Current Date

Search
Close this search box.
Search
Close this search box.

സത്യസാക്ഷികളെ അരുംകൊല ചെയ്യുന്ന സീസി ഭരണകൂടം

സത്യത്തിന്‍റെ പക്ഷത്തു അടിയുറച്ചു നില്‍ക്കുന്ന രാഷ്ട്രീയ എതിരാളികള്‍ ദുര്‍ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നം തന്നെയാണ്. സത്യം എല്ലാകാലത്തും സ്വേച്ഛാധിപതികളെ ഉറക്കംകെടുത്തിയിട്ടേയുള്ളു. അതുകൊണ്ടാണ് നിലവിലെ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലിട്ട് പീഡിപ്പിച്ച് കൊല്ലേണ്ടി വന്നത്, ശേഷം അദ്ദേഹത്തിന്‍റെ മകന്‍ അബ്ദുല്ലയെയും.

മുര്‍സി മരണപ്പെട്ട് മൂന്ന് മാസങ്ങള്‍ കഴിയുമ്പോഴേക്കും അദ്ദേഹത്തിന്‍റെ മകന്‍ മുഹമ്മദും മരണപ്പെട്ടിരിക്കുന്നു. പട്ടാളഭരണകൂടം തന്‍റെ പിതാവിനോട് കാണിച്ച അനീതി അബ്ദുല്ലയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അബ്ദുല്ലക്ക് ഈ ഭൂമിയില്‍ നീതി ലഭിച്ചില്ല,ഒരല്‍പ്പമെങ്കിലും മനുഷ്യത്വം ഉള്ളവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് മുര്‍സിയോട് സീസി ഭരണകൂടം ചെയ്തത്. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുര്‍സി കൊല്ലപ്പെട്ടത്. ഏകാന്ത തടവറയിലായിരുന്നു അദ്ദേഹം തടവിലിടപ്പെട്ടത്, വൈദ്യസഹായവും മരുന്നുകളും ലഭിച്ചിരുന്നില്ല, കൂടാതെ ജയിലില്‍ വെച്ച് അദ്ദേഹത്തെ കാണാന്‍ ആര്‍ക്കും അനുവാദവും ഉണ്ടായിരുന്നില്ല. ആറു വര്‍ഷക്കാലത്തോളം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കു അദ്ദേഹത്തോട് ഒരു വാക്ക് പോലും സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സാരം. ശരിയായ രീതിയിലുള്ള ശവസംസ്കാര ചടങ്ങുപോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഇളയമകനും കൊല്ലപ്പെട്ടിരിക്കുന്നു. പിതാവിനു സംഭവിച്ചത് മകനും സംഭവിച്ചിരിക്കുന്നു, എന്താണ് മരണകാരണം എന്ന് അവ്യക്തം. പെട്ടെന്ന് ഒരു ദിവസം അവര്‍ മരണപ്പെടുന്നു, കനത്ത സുരക്ഷാവലയത്തില്‍ രാത്രിക്കു രാത്രി മറമാടുകയും ചെയ്യുന്നു. അബ്ദുല്ലയുടെ മാതാവിനു മാത്രമാണ് സംസ്കാരത്തില്‍ പങ്കെടുക്കാന്‍ സീസി ഭരണകൂടം അനുവാദം നല്‍കിയത്.

ലോകത്തിനു മുന്നില്‍, സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പിലൂടെ, രാഷ്ട്രത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി, ഈജിപ്ഷ്യന്‍ ജനങ്ങള്‍ തങ്ങളുടെ പ്രസിഡന്‍റായി മുഹമ്മദ് മുര്‍സിയെ തെരഞ്ഞെടുക്കുമ്പോള്‍ അബ്ദുല്ലക്ക് 17 വയസ്സായിരുന്നു. 7000 വര്‍ഷക്കാലത്തെ ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റായിരുന്നു മുര്‍സി. അധികാരമേറ്റതിനു ശേഷം, ഡീപ്പ് സ്റ്റേറ്റും, മാധ്യമങ്ങള്‍, ജുഡീഷ്യറി, പോലീസ് സംവിധാനങ്ങളിലെ ഡീപ്പ് സ്റ്റേറ്റ് പണിയാളുകളും പ്രസി‍ഡന്‍റിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും നേര്‍ക്ക് ആക്രമണം ആരംഭിച്ചു, പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ ഇളയമകനെതിരെ. ഒരു രാഷ്ട്രത്തിന്‍റെ സംവിധാനങ്ങള്‍ ഒന്നടങ്കം തന്‍റെ കുടുംബത്തെ വേട്ടയാടിപ്പോള്‍, സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും അബ്ദുല്ലയുടെ മുന്നില്‍ ഉണ്ടായിരുന്നില്ല.

മുര്‍സിയും അദ്ദേഹത്തിന്‍റെ മകന്‍ ഒസാമയും ഏഴു വര്‍ഷം തടവില്‍ കഴിഞ്ഞു. മാതാവിന് അബ്ദുല്ല മാത്രമായിരുന്നു തുണ. ഈ ഏഴു വര്‍ഷക്കാലം അനുഭവിച്ച വേദനയും, സൈനിക അട്ടിമറി ഉണ്ടാക്കിയ അന്തഃസംഘര്‍ഷവുമാണ് അബ്ദുല്ലയുടെ ഇളംമനസ്സിനെ കരുത്തുറ്റതാക്കി മാറ്റിയത്. അവനൊരു നല്ല മനുഷ്യനായിരുന്നു, തന്‍റെ കുടുംബത്തിനു വേണ്ടി സംസാരിക്കുക എന്ന ഉത്തരവാദിത്തം വിധി അവനെയാണ് ഏല്‍പ്പിച്ചത്. അസാമാന്യ ധൈര്യവും കരുത്തും അവന്‍ പ്രദര്‍ശിപ്പിച്ചു, രാജ്യത്തിന്‍റെ ദുരിതാവസ്ഥയെ സംബന്ധിച്ച് അവനു ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്നു. പിതാവിന്‍റെ അവകാശങ്ങള്‍ക്കു വേണ്ടി അവന്‍ നിലകൊണ്ടു. പിതാവിന്‍റെ മരണശേഷം, അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍, താന്‍ പിതാവിനെ പോലെയാണെന്നും, പട്ടാള ഭരണകൂടത്തിന്‍റെ ഭയപ്പെടുത്തലിനും അടിച്ചമര്‍ത്തലിനും മുന്നില്‍ ഒരിക്കലും അടിയറവു പറയില്ലെന്നും അബ്ദുല്ല അസന്നിഗ്ദമായി പറഞ്ഞിരുന്നു.

“അമ്പത് ആളുകള്‍ അടങ്ങിയതാണ് മുര്‍സി കുടുംബം, ഞങ്ങളെല്ലാവരും ഒരോരുത്തരായി കൊല്ലപ്പെട്ടാലും, അറസ്റ്റ് ചെയ്യപ്പെട്ടാലും ശരി, ഞങ്ങള്‍ പിന്‍മാറുകയില്ല. ഞങ്ങള്‍ പിതാവിനൊപ്പം തന്നെ നിലകൊള്ളും, അങ്ങനെയാണ് അദ്ദേഹം ഞങ്ങളെ വളര്‍ത്തിയത്. അറസ്റ്റ് ചെയ്യപ്പെടാനും, കൊല്ലപ്പെടാനും എനിക്കു മടിയില്ല, ദൗര്‍ബല്യത്തിന്‍റെ ഒരടയാളം പോലും ഭരണകൂടത്തിന് ഞങ്ങളില്‍ കാണാന്‍ കഴിയില്ല.” അബ്ദുല്ല പറഞ്ഞു.

പിതാവിന്‍റെ മരണശേഷം അബ്ദുല്ല കൂടുതല്‍ കരുത്തനാവുകയാണ് ഉണ്ടായത്. മുര്‍സി എന്തിനു വേണ്ടിയാണോ നിലകൊണ്ടത്, അതിനോടുള്ള ആത്മാര്‍ഥതയും പ്രതീക്ഷയും പ്രസരിക്കുന്നതായിരുന്നു അബ്ദുല്ലയുടെ അഭിമുഖങ്ങളും പ്രസ്താവനകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും.മുര്‍സിയെ പോലെ തന്നെയായിരുന്നു അബ്ദുല്ലയും, അതുകൊണ്ടാണ് മുര്‍സിയെ വധിച്ചവരെ സംബന്ധിച്ചിടത്തോളം അബ്ദുല്ല ഒരു പേടിസ്വപ്നമായി മാറിയത്. അതുകൊണ്ടു തന്നെയാണ് അബ്ദുല്ലയെ വധിക്കാന്‍ അവര്‍ തീരുമാനിച്ചതും. എന്നാല്‍, സത്യത്തിനു വേണ്ടി പോരാടുന്നവര്‍ ഉണര്‍ന്നിരിക്കുന്ന കാലത്തോളം, ദുഷ്ടശക്തികള്‍ ദുസ്വപ്നങ്ങള്‍കണ്ടുകൊണ്ടിരിക്കും.

രക്തസാക്ഷിത്വം വരിച്ച പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ വഴിയെ തന്നെയാണ് അദ്ദേഹത്തിന്‍റെ സന്താനങ്ങളും സഞ്ചരിക്കുന്നത്. ആത്മാഭിമാനവും അന്തസ്സും ഉത്തരവാദിത്വബോധവും അവരുടെ സവിശേഷതയാണ്. മുര്‍സിയെ പൊതുജനത്തിനു മുന്നില്‍ ഇകഴ്ത്തിക്കാട്ടുന്നതിനു വേണ്ടി സുരക്ഷാ ഏജന്‍സി കെട്ടിച്ചമച്ച കഥകള്‍ പടച്ചുവിട്ടിരുന്നു. എന്നാല്‍, ആരും തന്നെ അത് വിശ്വാസത്തിലെടുക്കാത്തിന്‍റെ ഫലമായി പ്രസ്തുത കള്ളങ്ങള്‍ പെട്ടെന്നു തന്നെ അപ്രത്യക്ഷ്യമാവുകയും ചെയ്തു.

അബ്ദുല്ലയുടെ മരണം നമ്മുടെ പരാജയമാണ്. അതു നമ്മെ കൂടുതല്‍ വേദനിപ്പിക്കുന്നു. ദുഃഖവും ക്ഷോഭവും സങ്കടവും കോപവും സമ്മിശ്രമായ ഒരു വികാരമാണ് നമ്മുടെ ഉള്ളില്‍ വേവുന്നത്. കരുണാമയനായ ദൈവം തമ്പുരാന്‍ ധീരനായ അബ്ദുല്ല മുര്‍സിയുടെ മേല്‍ കാരുണ്യം ചൊരിയുമാറാവട്ടെ, അദ്ദേഹത്തെ മാതാവിന് ക്ഷമിക്കാനുള്ള കരുത്ത് നല്‍കട്ടെ. മുര്‍സി കുടുംബമേ, ക്ഷമയോടെ കാത്തിരിക്കൂ, വിജയംസുനിശ്ചിതമാണ്.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: middleeastmonitor

Related Articles