Current Date

Search
Close this search box.
Search
Close this search box.

‘മുസ്‌ലിം പ്രോ’യില്‍ നിന്നും ഡാറ്റ ചോര്‍ത്തുന്ന യു.എസ് സൈന്യം

ആഗോളതലത്തില്‍ ഏറെ പ്രശസ്തിയാര്‍ജിച്ച മുസ്‌ലിം ആരാധന സഹായ ആപ്പ് ആണ് ‘മുസ്‌ലിം പ്രോ’. ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളാണ് ആന്‍ഡ്രോയ്ഡ്, ആപ്പ് സ്റ്റോറുകളില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. മറ്റേതൊരു ആപ്പും ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെ നമ്മുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് ഈ ആപ്പും പ്രവര്‍ത്തനക്ഷമമാകുന്നത്. പ്രധാനമായും നമസ്‌കാര സമയം അറിയാനും, ഖിബ്‌ലയുടെ ദിശ അറിയാനുമാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റെ സ്ഥലത്തിന് അനുസരിച്ച് കഅ്ബയുടെ ദിശ അറിയാന്‍ സഹായിക്കുന്ന ആപ്പില്‍ ഖുര്‍ആനിന്റെ ഓഡിയോയും പ്രാര്‍ത്ഥനകളും നമസ്‌കാര ഓര്‍മ്മപ്പെടുത്തലുകളുമെല്ലാമുണ്ട്.

അതിനാല്‍ തന്നെ അതാത് നാടുകളിലെ സമയവും സ്ഥലവിവരങ്ങളുമെല്ലാം ഈ ആപ്പ് ശേഖരിച്ചിരുന്നു. ഇത്തരം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പ് കമ്പനി യു.എസ് സൈന്യത്തിന് ചോര്‍ത്ത് നല്‍കി എന്ന ഗുരുതരമായ ആരോപണമാണ് ആപ്പിനെതിരെ കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് നിരവധി പേര്‍ ആപ്പിനെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെയും വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും രംഗത്തെത്തി.

ഇപ്പോള്‍ ഫ്രാന്‍സിലെ ഏതാനും ഉപഭോക്താക്കള്‍ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. മുസ്ലിം പ്രോക്ക് 95 മില്യണ്‍ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്താകമാനമുള്ള മില്യണ്‍ കണക്കിന് മുസ്ലിംകളുടെ ഡാറ്റ യു.എസ് സൈന്യം വാങ്ങി എന്നാണ് പരാതിയില്‍ കുറ്റപ്പെടുത്തുന്നത്. ഫ്രാന്‍സിലെ RTL റേഡിയോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുസ്ലിം പ്രോ ഡാറ്റയും സാങ്കേതിക വിവരങ്ങളും എക്‌സ് മോഡ് എന്ന പേരിലുള്ള കമ്പനിക്കാണ് നല്‍കിയതെന്നും ഈ കമ്പനി ഇത് അമേരിക്കന്‍ സൈന്യമടക്കമുള്ള മൂന്നാമത്തെ പാര്‍ട്ടിക്ക് കൈമാറുകയായിരുന്നു എന്നുമാണ് ആരോപണം.

ഡാറ്റാ സംരക്ഷണ കുറ്റകൃത്യങ്ങള്‍, വിശ്വാസ വഞ്ചന, ദുര്‍വിനിയോഗം, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കല്‍, കൊലപാതകത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കമ്പനിക്കെതിരെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഭീകരവാദത്തിനെതിരായ പ്രതിരോധം, സൈബര്‍ സുരക്ഷ, കോവിഡ് 19 ഹോട്ട്സ്പോട്ടുകള്‍ എന്നിവ തീരുമാനിക്കുന്നതിനായാണ് യു.എസിന് ഡാറ്റ കൈമാറിയതെന്നാണ് എക്‌സ് മോഡ് പറയുന്നത്.

നവംബര്‍ 16ന് ഓണ്‍ലൈന്‍ മാഗസിനായ ‘മദര്‍ബോര്‍ഡ്’ ആണ് അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ നമസ്‌കാര സമയത്തിനായി ആശ്രയിക്കുന്ന ആപ്പാണിതെന്നും ലക്ഷക്കണിക്കിന് ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ വിവരങ്ങളാണ് അമേരിക്കക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളുടെ സ്ഥലവും മറ്റു സ്വകാര്യ വിവരങ്ങളും അമേരിക്കന്‍ സൈന്യത്തിന് കൈമാറിയെന്നും 200 രാജ്യങ്ങളില്‍ നിന്നായി 95 മില്യണ്‍ ആളുകള്‍ ഈ ആപ്പ് സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തങ്ങളുടെ ആപ്പിന്റെ വിവരങ്ങള്‍ നല്‍കിയ സാങ്കേതിക കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി മുസ്ലിം പ്രോ അധികൃതര്‍ പറഞ്ഞു. പുറത്തുവന്ന വിരങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ആഭ്യന്തര അന്വേഷണത്തിന് കമ്പനി ഉത്തരവിട്ടിട്ടുണ്ടെന്നും മുസ്ലിം പ്രോ പറഞ്ഞു. എക്‌സ്-മോഡുമായി സ്വകാര്യത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ലംഘിച്ചുവെന്നും അതില്‍ ഡാറ്റ കൈമാറാന്‍ അനുവദിക്കുന്നില്ലെന്നും കമ്പനി അധികൃതര്‍ പറയുന്നുണ്ട്.

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ആപ്ലിക്കേഷന്‍ ഡെവലപ്പേര്‍സായ ബിറ്റ്സ്മീഡിയയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സിംഗപ്പൂരിലെ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (പി ഡി പി സി) പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം മനുഷ്യാവകാശ സംഘടനയായ Council on American-Islamic Relations (CAIR) സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആ ആപ്പ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇവിടേയും വിദേശത്തുമുള്ള മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നതിനെക്കുറിച്ച് സമഗ്രമായ പൊതു അന്വേഷണം നടത്താന്‍ ഞങ്ങള്‍ യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നതായും മുസ്ലിം അമേരിക്കക്കാരെ ലക്ഷ്യം വെച്ച് നിയമവിരുദ്ധമായി ചാരപ്പണി ചെയ്യാന്‍ ഈ ഡാറ്റ ഉപയോഗിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കണമെന്നും C-AIR ദേശീയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവദ് പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫോണുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ പ്രതിരോധ കരാറുകാര്‍ വഴി യു.എസ് സൈനിക ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സെനറ്റര്‍ റോണ്‍ വൈദനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഞാന്‍ തുടര്‍ന്നും നിരീക്ഷിക്കുകയും അമേരിക്കക്കാരുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവലംബം: www.middleeasteye.net

Related Articles