തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു എന്ന വാർത്ത തുർക്കി വിദേശകാര്യ മന്ത്രി മൗലൂത് ശാവിഷ് ഒഗ് ലു ഈയിടെ നിഷേധിക്കുകയുണ്ടായി. ‘ഷാങ്ഹായ്’ സഖ്യ രാജ്യങ്ങളുടെ ഉച്ചകോടിയുടെ മുന്നോടിയായി ത്രിരാജ്യ ഉച്ചകോടി നടക്കുമെന്നും ഉർദുഗാന്നും ബശ്ശാറിനും പുറമെ റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനും അതിൽ പങ്കെടുക്കുമെന്നുമായിരുന്നു വാർത്ത. ഷാങ്ങ്ഹായ് ഉച്ചകോടിയിലേക്ക് ബശ്ശാർ ക്ഷണിക്കപ്പെട്ടിട്ടില്ലെന്നും മൗലൂത് പറഞ്ഞു. ‘കള്ളങ്ങൾ കേട്ട് കേട്ട് ഞങ്ങൾക്ക് മടുത്തു’, അദ്ദേഹം പറഞ്ഞു.
സിറിയയുമായി ചർച്ച നടത്തുമെങ്കിൽ തന്നെ അത് കൃത്യമായ ലക്ഷ്യങ്ങളോടെയായിരിക്കുമെന്നും വിദേശകാര്യ മന്ത്രി മൗലൂത് സൂചിപ്പിച്ചു. തുർക്കി – സിറിയൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ തമ്മിൽ ഇപ്പോൾ ഒരു ചർച്ച നടക്കുന്നുണ്ട്. മുഴുവൻ സിറിയൻ ഭൂപ്രദേശങ്ങളിൽ നിന്നും ടർക്കിഷ് സേന പിൻമാറിയാലേ ഉഭയകക്ഷി ചർച്ച നടക്കൂ എന്ന സിറിയയുടെ ആവശ്യം തുർക്കി അംഗീകരിച്ചിട്ടില്ല. സിറിയയുടെ നിലപാട് അതിന്റെ വിദേശകാര്യ മന്ത്രി ഫൈസൽ അൽ മിഖ്ദാദ് ഈയിടെ മോസ്കോ സന്ദർശിച്ചപ്പോൾ നടത്തിയ പ്രസ്താവനയിലുണ്ട്. തുർക്കി ‘അധിനിവിഷ്ട ഭൂമി’യിൽ നിന്ന് പിൻമാറണമെന്നാണ് മിഖ്ദാദിന്റെ ഒരാവശ്യം. ‘സായുധ ഗ്രൂപ്പുകളെ സഹായിക്കരുത്’ എന്നും ആവശ്യപ്പെട്ടിരിക്കുന്നു. ‘ഭീകരതക്ക് സഹായം ചൊരിയുന്നവരെ എങ്ങനെ വിശ്വസിക്കാൻ കൊള്ളും’ എന്ന് തുർക്കിക്കിട്ടൊരു കുത്തും കൊടുത്തിരിക്കുന്നു.
കുറച്ചു കാലമായി തുർക്കിയിലെ പ്രതിപക്ഷം സിറിയൻ അഭയാർഥി പ്രശ്നം ഉന്നയിച്ച് തുർക്കി തെരുവുകളെ ഇളക്കിമറിച്ചു കൊണ്ടിരിക്കുകയാണ്. സിറിയയുമായി ബന്ധങ്ങൾ സാധാരണ നിലയിലാക്കി തുർക്കിയിലെ മുഴുവൻ അഭയാർഥികളെയും സിറിയയിലേക്ക് തിരിച്ചയക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. വേണ്ടി വന്നാൽ ബലപ്രയോഗവും നടത്തണം. അടുത്ത പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകൾ വരെ അഭയാർഥി പ്രശ്നം കത്തിച്ചു നിർത്തണമെന്നേ പ്രതിപക്ഷത്തിനുള്ളൂ. ഏതെങ്കിലും നിലക്ക് അഭയാർഥി പ്രശ്നം പരിഹരിച്ച് ഭരണപക്ഷം തങ്ങളുടെ കാർഡ് തട്ടിയെടുക്കരുതെന്നും പ്രതിപക്ഷത്തിന് ആഗ്രഹമുണ്ട്.
പക്ഷെ പ്രതിപക്ഷത്തുള്ള ഫ്യൂച്ചർ പാർട്ടി നേതാവ് അഹമദ് ദാവൂദ് ഒഗ് ലു സിറിയയുമായി ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനെ ശക്തമായി എതിർക്കുന്നു. ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്ന പക്ഷം സിറിയൻ പ്രതിപക്ഷത്തിന്റെ കൈവശമുള്ള ഇദ്ലീബ് നഗരത്തിൽ നിന്ന് സിറിയൻ അഭയാർഥികളുടെ കുത്തൊഴുക്കായിരിക്കുമെന്നാണ് ദാവൂദ് ഒഗ് ലു മുന്നറിയിപ്പ് നൽകുന്നത്. നേരത്തെയുള്ള അഭയാർത്ഥികളാവട്ടെ ബശ്ശാർ ഭരിക്കുന്ന സിറിയൻ പ്രദേശങ്ങളിലേക്ക് മടങ്ങിപ്പോവുകയുമില്ല. അതിനാൽ ഉഭയകക്ഷി ബന്ധങ്ങൾ നന്നാക്കാൻ പറ്റിയ അവസ്ഥയിലല്ല കാര്യങ്ങൾ. ദാവൂദ് ഒഗ് ലുവിന്റെ ഈ പ്രസ്താവന ആറ് കക്ഷികൾ ചേർന്ന പ്രതിപക്ഷ മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഡമസ്കസ് – അങ്കാറ നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിച്ചു കൊണ്ട് മുഴുവൻ സിറിയൻ അഭയാർത്ഥികളെയും തിരിച്ചയക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത നിലപാട്. ഇത് അവരുടെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനവുമാണ്. സിറിയൻ അഭയാർഥികൾക്ക് നേരെ പരദേശി വെറുപ്പ് ഉൽപ്പാദിപ്പിക്കാനും പ്രതിപക്ഷം മുൻനിരയിലുണ്ട്. എല്ലാം തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടു കൊണ്ടുള്ളതാണ്. മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയോട് അടുപ്പമുളള ‘ജുംഹൂരിയത്ത്’ പത്രം അഭിപ്രായപ്പെട്ടത്, ഉദയകക്ഷി ബന്ധം സാധാരണ നിലയിലാക്കരുത് എന്ന ദാവൂദ് ഒഗ് ലുവിന്റെ നിലപാട് ആറ് കക്ഷി പ്രതിപക്ഷ സഖ്യത്തിന് ദോഷം ചെയ്യും എന്നാണ്.
തുർക്കിയെ ‘സിറിയൻ ചതുപ്പിൽ’ കൊണ്ട് ചാടിച്ചതും ദാവൂദ് ഒഗ് ലു ( പ്രധാന മന്ത്രിയായിരുന്നപ്പോൾ )വാണെന്ന് മറ്റു പ്രതിപക്ഷ കക്ഷികൾക്ക് അഭിപ്രായമുണ്ട്. അതിനാൽ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് ഈ വിഷയത്തിൽ ഏക നിലപാടെടുക്കാൻ ഒഗ് ലുവിന് കഴിയില്ല. അദ്ദേഹത്തിന്റെ ഫ്യൂച്ചർ പാർട്ടിക്കുള്ള ജനപിന്തുണ ഒന്ന്, രണ്ട് ശതമാനത്തിനിടക്കായതിനാൽ തന്റെ നിലപാട് മറ്റു അഞ്ച് കക്ഷികളിൽ അടിച്ചേൽപ്പിക്കാനും അദ്ദേഹത്തിന് കഴിയില്ല. സിറിയയെക്കുറിച്ചും അഭയാർഥികളെക്കുറിച്ചും അദ്ദേഹം പറയുന്നതാവട്ടെ സത്യവുമാണ്. അതേസമയം അഭയാർഥികളുടെ സുരക്ഷിതമായ മടങ്ങിപ്പോക്കിന് തുർക്കി ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികളെ അദ്ദേഹം വിമർശിക്കുകയും ചെയ്യുന്നു. പ്രതിപക്ഷ നിരയിലെത്തുമ്പോൾ ഉപാധികളൊന്നുമില്ലാത്ത നോർമലൈസേഷന് പച്ചക്കൊടി കാട്ടേണ്ടിവരികയും ചെയ്യുന്നു. അഭയാർഥികളെ ബലപ്രയോഗത്തിലൂടെ തിരിച്ചയക്കണമെന്ന പൊതുപ്രതിപക്ഷ നിലപാടിനെ അംഗീകരിക്കേണ്ടതായും വരുന്നു. നിലപാടുകളിലെ കൗതുകകരമായ വൈരുധ്യമാണ് ഇവിടെ വെളിപ്പെടുന്നത്.
(arabi 21 കോളമിസ്റ്റാണ് ലേഖകൻ)
വിവ – അശ്റഫ് കീഴുപറമ്പ്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp