Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ സാമ്രാജ്യത്വമാണ് മുര്‍സിയെ വധിച്ചത്

ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്‍റായ മുഹമ്മദ് മുര്‍സി നിര്യാതനായിരിക്കുന്നു. കോടതിയില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്, ഹൃദയാഘാതമായിരുന്നു കാരണം. പക്ഷേ സത്യത്തില്‍ ഈജിപ്ഷ്യന്‍ ഏകാധിപത്യ സൈനികഭരണകൂടം, അതായത് അമേരിക്കന്‍ സാമ്രാജ്യത്വം അദ്ദേഹത്തെ വധിക്കുകയായിരുന്നു.

അടിയന്തര വൈദ്യസഹായം സൈനിക ഭരണകൂടം മുര്‍സിക്ക് നിഷേധിച്ചു. “എല്ലാ അര്‍ഥത്തിലുമുള്ള കൊലപാതകം” എന്നാണ് മുര്‍സി അനുകൂലികള്‍ അദ്ദേഹത്തിന്‍റെ മരണത്തെ വിശേഷിപ്പിക്കുന്നത്.

ഇസ്രായേലിനു വേണ്ടി മാത്രം, വര്‍ഷങ്ങളായി മിഡിലീസ്റ്റിലെ അമേരിക്കന്‍ ക്ലയറ്റാണ് ഈജിപ്ഷ്യന്‍ പട്ടാണഭരണകൂടം. അറബ് ലോകത്തെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിനു വേണ്ടി അഴിമതിയിലും അക്രമത്തിലും, ഇസ്രായേലിന്‍റെ കാര്യമെടുത്താല്‍, വംശീയവിവേചനത്തിലും അധിഷ്ടിതമായ ഭരണകൂടങ്ങളുടെ ഒരു നിരയെ തന്നെ സാമ്രാജ്യത്വ മേധാവിത്വം പരിപാലിക്കുന്നുണ്ട്. ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും ആഗ്രഹാഭിലാഷങ്ങള്‍ക്ക് എതിരായാണ് പ്രസ്തുത ഭരണകൂടങ്ങള്‍ നിലകൊള്ളുന്നത്. കിരാതവാഴ്ച നടത്തുന്ന രാജഭരണകൂടങ്ങളും സൈനിക ഏകാധിപതികളും അഴിമതിയുടെ കൂത്തരങ്ങായ ചെറുരാഷ്ട്രങ്ങളും എല്ലാം തന്നെ അമേരിക്കയുടെ “നവലോകക്രമം” നടപ്പാക്കുന്നതില്‍ അവരുടേതായ പങ്കുവഹിക്കുന്നുണ്ട്. ഉരുക്കുമുഷ്ടി ഭരണം നടത്തുന്ന അറബ് രാഷ്ട്രങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങളുമായി മുമ്പെങ്ങുമില്ലാത്തവിധം ഇസ്രായേല്‍ ചങ്ങാത്തത്തിലാണ്.

നിലവിലെ ഏക വന്‍ശക്തിയെന്ന നിലയില്‍, അമേരിക്ക അവരുടെ സൈനിക അടിച്ചമര്‍ത്തല്‍ വര്‍ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു. പാന്‍-അറബ് നേതാവ് ജമാല്‍ അബ്ദുല്‍ നാസറിന്‍റെ പതനത്തിനു ശേഷം, അമേരിക്കന്‍ ലോകക്രമത്തിനു വേണ്ടി സുപ്രധാന പങ്കുവഹിച്ച ചരിത്രമാണ് ഈജിപ്ഷ്യന്‍ സൈനിക ഭരണകൂടത്തിനുള്ളത്.

2011-ല്‍ ഏകാധിപതി ഹുസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ഈജിപ്ഷ്യന്‍ ജനത തെരുവിലിറങ്ങിയത് അമേരിക്കന്‍ സാമ്രാജ്യത്വ ക്രമത്തിനെതിരെയുള്ള വലിയ വെല്ലുവിളി തന്നെയായിരുന്നു.

അറബ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള, ഒരു വലിയ തൊഴിലാളി വര്‍ഗം ജീവിക്കുന്ന ഈജിപ്ത്, ഇസ്രായേല്‍ പദ്ധതികള്‍ക്കെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 1978-ല്‍ ക്രൂരനായ ഇസ്രായേല്‍ ഭീകരവാദി മെനാഷിം ബെഗിനുമായി തീര്‍ത്തും അനീതി നിറഞ്ഞ സമാധാന ഉടമ്പടിയില്‍ അന്‍വര്‍ സാദാത്ത് ഒപ്പിട്ടിരുന്നുവെങ്കിലും, ഈജിപ്ഷ്യന്‍ ജനവികാരം ഇസ്രായേലിനും അവരുടെ യുദ്ധകുറ്റകൃത്യങ്ങള്‍ക്കും എതിരായിരുന്നു.

പ്രായോഗതലത്തില്‍ ഒരു വലിയ അമേരിക്കന്‍ യുദ്ധവിമാന വാഹിനിയാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം, അതുകൊണ്ടു തന്നെ ഇസ്രായേലിനെ എന്തുവില കൊടുത്തും സുരക്ഷിച്ചു പരിപാലിക്കുക എന്നത് അമേരിക്കയുടെ മുന്‍ഗണനാ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഓരോ വര്‍ഷവും 3.8 ബില്ല്യണ്‍ ഡോളറാണ് ഇസ്രായേലിന് സൈനിക സഹായമായി അമേരിക്ക നല്‍കിവരുന്നത്.

കടുത്ത ഫലസ്തീന്‍ വിരുദ്ധനായ ഡൊണാള്‍ഡ് ട്രംപാണ് ഇപ്പോള്‍ അമേരിക്ക ഭരിക്കുന്നത്. ട്രംപിന്‍റെ ഏറ്റവും വലിയ സാമ്പത്തികദാതാവായിരുന്നു മള്‍ട്ടി-ബില്ല്യനെയര്‍ കാസിനോ മാഗ്നറ്റും ഫലസ്തീന്‍ വിരുദ്ധ സംഘടനങ്ങള്‍ക്കു വേണ്ടി പണം വാരിയെറിയുന്നവരില്‍ ഒരാളുമായ ഷെല്‍ഡണ്‍ അഡെല്‍സണ്‍. പ്രസ്തുത സംഘടനകളില്‍ പലതും ഇസ്രായേലി സര്‍ക്കാറുമായും ചാര ഏജന്‍സികളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

“പ്രസിഡന്‍റ് മുബാറക്കിനെ അന്നും ഇന്നും ഞങ്ങള്‍ വളരെയധികം ബഹുമാനിക്കുന്നു,” ഈജിപ്ഷ്യന്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയും, മുബാറക്കിന്‍റെ സൈന്യം അവരെ നിഷ്ഠൂരമായി കൊന്നുതള്ളുകയും ചെയ്യുമ്പോഴായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ പ്രസ്താവന നടത്തിയത്. സമാധാനപരമായി പ്രതിഷേധിച്ച പ്രക്ഷോഭകരെ “ഈജിപ്ഷ്യന്‍ തെരുവുകളില്‍ അഴിഞ്ഞാടുന്ന ജനകൂട്ടം” എന്നാണ് ഇസ്രായേലി മാധ്യമപണ്ഡിതര്‍ വിശേഷിപ്പിച്ചത്. “മുബാറക്കിനെ ഉപേക്ഷിക്കാന്‍ അവര്‍ക്കെങ്ങിനെ കഴിയുന്നു” എന്ന് അവര്‍ വിലപിച്ചു.

ഈജിപ്ഷ്യന്‍ രഹസ്യപോലിസും മറ്റു സുരക്ഷാസംവിധാനങ്ങളും ഇസ്രായേലുമായി ഒരുപാടു കാലത്തോളം വളരെ അടുത്തു പ്രവര്‍ത്തിച്ചിരുന്നു. ഈജിപ്തില്‍ സി.ഐ.എയുടെ “ചോദ്യംചെയ്യല്‍” പദ്ധതിക്കു നേതൃത്വം നല്‍കിയിരുന്ന, തടവുകാരെ പീഡിപ്പിക്കുന്നതിന് പേരുകേട്ട ഒമര്‍ സുലൈമാനും അതില്‍ ഉള്‍പ്പെടും. 2011-ലെ വിപ്ലവത്തിന്‍റെ സമയത്ത്, ഹുസ്നി മുബാറക്ക് വീഴുമെന്ന് ഉറപ്പായ ഘട്ടത്തില്‍, ഈജിപ്തില്‍ തങ്ങളുടെ അടുത്ത കളിപ്പാവമായി ഒമര്‍ സുലൈമാനെ അമേരിക്ക രംഗത്തിറക്കിയേക്കുമെന്ന് വരെ കരുതപ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യംകൊണ്ട് മാത്രം അതു നടന്നില്ല. പകരം അവിടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നു, അതില്‍ മുസ്ലിം ബ്രദര്‍ഹുഡിന്‍റെ മുഹമ്മദ് മുര്‍സി മാന്യമായി വിജയം വരിക്കുകയും ചെയ്തു. ജനകീയ പിന്തുണ വേണ്ടുവോളം ഉള്ളതുകൊണ്ടും, ഈജിപ്തില്‍ തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ശേഷിയുള്ള ഏക സംഘടിത പാര്‍ട്ടിയായതു കൊണ്ടുമാണ് മുസ്ലിം ബ്രദര്‍ഹുഡ് അന്നത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

വലിയ ഫണ്ടിംഗുള്ള തമ്മറുദ് എന്ന വ്യാജ “അടിത്തട്ടു” പ്രസ്ഥാനവും ഈജിപ്ഷ്യന്‍ ഏകാധിപത്യഭരണകൂടവും ചേര്‍ന്നാണ് മുര്‍സിയെ പുറത്താക്കിയത്. തമ്മറുദ് എന്ന വ്യാജ സംഘടനയാണ് മുര്‍സി വിരുദ്ധ, ജനാധിപത്യ വിരുദ്ധ തെരുവുപ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടതും സൈന്യത്തോട് അധികാരം പിടിച്ചെടുക്കാന്‍ 2013-ല്‍ ആഹ്വാനം ചെയ്തതും. അതു വിജയം കണ്ടതിന്‍റെ ഫലമായി, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സി അറസ്റ്റു ചെയ്യപ്പെട്ടു.

ഒരു മാസത്തിനു ശേഷം, “ലിബറലുകളുടെ” അനുഗ്രഹാശിര്‍വാദങ്ങളോടെ അധികാരം പിടിച്ചെടുത്ത സൈന്യം, പട്ടാള അട്ടിമറിക്കെതിരെ സമാധാനപരമായി പ്രക്ഷോഭം നടത്തിയ നിരായുധരായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കും മറ്റു മുര്‍സി അനുകൂല ജനാധിപത്യ വിശ്വാസികള്‍ക്കും എതിരെ മനുഷ്യത്വം കാറ്റില്‍പറത്തി കൊണ്ട് കിരാതമായ അക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ് കണ്ടത്. ആയിരത്തിലധികം പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. കെയ്റോയിലെ റാബിയ ചത്വരം നിരപരാധികളുടെ രക്തം കൊണ്ട് ചുവന്നു. അങ്ങനെ ഈജിപ്ത് പൂര്‍ണമായും പട്ടാളഭരണത്തിനു കീഴിലൊതുങ്ങി.

അന്ന് മുര്‍സിയെ പുറത്താക്കുന്നതിന് പട്ടാളത്തെ അനുകൂലിച്ചെഴുതിയ ലിബറലുകള്‍, അതേ പട്ടാളത്തെ അപലപിച്ചു കൊണ്ട് എഴുതുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. മൊന അല്‍തഹാവി ഇതിനൊരുദാഹരണം മാത്രം.

പ്രസിഡന്‍റ് കാലാവധി പൂര്‍ത്തിയാക്കാന്‍ മുര്‍സിയെ അനുവദിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് പറയാന്‍ നമുക്ക് കഴിയില്ല. അമേരിക്കന്‍ മേധാവിത്വത്തില്‍ നിന്നും കുതറിമാറാന്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ക്കു കഴിയുമായിരുന്നു, പക്ഷേ അത്തരം പ്രവണതകള്‍ മുളയില്‍ തന്നെ നുള്ളപ്പെടുകയാണ് ഉണ്ടായത്. ഇതു തന്നെയാണ് മുഹമ്മദ് മുര്‍സിയുടെ മരണത്തിലൂടെയും സംഭവിച്ചത്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : middleeastmonitor.com

Related Articles