Current Date

Search
Close this search box.
Search
Close this search box.

2020 ആഗതമായി; വാസയോഗ്യമല്ലാത്ത ഗാസ മുനമ്പുകള്‍ ഇപ്പോഴും ലോകത്തെ ലജ്ജിപ്പിക്കുന്നു

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ലോകം മുഴുവന്‍ ഒരുപാട് പണം ചെലവഴിച്ച സന്ദര്‍ഭമാണിത്. ഇക്കാലത്ത് ഈ ആഘോഷം അക്ഷാരാര്‍ത്ഥത്തില്‍ അനാവശ്യമായ വെടിക്കെട്ടുകളും അമിതവ്യയവും മാത്രമായി തീര്‍ന്നിട്ടുണ്ട്. പുതിയൊരു ദശകത്തിലേക്കാണ് ഞമ്മളും കാലെടുത്തു വെക്കുന്നത്. നേതാക്കന്മാരും സെലിബ്രിറ്റികളും 2020നെ വരവേല്‍ക്കാനുള്ള പുതിയ ക്രിയാത്മക സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

എന്നാല്‍ ഉപരോധിത ഫലസ്ഥീനില്‍(പ്രത്യേകിച്ചും ഗാസ മുനമ്പുകളില്‍) പുതിയ വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഒന്നും തന്നെയില്ല, മറിച്ച് ഭയാശങ്കകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തിര ഇടപെടലുകള്‍ ഇല്ലെങ്കില്‍ ഈ വര്‍ഷത്തോടെ ഈയൊരു ചെറിയ പ്രദേശത്തെ ജീവിതം മൊത്തം തകര്‍ന്നു പോകുമെന്ന് 2012ലെ യു.എന്‍ റിപ്പോര്‍ട്ട് പ്രവചിച്ചതാണ്. ചുരുക്കത്തില്‍, 2020ഓടെ ഗാസ വാസയോഗ്യമല്ലാതായിരിക്കുന്നു എന്നര്‍ത്ഥം.

‘2020ലെ ഗാസ: വാസയോഗ്യമായി അവശേഷിക്കുമോ’യെന്ന ഭായനകമായ പ്രവചനത്തോട് ലോകം മുഴുവന്‍ ക്രിയാത്മകമായി തന്നെ പ്രതികരിച്ചോ? അതിന്റെ നിലനില്‍പിന് വേണ്ടി അവര്‍ ശബ്ദിച്ചോ? ലോക രാജ്യങ്ങളുടെ ഇടപെടലുകളെല്ലാം ഉണ്ടായിരുന്നു. പക്ഷെ, അത് ഫലസ്ഥീനികള്‍ പ്രതീക്ഷിച്ച പോലെ ഒരിക്കലും ആയില്ല എന്നുമാത്രം. 2012 മുതല്‍, ഫലസ്ഥീനിന്റെ മണ്ണിലും വിണ്ണിലും സമുദ്രത്തിലുമുള്ള ഹിംസാത്മക അധിനിവേശ അയല്‍രാജ്യമായ ഇസ്രയേലിന്റെ ഉപരോധം പൂര്‍വ്വാധികം ശക്തമാക്കിയിരിക്കുകയായിരുന്നു അവര്‍. സൈനിക ആക്രമണങ്ങള്‍ അഴിച്ചുവിട്ട് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ചുറ്റും ഉപരോധത്തിന്റെ വേലി തീര്‍ത്തതിനാല്‍ ഓടാനോ ഒളിക്കാനോ ഇടമില്ലാത്ത നിസ്സഹായരായിരുന്നു ഫലസ്ഥീനികള്‍. അതിനെല്ലാം പുറമെ ഇസ്രയേല്‍ നരമേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രൂരമായ ഉപരോധത്തിനെതിരെയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന നിയമാനുസൃത അവകാശ നിഷേധത്തിനെതിരെയും അധിനിവേശ ഭൂമിയിലേക്ക് മടങ്ങാന്‍ ഗാസയിലെ ഫലസ്ഥീനികള്‍ നടത്തിയ വമ്പന്‍ പ്രതിഷേധങ്ങള്‍ക്കെതിരെയും സമരങ്ങള്‍ക്കെതിരെയും ഇസ്രയേല്‍ ഒളിപ്പോരാളികള്‍ നടത്തിയ വെടിവെപ്പില്‍ അസംഖ്യം പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ ആളുകള്‍ വികലാംഗരാവുകയും ചെയ്തു. ആഴ്ചതോറും നടക്കാറുള്ള ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിലാണ് ഇത് സംഭവിച്ചത്.

2018 മുതല്‍ എല്ലാ വെള്ളിയാഴ്ചയും വൃദ്ധരും യുവാക്കളുമടങ്ങുന്ന ഫലസ്ഥീനികള്‍ തങ്ങളുടെ പൂര്‍വ്വിക ഭൂമിയില്‍ ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തിയ നാമമാത്ര അതിര്‍ത്ഥികളിലുടനീളം സമാധാനപരമായി പ്രതിഷേധിക്കാന്‍ ഒത്തുകൂടും. 1948ല്‍ ഇസ്രയേല്‍ നിര്‍മ്മാണത്തിന് വഴിയൊരുക്കാന്‍ സയണിസ്റ്റ് പട്ടാളം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട 750,000 ഫലസ്ഥീനികള്‍ അവരുടെ ജന്മദേശത്തേക്ക് മടങ്ങിവരികയെന്ന ന്യായമായ അവകാശമാണ് ഉന്നയിക്കുന്നത്. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ തന്നെ 530ല്‍ അധികം പട്ടണങ്ങളും ഗ്രാമങ്ങളുമാണ് ഫലസ്ഥീനിന്റെ മാപ്പില്‍ നിന്ന് അവര്‍ തുടച്ചു നീക്കിയത്.

പന്ത്രണ്ട് വര്‍ഷം നീണ്ടു നിന്ന ഉപരോധത്തെക്കുറിച്ച് മാത്രമേ ലോക മാധ്യമപ്രവര്‍ത്തകര്‍ക്ക് എഴുതാനറിയൂ. യഥാര്‍ത്ഥത്തില്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ഗാസ മുനമ്പിലെ ഉപരോധം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. 2008ല്‍ ഞാനടങ്ങുന്ന ഫ്രീ ഗാസ മൂവ്‌മെന്റിന്റെ അംഗങ്ങള്‍ ആ ചെറിയ പ്രദേശത്തെ ഹാര്‍ബറിലേക്ക് കപ്പല്‍ കയറിയതാണ്. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ പുറമെയുള്ളവരില്‍ നിന്ന് അങ്ങോട്ട് വന്ന ആദ്യ സംഘം. അന്ന് മുതല്‍ ഉപരോധം നീക്കാനുള്ള ശ്രമങ്ങളെയെല്ലാം ഇസ്രയേല്‍ സൈന്യം തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. 2010ല്‍ മാവി മര്‍മറ ഫ്‌ളോട്ടിലയിലുണ്ടായിരുന്ന ഒമ്പത് സമാധാന പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര സമുദ്ര നിരപ്പില്‍ വെച്ച് മനുഷ്യത്വ സഹായക സംഘത്തെ ഇസ്രയേല്‍ കമാന്‍ഡോകള്‍ ഹൈജാക്ക് ചെയ്തപ്പോള്‍ കൊല്ലപ്പെട്ടു. അതിലെ അവസാനത്തെ ഇര അവരില്‍ നിന്നേറ്റ മുറിവ് കാരണം പിന്നീട് മരിച്ചു.

ഒരു പരിധി വരെ സാധാരണഗതിയിലേക്ക് തിരിച്ചു വരാനുള്ള ഗാസയുടെ മോഹങ്ങളെയെല്ലാം ഇസ്രയേലും സഖ്യ കക്ഷികളും കൂടി തകര്‍ത്തുകളയുകയാണ്. ഫലസ്ഥീനികളുടെ ദിനേനയുള്ള സമാധാന പോരാട്ടങ്ങള്‍ക്ക് പോലും ഇത് വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു. ചില പുതിയ ദുരന്തങ്ങളുമായാണ് ഓരോ ദിവസവും കടന്നു വരുന്നത്. അത് പലപ്പോഴും ഇസ്രയേല്‍ മിസൈലിന്റെയോ ബോംബിന്റെയോ രൂപത്തിലായിരിക്കും. സയണിസ്റ്റ് ഏരിയകളിലെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കാലയളവില്‍ അത് കുറച്ചു കൂടി ശക്തമായെന്ന് മാത്രം. ഓരോ തവണയും പ്രധാനമന്ത്രി നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പോകുന്നു എന്നുള്ളതാണ് ഈയൊരു പതിവ് ദുരന്തങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നേട്ടം.

ഫലസ്ഥീനെ സംബന്ധിച്ചെടുത്തോളം 2020 മാറ്റത്തിന്റേതാകുമോ?

ഒരു വര്‍ഷത്തിലെ മുന്നാമത്തെ തെരഞ്ഞെടുപ്പ് മാര്‍ച്ചിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഇസ്രയേല്‍ ‘പ്രതിരോധ’ സേനയുടെ പതിവനുസരിച്ചുള്ള ബോംബാക്രമണങ്ങളെ ഫലസ്ഥീനികള്‍ കൂടുതല്‍ ഉന്മേഷത്തോടെ കാത്തിരിക്കുന്നത്. ഗാസ മുനമ്പിലെ സിവിലിയന്‍ ജനതക്കെതിരെ ഇസ്രയേലിന്റെ കരസേനയെയും നാവികസേനയെയും വ്യോമസേനയെയും അഴിച്ചുവിട്ട് ‘ഇതെല്ലാം തന്നെ സ്വപ്രതിരോധത്തിന്റെ ഭാഗമായി ചെയ്യുന്നതാണെന്ന’ നെതന്യാഹുവിന്റെ കള്ള പ്രതികരണത്തില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല. സമ്മതിദായകര്‍ക്ക് മുന്നില്‍ ഇസ്രയേലിനെ സംരക്ഷിക്കാന്‍ യോഗ്യനും ശക്തനും താനാണെന്ന് നെതന്യാഹുവിന് തെളിയിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കപട പ്രകടനങ്ങളില്‍ വോട്ടര്‍മാര്‍ അകപ്പെട്ട് പോവുകയും ചെയ്യുന്നു.

ഇസ്രയേല്‍ ഭരണകൂട ഭീകരത മാറ്റിനിര്‍ത്തിയാല്‍, ഉപരോധിത പ്രദേശങ്ങളില്‍ അനുദിനം അതിജീവനത്തിന് വേണ്ടിയാണ് ഫലസ്ഥീനികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനസംഖ്യയുടെ പകുതിയും ഓരോ ദിവസവും വെറും അഞ്ച് ഡോളറ് കൊണ്ടാണ് തള്ളിനീക്കുന്നത്. അധിനിവേശം രൂക്ഷമായ വെസ്റ്റ് ബാങ്കില്‍ ഇത് പത്ത് ശതമാനത്തിലും താഴെയാണ്.

അത്യാസന്ന നിലയിലുള്ള രോഗകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പുറം രാജ്യങ്ങളിലേക്കുള്ള ചികിത്സായാത്ര പോലും ഇസ്രയേല്‍ നിഷേധിക്കുമ്പോള്‍ ഗാസ ലോകത്തെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ ജയിലാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. അക്കാദമിക് മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പ് നേടാന്‍ കഴിയില്ല. ഖദാമത്ത് റഫാഹ് എഫ്.സിയുടെ കളിക്കാരെ നാബുലുസില്‍ രണ്ടാം പാദം കളിക്കാന്‍ ഇസ്രയേല്‍ വിലക്കിയതിനാല്‍ ഫലസ്ഥീന്‍ എഫ്.എ കപ്പ് ഫൈനല്‍ പോലും റദ്ദാക്കപ്പെട്ടു.

ഫലസ്ഥീനികളുടെ ജീവിതം ദുസ്സഹമാക്കിയിട്ടല്ലാതെ ഇസ്രയേലിന് അവരുടെ ക്രൂരതകളില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശമില്ല. ഇത്തരം പൈശാചികവും ക്രൂരവുമായ രീതിയില്‍ ഫലസ്ഥീനികളല്ലാതെ വേറൊരു സമൂഹവും ലോകത്ത് പീഢിപ്പിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം. ഗാസ നിവാസികളെ സംബന്ധിച്ചെടുത്തോളം ഇത് കുറച്ച് കൂടി ദുസ്സഹമായിരിക്കും. ഇസ്രയേല്‍ അവരുടെ നരമേധത്തില്‍ അയവ് വരുത്തുന്നില്ലയെങ്കില്‍ ഇത് ഫലസ്ഥീന്‍ ഉന്മൂലന പ്രക്രിയയാണെന്ന നിഗമനത്തിലെത്തിച്ചേരാന്‍ അധികം ചിന്തിക്കേണ്ടി വരില്ല.

ഇസ്രയേലിന് ഏറ്റവും പ്രിയങ്കരനായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉന്മൂലന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ റിലീഫ് ഏജന്‍സിയിലേക്കുള്ള യു.എസ് ഫണ്ട് നിര്‍ത്തലാക്കുകയും ചെയ്തു. ഗാസ മുനമ്പില്‍ ജീവിക്കുന്ന രണ്ട് മില്ല്യണ്‍ അഭായര്‍ത്ഥികള്‍ക്കുള്ള (unwra ഇവരില്‍ 1.3 മില്ല്യണ്‍ ആളുകള്‍ക്ക് അടിയന്തിര സേവനങ്ങള്‍ നല്‍കുന്നുണ്ട്) മൊത്തം ബജറ്റിന്റെ നാല്‍പ്പത് ശതമാനം മാത്രമാണ് ചെലവഴിക്കപ്പെടുന്നത്. ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എസ് ഫണ്ട് പിന്‍വലിച്ച് unrwa ക്ക് കീഴിലുള്ള 267 സ്‌കൂളുകളില്‍ പഠിക്കുന്ന 262,000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് നേരെയാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇതുവഴി 22 ക്ലിനിക്കുകളിലേക്കും ഹോസ്പിറ്റലിലേക്കുമുള്ള മരുന്നുകളുടെ വിതരണം നിലച്ചു. തീന്മേശകളില്‍ ഭക്ഷണമെത്താതായി. പോഷകാഹാരക്കുറവ് വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുന്നു. ചില രാജ്യങ്ങളെയും എന്‍.ജി.ഒകളെയും പോലെത്തന്നെ ഖത്തറാണ് ഗാസ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത്. എന്നാല്‍ അടുത്തൊരു വര്‍ഷം കൂടി നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ഈ ചുവട് ഗാസയെ സഹായിക്കുമോ? ഗാസയില്‍ അന്താരാഷ്ട്ര ധനസഹായത്തോടെയുള്ള ജല ശുദ്ധീകരണ പ്ലാന്റുകള്‍ കര്‍ശന നിയമങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍, അതില്‍ 95 ശതമാനം ജലവും ഇപ്പോഴും മനുഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗ്യമല്ല. അതിനെല്ലാം പുറമെ, പ്രതിദിനം ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ അസംസ്‌കൃതവും അര്‍ദ്ധ സംസ്‌കൃതവുമായ മലിനജലം മെഡിറ്ററേനിയന്‍ കടലിലേക്ക് പമ്പ് ചെയ്യപ്പെടുന്നുണ്ട്. കാരണം, ജലശുദ്ധീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും അത് അറ്റകുറ്റപണി നടത്താനുള്ള ഉപകരണങ്ങള്‍ ഗാസയിലേക്ക് കടത്തിവിടുന്നത് തടയുകയും ചെയ്യുകയാണ് ഇസ്രയേല്‍. ഇസ്രയേലിന്റെ സമ്മതമില്ലാതെ ഗാസയില്‍ ഒന്നും തന്നെ സംഭവിക്കില്ല എന്ന അവസ്ഥയാണിപ്പോള്‍. ഫലസ്ഥീനോട് വെറുപ്പും വിദ്വേഷവും പുലര്‍ത്തുന്ന മര്‍ദ്ദക അയല്‍രാജ്യം നിലനില്‍ക്കുന്ന കാലത്തോളം ഗാസയിലെ ഫലസ്ഥീനികളുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താണ്.

ഗാസയിലെ ഏക വൈദ്യുതി നിലയത്തിന്(ആ നിലയവും തകര്‍ക്കാന്‍ ഇസ്രയേല്‍ ശ്രമമുണ്ടായിരുന്നു) ഖത്തര്‍ ഇന്ധനം നല്‍കുന്നുണ്ടെങ്കിലും വൈദ്യുതി ഇപ്പോഴും അവിടെയൊരു കിട്ടാ ചെരക്കാണ്. അഥവാ, ഒരു ദിവസം ശരാശരി പന്ത്രണ്ട് മണിക്കൂര്‍ മാത്രമേ ഫലസ്ഥീന്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാകുന്നൊള്ളൂ. വൈദ്യുതി നിലയത്തിന്റെ കണക്ഷന്‍ ഇസ്രയേല്‍ എടുത്ത് ഒഴിവാക്കുന്നതോടെയത് ദിവസത്തില്‍ നാല് മണിക്കൂര്‍ മാത്രമായി ചുരുങ്ങുകയും ചെയ്യും.

ഗാസ മുനമ്പ് ഇതിനകം വാസയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. 2020ഉം ഒരു പുതിയ ദശകവും കടന്നുപോകുമ്പോഴും എന്റെ ചിന്തകള്‍ മുഴുവന്‍ ഫലസ്ഥീനികള്‍ക്കൊപ്പമാണ്. ഓരോ ദിവസവും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണവര്‍. പുതിയൊരു ദശകത്തിലേക്ക് കടക്കുമ്പോള്‍ ഫലസ്ഥീനികള്‍ക്ക് ചിലര്‍ നല്‍കുന്ന മനസ്സലിയിപ്പിക്കുന്ന സന്ദേശങ്ങള്‍ പോലും(അത് ഹാപ്പി ന്യൂ ഇയര്‍ മാത്രമാണെങ്കിലും) ലോകത്തിന്റെ പല ഭാഗങ്ങളിലും ഫലസ്ഥീനെക്കുറിച്ച് പൊള്ളയായ സന്ദേശമാണ് നല്‍കുന്നത്. ‘മിഡില്‍ ഈസ്റ്റില്‍ ജനാധിപത്യം മാത്രം മതി’യെന്ന് സ്വയം പ്രഖ്യാപിച്ച് നാമെല്ലാവരും ഫലസ്ഥീനികള്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചും വേദനകളെക്കുറിച്ചും ബോധവാന്മാരാകേണ്ടതുണ്ട്.

ഇരുപത്തിയൊന്നാം നുറ്റാണ്ടില്‍ കൊളോണിയലിസത്തിന് സ്ഥാനമില്ല. ഇസ്രയേലൊരു കൊളോണിയല്‍ കുടിയേറ്റ രാഷ്ട്രമാണ്. വര്‍ണവിവേചനവും ഇസ്രയേലില്‍ സജീവമാണ്. ഗാസയിലെ ഭീകരമായ ഉപരോധവും പലസ്ഥീന്‍ പൗരന്മാരോടുള്ള പെരുമാറ്റവും അത് വ്യക്തമാക്കിത്തരുന്നുണ്ട്. അന്തര്‍ദേശീയ നിയമങ്ങളോടും ശിക്ഷയോടും ഇസ്രയേല്‍ അവഹേളനത്തോടെ പെരുമാറുമ്പോഴും നാം നിശബ്ദരായിരുന്നാല്‍ അവസാനം ഞമ്മള്‍ തന്നെ ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വരും. പുതുവത്സരാശംസകള്‍ നേരുന്നെന്നോ? ആര്‍ക്ക്, ഫലസ്ഥീനികള്‍ക്കോ?

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. middleeastmonitor.com

Related Articles