അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരെഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിക്കുമെന്ന് നേരത്തെതന്നെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, യു.എസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകള്‍ കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇസ്രായീലിലെ വലതുപക്ഷരാഷ്ട്രീയനേതൃത്വം വലിയ ഞെട്ടലിലാണ്. തിരെഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഡൊണാള്‍ഡ് ട്രംപിന്റെ വോട്ടുകള്‍ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നും വരുത്തിത്തീര്‍ക്കുന്ന വലിയ തോതിലുള്ള സോഷ്യല്‍ മീഡിയാ ക്യാമ്പയിനുകള്‍ നടത്തുന്ന തിരക്കിലാണ് ഇപ്പോള്‍ അവിടത്തെ വലതുപക്ഷ പ്രവര്‍ത്തകര്‍. ഏതെങ്കിലും തരത്തിലുള്ള അത്ഭുതങ്ങള്‍ ട്രംപിനെ വൈറ്റ് ഹൗസില്‍ വീണ്ടും എത്തിക്കുമെന്ന് അവര്‍ ഇപ്പോഴും വിശ്വസിക്കുന്നു.
ഇസ്രായീലിന്റെ സ്വതന്ത്ര ദേശീയ ചാനലില്‍ തീവ്ര വലതുപക്ഷ അംഗമായ ന്യൂസ്‌കാസ്റ്റര്‍ അവ്രി ഗിലാദ്, ബൈഡനെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടവന്‍ എന്ന് വിശേഷിപ്പിച്ച മറ്റൊരു പത്രപ്രവര്‍ത്തകനെ തിരുത്തുകയും പ്രക്രിയ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ബൈഡനെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടവന്‍ എന്ന് വിശേഷിപ്പിക്കാനായിട്ടില്ലെന്നും പറയുകയുണ്ടായി.
Also read: ചോര തന്നെ കൊതുകിന്നു കൗതുകം
ഇസ്രായീലിനെ സംബന്ധിച്ചെടുത്തോളം എക്കാലത്തെയും മികച്ച അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപെന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിച്ച ഇസ്രായീല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഭാവികമായും ഗീലാദിനൊപ്പം നില്‍ക്കുന്നതില്‍ സന്തോഷിക്കുകയേ ഉള്ളൂ. എന്നാല്‍, യു.എസ് വാര്‍ത്താ ചാനലുകള്‍ ഫലം പുറത്ത് വിട്ട് 12 മണിക്കൂറിന്‌ശേഷം പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും നെതന്യാഹു ആശംസകള്‍ നേരുകയുണ്ടായി. ”ജോ, ഞങ്ങള്‍ക്ക് ഏകദേശം 40 വര്‍ഷത്തോളം വ്യക്തിബന്ധമുണ്ട്. നിങ്ങള്‍ ഇസ്രായീലിന്റെ മികച്ച സുഹൃത്താണെന്നെനിക്കറിയാം, യു.എസും ഇസ്രായീലും തമ്മിലുളള പ്രത്യേക സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ രണ്ടുപേരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’-ഇതായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.
ബൈഡന് അയച്ച സന്ദേശത്തില്‍ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടവന്‍ എന്ന പദം നെതന്യാഹു ഉപയോഗിച്ചിട്ടില്ല. റഷ്യയുടെ വ്‌ലാഡ്മിര്‍ പുടിന്‍, ബ്രസീലിന്റെ ജെയര്‍ ബോള്‍സോനാരോ തുടങ്ങിയ ലിബറല്‍ വിരുദ്ധ അച്ചുതണ്ടിലെ പ്രധാന നേതാക്കള്‍ ഇതുവരെ ബൈഡന്റെ വിജയത്തെ അഭിനന്ദിച്ചിട്ടില്ല. അവര്‍ അന്തിമ ഫലങ്ങള്‍ കാത്തിരിക്കുന്നുവെന്നാണ് വാദിക്കുന്നത്. എന്നാല്‍, നെതന്യാഹു അവരോടൊപ്പം ചേര്‍ന്നില്ലെന്നത് അമ്പരപ്പിക്കുന്നതാണ്. ഇസ്രായീലിലെ പരിചയക്കാര്‍ വര്‍ഷങ്ങളായി അവകാശപ്പെടുന്നതുപോലെ, നെതന്യാഹുവിന് സമ്മര്‍ദ്ദം അനുഭവപ്പെടാമെന്നതിന് ഇത് കൂടുതല്‍ തെളിവാണ്. ഏതൊരു യു.എസ് പ്രസിഡന്റിനെയും ഇസ്രായീല്‍ വലിയതോതില്‍ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണിത്. റഷ്യക്കും ചൈനക്കും ശത്രുവായ വൈറ്റ് ഹൗസിലെ പ്രസിഡന്റിനെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. പക്ഷെ, ഇസ്രായീലിന് അത് കഴിയില്ല.
ബീബി അപകടത്തിലാണ്
ട്രംപ് യുഗത്തിന്റെ അവസാനം നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനില്‍പ്പിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നത് വളരെ വ്യക്തമാണ്. ഇസ്രായീലിലെ കഴിഞ്ഞ 18 മാസത്തിനിടെ നടന്ന മൂന്ന് നിയമസഭാ തിരെഞ്ഞുടുപ്പുകളില്‍, നെതന്യാഹു ട്രംപുമായുള്ള വ്യക്തിപരമായ സൗഹൃദവും ഒരു പരിധി വരെ പുടിനുമായുള്ള ബന്ധവുമായിരുന്നു വ്യാപകമായി അവതരിപ്പിച്ചത്. പ്രചാരണ ഫ്‌ളെയറുകളില്‍ ട്രംപിന്റെ അടുത്ത് നില്‍ക്കുന്ന ഫോട്ടോ വെച്ച്‌കൊണ്ട് താന്‍ ലോകഭൂപടത്തില്‍ വലിയ നേതാക്കളിലൊരാളാണെന്ന് നെതന്യാഹു കാണിച്ചുകൊടുക്കുകയായിരുന്നു.
Also read: സഹജീവികളോടുള്ള സമീപനം
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തിന് ഇനി ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന അറിവ് തന്റെ നാലാം റൗണ്ട് തിരെഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോള്‍ നെതന്യാഹും അനുഭവിക്കും. ഡിസംബര്‍ അവസാനത്തോടെ 2021ലെ ബജറ്റ് അംഗീകരിച്ചില്ലെങ്കില്‍ മറ്റൊരു തിരെഞ്ഞെടുപ്പിലേക്ക് പോകുമെന്ന് ഗാന്റ്‌സും അദ്ദേഹത്തിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും ഭീഷണിപ്പെടുത്തുന്നു. ട്രംപ് അദ്ദേഹത്തെ പിന്തുണക്കാതെ, അദ്ദേഹത്തിനെതിരായ ക്രിമിനല്‍ കേസുകള്‍ ഡിസംബര്‍ ആദ്യത്തില്‍ കോടതിയില്‍ പരിഗണിക്കാനിരിക്കെ നെതന്യാഹു വോട്ടില്‍ പന്തയം വെക്കാന്‍ തീര്‍ച്ചയായും മടിക്കും.
1992ല്‍ താന്‍ ആദ്യമായി നെസറ്റിനായി (ഇസ്രായീല്‍ സര്‍ക്കാറിന്റെ നിയമനിര്‍മാണ സഭ) മത്സരിച്ചപ്പോള്‍ യിത്ഷാക്ക് ഷമീറിന്റെ നേതൃത്വത്തിലുള്ള ലികുഡ് യിത്ഷാക്ക് റാബിനോട് പരാജയപ്പെട്ടത് അദ്ദേഹം തീര്‍ച്ചയായും ഓര്‍ക്കുന്നുണ്ടാവും. ജോര്‍ജ്ജ്.എച്ച്.ഡബ്ല്യൂ ബുഷിന്റെയും ഷമീറിന്റെയും ഭരണകൂടം തമ്മിലുള്ള തുറന്ന വിള്ളലാണ് ആ തോല്‍വിക്ക് കാരണമെന്ന് പൊതുവെ കരുതപ്പെടുന്നു.
അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തണമെന്ന് അന്നത്തെ പ്രധാനമന്ത്രിയോട് യു.എസ് ആവശ്യപ്പെട്ടിരുന്നു. മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്നുള്ള വലിയ തോതിലുള്ള കുടിയേറ്റത്തെ ആഗിരണം ചെയ്യുന്നതിനായി ഇസ്രായീലിന് ആവശ്യമായിരുന്ന പത്ത് ബില്യണ്‍ ഡോളര്‍ വായ്പയുടെ പകരമായിട്ടായിരുന്നു യു.എസ് അത് ആവശ്യപ്പെട്ടത്. എന്നാല്‍ ഷമീര്‍ വിസമ്മതിച്ചു. തുടര്‍ന്ന് യു.എസ് ഭരണകൂടവുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട റാബിനെ ഇസ്രായീല്‍ വോട്ടര്‍മാര്‍ തെരെഞ്ഞെടുത്തു.
ഇസ്രായീലിലെ നിലവിലെ പോളിംഗ് അനുസരിച്ച്, അടുത്ത തിരെഞ്ഞെടുപ്പുകളില്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളി തീവ്രവലതുപക്ഷ അംഗം നഫ്താലി ബെന്നറ്റ് ആയിരിക്കും. അവര്‍ക്ക് യു.എസിലെ ഇവാഞ്ചലിക്കലുകളുമായാണ് കൂടുതല്‍ ബന്ധം. അതേസമയം, ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി തീരെ ബന്ധമില്ല താനും. തീര്‍ച്ചയായും, നെതന്യാഹു ചെയ്തത് പോലെ ട്രംപിന്റെയോ പുടിന്റെയോ അടുത്തയാളാണെന്ന് പറഞ്ഞ് അന്താരാഷ്ട്ര നിലവാരമുള്ള നേതാവായി ബെന്നറ്റ് ഒരിക്കലും സ്വയം അവതരിപ്പിച്ചിട്ടില്ല. അതിനാല്‍, ട്രംപിന്റെ തോല്‍വി നെതന്യാഹുവിനെ ഇനിയും ദുര്‍ബലപ്പെടുത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
Also read: ക്രൈസ്തവര്‍ക്കും മുസ്‌ലിംങ്ങള്‍ക്കുമിടയില്‍ പാലം പണിയുന്ന അധ്യായം
ഒബാമ കാലഘട്ടത്തിലേക്കുള്ള മടക്കം
ആദ്യത്തെ പ്രധാനപ്പെട്ട പ്രശ്‌നം അനെക്‌സേഷനുമായി (കൂട്ടിച്ചേര്‍ക്കല്‍) ബന്ധപ്പെട്ടതാണ്. ഇസ്രായേലും യു.എ.ഇയും ബഹ്‌റൈനും തമ്മിലുള്ള നോര്‍മലൈസേഷന്‍ കരാറുകളെത്തുടര്‍ന്ന് അനക്‌സേഷന്‍ മേശപ്പുറത്ത് നിന്ന് മാറ്റിയെന്ന് ട്രംപ് തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും കൂട്ടിച്ചേര്‍ക്കല്‍ കേവലം നീട്ടിവെച്ചിരിക്കുക മാത്രമാണെന്നാണ് നെതന്യാഹു ഇസ്രായീലീ ജനതയോട് ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ ബൈഡന്റെ പ്രസിഡന്റെ സ്ഥാനം അനെക്‌സേഷന്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാം. അദ്ദേഹം തന്നെ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം പറഞ്ഞതിനെതിരായി വ്യത്യസ്തമായി പെരുമാറുമെന്ന് കരുതാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെയില്ല. അധിനിവേശ വെസ്റ്റ് ബാങ്കോ അതിന്റെ ഭാഗങ്ങളോ കൂട്ടിച്ചേര്‍ക്കാന്‍ നെതന്യാഹു ഒരിക്കലും പദ്ധതിയിട്ടിരുന്നില്ലെന്ന് വാദിക്കുന്ന പലരും ഉണ്ട്, അത് അങ്ങനെയായിരിക്കാം. പക്ഷെ, ചെറിയതോതില്‍ പോലും പിടിച്ചെടുക്കാനുള്ള ഓപ്ഷന്‍ മേശപ്പുറത്ത് നിന്ന് മാറ്റിയിട്ടുണ്ട് എന്നത് ഇസ്രായീലിന്റെ വലതുപക്ഷത്തിന് കനത്ത പ്രഹരം തന്നെയാണ്.
കഴിഞ്ഞ ദശകത്തില്‍, വലതുപക്ഷം ഇസ്രായീലീ ജനതയെ പ്രത്യേകിച്ച സ്വന്തം പ്രവര്‍ത്തകരെ അനെക്‌സേഷന്റെ പേര് പറഞ്ഞ് പറ്റിക്കുകയുണ്ടായി. ഇസ്രായീലിലെ ജൂതന്മാര്‍ക്ക് മാത്രമല്ല, ബാക്കിയുള്ളവര്‍ക്കും പ്രയോജനകരമാവുന്ന വലിയൊരു രാഷ്ട്രീയ വിഷന്‍ ആയിട്ടായിരുന്നു അവര്‍ അത് അവതരിപ്പിച്ചിരുന്നത്. അവസാനം, ഇപ്പോള്‍ ആ വിഷന്‍ തകര്‍ന്നിരിക്കുകയാണ്. അതിന്റെ ആഘാതം ഉടനടി ഉണ്ടാകണമെന്നില്ല, പക്ഷ, പലസ്തീനികളുമായുള്ള ഇസ്രായീലിന്റെ ബന്ധത്തിന് വലതുപക്ഷം യഥാര്‍ഥ രാഷ്ട്രീയ പരിഹാരമല്ലെന്ന ഇസ്രായീലീ ജനങ്ങളുടെ അവബോധത്തിന് മൂര്‍ച്ച കൂടാന്‍ സാധ്യതയുണ്ട്. മറ്റൊരു ചോദ്യം സെറ്റില്‍മെന്റുകളുടെ വിപൂലീകരണത്തെക്കുറിച്ചാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ആദ്യ കാലാവധിയുടെ തുടക്കത്തില്‍തന്നെ ഇസ്രായീലിന് ഒരു സെറ്റില്‍മെന്റ് ഫ്രീസ് ഏര്‍പ്പെടുത്തിയപ്പോള്‍ ട്രംപ് നേരെ വിപരീതനയത്തെയായിരുന്നു അനുകൂലിച്ചത്. അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിനുള്ള ഒത്തുതീര്‍പ്പുകളെ അമേരിക്കന്‍ സര്‍ക്കാര്‍ മേലില്‍ പരിഗണിക്കുന്നില്ലെന്നും ”നൂറ്റാണ്ടിന്റെ കരാര്‍” എല്ലാത്തിനേയും ഇസ്രായീലിന്റെ പ്രദേശത്തിനകത്ത് സ്ഥാപിച്ചതായും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ 2019 നവംബറില്‍ പ്രഖ്യാപിച്ചു.
Also read: ആരെയും അത്ഭുതപ്പെടുത്തുന്ന താക്കോൽ
ബൈഡന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അതിന് നിയമപരമായ സാധുതയില്ലെന്നും പ്രസ്താവിക്കുന്ന പ്രമേയം 2234 ന് അംഗീകാരം നല്‍കാന്‍ അനുവദിക്കുന്ന സമയത്ത്, യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യു.എസ് വിട്ടുനിന്നപ്പോള്‍ അദ്ദേഹം ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു. യു.എന്നിലെ അന്നത്തെ യു.എസ് അംബാസഡറായിരുന്ന സൂസന്‍ റൈസ് ഇപ്പോള്‍ ബൈഡന് കീഴില്‍ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാര്‍ഥിയായി കണക്കാക്കപ്പെടുന്നു. സെറ്റില്‍മെന്റുകളുടെ വിപൂലീകരണം തടയുന്നതിന് ബൈഡന്‍ ഭരണകൂടം യഥാര്‍ഥ നടപടികളെടുക്കുമെന്ന് ഇതിന് അര്‍ഥമില്ല. എന്നിരുന്നാലും സെറ്റില്‍മെന്റുകള്‍ സംബന്ധിച്ച് ഇസ്രായേലില്‍ നിന്ന് ഉത്തരവാദിതത്തം ആവശ്യപ്പെടുന്ന ബെര്‍ണി സാന്റേഴ്‌സിന്റെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ ബൈഡന്‍ കണക്കിലെടുക്കേണ്ടതായി വരും. എന്തൊക്കെയായാലും, വെസ്റ്റ് ബാങ്കിലേയും കിഴക്കന്‍ ജറുസലേമിലെയും ജനവാസ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നതിനെയും ഫലസ്തീന്‍ ഭവനങ്ങള്‍ തകര്‍ക്കുന്നതിനെയും യു.എസ് സര്‍ക്കാര്‍ ശക്തമായി അപലപിക്കുമെന്ന് തീര്‍ച്ചായാണ്. ഇത് സെറ്റില്‍മെന്റുകള്‍ നിര്‍ത്തുകയോ തകര്‍ക്കലുകള്‍ അവസാനിപ്പിക്കുകയോ ചെയ്യില്ലെന്നുറപ്പാണ്. പക്ഷെ, ഇസ്രായീലിന്റെ വേഗത കുറക്കാന്‍ ഇത് ഇടയാക്കും. വിമര്‍ശനങ്ങൡ നിന്നും പൂര്‍ണമായും മുക്തമായ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതും ഒരു പുതുമയായിരിക്കും.
യു.എസിലെ പുരോഗമന സമ്മര്‍ദ്ദം
വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനോ ഇസ്രായീലീ വര്‍ണവിവേചനത്തിനോ ഒരു യഥാര്‍ഥ രാഷ്ട്രീയ പരിഹാരം ബൈഡന്‍ ഭരണകൂടം എത്രത്തോളം പ്രോത്സാഹിപ്പിക്കുമെന്നതാണ് വലിയ ചോദ്യം. ബൈഡന് നല്‍കിയ അഭിനന്ദന സന്ദേശത്തില്‍, സമാധാന പ്രക്രിയ പുനരാരംഭിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ മെറെറ്റ്‌സ് പാര്‍ട്ടി (ഇസ്രായീലിലെ ഇടതുപക്ഷ, സാമൂഹിക-ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മെറെറ്റ്‌സ്) ചെയര്‍മാന്‍ നിറ്റ്‌സാന്‍ ഹൊറോവിറ്റ്‌സ് ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രായീലിലെ തീവ്രഇടതുപക്ഷത്തെപ്പോലെ ഫലസ്തീനികളെയും ഭയപ്പെടുത്തുന്ന കാര്യം 30 വര്‍ഷമായി തുടരുന്ന അതേ വരണ്ട സമാധാനപ്രക്രിയ ബൈഡന്‍ പുനരാരംഭിക്കുമോ എന്നതാണ്. അത് അങ്ങേയറ്റം സ്ഥിതിഗതികള്‍ വഷളാക്കുന്നതാണ്.
ഫലസ്തീന്‍ അതോറിറ്റിക്ക് (പി.എ) ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം ബൈഡന്‍ റദ്ദാക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്, ബൈഡന്‍ ഭരണകൂടം വാഷിംഗ്ടണിലെ ഫലസ്തീന്‍ പ്രതിനിധി ഓഫീസ് വീണ്ടും തുറക്കുമെന്നും ഫലസ്തീനികള്‍ക്ക് സാമ്പത്തിക സഹായം പുതുക്കുമെന്നും പി.എയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്നും ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായീലിനെ സംബന്ധിച്ചെടുത്തോളം ഒരു കാരണവശാലും ഇത് മോശം വാര്‍ത്തയല്ല. പി.എ നിലനില്‍ക്കണമെന്ന് ഇസ്രായീല്‍ എല്ലായിപ്പോഴും ആഗ്രഹിച്ചിരുന്നു.
Also read: ഹജ്ജ് എംബാര്‍ക്കേഷന്‍: കരിപ്പൂരിനെ അവഗണിക്കുന്നതിന് പിന്നില്‍ ?
ബൈഡന്‍ തീര്‍ച്ചയായും രണ്ട് സ്‌റ്റേറ്റിന്റെ പരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് പുനരാരംഭിക്കും. എന്നാല്‍ ഇത് വെറും സംസാരമായി തുടരാനും സാധ്യതയുണ്ട്. ഇസ്രായീലും ഫലസ്തീനികളും തമ്മിലുള്ള ചര്‍ച്ചകളും പുനരാരംഭിച്ചേക്കാം, എന്നാല്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് പിന്മാറാനും ജനവാസ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റാനും ബൈഡന്‍ ഇസ്രായീലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള സാധ്യത ഫലത്തില്‍ കുറവാണ്. എല്ലാത്തിനുമുപരി, അദ്ദേഹം ഒരു സയണിസ്റ്റ് ആയി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബൈഡന്‍ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ആഗ്രഹിക്കുന്നുണ്ട്. ഫലസ്തീനികള്‍ക്ക് സ്വാതന്ത്രത്തിന് അര്‍ഹത ഉള്ളതിനാലോ ഫലസ്തീന്റെ കോളനിവത്കരണം ആഗ്രഹിക്കുന്നതിനാലോ അല്ല, മറിച്ച് ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇസ്രായീലിനെ ശക്തരാക്കും.
എന്നിട്ടും, പുതിയ യു.എസ് ഭരണകൂടത്തെക്കാള്‍ ദുര്‍ബലമായ അവസ്ഥയിലാണ് ഇസ്രായേല്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമനവാദികള്‍ക്ക് ഇതുവരെ അന്തിമ അഭിപ്രായം ഉണ്ടായിട്ടില്ല, ഫലസ്തീനികള്‍ക്കായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ ബൈഡനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്. സെനറ്റിന്റെ റിപ്പബ്ലിക്കന്‍ നിയന്ത്രണം മറികടന്ന് കോണ്‍ഗ്രസ്സില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ബൈഡന് പ്രയാസമുണ്ടാകുമെന്ന വസ്തുത നിലനില്‍ക്കുന്നതുകൊണ്ടുതന്നെ, കോണ്‍ഗ്രസ്സിന്റെ അംഗീകാരം ആവശ്യമില്ലാത്ത അന്താരാഷ്ട്ര രംഗത്ത് സജീവമാകാന്‍ അത് അദ്ദേഹത്തെ പ്രേരിപ്പിക്കേണ്ടതുണ്ട്.
കൂടാതെ, യു.എസിലെ ഫലസ്തീന്‍ അനുകൂല ലോബി മുമ്പത്തെക്കാള്‍ കൂടുതല്‍ സ്വാധീനം നേടിയ സമയമാണിത്. സമാധാനത്തിനായി അമേരിക്കക്കാര്‍ സംഘടിപ്പിച്ച റാബിന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പ്രതിനിധി അലക്‌സാണ്ട്രിയ ഓകാസിയോ-കോര്‍ട്ടെസിന്റെ തീരുമാനം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബൈഡന്‍ ഭരണകൂടവുമായി ഇസ്രായീല്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായിരിക്കും ഇത്. വാഷിംഗ്ടണില്‍ നിന്ന് സമ്മര്‍ദ്ദം നേരിടുന്നുവെങ്കില്‍, ഇസ്രായീല്‍ വലതുപക്ഷത്തിന് അവിടത്തെ ഭരണകൂടത്തെ സ്വാധീനിക്കാന്‍ കഴിയില്ല. പുരോഗമനവാദികളുടെ ഗണ്യമായ സാന്നിധ്യം സഭയിലുണ്ട്. യു.എസിലെ 75 ശതമാനത്തിലധികം ജൂതസമൂഹവും ബൈഡനായിരുന്നു വോട്ട് ചെയ്തിരുന്നത്.
കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ഒബാമയുടെ നയങ്ങളെ വെല്ലുവിളിക്കുന്ന നെതന്യാഹുവിന്റെ നാടകം ബൈഡന്‍ കാലഘട്ടത്തില്‍ വീണ്ടും ആവര്‍ത്തിക്കല്‍ നടക്കില്ല, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍.
Also read: പൂര്‍ണമുസ്‌ലിമിന്റെ രൂപീകരണം
നെതന്യാഹുവിനും ഇസ്രായീല്‍ വലതുപക്ഷത്തിനും വൈറ്റ് ഹൗസില്‍ കേവലം ഒരു സൂഹൃത്തിനെ നഷ്ടപ്പെടുക മാത്രമല്ല ചെയ്തത്, മറിച്ച് ട്രംപ് വകവെച്ചുനല്‍കിയ പരിധിയില്ലാത്ത സ്വതന്ത്ര്യമാണ് ഇതോടെ ഇല്ലാതായത്. ഈ മാറ്റത്തിന്റെ യഥാര്‍ഥ ഫലങ്ങള്‍ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
(ഇസ്രായേലി പത്രപ്രവര്‍ത്തകനും എഴുത്തുകാരുനുമാണ് മെറോണ്‍ റാപ്പാപോര്‍ട്ട്. ഫലസ്തീന്‍ ഉടമകളില്‍ നിന്ന് ഒലീവ് മരങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് നാപോളി ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ ജേണലിസം അവാര്‍ഡ്. ഹെയര്‍ട്‌സിലെ വാര്‍ത്താ വകുപ്പിന്റെ മുന്‍ മേധാവിയും ഇപ്പോള്‍ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനുമാണ്.)
വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര