Current Date

Search
Close this search box.
Search
Close this search box.

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

കഴിഞ്ഞ 25 വർഷമായി മിഡിൽ ഈസ്റ്റിൽ യു.എസ് വലിയ സൈനിക സാന്നിധ്യം നിലനിർത്തുന്നുണ്ട്. മാറിവരുന്ന യു.എസ് ഭരണകൂടങ്ങൾ അക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയും ഡൊണൾഡ് ട്രംപും ഇന്തോ-പസഫിക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും, മിഡിൽ ഈസ്റ്റിൽ യുദ്ധങ്ങൾ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടത്തിയിട്ടും ഇപ്പോഴും മിഡിൽ ഈസ്റ്റിൽ 40000 മുതൽ 50000 വരെ യു.എസ് സൈനികരുണ്ട്. ഇറാഖ്, തുർക്കി, സിറിയ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 7000 സൈനികർക്ക് പുറമെ, യു.എസ് സൈന്യത്തിന്റെ വലിയൊരു ഭാഗം ഗൾഫ് രാജ്യങ്ങളിലും ജലാശയങ്ങളിലുമാണ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. അത് ഏകദേശം 35000 വരും.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം കുറക്കണമെന്ന പുതിയ ആവശ്യങ്ങൾക്കൊപ്പം, റഷ്യൻ-ചൈനീസ് ഭീഷണികൾ ഉയർത്തുന്ന അപകടസാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള പുതിയ നിർദേശങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, യു.എസിന്റെ സൈനിക വിന്യാസത്തെ കുറിച്ച് വാഷിങ്ടണിലെ സെന്റർ ഫോർ ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് 97 പേജുള്ള വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. വിന്യസിക്കപ്പെടുന്ന സൈന്യങ്ങളുടെ എണ്ണത്തിലും, ആയുധങ്ങളിലും, ശേഷിയിലും കൃത്യമല്ലാതെ വരുത്തുന്ന കുറവുകളുടെ അപകടസാധ്യതകളെ കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മിഡിൽ ഈസ്റ്റിൽ സൈന്യത്തെ ഭാവിയിൽ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് വിദഗ്ധർ വ്യത്യസ്ത അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുമായി വർധിച്ചുവരുന്ന സംഘർഷം, യൂറോപിൽ റഷ്യ ഉയർത്തുന്ന വെല്ലുവിളി എന്നിവ മുൻനിർത്തി മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യത്തെ കുറക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. അതേസമയം, ഭീകര സംഘടനകളായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെയും അൽഖാഇദയുടെയും ഭീഷണി കുറയുന്നതായും ഇവർ നിരീക്ഷിക്കുന്നു. ചൈനയും റഷ്യയും മുതൽ ഇറാനും ഇതര ഭീകര സംഘടനകളും വരെയുള്ള മേഖലയിലെ സജീവമായ എതിരാളികളെ തടയാനും പ്രതിരോധിക്കാനും മിഡിൽ ഈസ്റ്റിൽ യു.എസ് ശക്തമായ സൈനിക സാന്നിധ്യം നിലനിർത്തേണ്ടതുണ്ടെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.

മിഡിൽ ഈസ്റ്റിലെ യു.എസിന്റെ ഭാവിയിലെ സാന്നിധ്യത്തെ കുറിച്ച് തന്ത്രപരമായ മൂന്ന് ബദലുകൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നുണ്ട്. ഒന്ന്, മുഴുവൻ സൈന്യത്തെയും പിൻവലിച്ച് 5000ൽ കുറഞ്ഞ ചെറിയ സൈന്യത്തെ നിലനിർത്തുക. ഇത് യു.എസിന്റെ താൽപര്യങ്ങൾക്ക് ഭാവിയിലുണ്ടാകുന്ന ഏതൊരു ഭീഷണിയെയും ചെറുക്കുന്നതിനാണ്. രണ്ട്, പരിമിതമായ പങ്കാളിത്തം സാധ്യമാക്കുക. യു.എസ് താൽപര്യത്തെ മുൻനിർത്തി ഈ മേഖലയിലെ എതിരാളികളായ ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളെ നിരീക്ഷിക്കാനും നേരിടുന്നതിനും 20000നും 30000നും ഇടയിൽ സൈന്യത്തെ നിലനിർത്തുക. മൂന്ന്, ശക്തമായ സൈനിക സാന്നിധ്യം നിലനിർത്തുക. അഥവാ, ഇറാനെയും ഭീകര സംഘടനകളുടെ ഭീഷണികളെയും തടയാനും പ്രതിരോധിക്കാനും, റഷ്യൻ-ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പ്രതിരോധിക്കാനും, ജലഗതാഗത സ്വാതന്ത്ര്യം ഉറപ്പിക്കാനും 40000നും 50000നും ഇടയിൽ സൈനിക നിലനിർത്തുക. മിഡിൽ ഈസ്റ്റിൽ യു.എസിന് സൈനിക സാന്നിധ്യം വർധിപ്പിക്കേണ്ട നാല് സാഹചര്യങ്ങളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, ഗൾഫിൽ ഇറാനുമായുള്ള സംഘർഷം. രണ്ട്, സലഫി-ജിഹാദി പ്രവർത്തനങ്ങളുടെ തിരിച്ചുവരവ്. മൂന്ന്, കിഴക്കൻ അറേബ്യയിൽ റഷ്യയുമായുള്ള സഖ്യത്തിന്റെ സംഘർഷം. നാല്, അഫ്ഗാനിസ്ഥാനിൽ നിന്ന് ഭീകര സംഘടനകൾ വീണ്ടും രൂപമെടുക്കുന്നു.

Related Articles