Middle East

ഗസ്സയില്‍ ഇസ്രായില്‍ സൈന്യം നടത്തുന്നത് നരനായാട്ട്

ഗസ്സയില്‍ ഇസ്രായില്‍ സൈന്യം നടത്തുന്ന നരനായാട്ടില്‍ രണ്ട് ദിവസത്തിനിടയില്‍ കൊല്ലപ്പെട്ടത് 34 നിരപരാധികളായ ഫലസ്തീനികള്‍. അതില്‍ എട്ടു പേര്‍ കുട്ടികള്‍. മൂന്നു സ്ത്രീകളുമുണ്ട് കൊല്ലപ്പെട്ടവരില്‍. സയണിസ്റ്റ് ബോംബര്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ അബൂ മല്‍ഹൂസ് കുടുംബത്തിലെ എട്ടു പേരാണ് രക്തസാക്ഷിത്വം വരിച്ചത്. അതില്‍ അഞ്ചും കുട്ടികള്‍. ഏറ്റവും ഇളയ കുഞ്ഞിന്റെ പ്രായം ഏഴു വയസ്സ്. കുടുംബാംഗങ്ങള്‍ ഉറങ്ങുമ്പോഴാണ് ദെയര്‍ അല്‍ ബലാഹിലെ അവരുടെ വീടിനു മുകളില്‍ സയണിസ്റ്റ് ജെറ്റുകള്‍ രണ്ട് ബോംബുകള്‍ വര്‍ഷിച്ചത്. ടിന്‍ കൊണ്ട് പണിത മേല്‍ക്കൂരയുള്ള വീട് നിലംപരിശായി എന്നു മാത്രമല്ല, കെട്ടിടം നിലനിന്ന സ്ഥലത്ത് വലിയൊരു ഗര്‍ത്തം തന്നെ രൂപപ്പെട്ടു.

2014ല്‍ ഗസ്സക്കെതിരെ ഇസ്രായില്‍ നടത്തിയ നിഷ്ഠൂരമായ യുദ്ധത്തിനുശേഷം ഒരു കുടുംബത്തിലെ ഇത്രയുമാളുകളെ ഒരൊറ്റ ആക്രമണത്തില്‍ ഉന്മൂലനം ചെയ്യുന്നത് ആദ്യമാണ്. ഇസ്രായില്‍ ഒരു ഭീകര രാഷ്ട്രമാണ്. മനുഷ്യത്വവും അന്താരാഷ്ട്ര നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന ചട്ടമ്പി രാജ്യം. പതിവുപോലെ പുതിയ ഗസ്സ അക്രമണവും ഇസ്രായിലാണ് തുടങ്ങിവെച്ചത്. ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഇസ്‌ലാമിക ജിഹാദിന്റെ ഗസ്സയിലെ കമാണ്ടര്‍ ബാഹ അബു അല്‍ അത്തയെ അദ്ദേഹം ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനു മുകളില്‍ ബോംബിട്ട് വധിച്ചതാണ് 34 ഫലസ്തീനികള്‍ രക്തസാക്ഷിത്വം വരിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അത്ത മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു.

എതിരാളികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തുന്ന പതിവു പരിപാടിയുടെ ഭാഗമായിരുന്നു അത്തയുടെ കൊല. ഇതേസമയം തന്നെ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്‌ലാമിക് ജിഹാദിന്റെ ഉന്നത നേതാവിനെ ലക്ഷ്യമിട്ട് മിസൈലാക്രമണം നടത്തിയെങ്കിലും അദ്ദേഹം രക്ഷപ്പെടുകയും മകൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങൾക്ക് പ്രതികരണമെന്നോണം ഗസ്സയില്‍നിന്ന് നൂറു കണക്കിന് റോക്കറ്റുകള്‍ ഇസ്രായിലി നഗരങ്ങളിലേക്ക് വര്‍ഷിക്കപ്പെട്ടു. ചില കേടുപാടുകള്‍ ഉണ്ടായി എന്നല്ലാതെ ആളപായങ്ങളൊന്നുമുണ്ടായില്ല.

ഓരോ ടാര്‍ഗറ്റഡ് കൊലകള്‍ക്കും സയണിസ്റ്റ് ഭരണകൂടം ചമക്കുന്ന പതിവു ഭാഷ്യമുണ്ട്: ഇസ്രായിലിനെ ആക്രമിക്കാനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുന്നയാളെയാണ് തങ്ങള്‍ വധിച്ചതെന്നായിരിക്കും ആ ന്യായീകരണം. ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ ജീവിച്ചിരുന്ന ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ് മദ് യാസീനെ പ്രഭാത പ്രാര്‍ഥനക്കു പോകുമ്പോള്‍ മിസൈല്‍ അയച്ച് നിഷ്ഠൂരമായി വധിച്ചപ്പോഴും ഇതുതന്നെയാണ് സയണിസ്റ്റുകള്‍ പറഞ്ഞിരുന്നത്.

ഇസ്രായില്‍ കണ്ട ഏറ്റവും ഭീകര ഭരണാധികാരിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കാര്‍മികത്വത്തിലാണ് ഈ കൊലകളൊക്കെ നടക്കുന്നത്. രണ്ട് തവണ തെരഞ്ഞെടുപ്പ് നടന്നിട്ടും ഗവണ്‍മെന്റ് രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട നെതന്യാഹു അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്ന വേവലാതിയിലാണ്. തന്റെ ഏറ്റവും വലിയ എതിരാളിയും മുന്‍ സൈനിക മുഖ്യനുമായി ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ ഖിന്നനായിരിക്കുമ്പോഴാണ് ഗസ്സ ആക്രമണവുമായി നെതന്യാഹു എത്തിയിരിക്കുന്നതെന്നത് കാണാതിരുന്നുകൂടാ. ഗസ്സയെ തവിടുപൊടിയാക്കണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷ ജ്യൂയിഷ് ഹോം പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റിനെ ദിവസങ്ങള്‍ക്കു മുമ്പാണ് പ്രതിരോധ മന്ത്രിയായി നെതന്യാഹു നിയമിച്ചത്.

ബോംബര്‍ വിമാനങ്ങളെ അയക്കുന്നതിനു മുമ്പ് ഗാന്റ്‌സുമായി നെതന്യാഹു ആശയ വിനിമയം നടത്തുകയും സൈനിക നടപടികളുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറുകയും ചെയ്യുകയുണ്ടായി. സൈനിക നടപടിയെ ഗാന്റ്‌സ് സര്‍വ്വാത്മനാ പിന്തുണക്കുകയും ചെയ്തു. ഇരുവരും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാവുകയും ഇതുസംബന്ധിച്ച ധാരണകളിലെത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സൈനിക മേധാവി ആയിരിക്കുമ്പോൾ ഗസ്സയിൽ യുദ്ധകുറ്റം ചെയ്തയാളാണ് ഗാന്റ്സ്.

കുഞ്ഞുങ്ങളെയടക്കം കൊല്ലുന്ന ഇസ്രായിലി ഭീകരതയെ അപലപിക്കാന്‍ പോലും ലോക രാജ്യങ്ങള്‍ക്ക് താല്‍പര്യമില്ലാതായിരിക്കുന്നു എന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. സംരക്ഷിക്കാന്‍ യു.എസ് ഭരണകൂടമുണ്ടാകുമെന്ന ധൈര്യത്തിലാണ് ഇസ്രായില്‍ തേര്‍വാഴ്ച തുടരുന്നത്. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി പാസ്സാക്കുന്ന പ്രമേയങ്ങള്‍ ഒന്നൊന്നായി ചവറ്റുകൊട്ടയില്‍ എറിഞ്ഞ പാരമ്പര്യമുള്ള ചട്ടമ്പി രാഷ്ട്രത്തെ താങ്ങിനിര്‍ത്തുന്നതും അമേരിക്കയാണ്.

Facebook Comments
Related Articles

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India

Check Also

Close
Close
Close