Current Date

Search
Close this search box.
Search
Close this search box.

ജോ ബൈഡനും മിഡിലീസ്റ്റ് രാഷ്ട്രീയവും

വരാനിരിക്കുന്ന രണ്ടു മാസം മിഡിലീസ്റ്റ് രാഷ്ട്രീയത്തിൽ വളരെ സങ്കീർണമാണ്. പുതിയ അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേൽക്കുന്നത് ട്രംപിനെ മാത്രമല്ല മറ്റു പലരെയും വല്ലാത്ത സമ്മർദ്ദത്തിലാക്കുന്നു. മിഡിലീസ്റ്റിൽ സംജാതമായ പുതിയ രാഷ്ട്രീയ കാലാവസ്ഥ നിലനിർത്താൻ കഴിയാതെ പോകുമോ എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. അടുത്ത ദിവസം ഇസ്രയേൽ ചായ്വുള്ള Washington Institute സഊദി ജനതയുടെ മുൻഗണന ക്രമം എന്തെന്ന് പരിശോധിക്കാൻ ഒരു സർവേ നടത്തിയിരുന്നത്രേ. അതിൽ ഇസ്രയേൽ ഫലസ്തീൻ വിഷയം നാലാം സ്ഥാനത്തു മാത്രമേ വന്നുള്ളൂ എന്നാണ് സർവേ പറയുന്നത്. ഒന്നാം സ്ഥാനം ആളുകൾ നൽകിയത് ഇറാനെ ഒതുക്കുക എന്നതിന് തന്നെയാണത്രേ. ആ സർവേയുടെ പിന്നിലെ രാഷ്ട്രീയം ഇന്ന് മാധ്യമ ലോകത്ത് ചർച്ചയാണ്. യമൻ യുദ്ധവും ലിബിയൻ ആഭ്യന്തര സംഘട്ടനവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

അടുത്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറാൻ വിഷയത്തിൽ എങ്ങിനെ പ്രതികരിക്കും എന്ന ആശങ്കയിലാണ് ഗൾഫ് മേഖല. ഇറാനുമായി ഒബാമ കാലത്തെ സൌഹ്യദം തിരിച്ചു കൊണ്ട് വരുന്നതിൽ ഇസ്രയേലും അറബ് രാജ്യങ്ങളും തൽപരരല്ല. അതിനെ തടയിടുക എന്നതാണ് നടന്നു കൊണ്ടിരിക്കുന്ന ഇത്തരം സർവേകളുടെ പിന്നിലെ ഉദ്ദേശം. അതെ സമയം അറബ് ലോകത്തെ ജനങ്ങളും പണ്ഡിതരും ഇപ്പോഴും ഇസ്രായേലിനെ ശത്രു രാജ്യമായി തന്നെ കാണുന്നു. അവരുടെ മുന്നിലെ മുഖ്യ വിഷയം ഇറാനല്ല. ഇസ്രയേൽ ഫലസ്തീൻ ദ്വിരാഷ്ട്രമാണ്. ഇസ്രായേൽ ഫലസ്തീൻ വിഷയം കാലഹരണപ്പെട്ട ഒന്നാക്കി തീർക്കാൻ ഇസ്രയേൽ ശ്രമിക്കുക എന്നത് സ്വാഭാവികം മാത്രം. യു എ ഇ യുമായുള്ള സഹകരണ കരാറിൽ നിന്നും എത്രയോ അകലയാണ് ഇപ്പോൾ ഇസ്രായേലെന്നത് പരസ്യമായ രഹസ്യമാണ്.

Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

ആദ്യ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ട്രംപ്‌ തന്റെ ഇസ്ലാമോഫോബിയ വ്യക്തമാക്കിയിരുന്നു. അറബ് ലോകത്തോട് ട്രംപ്‌ ഭരണകൂടം എങ്ങിനെ പ്രതികരിക്കും എന്നൊരു ആശങ്ക നിലനിന്നിരുന്നു. ഇറാൻ എന്ന ഏകകത്തെ ചൂണ്ടിക്കാട്ടി മിഡിൽഈസ്റ്റിൽ നിലയുറപ്പിക്കാൻ ട്രംപിനു കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇറാൻ പേടിയിലും യമൻ യുദ്ധത്തിലും കഴിയാവുന്നത്ര ആയുധങ്ങൾ അറബ് ലോകത്തേക്ക് വിൽപ്പന നടത്താൻ ട്രംപിനു കഴിഞ്ഞു. ഇറാൻ പേടിയിൽ ഇസ്രയേൽ ആയുധങ്ങൾ വരെ അങ്ങിനെ വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്നാണു വിവരം.

ഇറാൻ വിരുദ്ധത എന്നതിനേക്കാൾ ഇസ്രയേൽ വിരുദ്ധതയാണ് അറബ് ലോകത്തെ അടിസ്ഥാനം. ട്രംപ്‌ കാലം ചരിത്രം രേഖപ്പെടുത്തുക അറബ് ഭരണ കൂടങ്ങൾ ശത്രുവിനെ മാറ്റി എന്നതാകും. ഇസ്രയേൽ ഇന്ന് പലർക്കും ആത്മ മിത്രമാണ്. ലോകത്തിൽ മറ്റാർക്കുമില്ലാത്ത ആനുകൂല്യങ്ങൾ അറബ് ലോകം ഇസ്രായേലിന് നൽകുന്നു. ഭരണ കൂടങ്ങൾ അങ്ങിനെ പ്രതികരിക്കുമ്പോഴും അറബ് ജനത അടിസ്ഥാനത്തിൽ നിന്നും മാറിയിട്ടില്ല. ട്രംപ്‌ ഭരണത്തിനു അന്ത്യം കുറിക്കുന്നതിന് മുമ്പ് പുതിയ ഭരണകൂടത്തിനു ദിശ നിർണയിച്ചു നൽകാനുള്ള ശ്രമത്തിലാണ് അറബ് ഇസ്രയേൽ ഭരണകൂടങ്ങൾ. ജയിച്ചാൽ ഇറാനുമായി പഴയ സൌഹൃദം തിരിച്ചു കൊണ്ട് വരും എന്ന തീരുമാനം പുതിയ പ്രസിഡന്റ് പ്രഖ്യാപിച്ചതുമാണ്. അത് കൊണ്ടാണ് പലരുടെയും ചങ്കിടിപ്പ് വർധിക്കുന്നതും.

പല അറബ് ഭരണകൂടങ്ങളുമായും ഇസ്രായേൽ ഭരണകൂടം രഹസ്യ ചർച്ചകൾ പണ്ടും നടത്തിയിട്ടുണ്ട്. അതെല്ലാം ഇരു കൂട്ടരും രഹസ്യമായി വെക്കാറാണ് പതിവ്. ഇപ്രാവശ്യം ഒരു പ്രമുഖ അറബ് രാജ്യത്തിന്റെ ഭരണാധികാരിയും ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയുടെ വിവരം ഇസ്രായേൽ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അറബ് ലോകത്ത് ഇത്തരം വാർത്തകൾ പണ്ട് ഞെട്ടൽ ഉണ്ടാക്കിയിരുന്നെങ്കിൽ ഇപ്പോൾ അതൊരു സാധാരണ സംഭവമാക്കി മാറ്റാനാണ് ഇസ്രായേൽ ശ്രമം എന്നാണ് വിലയിരുത്തൽ. ഇസ്രായേലിനെ തള്ളിപ്പറഞ്ഞു കൊണ്ട് ഒരു അമേരിക്കൻ നയം ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഇറാനെ പുതിയ ഭരണ കൂടം എങ്ങിനെ പരിഗണിക്കും എന്നത് മാത്രമാണ് മുന്നിലുള്ള ചോദ്യം.

Also read: ഗ്രേ വോൾവ്സ്- ഫ്രാൻസ് ലക്ഷ്യംവെക്കുന്നതെന്ത്?

മേഖലയിലെ ഇസ്രയേൽ ബന്ധത്തിൽ ആകെ ബാക്കിയാവുന്നതു സഊദിയുടെ നിലപാടാണ്. ഇപ്പോഴുള്ള ഭരണാധികാരി മറിച്ചൊരു തീരുമാനം കൈക്കൊള്ളും എന്നാരും കരുതുന്നില്ല. ഇറാൻ വിഷയത്തിൽ കടുത്ത നിലപാട് കൈക്കൊള്ളുമ്പോഴും ഇസ്രായേൽ വിഷയത്തിൽ മറിച്ചൊരു നിലപാട് സ്വീകരിക്കാൻ കഴിയുന്ന അവസ്ഥയല്ല പല രാജ്യങ്ങളിലുമുള്ളത്. പൊതുജനം എങ്ങിനെ പ്രതികരിക്കും എന്നതിനേക്കാൾ ആ നാട്ടിലെ പണ്ഡിതർ എങ്ങിനെ പ്രതികരിക്കും എന്നതാണത്രേ ഭരണാധികാരികളെ അസ്വസ്ഥരാക്കുന്നത്. അതൊരു അതിര് കടന്ന വ്യാഖ്യാനമായാണ് മനസ്സിലാക്കാൻ കഴിയുക. അറബ് ലോകത്ത് പണ്ഡിതരുടെ സ്വാധീനം പൊതു രംഗത്ത് ദുർബലമാണ്. ഭരണ കൂടങ്ങളുടെ അഭിപ്രായം പറയാനുള്ള ഒരു കോളാമ്പിയായാണ് പണ്ഡിത ലോകം മനസ്സിക്കപ്പെടുന്നത്.

ട്രംപ്‌ ഇറാനെ അറബ് ഇസ്ലാമിക് ലോകത്തിന്റെ പൊതു ശത്രുവായി പ്രഖ്യാപിക്കുന്നതിൽ വിജയിച്ചു. ഇറാനെ ഒറ്റപ്പെടുത്തുന്ന കാര്യത്തിൽ പുതിയ അമേരിക്കൻ ഭരണകൂടം പഴയത് പോലെയാകില്ല എന്ന തിരിച്ചറിവ് പല തിരക്കിട്ട ചർച്ചകൾക്കും മേഖലയിലെ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ട്രംപ് പോയി ബൈഡൻ വരുന്നു എന്നത് പലരെ സംബന്ധിച്ചിടത്തോളം ഒരു കേവല മാറ്റമല്ല. പലരുടെയും നിലനിൽപ്പിന്റെ കൂടി കാര്യമാണ്.

Related Articles