്യത്തിന് ഒരു നിരന്തര തലവേദനയായിരുന്നു. ഇസ്രായേല്‍ സൈന്യം കുട്ടികള്‍ക്കു നേരെ നടത്തുന്ന പീഡനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി കോടതിയില്‍ അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ച വക്കീലാണ് ബര്‍ഗ്വൂത്. ബര്‍ഗ്വൂത് പുറത്തുവിട്ട പീഡനദൃശ്യങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള 1991-ലെ ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷന്‍, “പീഡനവും മറ്റു മനുഷ്യത്വവിരുദ്ധമായ ശിക്ഷാനടപടികളും നിരോധിച്ചിട്ടുണ്ട്”, എന്നാല്‍, ഫലസ്തീന്‍ കുട്ടികള്‍ക്കു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്‍റെയും പോലിസിന്‍റെയും മര്‍ദ്ദനപീഡനങ്ങള്‍ വ്യാപകവും വ്യവസ്ഥാപിതവുമാണെന്ന് ഫലസ്തീന്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര അഡ്വക്കസി ഓഫീസര്‍ ബ്രാഡ് പീറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫലസ്തീന്‍ കുട്ടികള്‍ ഇസ്രായേല്‍ സൈനികരുടെയും ജൂത കുടിയേറ്റക്കാരുടെയും നിരന്തരമായ ഹിംസകള്‍ക്കു ഇരകളായികൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രസമൂഹം നിര്‍ബന്ധമായും പ്രതികരിക്കേണ്ട കൊടിയ അതിക്രമങ്ങളാണ് ഫലസ്തീനില്‍ ഇസ്രായേല്‍ അധിനിവേശഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

അവലംബം: middleeastmonitor
മൊഴിമാറ്റം: ഇര്‍ഷാദ്

Facebook Comments
Related Articles
Show More

റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമാണ്.

Check Also

Close
Close
Close