Current Date

Search
Close this search box.
Search
Close this search box.

ഹമാസുമായുള്ള വെടിനിര്‍ത്തല്‍: നെതന്യാഹുവിനെ നിരാശപ്പെടുത്തുന്നതെന്ത് ?

ശത്രുക്കളുടെ പ്രദേശത്തേക്ക് വിദഗ്ധമായി നുഴഞ്ഞു കയറുന്നത് ഇസ്രായേലി ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യ ഓപറേഷനാണ്. ദൗത്യം നിര്‍വഹിച്ച് പിടികൊടുക്കാതെ രക്ഷപ്പെടുകയാണിവര്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രായേല്‍ ഇക്കാര്യം അതിവിദഗ്ധമായി നടപ്പാക്കുന്നുണ്ട്. 2016 ഡിസംബറില്‍ ഹമാസ് ഡ്രോണ്‍ വിദഗ്ധന്‍ മുഹമ്മദ് അല്‍ സവാരിയെ തുനീഷ്യയില്‍ വെച്ചും 2018 ഏപ്രിലില്‍ എന്‍ജിനീയറായ ഫാദി അല്‍ ബാത്ഷിനെ മലേഷ്യയില്‍ വെച്ചും കൊലപ്പെടുത്തിയത് ഇത്തരത്തിലാണ്.

എന്നാല്‍ നവംബര്‍ 11ന് ഗസ്സയില്‍ നടന്ന ഇസ്രായേലിന്റെ രഹസ്യ ഓപറേഷന്‍ അവരുടെ പ്ലാന്‍ അനുസരിച്ച് നടന്നില്ല. അതിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഹമാസ് ദൗത്യം തടഞ്ഞു. അവര്‍ ഇസ്രായേല്‍ കമാന്‍ഡോകളെ ആക്രമിക്കുകയും അവരുടെ യുദ്ധ വിമാനങ്ങളെ പിന്തുടരുകയും ചെയ്തു. അന്ന് നടന്ന വ്യോമാക്രമണത്തില്‍ ഏഴു ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ അല്‍ ഖസ്സാം സൈനികദളത്തിലെ കമാന്‍ഡര്‍ നൗര്‍ ബറകയാണ്. ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

നൂറുകണക്കിന് റോക്കറ്റ് ആക്രമണത്തിലൂടെയാണ് ഇസ്രായേലിനെതിരെ ഹമാസ് തിരിച്ചടിച്ചത്. ഇതില്‍ ചിലതിനെ ഇസ്രായേല്‍ ഐയണ്‍ ഡോം ഉപയോഗിച്ച് തടഞ്ഞു. ചിലത് ഇസ്രായേലിലെ ജനവാസ മേഖലയില്‍ പതിച്ചു. ഒരു ഇസ്രായേലി പൗരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലിന്റെ മിലിട്ടറി ബസ് ലക്ഷ്യമിട്ട് കോര്‍ണറ്റ് റോക്കറ്റാക്രമണവും ഹമാസ് നടത്തിയിരുന്നു. 2014 ഗസ്സ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഹമാസ് കോര്‍ണറ്റ് റോക്കറ്റ് ഉപയോഗിച്ചത്.

തുടര്‍ന്ന് ഇസ്രായേല്‍ ഭരണകൂടം നിരവധി വ്യോമാക്രമണങ്ങളാണ് ഗസ്സയില്‍ നടത്തിയത്. ഇത് കുറേ ദിവസം നീണ്ടു നിന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ജനവാസ മേഖലയിലെ ഒരു കെട്ടിടം തകരുകയും അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തു. കോര്‍ണറ്റ് റോക്കറ്റ് ആക്രമണം നടത്തി ഹമാസ് വിജയിച്ചതായുള്ള ഒരു വീഡിയോ അറബ്,ഇസ്രായേല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോര്‍ണറ്റ്, ഇസ്രായേല്‍ മന്ത്രിസഭയെ നിഷ്ഫലമാക്കി എന്നാണ് ഗസ്സയിലെ ഫലസ്തീനികള്‍ പറഞ്ഞത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ സമയത്താണ് യുദ്ധതന്ത്രവുമായി രംഗത്തെത്തിയത്. ഗസ്സയിലെ സായുധ സേനയുമായി യുദ്ധ വിരാമത്തിന് തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ഇത് പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്റെ രാജിയില്‍ വരെയെത്തി. ഇതിനെത്തുടര്‍ന്ന് ഇസ്രായേല്‍ രാഷ്ട്രീയത്തിലെ പ്രധാന പ്രതിസന്ധിയായി വിഷയം മാറി.

ഈ സമയത്താണ് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നെതന്യാഹു വീണ്ടും ഗസ്സയില്‍ ആക്രമണം നടത്തിയത്. പശ്ചിമേഷ്യയില്‍ നെതന്യാഹു തന്റെ രാഷ്ട്രീയ ഗെയിമിലൂടെ ഗസ്സയെ നിശബ്ദമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗസ്സയുമായി വെടിനിര്‍ത്തല്‍ കരാര്‍ തകരാനുള്ള മറ്റൊരു കാരണമായി ഉന്നയിക്കുന്ന പ്രശ്‌നം ഇറാനാണ്. ഇറാനെതിരെ ആക്രമണം നടത്തുന്നവരില്‍ മുന്‍പന്തിയിലാണ് നെതന്യാഹു. ഗസ്സയില്‍ സമാധാനം സ്ഥാപിക്കണമെങ്കില്‍ മുനമ്പില്‍ ഇറാനുള്ള സ്വാധീനം അദ്ദേഹത്തിന് വിലങ്ങുതടിയാകുന്നുണ്ട്.

പശ്ചിമേഷ്യയിലെ മറ്റു ഭാഗങ്ങളില്‍ ഇറാനെ തടയിടുക എന്നതും ഇസ്രായേലിന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ അറബ് രാജ്യങ്ങളെ കൂട്ടുപിടിച്ച്, പ്രത്യേകിച്ചും സൗദിയെയടക്കം ഒരുമിച്ചു ചേര്‍ത്ത് ഇറാനെതിരെ ഒരു മുന്നണിയുണ്ടാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഗസ്സയുമായി യുദ്ധ വിരാമത്തില്‍ ഏര്‍പ്പെട്ട് ഇറാനെ ഒറ്റപ്പെടുത്തുക എന്നതും ഇസ്രായേലിന്റെ ഉദ്ദേശമാണ്. ഇതിന്റെ ഭാഗമായാണ് അടുത്തിടെയുണ്ടായ നെതന്യാഹുവിന്റെ ഒമാന്‍ സന്ദര്‍ശനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമവും.  അതിനാല്‍ തന്നെ പുതിയ ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ഇങ്ങനെ വേണം നോക്കിക്കാണാന്‍. ഇതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കയുടെ നേതൃത്വത്തില്‍ ഈജിപ്ത് മധ്യസ്ഥത വഹിക്കുന്നുണ്ട്.

ഇസ്രായേലിന്റെ അയല്‍ രാജ്യങ്ങളായ സിറിയയിലും ലെബനാനിലും ഇറാനുള്ള സ്വാധീനമാണ് അവരെ ഭയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഇതിനെല്ലാം തടയിടുക എന്നതാണ് ഗസ്സയെ ശാന്തമാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നത്. സിറിയയില്‍ റഷ്യയുമായി സഖ്യം ചേര്‍ന്ന് ഇസ്രായേല്‍ ആക്രമണം നടത്തുന്നുണ്ട്. മേഖലയില്‍ ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണ്. ഇതാണ് ഇസ്രായേലിനെ ഭയപ്പെടുത്തുന്നത്.

ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഏറെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇസ്രായേല്‍. ഇത് തങ്ങളുടെ കൂടി വിജയമായാണ് അവര്‍ കാണുന്നത്. ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ നിലനില്‍ക്കുന്ന പ്രതിസന്ധിയും ഇസ്രായേല്‍ മുതലെടുക്കുകയാണ്. ഇതെല്ലാമാണ് ഹമാസുമായി ദീര്‍ഘകാലത്തേക്ക് യുദ്ധ വിരാമം നടത്താന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാകും ഇനി നടക്കുക. ദീര്‍ഘനാളത്തേക്ക് ഹമാസുമായി ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള അന്വേഷണം ഇസ്രായേല്‍ തുടരും.

Related Articles