Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളുടേത് ഒരു അപ്പാർത്തീഡ് രാഷ്ട്രമാണ്

ഇസ്രായേൽ-ഫലസ്തീനിൽ ജീവിക്കുന്ന ആർക്കും തന്നെ ആ രാഷ്ട്രം ഒരൊറ്റ ജനവിഭാഗത്തിന് വേണ്ടി മാത്രമാണ്, അതായത് ജൂത ജനവിഭാഗത്തിനു വേണ്ടി മാത്രമാണ് നിരന്തരം രൂപകൽപ്പനചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന ബോധ്യത്തോടെയല്ലാതെ ഒരു ദിവസവും തള്ളിനീക്കാൻ കഴിയില്ല. എന്നാൽ ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലെ ഈ പ്രദേശത്ത് താമസിക്കുന്നവരിൽ പകുതിയും ഫലസ്തീനികളാണ്. പ്രത്യുത ജീവിത യാഥാർഥ്യങ്ങൾ തമ്മിലുള്ള അന്തരം ഈ ഭൂപ്രദേശത്തെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

ഇക്കാര്യം വ്യക്തമാക്കുന്ന ഔദ്യോഗിക പ്രസ്താവനകളെ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്- അത്തരം പ്രസ്താവനങ്ങൾ ധാരാളം നമുക്ക് കാണാൻ കഴിയും, ഉദാഹരണത്തിന് 2019ൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു “ഇസ്രായേൽ ഇവിടെ താമസിക്കുന്ന എല്ലാ പൗരൻമാരുടെയും രാഷ്ട്രമല്ല” എന്ന് പ്രസ്താവിച്ചിരുന്നു. ജനങ്ങളെ ‘ആവശ്യമുള്ളവർ’ ‘ആവശ്യമില്ലാത്തവർ’ എന്നിങ്ങനെ വേർതിരിച്ച് കാണുന്ന ആഴത്തിൽ വേരോടിയ ബോധത്തെ കുറിച്ചും, ഹൈഫയിൽ ഞാൻ ജനിച്ചുവീണ ദിനം മുതൽ എന്റെ രാജ്യത്ത് കുറിച്ച് ക്രമേണ ഞാൻ മനസ്സിലാക്കിയ കാര്യത്തിലേക്കുമാണ് ഞാൻ എത്താൻ ശ്രമിക്കുന്നത്. ഇപ്പോൾ, അവഗണിച്ചു തള്ളാൻ കഴിയാത്ത ഒരു തിരിച്ചറിവായി അതു മാറിയിരിക്കുന്നു.

ഇവിടെ ജീവിക്കുന്ന രണ്ടു ജനവിഭാഗങ്ങൾക്കിടയിൽ ജനസംഖ്യാപരമായ തുല്യത ഉണ്ടെങ്കിലും, ജീവിതം നിയന്ത്രിക്കപ്പെടുന്നതിനാൽ, ഒരു വിഭാഗം മാത്രമേ വലിയ അളവിലുള്ള രാഷ്ട്രീയ അധികാരവും ഭൂവിഭവങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷണങ്ങളും അനുഭവിക്കുന്നുള്ളു. ഇത്തരം പൗരാവകാശ നിഷേധങ്ങൾ നിലനിർത്തിക്കൊണ്ടുപോവുക എന്നത് ഒരു സാഹസകൃത്യം തന്നെയാണ്. അതിനേക്കാളുപരിയാണ് ഒരു അധിനിവേശ രാഷ്ട്രത്തെ ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ആഗോളതലത്തിൽ വിപണനം ചെയ്യുക എന്നത്. വാസ്തവത്തിൽ, ഒരു സർക്കാർ നദിക്കും സമുദ്രത്തിനും ഇടയിലുള്ള എല്ലാവരെയും എല്ലാത്തിനെയും ഭരിക്കുന്നു, അതിന്റെ നിയന്ത്രത്തിലുള്ള എല്ലായിടത്തും ഒരേ സംഘാടക തത്വം പിന്തുടരുന്നത്, അതായത് ഫലസ്തീനികൾക്ക് മേൽ ജൂതൻമാരുടെ മേധാവിത്വം നടപ്പിലാക്കാനും മുന്നോട്ടുകൊണ്ടുപോകുന്നതിനും വേണ്ടിയാണ് അത് പ്രവർത്തിക്കുന്നത്. ഇത് അപ്പാർത്തീഡ് (വംശീയ വിവേചനം) ആണ്.

ഇസ്രായേലിന്റെ നിയന്ത്രണത്തിന് കീഴിലുള്ള ഒരിടത്തും ഫലസ്തീനികളും ജൂതൻമാരും തുല്യരല്ല. എന്നെ പോലെയുള്ള ജൂതൻമാർ മാത്രമാണ് ഇവിടുത്തെ ഒന്നാം കിട പൗരൻമാർ, 1967ൽ വരച്ച രേഖക്ക് അകത്തും പുറത്തും അതായത് വെസ്റ്റ്ബാങ്കിലും, ഞങ്ങൾക്കു മാത്രമാണ് ഈ പദവി ആസ്വദിക്കാൻ അവകാശമുള്ളു. ഇസ്രായേൽ അനുവദിച്ചു നൽകുന്ന വ്യത്യസ്ത വ്യക്തിഗത പദവികളാലും, ഇസ്രായേൽ അടിച്ചേൽപ്പിക്കുന്ന പലതരം അപകർഷതകളാലും വേർതിരിക്കപ്പെട്ടിരിക്കുന്ന ഫലസ്തീനികൾ അസമത്വത്തിന്റെ കാര്യത്തിൽ തുല്ല്യരാണ്.

ദക്ഷിണാഫ്രിക്കൻ അപ്പാർത്തീഡിൽ നിന്നും വ്യത്യസ്തമായി, ഞങ്ങളുടെ അപ്പാർത്തീഡ് 2.0 പതിപ്പ് പ്രയോഗതലത്തിൽ ചില പ്രത്യേകതരം വൃത്തികേടുകൾ ഒഴിവാക്കുന്നുണ്ട്. “Whites Only” എന്നെഴുതിയ ബോർഡുകൾ ഇവിടുത്തെ ബെഞ്ചുകളിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഇവിടെ, സമൂഹത്തിന്റെ അഥവാ രാഷ്ട്രത്തിന്റെ തന്നെ, “ജൂത സ്വഭാവം സംരക്ഷിക്കുക” എന്ന ബദലാണ് നമുക്ക് അനുഭവിക്കാൻ കഴിയുക. രണ്ടിന്റെയും സാരാംശം ഒന്നു തന്നെയാണ്. ഇസ്രായേലിന്റെ നിർവചനങ്ങൾ തൊലിനിറത്തെ ആശ്രയിക്കുന്നില്ല എന്നത് യാതൊരു ഭൗതിക വ്യത്യാസവും ഉണ്ടാക്കുന്നില്ല: തുറന്ന വംശീയവിവേചനമാണിത്, എന്തു വിലകൊടുത്തും ഇത് പരാജയപ്പെടുത്തേണ്ടതുണ്ട്.

ദേശരാഷ്ട്ര നിയമം പാസാകുന്നതു വരെ, തുറന്ന പ്രസ്താവനകളും നിയമങ്ങളും ഒഴിവാക്കുക എന്നതായിരുന്നു, ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡിന് അന്ത്യം കുറിച്ചതിൽ നിന്നും ഇസ്രായേൽ പഠിച്ച പ്രധാന പാഠം. കാരണം അവ ധാർമിക വിധിന്യായങ്ങൾക്ക് വഴിവെക്കുകയും കനത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യുമായിരുന്നു. അതിനു പകരം, ക്ഷമയോടെ, നിശബ്ദമായി, ഘട്ടംഘട്ടമായി വിവേചനപരമായ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള പ്രതിഷേധസ്വരങ്ങളെ തടയുവാൻ സഹായിക്കുകയാണ് ചെയ്യുക, പ്രത്യേകിച്ച് ഇസ്രായേലിന്റെ നിയമങ്ങൾക്കും പ്രതീക്ഷകൾക്കും അധരസേവ ചെയ്യാൻ ഒരാൾ തയ്യാറാണെങ്കിൽ.

ഇവ്വിധമാണ് ജൂത മേധാവിത്വം ഹരിതരേഖയ്ക്കു ഇരുവശത്തും നടപ്പിലാക്കപ്പെടുന്നത്. ജൂതൻമാരുടെ എണ്ണം വർധിപ്പിക്കുകയും ഫല്സീതനികളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുന്ന നടപടികളിലൂടെയാണ് ജനസംഖ്യാഘടന ഞങ്ങൾ ജനസംഖ്യാശാസ്ത്രപരമായി രൂപകൽപന ചെയ്യുന്നത്. ഇസ്രായേലിന്റെ നിയന്ത്രണത്തിന് കീഴിലുള്ള എവിടെയും ജൂത കുടിയേറ്റം – യാന്ത്രിക പൗരത്വത്തോടെ- ഞങ്ങൾ അനുവദിക്കുന്നു. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം നേർവിപരീതമാണ് കാര്യങ്ങൾ: ഇസ്രായേൽ നിയന്ത്രണത്തിന് കീഴിലുള്ള ഒരിടത്തം അവൾക്ക് വ്യക്തിപരമായ പദവി നേടാൻ കഴിയില്ല- അവർ ജനിച്ചു വളർന്നത് ഇവിടെയാണെങ്കിലും ശരി.

രാഷ്ട്രീയ അവകാശങ്ങളുടെ വിതരണത്തിലൂടെ അല്ലെങ്കിൽ നിഷേധത്തിലൂടെയാണ് ഞങ്ങൾ അധികാരഘടന രൂപകൽപന ചെയ്യുന്നത്. എല്ലാ ജൂത പൗരൻമാർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട് (എല്ലാ ജൂതൻമാർക്കും പൗരൻമാരാകാം), എന്നാൽ ഇസ്രായേലിന്റെ ഭരണത്തിന് കീഴിലുള്ള ഫലസ്തീനികളിൽ നാലിലൊന്നിൽ താഴെ പേർക്കു മാത്രമേ പൗത്വവും വോട്ടുചെയ്യാനുള്ള അവകാശവുമുള്ളു. മാർച്ച് 23ന്, രണ്ടു വർഷത്തിനിടെ നാലാം തവണ ഇസ്രായേലിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ, തെരഞ്ഞെടുപ്പുകളെ സാധാരണ വിളിക്കാറുള്ളതുപോലെ, അതൊരിക്കലും “ജനാധിപത്യത്തിന്റെ ആഘോഷം” ആയിരിക്കില്ല. മറിച്ച്, തങ്ങളുടെ ഭാവി മറ്റുള്ളവരാൽ നിർണയിക്കപ്പെടുന്നത് ഫലസ്തീനികൾക്ക് നോക്കിനിൽക്കേണ്ടി വരുന്ന മറ്റൊരു സാധാരണ ദിവസം മാത്രമായിരിക്കും അതും.

ഫലസ്തീൻ ഭൂമിയുടെ വലിയ ഭൂഭാഗങ്ങൾ പിടിച്ചെടുത്തും, വികസനപ്രവർത്തനങ്ങൾക്കു വേണ്ടി അവ വളച്ചുകെട്ടിയും, അഥവാ ജൂതപട്ടണങ്ങളും പാർപ്പിട സമുച്ചയങ്ങളും നിർമിക്കാൻ വേണ്ടി അവ ഉപയോഗിച്ചുമാണ് ഞങ്ങൾ ഭൂനിയന്ത്രണം നടപ്പിലാക്കുന്നത്. ഹരിതരേഖക്ക് അകത്ത്, 1948ൽ ഇസ്രായേൽ സ്ഥാപിക്കപ്പെട്ടതു മുതൽക്കു തന്നെ ഞങ്ങൾ ഇതു ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കിഴക്കൻ ജറൂസലേമിലും വെസ്റ്റ് ബാങ്കിലും, 1967ൽ അധിനിവേശം ആരംഭിച്ചതു മുതൽക്ക് തന്നെ ഞങ്ങൾ ഇതു ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. തദ്ഫലമായി, ജനിച്ചു വളർന്ന ഭൂമിയിൽ ദാരിദ്ര്യം, അതിജനസാന്ദ്രത, പാലായനം, ഭവനനാശം എന്നീ യാഥാർഥ്യങ്ങൾ ദൈനംദിന ജീവിതത്തിൽ ഫലസ്തീൻ സമൂഹങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, അതേ ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ജൂതൻമാർക്ക് വേണ്ടിയുള്ള പുതിയ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതാണ് കാണാൻ കഴിയുക.

ഫലസ്തീനികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ രൂപപ്പെടുത്തന്നത് അല്ലെങ്കിൽ നിയന്ത്രിക്കുന്നത് ഞങ്ങൾ തന്നെയാണ്. പൗരൻമാരോ സ്ഥിരതാമസക്കാരോ അല്ലാത്ത ഭൂരിഭാഗവും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനും, അന്താരാഷ്ട്രതലത്തിൽ യാത്രചെയ്യാനും ഇസ്രായേലി പെർമിറ്റുകളെയും ചെക്ക്പോയിന്റുകളെയുമാണ് ആശ്രയിക്കുന്നത്. ഗസ്സ മുനമ്പിലെ രണ്ട് മില്ല്യൺ ജനങ്ങളെ സംബന്ധിച്ചിടത്തോളം യാത്രാ വിലക്കുകളാണ് ഏറ്റവും കഠിനം- ഭൂമിയിലെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഇസ്രായേൽ നിർമിച്ചിരിക്കുന്നത്.

എന്റെ ജനന നഗരമായ ഹൈഫ 1948 വരെ ജനസംഖ്യാപരമായ തുല്യതയുടെ ഒരു ദ്വിദേശീയ യാഥാർഥ്യമായിരുന്നു. നഖ്ബ ദുരന്തത്തിനു മുമ്പ് ഹൈഫയിൽ താമസിച്ചിരുന്ന 70000 ഫലസ്തീനികളിൽ, വെറും പത്തിൽ താഴെ മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളു. ഇവിടെയാണ് ഞാൻ ജനിച്ചത്. ഇവിടെ താമസിക്കാൻ ഞാൻ – ഉദ്ദേശിക്കുന്നു – ആഗ്രഹിക്കുന്നു. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ഭാവിയിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ആഘാതങ്ങളുടെയും അനീതികളുടെതുമാണ് ഭൂതകാലം. വർത്തമാനകാലത്ത്, കൂടുതൽ അനീതികൾ നിരന്തരം പുനർനിർമിക്കപ്പെടുന്നു. ഭാവി മൗലികമായി വ്യത്യസ്തമായിരിക്കണം- ആധിപത്യമനോഭാവത്തെ നിരാകരിക്കുന്ന, നീതിയോട് പ്രതിബന്ധതയുള്ള, മാനവികത പങ്കിടുന്ന ഒന്നായിരിക്കണം അത്. വംശീയവിവേചനത്തെ അങ്ങനെത്തന്നെ വിശേഷിപ്പിക്കുന്നതിൽ നിരാശപ്പെടേണ്ട കാര്യമല്ല. മറിച്ച്, ധാർമകിമായ വ്യക്തതയിൽ നിന്നാണ് അതുണ്ടാകുന്നത്, പ്രത്യാശയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഒരു നീണ്ട നടത്തത്തിന്റെ ആദ്യ ചുവടാണത്. യാഥാർഥ്യത്തെ അങ്ങനെ തന്നെ കാണുക, മടിക്കാതെ അത് വിളിച്ചുപറയുക. നീതിയിലധിഷ്ഠിതമായ ഒരു ഭാവിയുടെ സാക്ഷാത്കാരത്തിന് മുന്നോട്ടുവരിക.

മൊഴിമാറ്റം : അബൂ ഈസ
അവലംബം : The Guardian

( ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ‘ബെത്ത്സലേം’ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ. )

Related Articles