Palestine

ഖിബ്‌യാ കൂട്ടക്കുരുതിക്ക് 66 വര്‍ഷം തികയുമ്പോള്‍

66 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒക്ടോബര്‍ 14 ന് അധിനിവേശ ഫലസ്തീന്‍ ഉണരുന്നത് ഒരു പുതിയ കൂട്ടക്കുരുതിക്ക് കൂടി സാക്ഷ്യം വഹിച്ചു കൊണ്ടായിരുന്നു. ഖിബ്‌യാ കൂട്ടക്കുരുതി!
പതിനായിരക്കണക്കിന് ഫലസ്തീനികളുടെ കൂട്ടക്കൊലയ്ക്കു കാരണമായ പല ഓപ്പറേഷനുകളിലും മുഖ്യ പങ്കുവഹിച്ച ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും അന്നത്തെ സൈനിക ജനറലുമായിരുന്ന ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തിലായിരുന്നു ആ മൃഗീയ കൂട്ടകൊല അരങ്ങേറിയത്! 1953 ഒക്ടോബര്‍ പതിനാല് രാത്രി ഇസ്രായേല്‍ സൈനിക സംഘങ്ങള്‍ ഖുദ്‌സില്‍ നിന്ന് 22 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഖിബ്‌യാ ഗ്രാമത്തില്‍ കനത്ത ബോംബിങ്ങും വെടിവെപ്പുമായി അഴിഞ്ഞാട്ടം നടത്തുകയായിരുന്നു.

കൃത്യമായ രേഖകളനുസരിച്ച് ഒക്ടോബര്‍ 14 ന് ഷാരോണിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഫോഴ്‌സും 600 പേരടങ്ങുന്ന ഒരു പാരാ ട്രൂപ്പും ഖിബ്‌യാ ഗ്രാമം വളഞ്ഞുപരോധിക്കുകയും അയല്‍ പ്രദേശങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് ഒറ്റപ്പെടുത്തുകയും ചെയ്തു . തുടര്‍ന്ന് ഗ്രാമത്തെ കേന്ദ്രീകരിച്ച് കനത്ത ഷെല്ലാക്രമണങ്ങളും ബോംബിങ്ങുമാരംഭിച്ചു. കിരാതമായ ഈ അക്രമണ രീതി പിറ്റേദിവസം പുലര്‍ച്ചെ നാലു വരെ തുടര്‍ന്നു, വീടുകളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ പോലും സാധിക്കാത്ത വിധം ഭീതി സൃഷ്ടിച്ച് ജനങ്ങളെ താമസസ്ഥലത്ത് തന്നെ തളച്ചിടലായിരുന്നു ലക്ഷ്യം. ശേഷം ഓരോ വീടുകളെ പ്രത്യേകമായി കേന്ദ്രീകരിച്ച് ബോംബ് വര്‍ഷിക്കാനും വീടുവീടാന്തരം കയറിയിറങ്ങി വീട്ടിലുള്ളവര്‍ക്ക് നേരെ നിറയൊഴിക്കാനും തുടങ്ങി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വരെ പോലും വെടിവെച്ചു വീഴ്ത്തി, സമാനതകളില്ലാത്ത ഈ കൊടുംക്രൂരത വന്‍ നാശനഷ്ടങ്ങളായിരുന്നു ആ നാടിന് സമ്മാനിച്ചത്. ഒരു പള്ളിയും രണ്ട് സ്‌കൂളുകളുമടക്കം 56 ഓളം വീടുകള്‍ പൂര്‍ണമായും നാമാവശേഷമായി. എക ജല സ്രോതസ് നശിപ്പിക്കപ്പെട്ടു . താമസക്കാര്‍ക്ക് മീതെ തന്നെയായിരുന്നു കെട്ടിടങ്ങളെല്ലാം തകര്‍ന്നുവീണത്. പല കുടുംബങ്ങളും ഒന്നടങ്കം ഇല്ലാതായി. രക്ഷപ്പെട്ട ചിലര്‍ക്ക് ഒരു രാത്രി കൊണ്ട് കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടമായി.!

ഫലസ്തീനിലും അറബ് ലോകത്തും വളരെ വലിയ പ്രതിധ്വനികളും പ്രതിഷേധങ്ങളും സൃഷ്ടിച്ച ഒന്നായിരുന്നു ഖിബ്‌യാ കൂട്ടക്കുരുതി. രണ്ട് ജൂത കുടിയേറ്റക്കാരുടെ മരണത്തിനടയാക്കിയ സംഭവത്തിന് പ്രതികാരമായിട്ടായിരുന്നു ഈ കൂട്ടകൊല, ജോര്‍ദാനില്‍ നിന്ന് ഫലസ്തീനിലെ ഖിബ്‌യയിലെക്ക് നുഴഞ്ഞു കയറിയ ചിലരായിരുന്നു അതിനു പിന്നിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ . ഇസ്രായേല്‍ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് ബെന്‍ ഗൂരിയന്‍ നേരിട്ട് കല്പന കൊടുത്ത പ്രകാരമായിരുന്നു കൂട്ടക്കൊലയുടെ രൂപത്തിലുള്ള ഈ പ്രതികാരം. നുഴഞ്ഞുകയറ്റക്കാര്‍ കടന്നു വന്ന ഗ്രാമം എന്ന നിലക്കായിരുന്നു ഖിബ്‌യയിലെ ജനത കൂട്ടക്കുരുതിക്കിരയാക്കപ്പെട്ടത്. എന്നാല്‍ അവര്‍ സുരക്ഷിതമായി തിരിച്ച് ജോര്‍ദാനിലേക്കെത്തിയിരുന്നു. ഗ്രാമവാസികള്‍ മുഴുവന്‍ നിഷ്‌കാസനം ചെയ്യപ്പെടുകയോ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുന്ന വിധം അക്രമം കഠിനമായിരിക്കണമെന്നായിരുന്നു സൈനികര്‍ക്കുള്ള നിര്‍ദേശം!
ഫലസ്തീനില്‍ അധിനിവേശം നടത്താന്‍ ആരംഭിച്ച 1948 മുതല്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതികളിലൊന്നായി ഇന്നും ഖിബ്‌യ കൂട്ടക്കൊല ഒര്‍മിക്കപ്പെടുന്നു.

റാമല്ലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫലസ്തീനീ ഗ്രാമമാണ് ഖിബ്‌യ.
നാട്ടുകാരും പുറമേ നിന്നു കുടിയേറിയവരുമടക്കം അയ്യായിരത്തിനടുത്താണ് ജനസംഖ്യ.

 

തയാറാക്കിയത്; ഉസാമ ഹുസൈൻ
അവലംബം: mugtama.com

Facebook Comments
Related Articles
Show More
Close
Close