Current Date

Search
Close this search box.
Search
Close this search box.

അറബ് സ്വേച്ഛാധിപതികൾ വിജയിച്ചിരിക്കാം

‘2011-ൽ അറബ് ലോകത്തെമ്പാടുമുള്ള നഗരങ്ങളിലെ തെരുവുകളിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തിന്റെ ആദ്യ തരംഗം കടന്നുപോയി. പക്ഷേ, ആ തെരുവുകളിലും കോടിക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും ഓർമ്മകളിലും ഇപ്പോഴും അതിന്റെ തീക്കനൽ ജ്വലിച്ച് നിൽക്കുന്നു.’

അറബ് വസന്തത്തിൽ വിരിഞ്ഞ ഒരു രാഷ്ട്രത്തിന്റെ കൂടെ ശവസംസ്കാരം നടന്ന വർഷമായിരുന്നു 2021. ഇസ്ലാമിസ്റ്റുകൾ ആധിപത്യം പുലർത്തുകയോ പിന്തുണയ്ക്കുകയോ ചെയ്ത ഗവൺമെന്റുകളും പാർലമെന്റുകളും ബാലറ്റ് ബോക്സിലൂടെ അധികാരം നേടിയ മറ്റുള്ളവരും തുണീഷ്യയിലും മൊറോക്കോയിലും പുറന്തള്ളപ്പെട്ടു.

കഴിഞ്ഞ വേനൽക്കാലത്ത്, ടുണീഷ്യൻ പ്രസിഡന്റ് കെയ്‌സ് സെയ്ദ് പാർലമെന്റ് മരവിപ്പിക്കുകയും, പ്രധാനമന്ത്രിയെ പിരിച്ചുവിട്ട് പ്രസിഡൻഷ്യൽ ഭരണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ടുണീഷ്യ അതിന്റെ കഴിഞ്ഞ ദശകങ്ങളിൽ രക്ഷപെടാൻ ശ്രമിച്ചു കൊണ്ടിരുന്ന അതേ അധികാരനിഴലിൽ തന്നെ അകപ്പെടുകയായിരുന്നു.

ടുണീഷ്യയിലെ ഇസ്‌ലാമിസ്റ്റുകൾ പാർലമെന്റിന്റെ അടഞ്ഞ ഗേറ്റുകൾക്ക് മുമ്പിൽ, ഒരു വിഷലിപ്തമായ രാഷ്ട്രീയ ബ്രാൻഡ് പോലെ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തു.
സെയ്ദിന്റെ മതേതര എതിരാളികളിൽ ചിലർ അവർക്കുവേണ്ടി തെരുവിലിറങ്ങാൻ ആദ്യം തയ്യാറായി എങ്കിലും പൊതുജനാഭിപ്രായത്തിന്റെ വേലിയേറ്റം തങ്ങൾക്കെതിരെ തിരിഞ്ഞതായി മനസ്സിലാക്കിയ അന്നഹ്ദയുടെ നേതാവും അറബ് വസന്തത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളുമായ റചെദ് ഗന്നൂച്ചി, മൂർത്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട തങ്ങളുടെ പ്രസ്ഥാനത്തിന്റെ പങ്ക് തുറന്ന് സമ്മതിച്ചു.അതോട് കൂടി എല്ലാവരും അറബ് വസന്തത്തിന്റെ ചരമക്കുറിപ്പ് എഴുതി.

പൊളിറ്റികൽ ഇസ്ലാമിനെ അക്രമാസക്തരായ റാഡിക്കലുകളുമായി കൂട്ടിയിണക്കുന്നത് ഇപ്പോഴും നിർത്തിയിട്ടില്ലാത്ത പാശ്ചാത്യർ അതോടെ കൂട്ടാമായി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. അറബ് വസന്തം ഒരു ഇസ്ലാമിക ശീതകാലമായി മാറിയിരുന്നില്ലേയെന്ന് അവർ സ്വയം ഓർമ്മിപ്പിച്ചു.

മുൻ യുഗോസ്ലാവിയ, ജോർജിയ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നതുപോലെ, സാമ്രാജ്യങ്ങളെ മറിച്ചിടാൻ കെൽപുള്ള, സിഐഎയുടെ തലയിൽ വിരിഞ്ഞ മറ്റൊരു “വർണ്ണ വിപ്ലവം” ആയിട്ടാണ് റഷ്യക്കാർ അറബ് വസന്തത്തെ കണ്ടത്.

ചൈനക്കാർ ജനാധിപത്യത്തിന്റെ ഈ തകർച്ചയെ ഉയിഗറുകൾക്കെതിരായ തങ്ങളുടെ തുടർച്ചയായ പ്രചാരണത്തിന്റെ ന്യായീകരണമായി കണ്ടു. ഇറാനികൾക്ക് മുസ്ലീം ബ്രദർഹുഡുമായി സങ്കീർണ്ണമായ ബന്ധമുണ്ടായിരുന്നു, എങ്കിലും ഇസ്ലാമിന്റെ ഏക പ്രതിനിധാനം എന്നത് ഇസ്ലാമിക് റിപ്പബ്ലിക് എന്ന അവകാശവാദത്തെ അവർ ഒരിക്കലും സ്വാഗതം ചെയ്തില്ല.അവസാനമായി, ഏറ്റവും കുറഞ്ഞത്, അവരും അറബ് രാജകുമാരന്മാർ തന്നെയായിരുന്നു.

ഒരു ഓർവെലിയൻ മിശ്രിതം

അറബ് രാജകുമാരന്മാർ അട്ടിമറിച്ച ജനാധിപത്യം പ്രദർശിപ്പിക്കുന്ന ട്രോഫി കാബിനറ്റിൽ അവസാനമായി ഇടംപിടിച്ചത് ടുണീഷ്യയുടെ അസ്ഥികളായിരുന്നു. ഒരു യുവ തലമുറയിലെ സ്വേച്ഛാധിപതികളുടെ വിജയമായിരുന്നു ഇത്.
ഇനിമുതൽ, അറബ് രാഷ്ട്രത്തിന് ഒരു മാതൃക മാത്രമേ നിലവിലുണ്ടാവൂ – ഒരു സമ്പൂർണ്ണ ഭരണാധികാരിയോ, സൈനികമായതോ, രാജകീയമായതോ ആയിക്കോട്ടെ രഹസ്യ പോലീസ്, പ്രത്യേക സേന, വിലക്ക് വാങ്ങിയ ഒരു പറ്റം പത്രപ്രവർത്തകർ എന്നിവരാൽ നിർമ്മിച്ച ഒരു ഘടനയ്ക്ക് മുകളിൽ ആയിരിക്കും അത്.

മസ്തിഷ്ക നിയന്ത്രണത്തിലൂടെയും അടിച്ചമർത്തലിലൂടെയും രാജ്യം ഭരിക്കുന്ന ഒരു യഥാർത്ഥ ഓർവെലിയൻ മിശ്രിതമാണ് അവിടെയുള്ളത് . അവരുടെ കൈകളിൽ, ഇന്റർനെറ്റ് പൗരനിരീക്ഷണത്തിനുള്ള ഒരു ഉപകരണമായി മാറി.

പ്രതിപക്ഷം, മതേതരമോ ഇസ്ലാമികമോ ആകട്ടെ, ജയിലിൽ കിടന്ന് അവസാനിച്ചു., അവരിൽ പലരും അവിടെ വച്ച് മരിച്ചു. ഓടിപ്പോകാൻ കഴിയാത്തവർ അയൽവാസികൾ അവരെ ഒറ്റുകൊടുക്കുന്നതിനായി കാത്തിരിക്കും. നിങ്ങളുടെ വിധി തീരുമാനിക്കാൻ ഒരു ട്വീറ്റ് മതിയാകും. പലായനം ചെയ്തവർ, ഫലത്തിൽ ബന്ദികളാക്കിയ കുടുംബങ്ങളുടെ ഗതിയെക്കുറിച്ച് കാലാകാലം ആശങ്കാകുലരായി കൊണ്ടേയിരിക്കും.

ഡൊണാൾഡ് ട്രംപിന്റെ “ഇഷ്ടതോഴനായ”ഈജിപ്തിലെ സ്വേച്ഛാധിപതി അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ പുനരുത്ഥാനവും കഴിഞ വർഷം തന്നെയായിരുന്നു.ബൈഡനു കീഴിലും അയാൾ തുടർന്നു കൊണ്ടിരിക്കും സീസി ഒരു മികച്ച തന്ത്രജ്ഞനാണ് അയാൾ ഈജിപ്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

കഴിഞ്ഞ മേയിൽ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിച്ചതിൽ നയതന്ത്രപരമായി നിർണായക പങ്ക്” വഹിച്ചതിന് സീസിയോടും അദ്ദേഹത്തിന്റെ മധ്യസ്ഥ സംഘത്തോടും ബൈഡൻ തന്റെ “ആത്മാർത്ഥമായ നന്ദി” രേഖപെടുത്തിയിരുന്നു.

ഈജിപ്ഷ്യൻ സ്വേച്ഛാധിപതി ഒരു അന്താരാഷ്‌ട്ര പരാക്രമകാരി എന്നതിൽ നിന്ന് വ്യത്യസ്‌തമായി ഒരു പ്രാദേശിക റോൾ മോഡലായി മാറിയിരിക്കുന്നു. ടുണീഷ്യയിലെ സൈദും , സുഡാനിലെ ജനറൽ അബ്ദൽ ഫത്താഹ് അൽ-ബുർഹാനിയും സീസിയുടെ ഉപദേശത്തിനായി കാത്തിരിക്കുന്നു.

സെയ്ദ് അധികാരം പിടിച്ചെടുക്കുമ്പോൾ ഈജിപ്ഷ്യൻ മിലിട്ടറി ഇന്റലിജൻസ് അംഗങ്ങൾ കാർത്തേജിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലായിരുന്നു. ഈജിപ്തിന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ അബ്ബാസ് കമലും അൽ-ബുർഹാന്റെ ഒക്ടോബറിലെ അട്ടിമറിക്ക് ദിവസങ്ങൾക്ക് മുമ്പ് സുഡാനിലുണ്ടായിരുന്നു. പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് ” പുറത്താക്കപെടണമെന്ന്” അദ്ദേഹം ബുർഹാനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

നാട്ടിലെ സൈനിക അട്ടിമറികളുടെ മുഖ്യ സൂത്രധാരനായ സീസി ഇപ്പോൾ അവ കയറ്റുമതിയും ചെയ്യുന്നു. .
തന്റെ കാലവും വ്യത്യസ്തമല്ലെന്ന് ബൈഡൻ ഓർമപെടുത്തുകയാണ് അധികാര ലോകത്ത് അയാളും ചിലത് എഴുതി ചേർക്കുകയാണ്.

കളികൾ അവസാനിച്ചോ?

2011-ൽ അറബ് ലോകത്തെ തൂത്തുവാരിയ വിപ്ലവത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയോ ? സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ആ പ്രതീക്ഷകളും മത്തുപിടിപ്പിക്കുന്ന സ്വപ്നങ്ങളും എല്ലാം വായുവിൽ ആവിയായിപ്പോയോ? അതൊരു ധീരവും എന്നാൽ ആത്യന്തികമായി നശിച്ചതുമായ ഒരു ഭാഗ്യപരീക്ഷണമായിരുന്നോ?

തഹ്‌രീർ സ്‌ക്വയറിന്റെ ഇരുവശവും, മതേതരവാദികളും ഇസ്‌ലാമിസ്റ്റുകളും, വലിയ തെറ്റുകൾ വരുത്തി, അവർ ഓരോരുത്തരും അവരെ തന്നെ ഒറ്റുകൊടുക്കുന്ന സൈന്യത്തിൽ വിശ്വാസം അർപ്പിച്ചു.

ഏറ്റവും അവസാനത്തെ പിഴവ് പരിശോധിച്ചാൽ അത് സെയ്ദിന്റെ സ്ഥാനാർത്ഥിത്വത്തെ അന്നഹ്ദ പിന്തുണച്ചു എന്നതാണ്. അന്നഹ്ദക്ക് സൈദിന്റെ അവിടെയുള്ള ഭൂതകാല ചരിത്രത്തിലേക്ക് കുറച്ചുകൂടി ആഴത്തിൽ നോക്കാമായിരുന്നു.
ഈജിപ്തിൽ ഈ പരീക്ഷണം ഒരു വർഷം നീണ്ടുനിന്നു. മുഹമ്മദ് മുർസി ഓഫീസിലുണ്ടായിരുന്നു. എന്നാൽ നമ്മളറിയും പോലെ അയാൾ ശരിക്കും അധികാരത്തിൽ ഉണ്ടായിരുന്നില്ല. ടുണീഷ്യയുടെ പരീക്ഷണം 10 വർഷത്തേക്ക് ഒന്നിന് പുറകെ ഒന്നായി ഒത്തുതീർപ്പുകളിലൂടെ കടന്നുപോയി, എന്നാൽ, അക്കാലത്ത് കൂടുതലും അന്നഹ്ദ ഓഫീസിലോ അധികാരത്തിലോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, എതിർക്കപെടാത്ത സർക്കാരുകൾ ചെയ്ത തെറ്റുകൾക്ക് അവർ കുറ്റപ്പെടുത്തപ്പെട്ടു. എന്നാൽ ഇരയുടെ മേൽ കുറ്റകൃത്യം കെട്ടിവെക്കാനുള്ള തിരക്കിനിടയിൽ, നിരീക്ഷണവിദഗ്ധർക്ക് ഒരു പ്രധാന പോയിന്റ് നഷ്‌ടമായി. അത് അവരുടെ മുഖത്തേക്ക് ഉറ്റുനോക്കുന്നുണ്ടായിരുന്നു.

ബ്രദർഹുഡ് മരിച്ച് കുഴിച്ചുമൂടപ്പെട്ടിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ,നിർഭാഗ്യവശാൽ അറബ് രാഷ്ട്രം അതിതീവ്രമായ നാശത്തിലാണ് എന്ന്, ഞാൻ വാദിക്കുകയാണ്.

ദൂരവ്യാപകമായ അട്ടിമറികളുടെ ഉപചാപകർക്ക് സ്വന്തം രാജ്യങ്ങൾ ഭരിക്കാൻ കഴിയില്ല. ലളിതമായി പറഞ്ഞാൽ അവർക്ക് ഭരണം എങ്ങനെയെന്ന് അറിയില്ല. അത് അവരുടെ ഡിഎൻഎയിൽ ഇല്ല എന്ന് തന്നെ പറയാം. ഈജിപ്തിലെ ജനുവരി വിപ്ലവത്തിന്റെ മൂന്ന് ആവശ്യങ്ങൾ ഓർത്തു നോക്കൂ “അപ്പം, സ്വാതന്ത്ര്യം, സാമൂഹിക നീതി” എന്നതായിരുന്നു അത് . ഇതെല്ലാം വച്ച് നോക്കുമ്പോൾ 2013ൽ മുർസിക്കെതിരെ സീസി സൈനിക അട്ടിമറി നടത്തിയതിനേക്കാൾ 2021ൽ ഈജിപ്ത് ദുർബലമാണ് എന്ന് മനസ്സിലാക്കാം.

ദുർബലമായ ഈജിപ്ത്

2010ൽ ഈജിപ്തിന്റെ ജിഡിപിയുടെ വളർച്ച അഞ്ച് ശതമാനത്തിലേറെയായിരുന്നു. 2020ൽ ഇത് 3.6 ശതമാനമായി കുറഞ്ഞു. 2010ൽ വിദേശ കടം ജിഡിപിയുടെ 15.9 ശതമാനമായിരുന്നു 2020ൽ ഇത് 34.1 ശതമാനമായി. ആഭ്യന്തര പൊതുകടം ജിഡിപിയുടെ 76.2 ശതമാനമായിരുന്നു 2020ൽ അത് 81.5 ശതമാനമായി ഉയർന്നു. വിദേശ കടം 2010 ൽ 33.7 ബില്യൺ ഡോളറിൽ നിന്ന് 2020 ൽ 123.5 ബില്യൺ ഡോളറായി.

ഈ കണക്കുകളെല്ലാം സെൻട്രൽ ബാങ്ക് ഓഫ് ഈജിപ്തിന്റെ രേഖകളിൽ നിന്ന് എടുത്തതാണ്. ഈ കണക്കുകൾ കൊവിഡ്-19 കൊണ്ട് കൂടുതൽ വഷളായി. 2021 ജൂൺ വരെയുള്ള സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് കമ്മി 11.2 ബില്യൺ ഡോളറിൽ നിന്ന് 18.4 ബില്യൺ ഡോളറായി .വിനോദസഞ്ചാരം കുത്തനെ ഇടിഞ്ഞതിന് ശേഷം വ്യാപാരക്കമ്മി 36.47 ബില്യണിൽ നിന്ന് 42.06 ബില്യൺ ഡോളറായി ഉയർന്നു.

സമ്പദ്‌വ്യവസ്ഥയിലെ വിദഗ്ധനും അൽ അഹ്‌റാം ഫൗണ്ടേഷന്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ മംദൂഹ് അൽ വാലിയുടെ അഭിപ്രായത്തിൽ, ഈജിപ്ത് വലിയൊരു കടബാധ്യതയിൽ ബുദ്ധിമുട്ടുകയാണ്. വിദേശ-ആഭ്യന്തര പൊതു കടത്തിന്റെ പലിശ തിരിച്ചടയ്ക്കുന്നത് ഇപ്പോൾ ബജറ്റിന്റെ 44 ശതമാനം വരും, അതായത് ശമ്പളത്തിന്റെ ഇരട്ടിയും, സബ്‌സിഡികളുടെ കണക്കിന്റെ മൂന്നിരട്ടിയും, സർക്കാർ നിക്ഷേപങ്ങളുടെ നാലിരട്ടി ശതമാനവുമാണത്.

ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് യഥാർത്ഥ പ്രത്യാഘാതങ്ങളുണ്ട്. ദാരിദ്രനിരക്കിന്റെ ഔദ്യോഗിക കണക്കുകൾ ആരും വിശ്വാസത്തിലെടുക്കാറില്ല എങ്കിലും ഔദ്യോഗിക രേഖകൾ പ്രകാരം അത് 32.5 ശതമാനം ഉയർന്ന് 2019/20ൽ 29.7 ശതമാനമായി നേരിയ കുറവനുഭവപ്പെട്ടു. എന്നാൽ ഏറ്റവും പുതിയ മസാജ് ചെയ്ത കണക്ക് പോലും 2014ൽ സീസി ചുമതലയേറ്റ സമയത്തേക്കാൾ കൂടുതലാണ് ദരിദ്രർ എന്ന് സൂചിപ്പിക്കുന്നു .

2009-ൽ, ഐക്യരാഷ്ട്രസഭ ജനസംഖ്യയുടെ 21.6 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്. 2021-ൽ, ആ നിരക്ക് 30 ശതമാനമായി ഉയർന്നതായി ലോകബാങ്ക് പറയുന്നു. ഇതിനർത്ഥം സിസി ചുരുങ്ങിയത് ഒമ്പത് ദശലക്ഷം ഈജിപ്തുകാരെയെങ്കിലും ദരിദ്രരാക്കി എന്നാണ്.

ദാരിദ്ര്യം നിലനിൽക്കുന്ന അപ്പർ ഈജിപ്തിലെ പ്രദേശങ്ങളിൽ, ലിബിയയിലേക്കും പിന്നീട് ഇറ്റലിയിലേക്കും അപകടകരമായ യാത്രയ്ക്കായി മനുഷ്യകടത്തുകാരുടെ ഒരു ബോട്ട് മാഫിയ ഇതിനകം നിലവിലുണ്ട് എന്നതിൽ അതിശയിക്കാനില്ല.

“അവർ ഇവിടെ നിന്ന് [മൻസൂറ] സലൂമിലേക്ക് കയറുന്നു, തുടർന്ന് അവരുടെ ആളുകൾ അവരെ പർവതത്തിൽ നിന്ന് ബെൻഗാസിയിലേക്ക് കൊണ്ടുപോകും. ലിബിയയിൽ എത്തുമ്പോൾ, ആ വ്യക്തി അവരുടെ പ്രതിനിധിയെ വിളിക്കും, അവൻ ഏകദേശം 100, 200 ആളുകൾ വരെ ആവുന്നത് കാത്തിരിക്കും. എന്നിട്ട് അവരെ ഒരു ബോട്ടിൽ കയറ്റി കടലിലേക്ക് അയക്കുന്നു. അവർ അവിടെ എത്തിയാൽ എത്തി ഇല്ലെങ്കിൽ ഇല്ല” അഭായാർത്ഥികളായി പുറപ്പെട്ട കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് പറഞ്ഞു.

ഇരകളിൽ ഒരാളുടെ അമ്മാവനായ അബ്ദുൽ അസീസ് അൽ ജവാഹരി മനുഷ്യകടത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നു. മാഫിയക്കാരല്ല, കുട്ടികളാണ് മാതാപിതാക്കളെ വിളിച്ച് പണം ചോദിക്കുന്നത്. “കുട്ടികൾ മാതാപിതാക്കളെ വിളിക്കും, അവർ എവിടെയാണെന്ന് അവരോട് പറയും, അവരുടെ സുഹൃത്തുക്കൾ ഇതിനകം കടന്നുപോയി എന്നു പറഞ്ഞ് 25,000 പൗണ്ട് ചോദിക്കും. മാതാപിതാക്കൾക്ക് എന്തെങ്കിലും വസ്തുവകകൾ ഉണ്ടെങ്കിൽ, കുട്ടികൾക്ക് പണം നൽകാനായി അവ വിൽക്കാൻ അവർ നിർബന്ധിതരാകുന്നു.
മെഡിറ്ററേനിയൻ തീരം ഇപ്പോൾ പതിവ് ദുരന്തങ്ങളുടെ വേദിയായിരിക്കുന്നു.

വൻ തോതിലുള്ള മാധ്യമ പ്രചാരണത്തിലൂടെ ലോകശ്രദ്ധ നേടിയ
സൂയസ് കനാൽ വിപുലീകരണത്തിലും എൽ ഫരാഗ് തൂക്കുപാലത്തിന്റെ വികസനം പോലെയുള്ള സംശയാസ്പദമായ സാമ്പത്തിക നേട്ടങ്ങളുടെ വാനിറ്റി ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കായി സീസി തന്റെ പണം ചിലവഴിക്കുമ്പോൾ അദ്ദേഹത്തിന്റെ പാവപ്പെട്ട ആളുകൾ അക്ഷരാർത്ഥത്തിൽ രക്ഷപെടാനായി മരിക്കുകയാണ്.സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവ ഈജിപ്തിന്റെ ഖജനാവിലേക്കും സൈന്യത്തിന്റെ പോക്കറ്റുകളിലേക്കും പതിനായിരക്കണക്കിന് ഡോളർ ഒഴുക്കിയതിന് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്.

സാമൂഹിക ഉച്ചനീചത്വങ്ങൾ

സമത്വമില്ലായ്മ, കാലാവസ്ഥാ വ്യതിയാനം, കോവിഡ്-19 മഹാമാരിയുടെ ഭാഗമായുണ്ടായ സാമ്പത്തിക തകർച്ച – എന്നിങ്ങനെ ഒന്നിലധികം നീണ്ടുനിൽക്കുന്ന പ്രതിസന്ധികളുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും ഫലമായി, എം.ഇ. എൻ .എ മേഖലയിൽ 2020-ൽ 69 ദശലക്ഷം ആളുകൾ പട്ടിണിയിലാണെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കണക്കാക്കുന്നു.

എണ്ണയും പ്രകൃതി വിഭവങ്ങളും നിറഞ്ഞ രാജ്യമായ ഇറാഖിൽ ജനസംഖ്യയുടെ 25 ശതമാനം ദരിദ്രരും 14 ശതമാനം തൊഴിൽരഹിതരുമായിരുന്നു. എന്നാൽ അത് ഒരു മികച്ച വ്യാപാര ചരക്ക് ഉൽപ്പാദിപ്പിച്ചിരിക്കുന്നു – അഞ്ച് ദശലക്ഷം അനാഥർ, ലോകത്തെ ആകെയുള്ളതിന്റെ ഏകദേശം അഞ്ച് ശതമാനം വരുമിത്.

നാട് ഇങ്ങനെയെല്ലാമാണെങ്കിലും ഗൾഫ് രാജകുമാരന്മാരുടെ ജീവിതം സമാനതകളില്ലാത്ത ആഡംബരത്തിൽ മുഴുകിയാണ് മുന്നോട്ട് പോകുന്നത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂമും അദ്ദേഹത്തിന്റെ മുൻ ഭാര്യ ഹയ രാജകുമാരിയും തമ്മിലുള്ള വിവാഹമോചന നഷ്ട പരിഹാരം സംബന്ധിച്ച കേസിൽ വിവാഹിതാ രായിരിക്കുന്ന സമയത്ത് രണ്ട് മില്യൺ പൗണ്ട് ( 2.68 മില്യൺ ഡോളർ) മധുര ജീവിതത്തിന് മാത്രമായി ചെലവഴിച്ചിരുന്നുവെന്നതും അവരുടെ മക്കളായ പതിനാലു വയസുകാരി ജലീല, ഒമ്പത് വയസുകാരൻ സായിദ് എന്നിവർക്ക് 13 മില്യൺ ഡോളറിലധികം വാർഷിക അലവൻസുകളും ഒരു കസ്റ്റം ഫിറ്റ് ബോയിംഗ് 747 ഉൾപ്പെടെയുള്ള വിമാനങ്ങളിലേക്കുള്ള പ്രവേശനവും ഉണ്ടായിരുന്നുവെന്നതും, കുട്ടികൾക്കും അമ്മയ്ക്കും മാത്രമായി 80 ജീവനക്കാരുണ്ടായിരുന്നുവെന്നുമുള്ള വാദം കേട്ടിരുന്നു.

ഈ അസമത്വങ്ങൾ കാരണമാണ് വിപ്ലവങ്ങൾ സൃഷ്ടിക്കപെടുന്നത്.
ഡിസിയിലെ ഒരു സുപ്രഭാതത്തിൽ ശൈഖ് മുഹമ്മദിന്റെ തല കുത്തനെ കിടന്നാടുന്നത് അവരുടെ ടെലിവിഷനിൽ കണ്ടു കൊണ്ട് മേരി ആന്റോനെറ്റ് തന്റെ ആളുകളോട് കഴിക്കാൻ പറയുന്ന കേക്ക് പോലെ ബൈഡന്റെയും യൂറോപ്പിന്റെയും മിഡിൽ ഈസ്റ്റ് നയത്തിൽ അവശേഷിക്കുന്നവയും തകർന്നടിയും.

2011-ലെ കാട്ടുതീയെ ആളിക്കത്തിച്ച മരം 10 വർഷത്തിന് ശേഷം കൂടുതൽ ഉണങ്ങിയിരിക്കുന്നു. 2011-ൽ അറബ് ലോകത്തെമ്പാടുമുള്ള നഗരങ്ങളിലെ തെരുവുകളിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തിന്റെ ആദ്യ തരംഗം കടന്നുപോയി. പക്ഷേ, ആ തെരുവുകളിലും കോടിക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും ഓർമ്മകളിലും അതിന്റെ തീക്കനൽ ഇപ്പോഴും ജ്വലിച്ച് നിൽക്കുന്നു.

പത്ത് വർഷം മുമ്പ് നടന്ന അറബ് വിപ്ലവം നീണ്ടതും ശക്തവുമായ പോരാട്ടത്തിന്റെ ആദ്യ അധ്യായം മാത്രമാണ്. മറ്റൊന്ന് ഇനി അതിനെ പിന്തുടരും തീർച്ച.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles