Palestine

ഫലസ്തീനും കെനിയയും: അനീതിക്കെതിരായ പോരാട്ട മാതൃകകള്‍

1948-ല്‍ ഫലസ്തീനിലെ ഞങ്ങളുടെ പൈതൃക ഗ്രാമമായ ബെയ്ത്ത് ദറസില്‍ നിന്നും ഇസ്രായേല്‍ സൈന്യം പുറത്താക്കിയ ആയിരക്കണക്കിനു വരുന്ന ബദ്റസാവികളുടെ കൂട്ടത്തില്‍ എന്‍റെ മുത്തച്ഛനും ഉണ്ടായിരുന്നു. 500ലധികം ഗ്രാമങ്ങളില്‍ നിന്നും അന്നു പുറത്താക്കപ്പെട്ട പതിനായിരക്കണക്കിനു വരുന്ന മറ്റു ഫലസ്തീനികളെ പോലെ തന്നെ, ഏതാനും ആഴ്ചകള്‍ക്കകം തന്നെ വീട്ടിലേക്കു മടങ്ങിവരാന്‍ കഴിയുമെന്നാണ് എന്‍റെ മുത്തച്ഛനും കരുതിയത്. “നമ്മള്‍ ഒരാഴ്ചയുടെ ഉള്ളില്‍ തന്നെ മടങ്ങി വരില്ലെ. പിന്നെ എന്തിനാണ് ഈ പുതിയ പുതപ്പെടുത്ത് കഴുതപ്പുറത്ത് വെക്കുന്നത്? അതില്‍ പൊടിപിടിച്ച് നാശമാവും.” എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാവാതെ നില്‍ക്കുന്ന മുത്തശ്ശി സൈനബിനോട് അദ്ദേഹം ചോദിച്ചു.

ഗസ്സയില്‍ നിന്നും 32 കിലോമീറ്റര്‍ വടക്കു കിഴക്കായി, ഒരു കുന്നില്‍ചെരിവിനും ചെറിയ നദിക്കും ഇടയിലായി സ്ഥിതി ചെയ്തിരുന്ന ഗ്രാമമായിരുന്നു ബെയ്ത്ത് ദറസ്. ആളുകള്‍ ഗ്രാമം വിട്ടോടി പോകുമ്പോള്‍ അവിടെ കൂട്ടക്കൊല നടക്കുന്നുണ്ടായിരുന്നു. വീടുകള്‍ ബോംബ് വെച്ച് തകര്‍ക്കപ്പെട്ടു, കിണറുകളും ധാന്യപ്പുരകളും നശിപ്പിക്കപ്പെട്ടു.

ഒരു സഹസ്രാബ്ദക്കാലത്തോളമായി അവിടെ നിലനിന്നിരുന്ന സമാധാനവും ശാന്തിയും കളിയാടിയിരുന്ന ആ ഗ്രാമം ഭൂമിയില്‍ നിന്നും പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. അതിന്‍റെ സ്ഥാനത്താണ് പിന്നീട് ഇന്നത്തെ ഇസ്രായേലി പട്ടണങ്ങളായ ഗിവാഅ്തി, അസ്രികാം, എമുനിം എന്നിവ സ്ഥാപിക്കപ്പെട്ടത്. ഞങ്ങളുടെ ഗ്രാമത്തെ അരുംകൊല ചെയ്താണ് ഈ ഇസ്രായേലി പട്ടണങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.

എഴുപതു വര്‍ഷങ്ങള്‍ കഴിഞ്ഞു, ഞങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ ഗ്രാമത്തിലേക്കു മടങ്ങിപ്പോയിട്ടില്ല. ബദ്റസാവികള്‍ മാത്രമല്ല, ദശലക്ഷക്കണക്കിനു വരുന്ന ഫലസ്തീനികളാണ്, ഇന്ന് മിഡിലീസ്റ്റിലെയും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഞങ്ങളുടെ പുതിയ പുതപ്പുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു, അതിന്‍റെ സ്ഥാനത്ത് അന്ത്യമില്ലാത്ത അഭയാര്‍ഥി ജീവിതവും നഷ്ടങ്ങളും മാത്രം ബാക്കിയാവുന്നു.

ഫലസ്തീന്‍ അധിനിവേശം എന്നത് ഇസ്രായേലികള്‍ പറയുന്നതു പോലെ കേവലമൊരു ഒരു “സംഘട്ടനം” അല്ല. ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള എന്തോ ഒരു സംഘട്ടനമായിട്ടാണ് ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തെ ഇസ്രായേലികള്‍ എപ്പോഴും അവതരിപ്പിക്കാറുള്ളത്. ഇസ്രായേല്‍ ഒരു കൊളോണിയല്‍ ശക്തിയാണ്. തങ്ങളുടെ കോളനിയെ വളര്‍ത്താനും നിലനിര്‍ത്താനും വേണ്ടി ഒരു തദ്ദേശീയ ജനവിഭാഗത്തെ മൊത്തത്തില്‍ വംശീയമായി ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുകയാണ് ഇസ്രായേല്‍. എല്ലാ മനുഷ്യരെയും പോലെ, കൊളോണിയല്‍ മേധാവിത്വത്തെയും അധിനിവേശത്തെയും പ്രതിരോധിക്കാനും അതിനെതിരെ ചെറുത്തുനില്‍ക്കാനുമുള്ള അവകാശം ഞങ്ങള്‍ ഫലസ്തീനികള്‍ക്കും ഉണ്ട്. ഇത് അന്താരാഷ്ട്ര നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലംഘിക്കപ്പെട്ടാന്‍ പാടില്ലാത്ത ഒരു അവകാശമാണ്.

ഈ അവകാശത്തിന്‍റെ അടിസ്ഥാനത്തിലാണ് 1950-കളിലും 1960-കളിലും ആഫ്രിക്കയില്‍ അരങ്ങേറിയ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളും, വിമോചന യുദ്ധങ്ങളും, അമേരിക്കന്‍ വിപ്ലവവും, ക്യൂബന്‍ വിപ്ലവവും സാധൂകരിക്കപ്പെടുന്നത്. പ്രസ്തുത അവകാശമാണ് ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പു പോരാട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നത്, അതിനി ബി.ഡി.എസ് മൂവ്മെന്‍റും, അന്താരാഷ്ട്ര കോടതിയില്‍ ഇസ്രായേലി യുദ്ധകുറ്റവാളികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യലും, സായുധമായ പോരാട്ടവും എല്ലാം അതിന്‍റെ പരിധിയില്‍ വരും.

കൊളോണിയലിസത്തിനും അധിനിവേശകര്‍ക്കും പാദസേവ ചെയ്തതു കൊണ്ടല്ല, മറിച്ച് അതിനെതിരെ പോരാടിയതു കൊണ്ടാണ് കെനിയക്കാര്‍ ദെദാന്‍ കിമാത്തിയെ വാഴ്ത്തുന്നത്. മാവു മാവു വിപ്ലവക്കാരികള്‍ കെനിയക്കാര്‍ക്കു മാത്രമല്ല, മനുഷ്യരാശിക്കൊന്നടങ്കം ഒരു പ്രചോദനമാണ്.

ഫലസ്തീനിലെ അധിനിവേശം സ്വയം പ്രതിരോധമാണെന്ന് ഇസ്രായേല്‍ വാദിക്കും; ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്നതും, വിചാരണ നടത്താതെ ഫലസ്തീനികളെ തടവിലിടുന്നതും, നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും, വെസ്റ്റ് ബാങ്കിലും ജെറുസലേമിലും ഫലസ്തീന്‍ ഭൂമി കവര്‍ന്നെടുക്കുന്നതും, ഫലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നതും എല്ലാം തന്നെ “സുരക്ഷയ്ക്കു” വേണ്ടി നടത്തുന്നതാണ്. ഫലസ്തീനികളുടെ സുരക്ഷയും നീതിയും അഭിമാനവും സമാധാനവും യാതൊരു വിലയും കല്‍പ്പിക്കാതെ കാറ്റില്‍പറത്തി കൊണ്ട് അനീതിയുടെയും അധിനിവേശത്തിന്‍റെയും പുറത്ത് ഇസ്രായേലികള്‍ തങ്ങളുടെ സുരക്ഷയും സമാധാനവും നിര്‍മിക്കുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ഒരു ജനവിഭാഗത്തെ കൊന്നൊടുക്കി കുഴിച്ചുമൂടിയ മണ്ണിനു പുറത്താണ് ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

ഗസ്സയിലെ ഫലസ്തീന്‍ വാസസ്ഥലങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ഫലസ്തീനികള്‍ ഇങ്ങോട്ട് വെടിവെക്കുന്നതിനുള്ള “തിരിച്ചടി” എന്ന നിലയിലാണ് എല്ലായ്പ്പോഴും അവതരിപ്പിക്കപ്പെടാറുള്ളത്. അതേസമയം, എന്തുകൊണ്ടു് ഫലസ്തീനികള്‍ക്ക് അങ്ങോട്ടു വെടിയുതിര്‍ക്കേണ്ടി വരുന്നു എന്നതിന്‍റെ സാഹചര്യസന്ദര്‍ഭങ്ങള്‍ ആരും തന്നെ അന്വേഷിക്കാറില്ല. ഗസ്സയുടെ സമ്പദ്ഘടന വ്യവസ്ഥാപിതമായി തകര്‍ക്കുകയും ഫലസ്തീനിയന്‍ ഇളം തലമുറയെ ഒന്നടങ്കം പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന രോഗാവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്ത വര്‍ഷങ്ങളായി ഇസ്രായേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന അതിക്രൂരമായ ഉപരോധത്തിനെതിരെയും, ഫലസ്തീന്‍ ഭൂമിക്കും ജീവിതങ്ങള്‍ക്കും മേല്‍ ദശാബ്ദങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഇസ്രായേലി സൈനിക അധിനിവേശത്തിനെതിരെയും, ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളെയും അഭയാര്‍ഥികളാക്കി മാറ്റിയ തുടര്‍ച്ചയായ നാടുകടത്തലിനെതിരെയുമുള്ള “തിരിച്ചടി”യായി ഗസ്സയില്‍ നിന്നുള്ള വെടിയുതിര്‍ക്കലുകള്‍ ഒരിക്കലും മനസ്സിലാക്കപ്പെടുകയില്ല.

ഫലസ്തീനിയന്‍ വിമോചന പോരാട്ടം “ഭീകരവാദം” ആണെന്നു പറഞ്ഞ് എത്ര ലാഘവത്തോടെയാണു റദ്ദു ചെയ്യപ്പെടുന്നത്. വീടുകളില്‍ നിര്‍മിക്കുന്ന ബോംബുകള്‍ ഉപയോഗിക്കുന്ന ഫലസ്തീനിയന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മേല്‍ “ഭീകരവാദം” എന്ന പദം എളുപ്പം ചാര്‍ത്തപ്പെടും, എന്നാല്‍ ഫലസ്തീന്‍ പൗരന്‍മാര്‍ക്കെതിരെ ഡി.ഐ.എം.ഇ ബോംബുകളും വൈറ്റ് ഫോസ്ഫറസും അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട മറ്റു ആയുധങ്ങളും പ്രയോഗിച്ച, ആണവായുധം കൈവശമുള്ള ഇസ്രായേല്‍ എന്ന അധിനിവേശ രാഷ്ട്രത്തിന്‍റെ ചെയ്തികള്‍ ഒരിക്കലും “ഭീകരവാദം” എന്നു വിശേഷിപ്പിക്കപ്പെടുകയില്ല.

സ്വയം പ്രതിരോധമല്ല, മറിച്ച് വംശീയ ഉന്മൂലനമാണ് ഇസ്രായേലികള്‍ അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം അടിയറവെക്കാനാണ് ഇസ്രായേല്‍ ഫലസ്തീനികളോട് ആവശ്യപ്പെടുന്നത്, എന്നാല്‍ മാത്രമേ ഇസ്രായേലികള്‍ക്കു ജീവിക്കാന്‍ സാധിക്കുകയുള്ളു.

കീഴടങ്ങുക അല്ലെങ്കില്‍ പോരാടുക, ഈ രണ്ടു സാധ്യതകള്‍ മാത്രമേ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തില്‍ കെനിയക്കാര്‍ക്കു മുന്നിലുണ്ടായിരുന്നുള്ളു. നിങ്ങളെ പോലെ, ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി, അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനു വേണ്ടി പോരാടാന്‍ തന്നെ ഞങ്ങള്‍ ഫലസ്തീനികള്‍ തീരുമാനിച്ചു. വിമോചന സ്വപ്നങ്ങള്‍ ആരുടെ മുന്നിലും ഞങ്ങള്‍ അടിയറവെക്കുകയില്ല.

അധിനിവേശത്തിനും കൊളോണിയലിസത്തിനും എതിരെ ചെറുത്തുനില്‍ക്കുക എന്ന പ്രകൃതിപരവും അന്താരാഷ്ടതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ അവകാശം വിനിയോഗിക്കുന്ന ഫലസ്തീനികളെ പഴിചാരി കൊണ്ട് ഫലസ്തീനികളുടെ മേല്‍ തങ്ങള്‍ നടത്തുന്ന അടിച്ചമര്‍ത്തലിനെ വെള്ളപൂശാന്‍ ഇസ്രായേലിന് ഒരിക്കലും കഴിയില്ല.

ഞങ്ങളുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഉപയോഗപ്പെടുത്തി കൊണ്ട്, ഇസ്രായേലി കൊളോണിയലിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : middleeastmonitor.com

Facebook Comments
Related Articles
Show More

റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമാണ്.

Close
Close