Palestine

വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാൻ കൊറോണ മറയാക്കുന്ന ഇസ്രായേൽ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റ്സും, ഒരു “അടിയന്തര” സഖ്യ സർക്കാർ രൂപീകരിക്കാനുള്ള കരാറിൽ കഴിഞ്ഞാഴ്ച ഒപ്പുവെക്കുകയുണ്ടായി. കരാർ പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവയിൽ തുടരും, ശേഷം ഗാന്റ്സ് പ്രധാനമന്ത്രിയാവും.

യു.എസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണം വന്നത് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ വകയായിരുന്നു, വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഇസ്രായേലുമായി കൂട്ടിച്ചേർക്കുന്നത് “ആത്യന്തികമായി ഇസ്രായേലിന്റെ തീരുമാനമാണ്” എന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന ഇസ്രായേലിനോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ പക്ഷപാതിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഒരു ഫലസ്തീനി എന്ന നിലയിൽ, അധിനിവേശ കാലയളവിൽ നിരവധി ഇസ്രായേലി സർക്കാറുകളുടെ രൂപീകരണത്തിന് ഞാൻ സാക്ഷിയായിട്ടുണ്ട്. അവയിൽ ഒന്നുപോലും സംഘർഷത്തിന് സമാധാനപരമായ ഒരു പരിഹാരം കാണുന്നതിനോ, വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റകേന്ദ്രങ്ങളുടെ നിർമാണം തടയുന്നതിനോ വേണ്ടി ഗൗരവപൂർവമായ നീക്കം നടത്തിയിട്ടില്ല.

Also read: എല്ലാവർക്കും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് നിങ്ങൾ

ഈ പുതിയ സഖ്യസർക്കാറും അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ആദ്യമായി ഒരു ഇസ്രായേലി സർക്കാർ വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കുന്നതിന് ഔദ്യോഗികമായി, ലജ്ജയില്ലാതെ കൃത്യമായ ഒരു തീയതി നിശ്ചയിച്ചിട്ടുണ്ട് എന്നതു മാത്രമാണ് ഒരു വ്യത്യസ്തത.

ട്രംപ് ഭരണകൂടത്തിന്റെ “നൂറ്റാണ്ടിന്റെ ഉടമ്പടി”യുടെ അടിസ്ഥാനത്തിൽ, 2020 ജൂലൈ 1ന്, വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കുന്നതിനു വേണ്ടി നെസറ്റിന് (പാർലമെന്റ്) വോട്ട് ചെയ്യാൻ സാധിക്കും. ഫലസ്തീനികൾക്കും അവരുടെ ഭൂമിക്കും മുഴുവൻ ജറുസലേമിനും ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങൾക്കും മേൽ ഇസ്രായേലിന് പൂർണമായ സൈനിക നിയന്ത്രണം നൽകുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കരാർ ആദ്യാവസരത്തിൽ തന്നെ ഫലസ്തീനികൾ തള്ളിക്കളഞ്ഞിരുന്നു.

വോട്ടെടുപ്പ് “സാധ്യമാകുന്നത്ര വേഗത്തിൽ” നടക്കുമെന്നാണ് കരാറിൽ പ്രസ്താവിക്കുന്നത്. സഖ്യകക്ഷികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെങ്കിലും, വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുന്നതിനെ അനുകൂലിക്കുന്നവരാണ് നെസറ്റ് അംഗങ്ങളിൽ ഭൂരിഭാഗവും.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാനെന്ന പേരിൽ 36 മാസം നീണ്ടുനിൽക്കുന്ന “അടിയന്തര” സഖ്യകക്ഷി സർക്കാറിന്റെ രൂപീകരണം ന്യായീകരിക്കപ്പെട്ടു. പക്ഷെ എന്തുകൊണ്ടാണ് നൂറ്റാണ്ടിന്റെ ഉടമ്പടി അടിയന്തരമായി നടപ്പാക്കേണ്ട ഒന്നായി ഇസ്രായേൽ കണക്കാക്കുന്നത്?

പുതിയ സർക്കാർ രൂപീകരണത്തോടെ ജോർദാൻ താഴ് വര, വെസ്റ്റ്ബാങ്ക് എന്നിവ പിടിച്ചെടുക്കുമെന്ന് മുമ്പ് പലതവണ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. യു.എസ്, ഇസ്രായേൽ സംഘങ്ങൾ ഇതിനകം തന്നെ പിടിച്ചെടുക്കാൻ പദ്ധതിയിട്ട പ്രദേശങ്ങളുടെ മാപ്പുകൾ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.

Also read: സമ്പത്ത് തിരിഞ്ഞു കൊത്തുമ്പോള്‍

വെസ്റ്റ്ബാങ്കിന്റെ 30 ശതമാനം ഭൂമിയെങ്കിലും ഇസ്രായേൽ പിടിച്ചെടുക്കുമെന്നാണ് ചില വിദഗ്ധർ പ്രവചിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചർച്ചകളിലൂടെയോ അല്ലെങ്കിൽ ഉഭയകക്ഷി സമ്മതപ്രകാരമോ ആയിരിക്കില്ല കൂട്ടിച്ചേർക്കൽ നടക്കുകയെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. “ദ്വിരാഷ്ട്ര പരിഹാരം” എന്നതിന്റെ അന്ത്യം കുറിക്കലായിരിക്കുമത്. കൂടാതെ ഭാവിയിൽ ഒരു ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തിന്റെ സാധ്യതകൾ ഇതോടു കൂടി ഇല്ലാതാകും.

ഈ കൂട്ടിച്ചേർക്കൽ ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനു വേണ്ടിയുള്ള അഭിലാഷങ്ങളിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും, ‘ഏരിയ സി’യിൽ ഭൂമി കൈവശമുള്ള ഒരു ഫലസ്തീൻ കർഷകനെന്ന നിലയിൽ എന്നെ വ്യക്തിപരമായും ബാധിക്കും.

പുതിയ സഖ്യകക്ഷി സർക്കാർ രൂപീകരണത്തിന് കൊറോണ വൈറസ് നേരിടുന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്, മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അതിനു പിന്നിലുള്ളത്. ലോകവും ഫലസ്തീനികളും പകർച്ചവ്യാധിയെ നേരിടാൻ ആത്മാർഥമായി പ്രയത്നിക്കുമ്പോൾ, ട്രംപിന്റെ കരാർ നടപ്പാക്കലും, വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കലുമാണ് കൊറോണ വൈറസിന്റെ മറവിൽ നെതന്യാഹുവും ഗാന്റ്സും ലക്ഷ്യംവെക്കുന്നത്. നവംബറിൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും, ട്രംപിന്റെ പ്രസിഡന്റ് പദവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു നല്ല പ്രചാരണ നീക്കം കൂടിയാണിത്. നിലവിലെ ആഗോള-പ്രാദേശിക സ്ഥിതിവിശേഷം മുതലെടുത്ത്, സുസ്ഥിര കോളനിവത്കരണം എന്ന അജണ്ട നടപ്പാക്കാൻ, അമേരിക്കയുടെ എല്ലാവിധ പിന്തുണയോടു കൂടി, ഇസ്രായേലി രാഷട്രീയ നേതൃത്വം ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാത്ത ഒന്നായിരിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.

Also read: കേൾക്കാനുള്ളൊരു മനസ്സ്

“സഖ്യകക്ഷി സർക്കാർ ഉടമ്പടി ഇസ്രായേലി രാഷ്ട്രീയ പാർട്ടികളുടെ തനിനിറം വെളിവാക്കിയിരിക്കുന്നു, ഇസ്രായേലിലെ ഇടതുപക്ഷം മരിച്ചു കഴിഞ്ഞിരിക്കുന്നു” ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാൻ അഷ്റാവി അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ, അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച്, വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും എല്ലാ രാഷ്ട്രീയ സംഘങ്ങളും ഒന്നിക്കേണ്ട സമയമാണിതെന്നാണ് എനിക്ക് ഓർമപ്പെടുത്താനുള്ളത്.

ഭൂമി പിടിച്ചെടുക്കലിനെതിരെ ഫലസ്തീനികൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്, ചെറുത്തുനിൽക്കുക എന്നതല്ലാതെ മറ്റൊരു മാർഗവും ഇസ്രായേലിനോടും യു.എസ്സിനോടും സ്വീകരിക്കാനായി അവശേഷിക്കുന്നില്ല. “ദ്വിരാഷ്ട്ര പരിഹാരം” എന്ന മിഥ്യയുടെ പിന്നാലെ പോകുന്നത് അവസാനിപ്പിച്ച്, ജോർദാൻ നദിക്കും മെഡിറ്ററേനിയൻ സമുദ്രത്തിനു ഇടയിലുള്ള എല്ലാ ജനങ്ങൾക്കും, മതവും വംശവും നോക്കാതെ, തുല്ല്യ അവകാശങ്ങൾ നൽകുന്ന, അവരെ തുല്ല്യ പൗരൻമാരായി കാണുന്ന “ഒരൊറ്റ ജനാധിപത്യ രാഷ്ട്രം” എന്ന യഥാർഥ പരിഹാരത്തിനാണ് നാം പരിശ്രമിക്കേണ്ടത്.

നൂറ്റാണ്ടിന്റെ സംഘർഷം അവസാനിപ്പിക്കാനുള്ള ഏക പരിഹാരം ഇതു മാത്രമാണ്.

(ഫലസ്തീനിയൻ കർഷകനും രാഷ്ട്രീയ പ്രവർത്തകനുമാണ് ലേഖകൻ.)

വിവ. അബൂ ഈസ

Author
ഫരീദ് താമല്ല
Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker