Middle East

യമനിലെ നിരാലംബ ജനതയ്ക്കു വേണ്ടി ലോകശക്തികൾ ശബ്ദമുയർത്തണം

അഞ്ചു വർഷത്തിലേറെയായി നാശംവിതച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ യുദ്ധത്തിനിടയിലാണ് ലോകത്തിലെ ഏറ്റവും ദുർബലരാഷ്ട്രങ്ങളിൽ ഒന്നായ യമനെ കൊറോണ വൈറസ് ബാധിച്ചത്. ദശലക്ഷക്കണക്കിന് യമൻ പൗരൻമാർക്ക് അടിയന്തര മാനുഷിക സഹായം ലഭിക്കേണ്ടതുണ്ട്, രാജ്യത്തിന്റെ വടക്കൻ മേഖലയിൽ പുതുതായി തുടക്കം കുറിച്ച സായുധ പോരാട്ടം ലക്ഷക്കണക്കിന് ആളുകളെയാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനത്തിന് നിർബന്ധിതരാക്കിയത്, ഇവർക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ്  നൽകുന്നു.

ഹൂഥി പോരാളികളും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള രൂക്ഷമായ സംഘർഷം അഭയാർഥി ക്യാമ്പുകളുടെ അടുത്തെത്തി കഴിഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് സൗദി സഖ്യ സേനയെ നയിക്കുന്നത്, വർഷങ്ങളായി നടക്കുന്ന യുദ്ധത്തിന്റെ ഫലമായി ആരോഗ്യമേഖല നശിച്ചുകഴിഞ്ഞ ഒരു രാജ്യത്ത് മഹാമാരിയുടെ കടുത്ത പ്രത്യാഘാത ഭീഷണി നിൽക്കുമ്പോൾ പോലും യുദ്ധത്തിന്റെ കാഠിന്യം കുറക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.

വടക്കൻ മഅരിബ് പ്രവിശ്യ കഴിഞ്ഞ മാസങ്ങളിൽ സഖ്യസേനയുടെ കനത്ത വ്യോമാക്രമണം നടന്നിരുന്നു, അതേസമയം ഹൂഥികളും സൗദി പിന്തണയുള്ള യമൻ സർക്കാറും നഗരത്തിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച് പറഞ്ഞു. പുതുതായി ഉടലെടുത്ത പോരാട്ടത്തിനിടയിൽപ്പെട്ട്, ചികിത്സയും മാനുഷിക സഹായവും ലഭിക്കാതെ സാധാരണജനങ്ങൾ കഷ്ടപ്പെടുകയാണ്.

Also read: മസ്ജിദുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നത്?

രാജ്യത്തെ അരക്ഷിതമായ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യാൻ വിധിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിനു വേണ്ടി അടിയന്തരമായി ഒരുമിച്ചു പ്രവർത്തിക്കാൻ സൗദി അറേബ്യയും ഹൂഥികളും ബാധ്യസ്ഥരാണ്.

യമൻ പൗരൻമാർക്ക് അവർക്ക് ആവശ്യമുള്ള മാനുഷിക സഹായങ്ങൾ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം അതായത് 16 ദശലക്ഷം മനുഷ്യർക്ക് കോവിഡ് 19 ബാധിച്ചേക്കാമെന്ന് വിദഗ്ധർ അനുമാനിക്കുന്നുണ്ട്.

സിവിലിയൻമാരെ സംരക്ഷിക്കാൻ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കാൻ ബിൻ സൽമാന് അധികാരമുണ്ടെങ്കിലും, അത് നടപ്പാക്കുന്നതില് അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.

വീടുകൾ, സ്കൂളുകൾ, മാർക്കറ്റുകൾ എന്നിവയുടെ മേൽ നിയമവിരുദ്ധമായി വ്യോമാക്രമണം നടത്തിയതുൾപ്പെടെ യമൻ മണ്ണിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾക്കൊപ്പം, ദശലക്ഷക്കണക്കിനു ആളുകളെ ഈ ദുരന്തം ബാധിച്ചതിനും സൗദി അറേബ്യ ഉത്തരവാദികളാണ്.

അതേസമയം, കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ മേഖലയിൽ പോരാട്ടം രൂക്ഷമായികൊണ്ടിരിക്കുമ്പോൾ, അന്താരാഷ്ട്ര സഹായങ്ങൾ ലഭ്യമാക്കുന്നതിൽ ഹൂഥികൾ ഉയർത്തുന്ന തടസ്സം, സാധാരണക്കാരുടെ ജീവിതത്തോടുള്ള ഹൂഥികളുടെ പരിപൂർണ അവഗണനയാണ് കാണിക്കുന്നത്, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ തുറന്ന ലംഘനമാണിത്. ഇത് അവസാനിക്കേണ്ടതുണ്ട്.

Also read: കുടുംബ സംവാദങ്ങളിൽ പാലിക്കേണ്ട മര്യാദകൾ

ഹോസ്പിറ്റലുകൾ ബോംബിടപ്പെടുകയും, ആരോഗ്യമേഖല തകർക്കപ്പെടുകയും, യമന്റെ സാമ്പത്തികരംഗം തകരുകയും ചെയ്തിരിക്കുന്ന ഈ അവസ്ഥയിൽ കോവിഡ് 19നിൽ നിന്നും പൗരൻമാർ സ്വയം സംരക്ഷിക്കേണ്ടി വരുന്ന തരത്തിൽ കാര്യങ്ങൾ കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. പാശ്ചാത്യലോകത്തും മുസ്ലിം ലോകത്തും അധികാരത്തിലിരിക്കുന്നവർ നിരാലംബരായ യമൻ ജനതയെ സംരക്ഷിക്കാനും അതിദാരുണമായ ദുരന്തത്തെ തടയാനും ഈ അവസരത്തിൽ ശബ്ദമുയർത്തേണ്ടത് അനിവാര്യമാണ്.

യമനിലെ രക്തച്ചൊരിച്ചിലും നാശവും തടയുന്ന ഒരു സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാൻ അധികാരികളും മനുഷ്യാവകാശ സംഘടനകളും എൻ.ജി.ഓകളും സൗദി അറേബ്യയോട് ആവശ്യപ്പെടണം. സിവിലിയൻമാർക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർണായകമായ അന്തർദേശീയ സഹായങ്ങൾക്കും ജീവൻരക്ഷാവസ്തുക്കൾക്കുമുള്ള നിയന്ത്രണങ്ങൾ എടുത്തുകളയണം.

രാഷ്ട്രീയ തടവുകാരെ അടിയന്തര വ്യവസ്ഥകളിൽ വിട്ടയക്കണം, കാരണം ജയിലുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ കോവിഡ് 19ന്റെ വ്യാപനത്തിന് കാരണമാകും. യമൻ ജനതയ്ക്ക് നീതി, സമാധാനം, ശോഭനമായ ഭാവി എന്നിവയ്ക്ക് അവകാശമുണ്ട്; അവർക്കതിനുള്ള അവസരം ലഭിച്ചിട്ട് കാലമേറെയായി.

അവാർഡ് ജേതാവായ ഫ്രീലാൻസ് മാധ്യമപ്രവർത്തകയും എഴുത്തുകാരിയും ഗ്രന്ഥകർത്താവുമാണ് തസ്നീം നസീർ. സി.എൻ.എൻ ഇന്റർനാഷണൽ, ഹഫിംഗ്ടൺ പോസ്റ്റ് തുടങ്ങിയ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

വിവ. അബൂ ഈസ

Facebook Comments
Related Articles
Tags

തസ്‌നീം നസീര്‍

Tasnim Nazeer is an award winning Freelance Journalist/Writer and Author who has written for a variety of print and online publications including CNN International, Huffington Post, The Muslim News, Your Middle East, Islam Channel and many more.
Close
Close