Current Date

Search
Close this search box.
Search
Close this search box.

ഇസ്രായില്‍ പണിയുന്ന കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമ വിരുദ്ധമല്ല പോലും

അധിനിവേശ ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പണിയുന്ന കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമ വിരുദ്ധമല്ലെന്ന അത്യന്തം അപകടകരമായ നയം മാറ്റം അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നു.

1967ലെ യുദ്ധത്തില്‍ ഇസ്രായില്‍ പിടിച്ചടക്കിയ ഫലസ്തീന്‍ പ്രദേശങ്ങളിലൊന്നാണ് കിഴക്കന്‍ ജറൂസലം ഉള്‍പ്പെടുന്ന വെസ്റ്റ്ബാങ്ക്. അന്താരാഷ്ട്ര സമൂഹം ഇസ്രായിലിന്റെ നടപടിയെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, സയണിസ്റ്റ് രാഷ്ട്ര്‌ത്തോട് ഏത്രയും പെട്ടെന്ന് പിന്മാറാന്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി പാസ്സാക്കുകയും ചെയ്തു. അമേരിക്ക കൂടി അംഗീകരിച്ച പ്രസ്തുത പ്രമേയം ഏഴു പതിറ്റാണ്ടിലേറെയായി പൊടി പിടിച്ചുകിടക്കുന്നു എന്നത് മറ്റൊരു കാര്യം. അതിനു കാരണവുമുണ്ട്. 1970ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് റി്ച്ചാര്‍ഡ് നിക്‌സന്‍ ഇസ്രായില്‍ പ്രധാന മന്ത്രി ഗോള്‍ഡാ മെയറിന് അയച്ച കത്തില്‍ 242-ാം നമ്പര്‍ പ്രമേയം സംബന്ധിച്ച ‘അറബ് നിലപാടുകള്‍’ അംഗീകരിക്കാന്‍ സയണിസ്റ്റ് രാഷ്ട്രത്തെ വാഷിംഗ്ടണ്‍ നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ നിയമവിരുദ്ധമായ ഇത്തരം നടപടികളാണല്ലോ ഇസ്രായിലിന്റെ ധിക്കാരത്തിന് കാരണം.

ഡോണാള്‍ഡ് ട്രംപ് ഭരണത്തിലേറിയതുമുതല്‍ സകല അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് ഇസ്രായിലിന് ആനുകൂല്യങ്ങള്‍ നല്‍കിവരികയാണ് അമേരിക്ക. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ടിയിരുന്ന ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റുകയും ചെയ്തു. ജറൂസലമിനെ ഇസ്രായിലിനോട് കൂട്ടിച്ചേര്‍ത്തതും തലസ്ഥാനമായി പ്രഖ്യാപിച്ചതും യു.എന്നിന്റെ അംഗീകാരമില്ലാത്തതും അതിനാല്‍ തന്നെ നിയമവിരുദ്ധവുമാണ്. ഏപ്രിലിലെ ഇസ്രായില്‍ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി നെതന്യാഹുവിന്റെ ആവശ്യപ്രകാരം അധിനിവേശ ഗോലാന്‍ (ജൂലാന്‍) കുന്നുകളിന്മേല്‍ ഇസ്രായിലിനുള്ള പരമാധികാരവും ട്രംപ് ഭരണകൂടം വകവെച്ചുകൊടുത്തിരുന്നു. സിറിയയില്‍നിന്ന് ഇസ്രായില്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശ ഭൂമി തന്നെയാണ്.

ഇപ്പോഴിതാ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കും യു.എസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു! അധിനിവേശ ഭൂമിയിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ കാര്യത്തില്‍ പേരിനെങ്കിലും 1978 മുതല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പിന്തുടരുന്ന നയമാണ് ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കുന്നത്.

ലളിതമായൊരു ചോദ്യമുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയും പ്രമേയങ്ങളെയും ഇവ്വിധം റദ്ദാക്കാന്‍ അമേരിക്കക്ക് ആരാണ് അധികാരം നല്‍കിയത്? ഇനിയും നോക്കുകുത്തിയായി ഒരു യു.എന്‍ വേണമോയെന്ന് ചോദിക്കുന്നതില്‍ കാര്യമില്ല. പക്ഷേ, തങ്ങള്‍ ഫലസ്തീനികള്‍ക്കൊപ്പമാണെന്ന് പറയുകയും അമേരിക്കയുടെ മൂടുതാങ്ങികളായി നിലകൊള്ളുകയും ചെയ്യുന്നവരുടെ കാപട്യമാണ് സഹിക്കാന്‍ കഴിയാത്തത്.

Related Articles