Current Date

Search
Close this search box.
Search
Close this search box.

കരിം യൂനിസ്: 39 വർഷമായി ഇസ്രായേൽ ജയിലിൽ

കരീം യൂനിസിനെക്കുറിച്ച് നമ്മളെത്രപേർ കേട്ടിട്ടുണ്ട്?ആ പേര് നിങ്ങൾക്ക് അജ്ഞാതവും അപൂർവ്വവുമാണെങ്കിൽ അതിനു കാരണം നിങ്ങൾ ഒരു കുട്ടിയായിരുന്നതിനാലോ ഇസ്രായേൽ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റുചെയ്യുമ്പോൾ ജനിക്കാത്തതുകൊണ്ടോ ആയിരിക്കും. അതുമല്ലെങ്കിൽ നിങ്ങൾ സഹാനുഭൂതിയോട് നിസ്സംഗത പുലർത്തുന്നുവെന്ന് തിരിച്ചറിയണം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയ തടവുകാരനാണ് കരീം യൂനിസ്. ഈ മാസം ഇസ്രായേൽ ജയിലിൽ തന്റെ 39-ാം വർഷം ‘ആഘോഷിക്കുന്ന’ വ്യക്തിയാണദ്ദേഹം. അതെ,39-ാം വർഷം.

പലസ്തീനിലെ ക്രൂരമായ ഇസ്രായേൽ അധിനിവേശത്തെ ചെറുത്തതിന് മാത്രമാണ് 1983 ജനുവരി 6 ന് അന്നത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ കരിം യൂനിസ് അറസ്റ്റിലായത്. ഇത് 1949 ലെ ജനീവ കൺവെൻഷനിൽ എന്റെ സ്വന്തം ബ്രിട്ടനടക്കം മിക്ക രാജ്യങ്ങളും ഒപ്പിട്ട കരാർ പ്രകാരം എല്ലാ ഫലസ്തീനികളുടെയും നിയമാനുസൃതമായ അവകാശമാണ്. മുന്നറിയിപ്പുകളൊന്നും നൽകാതെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. അനധികൃത ആയുധങ്ങൾ കൈവശം വച്ചതായും അവയെ അക്കാലത്ത് നിരോധിത സംഘടനയായ ‘ഫതഹി’ലെക്ക് കടത്തിയതായും ഒരു ഇസ്രായേലി സൈനികനെ കൊന്നു എന്നല്ലം പറഞ്ഞാണ് യൂനിസിനെതിരെ കേസെടുത്തത്.

നമ്മുടെ രാജ്യത്തിന്റെ അധിനിവേശത്തെ ചെറുക്കാൻ നമുക്കെല്ലാവർക്കും അവകാശമുണ്ട്. അത് നമ്മുടെ ബാധ്യതയാണ്. രണ്ടാം ലോക യുദ്ധത്തിലെ വീരോചിതമായ ഫ്രഞ്ച് ചെറുത്തുനിൽപ്പ്, ഡച്ച് പ്രതിരോധം, പോളിഷ് ജൂതന്മാരുടെ വാർസോ ഗെട്ടോ പ്രതിരോധം എന്നിവയെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. അത്തരം ചെറുത്തുനിൽപ്പിനുള്ള അവകാശം യുദ്ധാനന്തര അന്താരാഷ്ട്ര നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇസ്രായേലിനെയും അവരുടെ പിന്തുണക്കാരെയും സംബന്ധിച്ചിടത്തോളം, യൂനിസ് നസറെത്തിനടുത്തുള്ള അറബ് ഗ്രാമമായ അറയിൽ ജനിച്ച ഒരു ഫലസ്തീനിയായത് കൊണ്ടു തന്നെ ഈ വിഷയത്തിലും മറ്റു കേസുകളിലും ഈ നിയമം അപ്രസക്തമാണ്. യൂനിസിന്റെ ജനനം ലോകത്ത് മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹം ഒരിക്കലും അറസ്റ്റു ചെയ്യപ്പെടുകയോ പതിറ്റാണ്ടിലേറെ തടവിലാക്കപ്പെടുകയോ ചെയ്യില്ലായിരുന്നു. എന്നിരുന്നാലും, വെറുപ്പുളവാക്കുന്നതും ക്ഷുദ്രകരവുമായ ഇസ്രായേലി അധിനിവേശ അധികാരികൾക്ക് ഫലസ്തീനികളുമായി എങ്ങനെ ഇടപെടാമെന്നതിന് പരിധിയില്ലെന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്.

1956 ഡിസംബർ 24 ന് ജനിച്ച കരിം യൂനിസ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനത്തിനായി ബെൻ ഗുരിയോൺ സർവകലാശാലയിലാണ് ചേർന്നത്. നഖാബ് മരുഭൂമിയിലുള്ള ഈ കാമ്പസിലെ ഒരു പ്രഭാഷണത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജീവപര്യന്തം തടവ് 40 വർഷത്തിന് ശേഷം അവസാനിക്കുന്നത്.

ഇസ്രായേൽ പിടിച്ചുവെച്ച മറ്റു 14 പലസ്തീനിയൻ തടവുകാരുടെ കൂടെ നീണ്ട കാല ജയിൽശിക്ഷ അനുഭവിക്കുന്ന യൂനസ്, ഇസ്രായേൽ _ദയ കാണിക്കുന്നതിൻ്റെയും, ആത്മവിശ്വാസം വളർത്തുന്നതിൻ്റെയും ഭാഗമായി_ മോചിപ്പിക്കുമെന്ന് ഉറപ്പ്പറഞ്ഞ 30 പേരിൽ ഒരാളാണ്. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂട മേൽനോട്ടത്തിൽ ഇസ്രയേലും പലസ്തീൻ അതോറിറ്റിയും തമ്മിൽ 2013 ൽ നടന്ന ചർച്ചയിൽ അംഗീകരിച്ച കരാർ പ്രകാരമായിരുന്നു ഇത്. 1993 ലെ ഓസ്ലോ ഉടമ്പടിക്ക് മുമ്പ് അറസ്റ്റിലായ എല്ലാ ഫലസ്തീനികളെയും മോചിപ്പിക്കുമെന്ന് ഈ കരാർ ‘ഉറപ്പുനൽകി’.

പക്ഷെ, അതൊരു കേവലസിദ്ധാന്തം മാത്രമായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളോടും കൺവെൻഷനുകളോടും പൊതുവെ ഇസ്രയേൽ കാണിക്കുന്ന അവഗണന തന്നെയാണ് ഈ വിഷയത്തിലും ഉണ്ടായത്. അന്താരാഷ്ട്ര സംഘടനയുടെ അംഗത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പോലും അംഗീകരിക്കാതെ യുഎൻ പ്രമേയങ്ങളോട് ഏറ്റവും കൂടുതൽവിമുഖത കാണിച്ച രാജ്യം ഇസ്രായേലാണ്. എല്ലാ പലസ്തീൻ അഭയാർഥികളെയും അവരുടെ ദേശത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചത് ഇതിൽ പ്രധാനപ്പെട്ട ഒന്ന് മാത്രമാണ്. അത്കൊണ്ട് തന്നെ യൂനിസിനെയും മറ്റ് ദീർഘകാല തടവുകാരെയും മോചിപ്പിക്കാനുള്ള കരാറിൽ കുടിയേറ്റ-കൊളോണിയൽ ഭരണകൂടം വിസമ്മതിച്ചതായി അറിയുന്നതിൽ അതിശയോക്തി തോന്നേണ്ടതില്ല. എന്നാൽ ഇത് അടിസ്ഥാനപരമായി യുഎസ് സ്പോൺസർ ചെയ്ത സമാധാന പ്രക്രിയയെ നശിപ്പിക്കുന്നതായിരുന്നു.

ജയിൽ ജീവിതകാലത്ത് യൂനിസ് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇസ്രായേൽ രാഷ്ട്രീയ പാർട്ടികളുടെ ഗുണങ്ങളും അപാകതകളും വിവരിക്കുന്ന The political reality in Israeel (1990), The ideological Struggle and Settlement (1993) എന്നിവയാണ് ആ രണ്ട് പുസ്തകങ്ങൾ.

യൂനിസിനെയും ഇസ്രായേൽ കൈവശം വച്ചിരിക്കുന്ന മറ്റ് പലസ്തീൻ തടവുകാരെയും തടവിലാക്കുകയും തുടർച്ചയായി തടങ്കലിൽ വയ്ക്കുകയും ചെയ്തതിലെ അനീതിയെക്കുറിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകൾ ചിന്തിക്കുന്നില്ല എന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ മോചനത്തിനായി ആഹ്വനം ചെയ്യുകയോ അതിന് ചെവികൊള്ളുകയോ ചെയ്യാത്തത് നമ്മളോരോരുത്തരുടെയും മേലുള്ള ദുഖകരമായ കുറ്റാരോപണമാണ്. ‘ഞാൻ അറിഞ്ഞില്ല,കേട്ടില്ല’ എന്ന് പറഞ്ഞ് കൈകഴുകഴുകി ഈ കേസിൽ നിന്ന് ഒഴിഞ്ഞു മാറാൻ നമുക്കാർക്കും കഴിയില്ല.

വർണ്ണവിവേചിത ദക്ഷിണാഫ്രിക്കയുടെ അവസാന ദിവസങ്ങളിൽ ജയിലിൽ നിന്ന് മോചിതനായ ശേഷം ലോക നേതാക്കൾ ഏറെ ബഹുമാനിച്ച അന്തരിച്ച നെൽസൺ മണ്ടേലയിൽ നിന്ന് വ്യത്യസ്തമായി കരീം യൂനിസ് ഒരു സ്വാതന്ത്ര്യസമര സേനാനിയാണ്. 1990 ൽ മണ്ടേലക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആഭ്യന്തരവും അന്തർദ്ദേശീയവുമായ സമ്മർദ്ദത്തെത്തുടർന്നാണ്. യൂനിസ് ജയിലികപ്പെട്ട് 39 വർഷം പൂർത്തിയാവുമ്പോൾ മണ്ടേലയേക്കാൾ 11 വർഷം കൂടുതലാണ് അദ്ദേഹം അനുഭവിച്ചത്. യൂനിസിന്റെ മോചനത്തിനു വേണ്ടിയുള്ള പ്രതിഷേധനിലവിളികൾ എവിടെയാണ്? ടെലിവിഷൻ കവറേജും “ഫ്രീ യൂനിസ്” സംഗീതകച്ചേരികളും എവിടെയാണ്?

“എവിടെയെങ്കിലുമുള്ള അനീതി എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്,”എന്ന് അന്തരിച്ച ഡോ. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ പറഞ്ഞിട്ടുണ്ട്. കരീം യൂനിസിനെക്കുറിച്ചും ഇസ്രായേൽ കൈവശം വച്ചിരിക്കുന്ന മറ്റ് പലസ്തീനികളെക്കുറിച്ചും നാമെല്ലാവരും എത്രകാലമാണ് മൗനികളാവുക!?

വിവ:മുജ്തബ മുഹമ്മദ്‌

Related Articles