Current Date

Search
Close this search box.
Search
Close this search box.

ട്രംപ് കാലത്തെ പലസ്തീൻ, ശേഷവും..

അമേരിക്കൻ രാഷ്ട്രീയ, സാമ്പത്തിക, സൈനിക പിന്തുണയും ശക്തിയും കൂട്ടുപിടിച്ചുള്ള ഇസ്രായേലിന്റെ കൊളോണിയൽ അധിനിവേശത്തിൽ പതിറ്റാണ്ടുകളായി പലസ്തീനികൾ നരകയാതന അനുഭവിക്കുകയാണ്. പലസ്തീന്റെ കുടിയേറ്റവും കോളനിവൽക്കരണവും ക്രമേണ വികസിപ്പിക്കാൻ ഇസ്രായേലിനെ ഇത് പ്രാപ്തമാക്കി. ഇപ്പോൾ ചരിത്രപരമായ പലസ്തീന്റെ ഭൂമിയുടെ അഞ്ച് ശതമാനം മാത്രമാണ് യഥാർത്ഥത്തിൽ പലസ്തീനികൾ നിയന്ത്രിക്കുന്നത്.

വാഷിംഗ്ടണിന്റെ “സമാധാന പ്രക്രിയ”യുടെയും പലസ്തീൻ, ഇസ്രയേൽ ദ്വന്തങ്ങൾ തമ്മിലുള്ള മധ്യസ്ഥനെന്ന സ്വയം പ്രഖ്യാപിത നിലപാടിന്റെയും മറവിൽ വർഷങ്ങളോളം ഈ പ്രക്രിയ അന്താരാഷ്ട്ര തലങ്ങളിൽ തടസ്സമില്ലാതെ തുടർന്നു.

എന്നാൽ 2017 ൽ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായപ്പോൾ, ക്രമേണ കൊളോണിയലൈസേഷന്റെ ഈ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ പ്രക്രിയക്ക് അദ്ദേഹം വിഘാതം സൃഷ്ടിച്ചു. മറിച്ച് ഏറ്റവും വംശീയവും തീവ്രവുമായ ഇസ്രായേലി അജണ്ട സ്വീകരിച്ച അദ്ദേഹം ഫലസ്തീൻ അവകാശങ്ങൾക്ക് അധരസേവനം നടത്തുകയെന്ന വ്യവസ്ഥാപരമായ സമ്പ്രദായം ഇല്ലാതാകുകയും ചെയ്തു.

ഇസ്രയേലിന്റെ വലതുപക്ഷ ഗവൺമെന്റിന് ഇഷ്ടമുള്ളതുപോലെ ചെയ്യാൻ പച്ചക്കൊടി വീശിയപ്പോൾ, അമേരിക്കൻ പ്രസിഡന്റ് അതിന്റെ നിയമവിരുദ്ധവും ക്രിമിനൽ നടപടികളും സാധൂകരിക്കുകയുണ്ടായി. ഇത് “കാര്യങ്ങളുടെ യാഥാർത്യ” ത്തെ സ്ഥാപിക്കുന്ന പ്രക്രിയയെ ഫലപ്രദമായി ത്വരിതപ്പെടുത്തി. അതായത് പലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നതും ഏതെങ്കിലും പലസ്തീൻ രാഷ്ട്രീയ കുതിച്ചുചാട്ടം അട്ടിമറിക്കുന്നതും ഫലസ്തീൻ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതും അവരുടെ അവകാശങ്ങൾ അപ്രസക്തവുമാണ് എന്ന ഒരു തരത്തിൽ വരെ അവർ കരുക്കൾ നീക്കുകയായിരുന്നു.

ട്രംപിന്റെ നാല് വർഷം

1995 ൽ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ബിൽ യുഎസ് കോൺഗ്രസ് പാസാക്കിയെങ്കിലും, ഫലസ്തീൻ അതോറിറ്റിയും ഇസ്രായേലും തമ്മിൽ വിശുദ്ധ നഗരത്തിന്റെ പദവി സംബന്ധിച്ച് ഒരു കരാറിന്റെ അഭാവം മൂലം തുടർന്നുള്ള യുഎസ് ഭരണകൂടങ്ങൾ അതിന്റെ പ്രവർത്തനം മാറ്റിവച്ചു.

ഇസ്രായേലിലുള്ള യുഎസ് എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് 2017 ഡിസംബർ 6ന് ട്രംപ് ഈ കടലാസ് നയത്തെ യാഥാർത്ഥ്യമാക്കുകയുണ്ടായി.അടുത്ത വർഷം മെയ് 14 നാണ് ഈ നീക്കം നടന്നത്.ഇത് ‘നക്ബ’യുടെ 70-ാം വാർഷികത്തോടനുബന്ധിച്ച്, ഗാസയിൽ ഡസൻ കണക്കിന് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതായി ഇസ്രയേലികൾ അടയാളപ്പെടുത്തിയ വർഷമായിരുന്നു ഈ നിയമം നടപ്പിലാക്കിയതെന്ന് മനസിലാക്കണം.

ഏതാനും മാസങ്ങൾക്കുശേഷം, ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ,വർക്ക്ഏജൻസി (യു എൻ ‌ആർ‌ ഡബ്ല്യു എ)യുടെ ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള പണം നിർത്തലാക്കിയതായി ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഭക്ഷണം, വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി യുഎൻ ഏജൻസിയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികൾക്ക് ഇത് ഒരു മഹാദുരന്തമായി എന്നതിലപ്പുറം അഭയാർഥികളായിട്ടുള്ള ഫലസ്തീനികളുടെ നില മായ്ച്ചുകളയാനും അതുവഴി അവർക്ക് മടങ്ങിവരാനുള്ള അവകാശം നിഷേധിക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. യു‌ എൻ‌ ആർ‌ ഡബ്ല്യു എ യെ നശിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ, വംശീയമായി ശുദ്ധീകരിച്ച പലസ്തീനികളെ അവരുടെ ഭൂമി തിരിച്ചുപിടിക്കുന്നതും വീണ്ടെടുക്കലും തടയാൻ പതിറ്റാണ്ടുകളായി ആവുന്നതെല്ലാം ചെയ്ത ഇസ്രായേൽ സർക്കാരിനോട് ട്രംപ് ആവശ്യപ്പെടുകയായിരുന്നു.

ട്രംപും അദ്ദേഹത്തിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും മുന്നോട്ട് വച്ച “നൂറ്റാണ്ടിന്റെ കരാർ”വഴി പലസ്തീനികൾക്ക് മടങ്ങിവരാനുള്ള അവകാശത്തെ കൂടുതൽ ദുർബലപ്പെടുത്തുകയുണ്ടായി. മുമ്പത്തെ യു‌എസിന്റെ “സമാധാന സംരംഭങ്ങളുടെ”ഭാഷ്യം പകർ‌ത്തിക്കൊണ്ട്, ഈ നിർ‌ദ്ദേശം പലസ്തീനികൾക്ക് “സമാധാനം”, “അഭിവൃദ്ധി” എന്നിവ വാഗ്ദാനം ചെയ്തുവെങ്കിലും ഒരു പരമാധികാര പലസ്തീൻ രാഷ്ട്രത്തിന്റെ രൂപത്തിൽ സ്വയം നിർണ്ണയം ഉൾപ്പെടെയുള്ള അവരുടെ മിക്ക ആവശ്യങ്ങളും നിരസിക്കുകയായിരുന്നു. അതേസമയം, വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വാസസ്ഥലങ്ങൾ നിർമ്മിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമല്ലെന്നാണ് യുഎസ് സർക്കാർ മനസിലാക്കുന്നതെന്ന് 2018നവംബർ 18 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രഖ്യാപനം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

പ്രസിഡന്റായിട്ടുള്ള തന്റെ അവസാന മാസങ്ങളിൽ, ഇസ്രയേലിന് മറ്റൊരു മഹത്തായ സമ്മാനം നൽകുന്നതിൽ ട്രംപ് പരാജയപ്പെട്ടില്ല.അറബ് രാജ്യങ്ങളുമായുള്ള സാമാന്യവൽക്കരണമായിരുന്നു(normalisation) അത്. പലസ്തീൻ രാഷ്ട്ര ലക്ഷ്യത്തിന്റെ മറ്റൊരു വലിയ തിരിച്ചടിയായിരുന്നു ഈ നീക്കത്തിലൂടെ നേരിട്ടത്.

രണ്ടാം ഇൻതിഫാദയ്ക്കുശേഷം, അറബ് ലീഗ് അന്തരിച്ച സൗദി രാജാവ് അബ്ദുല്ലയുടെ മുൻകൈയോടെ 1967 ൽ പിടിച്ചടക്കിയ അതിർത്തികൾ വിട്ടുകൊടുത്തു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക,അഭയാർഥികളുടെ തിരിച്ചുവരവിനുള്ള സാധ്യത ഉറപ്പ് വരുത്തുക,ഗോലാൻ കുന്നുകളിൽ നിന്ന് പിന്മാറുക തുടങ്ങിയ നിബന്ധനകളോടെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ രക്ഷാകർതൃത്വത്തിൽ ഫലസ്തീൻ വിഷയത്തിൽ യാതൊരു ഇളവുകളും ആവശ്യപ്പെടാതെ ഓഗസ്റ്റിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളും ബഹ്‌റൈനും ഇസ്രയേലുമായി സാധാരണവൽക്കരണ കരാറുകളിൽ ഒപ്പുവച്ചു.മൊറോക്കോയും സുഡാനും തൊട്ടുപിന്നാലെ ഇത് പിന്തുടർന്നു.“സമാധാനത്തിനുള്ള ഭൂമി” എന്ന അറബ് സമവായത്തിന്റെ വ്യക്തമായ ഇടവേളയായിരുന്നു ഇത്.

അതിനാൽ, ട്രംപിന്റെ പ്രസിഡൻഷ്യൽ സ്ഥാനം അവസാനിക്കുന്നതോടെ പലസ്തീനികൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം പറിച്ചെടുക്കപ്പെട്ടതായി മനസിലാക്കാം.

ട്രംപാനന്തര പലസ്തീൻ

നവംബറിൽ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബിഡന്റെ വിജയം പലസ്തീൻ ജനതയോടുള്ള നയത്തിൽ യുഎസ് മാറ്റം വരുത്തുമെന്ന ചില ഫലസ്തീൻ ക്വാർട്ടേഴ്സുകളിൽ ശുഭാപ്തിവിശ്വാസം കൊണ്ടുവന്നതായി കരുതപ്പെടുന്നു. ട്രംപിന്റെ നയങ്ങൾ ഒരിക്കലും ഫലസ്തീനെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ പരമ്പരാഗത നിലപാടിന് വിരുദ്ധമായിരുന്നില്ല, ഇസ്രായേൽ ഭരണകൂടത്തിന് പൂർണ്ണവും നിരുപാധികവുമായ പിന്തുണ കാണിക്കുന്നുവെന്ന കാര്യം നാം മറക്കരുത്.

ബിഡെൻ എന്തെങ്കിലും മാറ്റം വരുത്തുമെന്നോ അല്ലെങ്കിൽ തന്റെ മുൻഗാമികളുടെ വിനാശകരമായ നടപടികൾക്ക് പരിഹാരം നൽകുമെന്നോ പ്രതീക്ഷിക്കുന്നത് നിഷ്ഫലമാണ്.ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് യുഎസ് എംബസി മാററ്റിയതുൾപ്പെടെ ട്രംപിന്റെ തീരുമാനങ്ങൾ മാറ്റില്ലെന്ന് അദ്ദേഹവും സംഘവും സുതരാം വ്യക്തമാക്കിയിട്ടുണ്ട്. നീതിക്കുവേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തെ അദ്ദേഹത്തിന്റെ ഭരണം പിന്തുണയ്‌ക്കില്ല എന്നത് തീർച്ചയാണ്.അത് അവരുടെ വിമോചനം,ഇസ്രായേൽ അധിനിവേശത്തിന്റെ അവസാനം, ഇസ്രായേൽ വർണ്ണവിവേചന ഭരണകൂടം പൊളിച്ചുമാറ്റുക, അല്ലെങ്കിൽ പലസ്തീൻ അഭയാർഥികളെ അവരുടെ നാട്ടിലേക്ക് മടക്കിയയക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും കാര്യമായ ഇടപെടലുകളും അവർ നടത്തുകയില്ല.

ട്രംപിന്റെ ഭരണത്തിന്റെ നാലുവർഷത്തിൽ നിന്ന് പലസ്തീനികൾ പഠിക്കേണ്ട പാഠം ഒരു യുഎസ് ഭരണകൂടവും ഫലസ്തീനികളുടെ താൽപ്പര്യങ്ങളും അവകാശങ്ങളും സ്വീകരിക്കുകയോ വസ്തുനിഷ്ഠമായ മദ്ധ്യസ്ഥനാവുകയോ ചെയ്യാൻ ഒരുക്കമല്ല എന്നാണ്.യുഎസ് രാഷ്ട്രീയ വരേണ്യവർഗം ഇസ്രായേൽ അധിനിവേശത്തിനും പലസ്തീന്റെ കോളനിവൽക്കരണത്തിനും പ്രാപ്തമാണ്.അത് എല്ലായ്പ്പോഴും ഭാവിയിലും നിലനിൽക്കുകയും ചെയ്യും.ട്രംപിനെപ്പോലെ, ഇസ്രയേലിന് അനധികൃതമായി ഭൂമി മോഷ്ടിച്ചതിന്റെ നിയമസാധുതയാണെങ്കിലും അല്ലെങ്കിൽ ഫലസ്തീനികൾക്കെതിരെ ഉപയോഗിക്കുന്നതിന് വിപുലമായ ആയുധങ്ങൾ പരിധിയില്ലാതെ വിതരണം ചെയ്താലും ഇസ്രായേലിന് ആവശ്യമുള്ളതെല്ലാം നൽകുന്നത് തുടരുമെന്ന് മനസിലിക്കേണ്ടതുണ്ട്.

അമേരിക്കയുടെ പൂർണ്ണ പിന്തുണയോടെ ചരിത്രപൂർണ്ണമായ പലസ്തീനിന്റെ മേൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രം അസാധ്യമാക്കുന്നതിനും ഇസ്രായേൽ നിരന്തരം ശ്രമിക്കുന്നുണ്ട്.എല്ലാ സൈനിക ശക്തിയും സാമ്പത്തിക സ്രോതസ്സുകളും ഒരു മഹാശക്തിയുടെ അനന്തമായ പിന്തുണയും ഉണ്ടായിരുന്നിട്ടും ഇസ്രായേൽ സ്ഥാപിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെടുന്നത് ഫലസ്തീനികളെ മായ്ക്കാൻ കഴിയില്ല എന്ന ഒരു യാഥാർഥ്യത്തെ വിളിച്ചോതുന്നുണ്ട്.

ആറ് ദശലക്ഷം ഫലസ്തീനികൾ തങ്ങളുടെ സ്വാതന്ത്ര്യവും മാതൃരാജ്യവും നഷ്ടപ്പെട്ടവരായി ചരിത്രപരമായ പലസ്തീനിൽ തുടരുന്നു. മറ്റ് ദശലക്ഷക്കണക്കിന് ഫലസ്തീനികൾ അയൽരാജ്യങ്ങളിൽ പ്രവാസികളും അഭയാർത്ഥികളുമായി ജീവിക്കുന്നു. അവരുടെ അസ്തിത്വം, അവരുടെ നിലനിൽപ്പ്, അനുദിനം ഇസ്രായേൽ അതിന്റെ വർണ്ണവിവേചനം ‘വൈറ്റ് വാഷ്’ ചെയ്ത് ഒരു “മാതൃകാ ജനാധിപത്യം” എന്ന രൂപത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് തങ്ങളുടെ വഞ്ചനയപരമായ നീക്കങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. വളരെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടത് ഫലസ്തീനികളുടെ ജീവിതവും ആത്മധൈര്യവും ഇസ്രായേൽ അധിനിവേശത്തെയും വർണ്ണവിവേചനത്തെയും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

പലസ്തീനികൾ‌ കഠിന ദാരിദ്ര്യവും ഇസ്രായേലികളുടെ നിരന്തര പീഡനവും അനുഭവിക്കുന്നുണ്ടെങ്കിലും അവർ‌ അചഞ്ചലരാണ്. അവരുടെ അസ്തിത്വം തന്നെ ചെറുത്തുനിൽപ്പായി മാറിയിരിക്കുകയാണ്. കാലം ഒരിക്കലും അവരുടെ പീഡകന്റെ പക്ഷത്തല്ല. ഈ സമയത്ത്, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കി ഇസ്രായേൽ ഒരു വിജയകരമായ കോളനിക്കാരനായി പ്രത്യക്ഷപ്പെടാം.എന്നാൽ പലസ്തീൻ സമരം മുന്നേറുകയാണ്. അത്ര വിദൂരമല്ലാത്ത ഭാവിയിൽ, നീതി നിലനിൽക്കുകയും ഫലസ്തീനികൾക്ക് അവരുടെ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും.

വിവ: മുജ്തബ മുഹമ്മദ്‌

Related Articles