Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ അനുകൂല ലോബികളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കുക

ഫലസ്തീനിലെ കുട്ടികളെ സൈനികാവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് വ്യാപകമായി പ്രചരണം നടത്തുന്ന ഷാഡോ കാമ്പയിന് ( Coalition to Save Palestinian Child Soldiers – CSPCS )ചില ഹിഡന്‍ അജണ്ടകളുണ്ടെന്നാണ് മനസിലാകുന്നത്. ഇസ്രായേലി പട്ടാളക്കാര്‍ കുരുതി ചെയ്ത ആയിരക്കണക്കിന് ഫലസ്തീനി കുട്ടികളുടെ പേരില്‍ ഇസ്രായേല്‍ അനുകൂല ലോബികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഈയിടെ ഇതിനായി ആരംഭിച്ച CSPCS എന്ന കാമ്പയിനു പിന്നില്‍ ആരുടെ കൈകളാണെന്ന് ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടില്ല. ഇസ്രയേലിനോട് അനുകൂല മനോഭാവമുള്ള വലതുപക്ഷ സംഘടനകളും ബുദ്ധികേന്ദ്രങ്ങളുമാണ് ഇതിന് പിന്നിലെന്നത് വ്യക്തമാണ്.

അപകടകാരിയായ വംശീയവാദിയും വലതുപക്ഷ നേതാവുമായ ടോമി റോബിന്‍സണിനെ പിന്തുണക്കുന്ന സംഘടനയും ‘കുട്ടികള്‍ സൈനികരാവേണ്ടവരല്ല’ എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന വ്യാപകമായ കാമ്പയിന്റെ ഭാഗമാണ്. ഫലസ്തീനിലെ കുട്ടികളുടെ കാര്യത്തില്‍ ആശങ്കയുള്ള ഗവണ്‍മെന്റേതര കൂട്ടായ്മയാണ് ഇതെന്നാണ് അവരുടെ വാദം. ലോകത്തെമ്പാടുമായി ഇരുപതോളം രാഷ്ട്രങ്ങളില്‍ 30,000-ത്തോളം കുട്ടികള്‍ സൈനികാവശ്യങ്ങള്‍ക്കായി നിയമവിരുദ്ധമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഫലസ്തീനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാമ്പയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്.

Also read: അതുല്യമായ വ്യക്തിത്വങ്ങൾ

ഈ കൂട്ടായ്മയില്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പുകളും ഇസ്രായേല്‍ പട്ടാളം ഫലസ്തീനീ ബാലന്മാര്‍ക്കെതിരെ മനഃപൂര്‍വം അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒരു വാക്കുകൊണ്ടു പോലും പ്രതികരിക്കാത്തവരാണ്. ഗാസാമുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബുവര്‍ഷത്തെപ്പറ്റിയോ, ബീച്ചില്‍ പന്തുകളിക്കുന്ന കുട്ടികളെ ഇസ്രയേലി ഷെല്ലുകള്‍ തീര്‍ത്തുകളഞ്ഞതിനെപ്പറ്റിയോ, കൊല്ലപ്പെടും മുമ്പ് അവസാന അഭയമായി തന്റെ പിതാവിന്റെ പിന്നിലൊളിച്ച ഫലസ്തീനി ബാലനെപ്പറ്റിയോ അവര്‍ ഒന്നും ഉരിയാടിയിട്ടില്ല.
അധിനിവിഷ്ട ഫലസ്തീനില്‍ കുട്ടികള്‍ സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കികിടക്കുമ്പോള്‍ തന്നെ, വെറുപ്പു പടര്‍ത്തിക്കൊണ്ടിരിക്കുന്ന വലതുപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ക്ക് ഫലസ്തീനിലെ മക്കളുടെ മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കാന്‍ എന്തവകാശമാണുള്ളത്? കുട്ടികളെ സൈനികാവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നതിനെതിരെ കണ്ണടക്കുന്നത് തെറ്റാണെങ്കില്‍ ഹൈടെക് ആയുധങ്ങളുമായി ഒരുകൂട്ടം സൈനികര്‍ കളിക്കളങ്ങളിലും സ്‌കൂളുകളിലുമുള്ള കുട്ടികളെ ലക്ഷ്യം വെക്കുന്നതും സമാനമായ തെറ്റാണ്. മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണത്. ഇസ്രയേല്‍ പ്രതിരോധസേന എന്ന അക്രമസംഘം ദശകങ്ങളായി ഗാസാമുനമ്പിലും വെസ്റ്റ്ബാങ്കിലും നടത്തിക്കൊണ്ടിരിക്കുന്നത് അതാണ്.

ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ നടന്ന മൂന്ന് സൈനിക അതിക്രമങ്ങളില്‍ വെടിയേല്‍ക്കുകയോ, ഷെല്ലാക്രമണമേല്‍ക്കുകയോ ബോംബാക്രമണത്തിലുള്‍പ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം ആയിരങ്ങള്‍ വരും. അതിനെ അതിജീവിച്ചവരാകട്ടെ ജീവിതകാലം മുഴുക്കെ സര്‍വ ശാരീരിക ശേഷിയും നഷ്ടപ്പെട്ട് നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.
അത്തരം സൈനിക ഇടപെടലുകള്‍ക്കെതിരെ യുദ്ധക്കുറ്റമെന്ന നിലയില്‍ അന്വേഷണങ്ങള്‍ വേണമെന്ന മുറവിളികളുയരുമ്പോള്‍, എന്തുകൊണ്ടാണ് ഒരു സംഘടന ഫലസ്തീനിലെ കുട്ടികളുടെ സുരക്ഷയുടെ പേരില്‍ ഇത്രമേല്‍ ആശങ്കപ്പെടുന്നതെന്നാണ് എനിക്കു മനസിലാകാത്തത്. നരകയാതനയനുഭവിക്കുന്ന ഫലസ്തീനി കുട്ടികളോട് അനുഭാവമുള്ള ആളുകളെപ്പോലും തുറന്ന കത്തുകളില്‍ ഒപ്പിടാനാവശ്യപ്പെട്ട് വിഡ്ഢികളാക്കുകയാണിവര്‍. ഫലസ്തീനി കുട്ടികളുടെ കാര്യത്തില്‍ മാത്രം അനാവശ്യമായി മുതലക്കണ്ണീരൊഴുക്കുന്ന ഇവരുടെ സോളിഡാരിറ്റി വീക്ക് അടക്കമുള്ള കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ നമ്മള്‍ ഏറെ കരുതലോടെ കാണണമെന്നാണ് എനിക്കു പറയാനുള്ളത്.

ഈ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്രയേല്‍ അഡ്വക്കസി മൂവ്‌മെന്റ് അവരുടെ ഒരു പ്രസ്താവനയില്‍ പറയുന്നതിങ്ങനെയാണ്: ‘ഇസ്രയേലിന് ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള പിന്തുണ വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ബ്രിട്ടനിലെ 17 ശതമാനം ജനങ്ങള്‍ക്കു മാത്രമേ ഇസ്രയേലിനോട് മതിപ്പുള്ളൂ. ജനങ്ങളുടെ അഭിപ്രായം ഇസ്രയേലിനനുകൂലമായി തിരിച്ചുവിടുകയാണ് നമ്മുടെ ലക്ഷ്യം’. ഫലസ്തീനികള്‍ നയിക്കുന്ന ( Boycott, Divestment and Sanctions -BDS) പ്രസ്ഥാനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആക്റ്റില്‍ ആപ്പിനെ പിന്താങ്ങുന്നവരാണ് ഈ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച സംഘടനകളില്‍ പലതും. ഇസ്രയേലി ഗവണ്‍മെൻെറിൻെറ സഹായത്തോടെ BDS പ്രസ്ഥാനത്തെ പരാജയപ്പെടുത്താനായി പ്രവര്‍ത്തിക്കുന്നതില്‍ ഈ ആപ്പിന് പങ്കുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Also read: 2020ല്‍ തുര്‍ക്കി നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമോ?

കൃത്യമായ മുസ് ലിം വിരുദ്ധ അജണ്ടകള്‍ വച്ചുപുലര്‍ത്തുന്ന വാഷിംഗ്ടണ്‍ തലസ്ഥാനമായ ക്ലാരിയറ്റ് പ്രൊജക്ട് ആണ് ഇവരുടെ ഫേസ്ബുക്ക് പേജിന്റെ സ്രഷ്ടാക്കള്‍. 2011-ല്‍ നോര്‍വേയില്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‌സന്‍ ബ്രെവികിനെ അക്രമത്തിന് പ്രചോദിപ്പിച്ച ഒബ്‌സെഷന്‍ എന്ന സിനിമയെ ഇവരുടെ വെബ്‌സൈറ്റില്‍ പ്രമോട്ട് ചെയ്യുന്നത് കാണാം. തന്റെ കൃത്യത്തില്‍ ഈ സിനിമക്കും പങ്കുണ്ടെന്ന് അക്രമത്തിന് മുമ്പ് അയാള്‍ പുറത്തുവിട്ട വെറുപ്പ് തുളുമ്പുന്ന മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നു.
ടോമി റോബിന്‍സണ്‍ ലണ്ടനില്‍ നടത്തിയ റാലികള്‍ക്ക് സാമ്പത്തികസഹായവും നിയമസഹായവും നല്‍കിയത് മിഡ്ല്‍ഈസ്റ്റ് ഫോറത്തിന്റെ പ്രസിഡണ്ടായ ഡാനിയേല്‍ പൈപ്പ്‌സ് ആണ്. വലതുപക്ഷ നിലപാടുകളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന എം.ഇ.എഫ് ഇപ്പോള്‍ ഒരു ആഗോള കൂട്ടായ്മയായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ജറുസലേം ഡേറ്റ്‌ലൈന്‍ എന്ന സയണിസ്റ്റ് അനുകൂല അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിവരമനുസരിച്ച്, ഇസ്രയേല്‍ അനുകൂല സംഘടനയായ ഹെറ്റ്‌സും ഫലസ്തീനീ ബാലന്മാരെ സൈനികാവശ്യങ്ങള്‍ക്ക് ചൂഷണം ചെയ്യുന്നതിനെതിരെ പ്രഖ്യാപിച്ച കാമ്പയിനില്‍ പങ്കാളികളാണ്. ഔദ്യോഗിക രേഖകളിലോ മറ്റോ കാണാനാവാത്ത ഹെറ്റ്‌സ് (ഹിബ്രുവില്‍ ഹെറ്റ്‌സ് എന്നാല്‍ അമ്പ് എന്നാണര്‍ഥം) ഇസ്രയേലിലെ ഒരു മുന്‍ രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇസ്രയേലിലെ ജുവിഷ് ലിങ്ക് എന്ന പത്രത്തില്‍ തന്നെ ഹെറ്റ്‌സ് എന്ന ഫലസ്തീന്‍ വിരുദ്ധ സംഘടനയുടെ പരാമര്‍ശമുണ്ട്.
ഈ വാദങ്ങളെല്ലാം തെളിയിക്കുന്നത് ഈ ഷാഡോ സംഘടനയുടെ പിന്നിലെ ദുരൂഹമായ കൈകളെക്കുറിച്ചാണ്. ഇസ്രയേലി സര്‍ക്കാറുമായി ബന്ധമുള്ള സംഘടനകളും വംശീയ ബുദ്ധികേന്ദ്രങ്ങളും ചേര്‍ന്ന ഒരു സങ്കീര്‍ണമായ വലതുപക്ഷ കൂട്ടായ്മാണിതെന്ന് വ്യക്തം. ഇതെല്ലാം തെളിയിക്കുന്ന ഒന്നുണ്ട്: BDS പോലുള്ള ഒരു ഫലസ്തീന്‍ സംഘടനയെ എതിര്‍ക്കാനായി രൂപപ്പെടുത്തിയ ഈ കാമ്പയിന് പണം വാരിയെറിയാന്‍ മാത്രം ഇസ്രയേലിനെ അത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കില്‍, സമാധാനപരമായ ഈ ബഹിഷ്‌കരണ പ്രസ്ഥാനം സയണിസ്റ്റ് രാഷ്ട്രത്തിന് മേല്‍ ഉണ്ടാക്കാന്‍ പോകുന്നത് വ്യക്തമായ സ്വാധീനമാണ്. അതുകൊണ്ട് CPSCS പോലുള്ള കുപ്രസിദ്ധ സംഘടനകളുടെ പ്രലോഭനങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ആ സമയവും പിന്തുണയും BDS പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുക.

 

വിവ. അഫ്‌സല്‍ പിടി മുഹമ്മദ്‌

Related Articles