Middle East

ഇസ്രായേലിന്റെ ഫലസ്തീൻ ചരിത്ര പൈതൃക മോഷണം

ചരിത്ര അവശേഷിപ്പുകളുടെ കാര്യത്തിൽ അറബ് ലോകത്ത് ഈജിപ്തിനോട് കിടപിടിക്കുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ഫലസ്തീൻ. ചുരുങ്ങിയത് 22 നാഗരികതകൾ ഫലസ്തീനിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്, അതിൽ ആദ്യത്തേത് കനാൻകാരുടേതായിരുന്നു; അവരുടെ സാന്നിധ്യം ഇന്നും അവിടെ അനുഭവേദ്യമാണ്.

1948 മുതൽക്ക് നിലവിൽ വന്ന ഇസ്രായേലി സർക്കാറുകൾ എല്ലാം തന്നെ, സവിശേഷമായ അറബ് ഫലസ്തീൻ സ്വത്വം പേറുന്ന ചരിത്രശേഷിപ്പുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഫലസ്തീന്റെ ഓരോ പ്രദേശത്തും ഗവേഷണം നടത്തുവാനായി ഇസ്രായേലി പുരാവസ്തുഗവേഷകരുടെ സമിതികൾ രൂപീകരിക്കപ്പെട്ടു. ഫലസ്തീനിയൻ ചരിത്രശേഷിപ്പുകളെ ജൂതവത്കരിച്ചു കൊണ്ട് ഒരു വ്യാജ ചരിത്രം നിർമിക്കുക എന്നതാണ് ലക്ഷ്യം. അക്കാ, ജാഫ, ജറൂസലേം, തിബേരിയസ് തുടങ്ങിയ പ്രധാന ഫലസ്തീനിയൻ പട്ടണങ്ങളിലെ ചരിത്രസ്മാരകങ്ങൾ പോലും ഈ പ്രക്രിയയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല.

അതിലുപരി, ആസൂത്രിതമായ സാംസ്കാരിക മോഷണത്തിലൂടെയും, വ്യാജനിർമിതിയിലൂടെയും ഫലസ്തീനിയൻ ഫാഷനെ ജൂതവത്കരിക്കാനായി വിവിധങ്ങളായ സ്ഥാപനങ്ങളെ ഇസ്രായേൽ ഉപയോഗിച്ചിട്ടുണ്ട്. പ്രാദേശിക രുചിക്കൂട്ടുകൾ പോലും അതിൽ നിന്ന് ഒഴിവായിട്ടില്ല. ഫലസ്തീനിയൻ ഫാഷനും, പാചകക്കൂട്ടുകളും “ഇസ്രായേലി” എന്ന ലേബലിൽ അവതരിപ്പിച്ചു കൊണ്ട് അന്താരാഷ്ട്രാ പ്രദർശനമേളകളിൽ ഇസ്രായേൽ പങ്കെടുത്തിട്ടുണ്ട്.

ഇങ്ങനെയാണ് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫലസ്തീന്റെ പൈതൃകവും ചരിത്രവും ഇസ്രായേൽ അധിനിവേശത്താൽ കവർന്നെടുക്കപ്പെടുകയും, അമൂല്യമായ പുരാവസ്തുശേഖരങ്ങൾ “മാഫിയകൾ” വിൽപ്പന നടത്തുകയും ചെയ്യുന്നത്. തങ്ങളുടെ പൈതൃകത്തിനും ചരിത്രത്തിനും നാഗരികതയ്ക്കും സംരക്ഷണം വേണമെന്ന് ഫലസ്തീൻ സംഘങ്ങൾ ആവശ്യപ്പെടുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഒരവസരത്തിലാണ് ഇതു സംഭവിക്കുന്നത്.

ഈ സാഹചര്യത്തിൽ, വെസ്റ്റ്ബാങ്കിൽ മാത്രം 3300 പുരാവസ്തുകേന്ദ്രങ്ങ ഉണ്ടെന്ന് പഠനങ്ങൾ ചൂണ്ടികാട്ടിയിരുന്നു. ഫലസ്തീനിൽ ഒരോ അരകിലോമീറ്റർ ദൂരത്തിലും, ശരാശരി, ഓരോ പുരാവസ്തുകേന്ദ്രങ്ങൾ ഉണ്ടെന്ന് ഒരുകൂട്ടം ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇസ്രായേൽ നിർമിക്കുന്ന വിഭജനമതിൽ ഫലസ്തീനിയൻ ചരിത്രശേഷിപ്പുകളുടെയും സ്മാരകങ്ങളുടെയും ഭാവിയുടെ മേൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെ കുറിച്ച് പരാമർശിക്കേണ്ടത് ഇവിടെ പ്രധാനമാണ്. വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ മണ്ണിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വിഭജനമതിൽ, അധിനിവിഷ്ട ഭൂമിയുടെ 50 ശതമാനത്തിലധികം ഇസ്രായേലുമായി കൂട്ടിച്ചേർക്കുന്നതിലേക്കായിരിക്കും ആത്യന്തികമായി നയിക്കുക. 2000 പുരാവസ്തുഗവേഷണപരവും ചരിത്രപരവുമായ ഇടങ്ങൾക്കു പുറമെ, 270 പ്രധാന പുരാവസ്തുകേന്ദ്രങ്ങളും അതിൽ ഉൾപ്പെടുന്നതായിരിക്കും. വിഭജനമതിലിന്റെ നിർമാണപ്രവർത്തനത്തിന്റെ ഭാഗമായി ഡസൺകണക്കിന് ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും സ്മാരകങ്ങളും തകർക്കപ്പെട്ടു കഴിഞ്ഞു.

1967 ജൂലൈയിൽ, ഗസ്സ മുനമ്പും വെസ്റ്റ് ബാങ്കും അധിനിവേശം നടത്തിയതു മുതൽക്ക്, വെസ്റ്റ്ബാങ്കിൽ നിന്നും കൂടുതൽ ഫലസ്തീനിയൻ പൗരാണിക കരകൗശലവസ്തുക്കളും ഉപകരണങ്ങളും കവർച്ച ചെയ്യാനും വിൽക്കാനും ഇസ്രായേലിനു സാധിക്കുന്നുണ്ട്. 2000 സെപ്റ്റംബർ അവസാനം അഖ്സ ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടത് ഈ പ്രതിഭാസത്തെ കൂടുതൽ വഷളാക്കി.

500ലധികം പുരാവസ്തുകേന്ദ്രങ്ങളും 1500ലധികം ഭൂപ്രദേശങ്ങളും ഇസ്രായേലി മോഷ്ടാക്കളും അധിനിവേശകരും കവർന്നെടുക്കുകയും നശിപ്പിക്കുകയും ചെയ്തതായി ഫലസ്തീൻ അതോറിറ്റിയുടെ പുരാവസ്തു സാംസ്കാരിക പൈതൃക വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. സൽമാൻ അബു സിത്തയുടെ കൃതി തുറന്നുകാട്ടുന്നതു പോലെ, 1948 മുതൽക്ക് 500ലധികം ഫലസ്തീനിയൻ പട്ടണങ്ങളും ഗ്രാമങ്ങളും ഇസ്രായേൽ തകർക്കുകയും ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീന്റെ സാംസ്കാരിക സാമ്പത്തിക സ്രോതസ്സുകൾ ഇസ്രായേൽ ഊറ്റിയെടുക്കുന്നത് തുടരുകയാണെന്നുംപുരാവസ്തു സാംസ്കാരിക പൈതൃക വിഭാഗം സ്ഥിരീകരിച്ചിരുന്നു.

ഇസ്രായേലിന്റെ നിയന്ത്രണം കാരണം ഫലസ്തീനിയൻ മേഖലകളെ സംരക്ഷിക്കാനുള്ള എല്ലാ തരത്തിലുള്ള സംവിധാനങ്ങളുടെയും പരാജയമാണ് ഇപ്പോഴത്തെ ഉൻമൂലനത്തിനു കാരണമെന്ന് ഫലസ്തീൻ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അധിനിവേശത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലാണ് പ്രസ്തുത സംരക്ഷണ സംവിധാനങ്ങൾ പരാജയപ്പെടുന്നത്, അതായത് ഇസ്രായേലി സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യത്തോടും കൂടി സാംസ്കാരിക പൈതൃക നശിപ്പിക്കാൻ സാധിക്കുമെന്നാണ് അതുകൊണ്ട് അടിസ്ഥാനപരമായി അർഥമാക്കുന്നത്. ജറൂസലേം, നാബുലസ്, ഹെബ്രോൺ, ബത്ത്ലഹേം, മറ്റു ഫലസ്തീൻ പട്ടണങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയാണ് സംഭവിച്ചത്.

പുരാവസ്തു മോഷണവും ഫലസ്തീനിയൻ പൈതൃക കേന്ദ്രങ്ങളിലെ നിയമലംഘനങ്ങളും ഫലസ്തീനികൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ്. ഫലസ്തീനിന്റെ സാംസ്കാരിക വൈവിധ്യത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. തദ്ദേശീയജനതയെ പുറന്തള്ളി, “ജൂതരാഷ്ട്രം” എന്ന വ്യാജചരിത്രനിർമിതി “തെളിയിക്കാൻ” ശ്രമിക്കുന്ന ഇസ്രായേലിനെ, ഫലസ്തീന്റെ സാംസ്കാരിക പൈതൃകം ചരിത്രത്തിൽ നിന്നും തുടച്ചുനീക്കാൻ നാം അനുവദിക്കുന്നത് തികച്ചും ലജ്ജാവഹം തന്നെയാണ്.

അവലംബം: middleeastmonitor
മൊഴിമാറ്റം: ഇർഷാദ് കാളച്ചാൽ

Facebook Comments
Related Articles
Show More
Close
Close