Current Date

Search
Close this search box.
Search
Close this search box.

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

തുർക്കിയിൽ പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ, പ്രതിപക്ഷ അണിയിലെ പ്രധാന ചിന്ത നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെതിരെ ശക്തനായ ഒരു പൊതു സ്ഥാനാർഥിയെ കണ്ടെത്തുക എന്നതാണ്. എല്ലാ പ്രതിപക്ഷ കക്ഷികളുടെയും പൊതു സ്ഥാനാർഥിയാവുമ്പോൾ അത് തെരഞ്ഞെടുപ്പിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് അവർ കണക്ക് കൂട്ടുന്നു. അടുത്ത പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകൾ തുർക്കിയുടെ ഭാഗധേയം നിർണ്ണയിക്കുന്നതും പലതു കൊണ്ടും വേറിട്ടതും ആയിരിക്കുമെന്ന് കരുതപ്പെടുന്നുണ്ട്. പല നിലക്ക് അവ മുൻ തെരഞ്ഞെടുപ്പകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഒന്നാമതായി, ഉർദുഗാന്റെ നേതൃത്വത്തിലുളള ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് (അക്) പാർട്ടി തുടർച്ചയായി 21 വർഷം ഭരിച്ചതിന് ശേഷമാണ് ഈ തെരഞ്ഞെടുപ്പ് വരുന്നത്. രാജ്യത്ത് ധ്രുവീകരണം ശക്തിപ്പെടുത്തിയ പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള ഭരണമാറ്റം നടന്നിട്ട് അഞ്ച് വർഷം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. തുർക്കി റിപ്പബ്ലിക്കിന്റെ ജൻമ ശതാബ്ദി ആഘോഷിക്കുന്ന 2023 ൽ ആണ് തെരഞ്ഞെടുപ്പ് എന്നത് അതിനെ കൂടുതൽ പ്രതീകാത്മകവുമാക്കുന്നുണ്ട്.

രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊരു തലം. കൊറോണക്ക് പുറമെ റഷ്യ – യുക്രെയ്ൻ യുദ്ധം പോലുള്ള പ്രതിസന്ധികളും തദ്ദേശീയ കറൻസിയായ ലീറയെ മുൾമുനയിൽ നിർത്തുകയാണ്. ഉർദുഗാനെതിരെയും അദ്ദേഹം നേതൃത്വം നൽകുന്ന മുന്നണിക്കെതിരെയും പ്രതിപക്ഷം ഇതൊരു തുറുപ്പ് ചീട്ടായി ഇറക്കുമെന്നുറപ്പ്. തുർക്കിയിലെത്തിയ സിറിയൻ അഭയാർഥികളും തെരഞ്ഞെടുപ്പിൽ വിഷയമാകാതിരിക്കില്ല.

ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ് രണ്ടാം തവണയും മത്സരിക്കുന്നത് പ്രതിപക്ഷം ഭരണഘടനാ കോടതിയിൽ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇതൊക്കെ മറി കടന്നാലും ഉർദുഗാന്റെ മുമ്പിൽ കടമ്പകൾ അവസാനിക്കുന്നില്ല. മേൽപ്പറഞ്ഞതും അല്ലാത്തതുമായ കാരണങ്ങളാലൊക്കെ ഉർദുഗാന്റെ ജനപ്രീതി താരതമ്യേന ഇടിഞ്ഞ ഒരു ഘട്ടം കൂടിയാണിത്.

ഇരു പക്ഷവും സഖ്യങ്ങൾ രൂപപ്പെടുത്തി തന്നെയാവും കളത്തിലിറങ്ങുക. ഒന്നാം ഘട്ട പ്രസിഡന്റ് തെരഞ്ഞടുപ്പിൽ നിശ്ചിത ശതമാനം വോട്ട് നേടി ഒരാൾ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് സർവെ ഫലങ്ങൾ കാണിക്കുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടിയ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ രണ്ടാം വട്ടവും തെരഞ്ഞെടുപ്പ് വേണ്ടി വരും. ഈ തെരഞ്ഞെടുപ്പ് ഫലം തീർച്ചയായും എങ്ങനെ സഖ്യങ്ങൾ രൂപപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ചെറു കക്ഷികളെ തങ്ങളോടൊപ്പം നിർത്താനാവും മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ ശ്രമം. പ്രതിപക്ഷ ഐക്യത്തെ ശിഥിലമാക്കാനുള്ള നിയമനിർമാണമാണ് ഈയിടെ പാർലമെന്റ് നടത്തിയിരിക്കുന്നത് എന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

അടുത്ത തെരഞ്ഞെടുപ്പിലും ഏറ്റവും ശക്തനായ സ്ഥാനാർഥി ഉർദുഗാൻ ആയിരിക്കുമെന്ന് പ്രതിപക്ഷത്തിന് നല്ല ബോധ്യമുണ്ട്. അത്രയേറെ രാഷ്ട്രീപ്രവർത്തന പരിചയവും എടുത്തു പറയാവുന്ന ധാരാളം നേട്ടങ്ങളും ഒപ്പം വ്യക്തി പ്രഭാവവും ഉള്ള ഒരാളെ കണ്ടെത്തുക പ്രയാസം. അക് പാർട്ടിയെപ്പോലെ ഇത്ര സജീവമായി പ്രവർത്തിക്കുന്ന പാർട്ടി സംവിധാനം മറ്റൊരു പ്രതിപക്ഷ പാർട്ടിക്കും അവകാശപ്പെടാനുമില്ല. അതിനാൽ വ്യക്തി താരതമ്യമാണ് വോട്ടർമാർ നടത്തുന്നതെങ്കിൽ എതിരാളിയേക്കാൾ എപ്പോഴും മുൻതൂക്കം ഉർദുഗാന് തന്നെയായിരിക്കും; ആ എതിരാളി പ്രതിപക്ഷത്തെ പരിചിത മുഖങ്ങളിലൊരാളാണെങ്കിൽ പ്രത്യേകിച്ചും. അപ്പോൾ പൊതുസമ്മതനായ, പ്രത്യേക ഗുണഗണങ്ങൾ എടുത്ത് പറയാൻ കഴിയുന്ന ഒരാളെ കണ്ടെത്താനാവും പ്രതിപക്ഷത്തിന്റെ ശ്രമം. പ്രതിപക്ഷത്തിന്റെ മുഴുവൻ വോട്ടുകളും നേടുക മാത്രമല്ല, അക് പാർട്ടിയുടെ വോട്ട് ബാങ്കിലേക്ക് കടന്നുകയറാനും ആ സ്ഥാനാർഥിക്ക് കഴിയണം.

മെട്രപോൾ കമ്പനി ഈയിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 33.3 ശതമാനവും പറഞ്ഞത് തങ്ങൾ ഉർദു ഗാന് വോട്ട് ചെയ്യുമെന്നാണ്. എതിരാളി ആരായാലും അതവരെ സ്വാധീനിക്കില്ല. ആരാണെന്ന് നോക്കാതെ ഏറ്റവും നല്ല സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന് 33.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. നിലവിലുള്ള പ്രസിഡന്റിന്റെ എതിരാളി ആരാണെന്ന് വ്യക്തമായ ശേഷമാവും തങ്ങളുടെ തീരുമാനമെന്ന് 28.1 ശതമാനം പേർ പറഞ്ഞു. അവസാനം പറഞ്ഞ വിഭാഗം വളരെ പ്രധാനമാണ്. അവരെ സ്വാധീനിക്കാൻ മികവുകളും പ്രവർത്തന പാരമ്പര്യവുമുള്ള എതിരാളി തന്നെ വേണം.

ഇപ്പോൾ ആ സ്ഥാനത്തേക്ക് ഇസ്തംബൂൾ മേയർ അക്രം ഇമാം ഒഗ് ലുവിന്റെയും അങ്കാറ മേയർ മൻസൂർ യാഫാശിന്റെയും പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിൽ ആദ്യത്തെയാൾക്ക് ദീർഘകാലമായി രണ്ടാമത്തെ വലിയ പ്രതിപക്ഷ കക്ഷിയുടെ പിന്തുണയുണ്ട്. എന്നാൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി പ്രസിഡന്റ് കമാൽ കലീതശ്ദാർ ഒന്നിലധികം തവണ തനിക്ക് സ്ഥാനാർഥിയാവാൻ മോഹമുണ്ടെന്ന് സൂചിപ്പിക്കുകയുണ്ടായി. ഇമാം ഒഗ് ലുവിന്റെയും യാഫാശിന്റെയും വഴി അടക്കുകയാണ് യഥാർഥത്തിൽ ഇദ്ദേഹം ചെയ്യുന്നത്. ആ രണ്ട് പേരും മേയർ സ്ഥാനം ഉപേക്ഷിച്ചാൽ അത് അക് പാർട്ടി തിരിച്ചു പിടിക്കുമെന്ന ന്യായമാവും അദ്ദേഹം ഉന്നയിക്കുക. പീപ്പൾസ് പാർട്ടി അധ്യക്ഷനെന്ന നിലക്ക് സ്ഥാനാർഥികളെ നിശ്ചയിക്കാൻ തനിക്കുള്ള അധികാരവും കമാൽ ഉയർത്തിക്കാട്ടിയേക്കാം.

ഉർദുഗാനെ നേരിടാനുളള ഈ പ്രതിപക്ഷ നേതാവിൻെറ ഏറ്റവും നല്ല സമയവും ഇതാണെന്ന് പറയണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇദ്ദേഹത്തിന്റയും ഇദ്ദേഹത്തിന്റെ പാർട്ടിയുടെയും ഇമേജ് കാര്യമായി ഇടിഞ്ഞിരുന്നു. ഉർദുഗാന്റെ മുമ്പിൽ ‘എല്ലാ തെരഞ്ഞടുപ്പുകളും തോറ്റ നേതാവ്’ എന്ന ചീത്തപ്പേര് മായ്ച്ച് കളയാനും ഇതൊരു അവസരമാണ്. 2019-ലെ മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിൽ കമാലിന്റെ പാർട്ടി പ്രകടനം മെച്ചപ്പെടുത്തി എന്നത് ശരിയാണ്. പക്ഷെ ആ തദ്ദേശ തെരഞ്ഞെടുപ്പിന് അത്ര രാഷ്ടീയ പ്രാധാന്യമൊന്നുമില്ല. ഇസ്തംബൂൾ, അങ്കാറ മേയർ സ്ഥാനങ്ങൾ നഷ്ടപ്പെട്ടുവെങ്കിലും മറ്റിടങ്ങളിൽ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. എന്ന് മാത്രമല്ല റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി നേതാവ് കമാൽ കലീതശ്ദാർ സ്ഥാനാർഥിയാവുന്നതിനോട് പല പ്രതിപക്ഷകക്ഷികൾക്കും യോജിപ്പുമില്ല. പക്ഷെ കമാലിന്റെ തന്ത്രം മറ്റൊന്നാണ്. ഒന്നാം വട്ട തെരഞ്ഞെടുപ്പിൽ തീരുമാനമാവാതെ വരുമ്പോൾ രണ്ടാം വട്ട തെരഞ്ഞെടുപ്പ് വേണ്ടി വരും. അങ്ങനെയെങ്കിൽ താനും ഉർദുഗാനും മാത്രമേ മത്സര രംഗത്തുണ്ടാവൂ. അപ്പോൾ തന്നെയോ അല്ലെങ്കിൽ നിലവിലുള്ള പ്രസിഡന്റിനെയോ തെരഞ്ഞെടുക്കാൻ മുഴുവൻ പ്രതിപക്ഷ കക്ഷികളും നിർബന്ധിതമാവുമല്ലോ. ഇതൊരു നല്ല കണക്കുകൂട്ടലാണ്. ജയ സാധ്യതയുള്ള അവസരവുമാണ്.

പക്ഷെ ഇദ്ദേഹം കാണാതെ പോകുന്ന ചില വസ്തുതകളുണ്ട്. നിലവിലുള്ള പ്രതിപക്ഷ മുന്നണിയെക്കുറിച്ച് ചെറു കക്ഷികളൊന്നും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതാണ് അതിലൊന്ന്. തദ്ദേശ , പാർലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഒരേ രീതിയിലല്ല തുർക്കിയിലെ വോട്ടർമാർ വോട്ട് ചെയ്യുന്നത് എന്നതാണ് മറ്റൊന്ന്. പാർലമെന്റിൽ മറ്റൊരു കക്ഷിക്ക് ഭൂരിപക്ഷം നൽകുന്ന അതേ വോട്ടർമാർ തന്നെയാവും ഉർദുഗാന്ന് അനുകൂലമായും വോട്ട് ചെയ്യുക. ഉർദുഗാനെ തളക്കാൻ പ്രാപ്തിയുള്ള നേതാവല്ല കമാൽ എന്ന് വലിയൊരു വിഭാഗം കരുതുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. വ്യക്തി പ്രഭാവം ഇല്ലെന്ന് മാത്രമല്ല രാഷ്ട്രീയ നേട്ടങ്ങളുടെ പട്ടികയും നിരത്താനില്ല. ഉർദുഗാന്റെ കാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തോൽക്കാനായിരുന്നു കമാലിന്റെ വിധി.

സ്വന്തം പാർട്ടിക്കകത്തും അത്ര സ്വീകാര്യനല്ല കമാൽ. അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് മുതിർന്ന പീപ്പിൾസ് പാർട്ടി നേതാവ് മുഹർറം ഈഞ്ച, ഹോംലാൻഡ് എന്ന പുതിയ പാർട്ടി തന്നെയുണ്ടാക്കി. മുമ്പും ഇത് പോലെ ഇതേ കാരണത്താൽ പീപ്പ് ൾസ് പാർട്ടിയിൽ പിളർപ്പുകൾ ഉണ്ടായിട്ടുണ്ട്. ഹോംലാൻഡ് പാർട്ടിയുടെ ഈ നേതാവ് തന്നെ കമാൽ രംഗത്ത് വരുന്ന പക്ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാം. അങ്ങനെയെങ്കിൽ കമാലിന് താൻ പ്രതീക്ഷിക്കുന്നത് പോലെ ആദ്യ റൗണ്ടിലെ രണ്ടിലൊരാളാവാൻ കഴിഞ്ഞു കൊള്ളണമെന്നുമില്ല.

ചുരുക്കത്തിൽ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേതാവ് കമാൽ തനിക്ക് ഉർദുഗാനെ തോൽപ്പിക്കാനാവുമെന്നതിന് നിരത്തുന്ന ന്യായങ്ങൾ ഒരു പക്ഷെ ഉർദുഗാന് പ്രസിഡന്റ് പദത്തിൽ മറ്റൊരു ഊഴം കൂടി നൽകുകയായിരിക്കും ചെയ്യുക. കാരണം, നേരത്തെ പറഞ്ഞത് പോലെ, ആ കണക്കുകൂട്ടലുകളൊന്നും ഒട്ടും സൂക്ഷ്മമല്ല. മാത്രമല്ല കമാൽ വരുന്നത് കിഴക്കൻ തുർക്കിയിൽ നിന്നാണെന്നതും അദ്ദേഹത്തിന്റെ പ്രത്യേക മത പശ്ചാത്തലവുമൊക്കെ ഗണ്യമായ ഒരു വിഭാഗത്തെ അദ്ദേഹത്തിൽ നിന്ന് അകറ്റിയേക്കും; അവർക്ക് ഉർദുഗാനുമായി എത്രയേറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും. ഏതായാലും ഈ നിമിഷം വരെ കമാലിന്റെ പൊതുസ്ഥാനാർഥിത്വം അംഗീകരിക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പിന്റെ മാരത്തൺ ഓട്ടം തുടങ്ങിയിട്ടല്ലേയുള്ളൂ.

(അൽ ജസീറ. നെറ്റ്/ തുർക്കി രാഷ്ട്രീയ കാര്യവിദഗ്ധനാണ് ലേഖകൻ.)

വിവ: അശ്റഫ് കീഴുപറമ്പ്

Related Articles