Current Date

Search
Close this search box.
Search
Close this search box.

ഹോളോകോസ്റ്റിനു കാരണക്കാർ ഫലസ്തീനികളല്ല!

ഹോളോകോസ്റ്റും ഫലസ്തീൻ ജനതയുടെ നിലവിലെ അവസ്ഥയും തമ്മിൽ ഒരിക്കലും മായാത്ത ഒരു ബന്ധമുണ്ട്; ഈ ലളിതമായ വസ്തുത നിഷേധിക്കുന്നത് സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ ആഴത്തിലുള്ള ന്യൂനതയാണ് തുറന്നുകാട്ടുന്നത്. ജൂതൻമാർക്ക് അനുഭവിക്കേണ്ടി വന്ന യാതനകളെ ചെറുതാക്കി കാണിക്കാനോ, യൂറോപ്യൻ ജൂതൻമാർക്കെതിരെ നടന്ന നാസി വംശഹത്യക്കും 1948 മുതൽ ഫലസ്തീനികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിനും ഇടയിൽ സമാനതകൾ കണ്ടെത്താനോ അല്ല ഞാൻ ശ്രമിക്കുന്നത്; നഖ്ബ (മഹാവിപത്ത്, കൂട്ടക്കൊല) ഇസ്രായേലി ചരിത്രത്തിന്റെ ഭാഗമാണെന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമാണ് ഹോളോകോസ്റ്റ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കാരണം ആറു ദശലക്ഷം ജൂതന്മാരെയും ‘അഭികാമ്യമല്ലാത്തവർ’ എന്ന് നാസികൾ കണക്കാക്കിയിരുന്ന റോമക്കാർ, സ്വവർഗാനുരാഗികൾ, അവശ ജനവിഭാഗങ്ങൾ എന്നിവരെയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും വ്യവസായികവുമായ രീതിയിൽ നാസികൾ കൊന്നുതള്ളിയിട്ടുണ്ട്. വംശീയ ഉന്മൂലനം, പീഡനം, ക്രൂരത എന്നിവയുടെ നേർസാക്ഷ്യങ്ങൾ നാസികളെ അതിജീവിച്ചവരുടെ വിവരണങ്ങളിലൂടെ പുറംലോകമറിഞ്ഞതാണ്, നാസികളുടെ രേഖകൾ ഇത് സ്ഥിരീകരിച്ചതുമാണ്. ജൂതൻമാരെ സംബന്ധിച്ചിടത്തോളം ഹോളോകോസ്റ്റ് ഇത്രമാത്രം വേദനാജനകമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്.

Also read: സകാത്തിൽ നബി (സ) യുടെ മാർഗനിർദേശം?

എന്നിരുന്നാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഫലസ്തീനികൾ ഹോളോകോസ്റ്റാനന്തര ആഖ്യാനത്തിന്റെ ഭാഗം തന്നെയാണ്. അവരുടെ ആധുനിക ചരിത്രവും സമകാലിക അവസ്ഥയും നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലേതിന് സമാനമാണ്. ഫലസ്തീനികളും യൂറോപ്പിൽ 20ാം നൂറ്റാണ്ടിൽ അരങ്ങേറിയ ദുരന്തപരമ്പരകളുടെ ഇരകളാണ്. 70 വർഷത്തിലധികമായി അവർ പീഡനങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയാണ്. അവരോട് ചെയ്ത തെറ്റിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയും നീതിയുക്തമായ പരിഹാരത്തിനായി കൂട്ടായി പ്രവർത്തിക്കുകയും ചെയ്യുന്നത് വരേക്കും അതു തുടരും.

മുതിർന്ന ബി.ബി.സി മാധ്യമപ്രവർത്തക ഓർല ഗ്യൂറൻ, ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള തന്റെ ഹ്രസ്വ വാർത്താ അവതരണത്തിൽ ഫലസ്തീനികളെ അവഗണിച്ചിരുന്നെങ്കിൽ, ഒരു മാധ്യമപ്രവർത്തകയെന്ന നിലയിലുള്ള തന്റെ കടമ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെടുമായിരുന്നു. അനുസ്മരണ വാർത്തയുടെ ആദ്യ നാലു മിനുറ്റ്, ഹോളോകോസ്റ്റ് അതിജീവിച്ചവരിൽ ഒരാളായ റെന ക്വിന്റുമായുള്ള ഹൃദയസ്പർശിയായ അഭിമുഖത്തിന് നീക്കി വെച്ച ഗ്യൂറൻ, ജറൂസലമിലെ യാദ് വാഷെം വേൾഡ് ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രം കാണിച്ച് ചെറുവിവരണം നൽകി റിപ്പോർട്ട് അവസാനിപ്പിക്കുകയും ചെയ്തു. അവിടെ, ഒരു സംഘം ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അംഗങ്ങളെ കാമറയിൽ പകർത്തിക്കൊണ്ട് ഗ്യൂറന്റെ വിവരണം ഇപ്രകാരമായിരുന്നു: “ജൂത ജനതയുടെ ദുരന്തസ്മരണകൾ പങ്കുവെക്കാൻ യുവസൈനികർ അണിനിരക്കുകയാണ്. ഇസ്രായേൽ രാഷ്ട്രം ഇപ്പോൾ ഒരു പ്രാദേശിക ശക്തിയാണ്. ഫലസ്തീൻ പ്രദേശങ്ങൾ പതിറ്റാണ്ടുകളായി ഇസ്രായേൽ അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവിടെയുള്ള ചിലർ പീഡനത്തിന്റെയും അതിജീവനത്തിന്റെയും കണ്ണിലൂടെയാണ് അവരുടെ രാജ്യത്തെ എല്ലായ്പ്പോഴും നോക്കിക്കാണുക.”

ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ, ഫലസ്തീനികളുടെ യാതനകൾ പരാമർശിക്കാതെ ഹോളോകോസ്റ്റിനെ കുറിച്ച് ജറൂസലേമിൽ നിന്നുകൊണ്ട് ഒരു സ്റ്റോറി ചെയ്യാൻ ഓർല ഗ്യൂറന് സാധിക്കുകയില്ല. 1948-ൽ, ഇസ്രായേൽ ഒരു രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ്, നേരത്തെ സൂചിപ്പിച്ച ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ മുൻഗാമികളായ സയണിസ്റ്റ് ഭീകരവാദികൾ 200ലധികം വരുന്ന ഫലസ്തീൻ പുരുഷൻമാരെയും കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല ചെയ്ത ഫലസ്തീൻ ഗ്രാമമായ ദേർ യാസീനിൽ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ മാത്രമാണ് യാദ് വാഷെം സ്ഥിതിചെയ്യുന്നത്. ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കാൻ കാരണം ഹോളോകോസ്റ്റ് ആണെന്നാണ് എല്ലായ്പ്പോഴും പറയാറുള്ളത്, എന്നാൽ അതിനും 50 വർഷങ്ങൾക്കു മുമ്പു തന്നെ ഇസ്രായേൽ രാഷ്ട്രസ്ഥാപനത്തിന്റെ വിത്തുകൾ സയണിസ്റ്റുകൾ വിതച്ചിരുന്നു. ഗ്യൂറനെ സംബന്ധിച്ചിടത്തോളം, ഇസ്രായേലി അധിനിവേശത്തിന്റെ നിഷ്ഠൂരതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ കുറിച്ച് നേരിയ പരാമർശം പോലും നടത്താതെ സയണിസ്റ്റ് രാഷ്ട്രത്തെ കുറിച്ച് സംസാരിക്കുക എന്നത് പത്രപ്രവർത്തന സത്യസന്ധതക്ക് നിരക്കാത്തതാണ്.

Also read: യഹൂദ പാരമ്പര്യവും പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള വസ്തുതകളും

എന്നാൽ അത്തരമൊരു സത്യസന്ധത, എന്റെ മുൻ ‘എക്സ്പ്രസ് ന്യൂസ്പേപ്പർ’ സഹപ്രവർത്തകൻ സ്റ്റീഫൻ പൊള്ളാഡ് എഴുതിയ പ്രതികരണ കുറിപ്പിൽ കാണാൻ കഴിയില്ല. അദ്ദേഹമിപ്പോൾ ‘ജ്യൂയിഷ് ക്രോണിക്കൾ’-ന്റെ പത്രാധിപരാണ്. പൊള്ളാഡിനെ സംബന്ധിച്ചിടത്തോളം, ഗ്യൂറന്റെ റിപ്പോർട്ട് ‘ഞെട്ടിപ്പിക്കുന്നതായിരുന്നു’. “ഇതിനേക്കാൾ മോശമായ ഒരു റിപ്പോർട്ട് ഏതെങ്കിലും മാധ്യമപ്രവർത്തകൻ ചെയ്തതായി എന്റെ ഓർമയിൽ ഇല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹോളോകോസ്റ്റ് ലോകം കണ്ട ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നുതന്നെയാണ്, എന്നാൽ ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിനു വേണ്ടി 1948-ൽ സ്വന്തം മണ്ണിൽ നിന്നും സയണിസ്റ്റ് ജൂതൻമാരാൽ ആട്ടിയോടിക്കപ്പെട്ട 750,000 ഫലസ്തീനികളുടെ യാതന കണ്ടില്ലെന്ന് നടിക്കുന്നത് തികഞ്ഞ സത്യസന്ധതയില്ലായ്മയാണ്. നഖ്ബ അതിജീവിച്ച 50000 ഫലസ്തീനികളുടെ മനസ്സിൽ സയണിസ്റ്റ് ഭീകരർ നടത്തിയ കൂട്ടക്കൊലയുടെ ഓർമകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഏഴു ദശലക്ഷം ഫലസ്തീൻ അഭയാർഥികളാണ് മിഡിലീസ്റ്റിലും ലോകത്തിന്റെ പലഭാഗത്തുമായി ചിതറിക്കിടക്കുന്നത്.

ഏതാണ്ട് എട്ടു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജൂതൻമാർക്ക് ഹോളോകോസ്റ്റിന്റെ വേദന ഇപ്പോഴും അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഹോളോകോസ്റ്റിന്റെ ഭയാനകമായ അനന്തരഫലങ്ങളുടെ അംഗീകരിക്കപ്പെടാത്ത ഇരകളായി തുടരുന്ന ഫലസ്തീനികളുടെ വേദനയോട് അനുഭാവം പുലർത്താനും ജൂതൻമാർക്ക് കഴിയേണ്ടതുണ്ട്. ഹോളോകോസ്റ്റും 70 വർഷത്തിലേറെയായി ഇസ്രായേൽ ഫലസ്തീനികളോട് ചെയ്ത കാര്യങ്ങളും തമ്മിൽ പ്രകോപനപരവും അനാവശ്യവുമായ സമാനതകൾ ആരാലും ഉയർത്തിക്കൊണ്ടുവരപ്പെടാതെ തന്നെ, സ്വഭാവികമായി ഉള്ളിൽ നിന്നും വരേണ്ടതാണ് അത്തരം സഹാനുഭൂതി.

Also read: കുട്ടികളുടെ നോമ്പ് എപ്പോൾ?

ഫലസ്തീൻ അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നവരെ എതിർക്കുന്ന കാര്യപരിപാടികളുമായി ഇസ്രായേൽ അനുകൂല ലോബി മുന്നോട്ടു തന്നെ പോകും, ഫലസ്തീൻ അനുകൂല ശബ്ദങ്ങൾ അടിച്ചമർത്തി നിശബ്ദമാക്കപ്പെടുന്നതുവരേക്കും അവർ അതു തുടരും. അതുവരേക്കും, ഫലസ്തീൻ ഭൂമികയിലെ ഇസ്രായേലിന്റെ ക്രൂരമായ സൈനിക അധിനിവേശത്തെ കുറിച്ചുള്ള ലഘുപരാമർശങ്ങൾ പോലും മാധ്യമ-നയതന്ത്രവൃത്തങ്ങളിൽ നിന്നുള്ള സംഘടിതവും മുൻകൂട്ടിനിശ്ചയിക്കപ്പെട്ടതുമായ ആക്രമണത്തിന് ഇരയാവും.

എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ജനതയെ ഒന്നടങ്കം ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയിൽ നിന്നും രൂപകപരമായും അക്ഷരാർഥത്തിലും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് യഥാർഥത്തിൽ ശക്തമായി എതിർക്കപ്പെടേണ്ടത്. ഹോളോകോസ്റ്റ് സംഭവിച്ചതാണ്, അതൊരിക്കലും നാം മറക്കരുത്, എന്നാൽ അതുപോലെ തന്നെ നഖ്ബയും സംഭവിച്ചിട്ടുണ്ട്, അതും നാം മറക്കരുത്.

വിവ. മുഹമ്മദ് ഇർഷാദ്

Related Articles