Middle EastPolitics

2019ല്‍ പശ്ചിമേഷ്യയെ രൂപപ്പെടുത്തിയ പ്രധാന സംഭവങ്ങള്‍ ?

Middle east-2019

പതിവു പോലെ ഏറെ പ്രതീക്ഷകള്‍ക്കും പോരാട്ട വിജയങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും നടുവിലൂടെയാണ് 2019ലും പശ്ചിമേഷ്യ കടന്നു പോയത്. നിരാശകള്‍ക്കപ്പുറത്ത് പ്രത്യാശകള്‍ക്കകും സന്തോഷത്തിനും വക നല്‍കുന്ന ഒട്ടേറെ വാര്‍ത്തകളും ഈ കാലയളവില്‍ പശ്ചിമേഷ്യന്‍-വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ നിന്നും നമുക്ക് കേള്‍ക്കാമായിരുന്നു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യേഷ്യയില്‍ അലയടിച്ച അറബ് വസന്തം എന്ന് വിളിക്കപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് 2019 വീണ്ടും സാക്ഷിയായി. അള്‍ജീരിയ,സുഡാന്‍,ഇറാഖ്,ലബനാന്‍,ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് ജനങ്ങള്‍ ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും കെടുകാര്യസ്ഥതക്കും അഴിമതിക്കും തൊഴിലില്ലായ്മക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കുമെതിരെ തെരുവിലിറങ്ങിയത്. ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മാറ്റമില്ലാതെ തുടരുകയാണെങ്കിലും ഈ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചില മഞ്ഞുരുക്കം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.

2019ല്‍ വടക്കന്‍ ആഫ്രിക്കയെയും പശ്ചിമേഷ്യയെയും പിടിച്ചുകുലുക്കിയ പ്രധാന സംഭവങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം…

1. അറബ് വസന്തം 2.0

അള്‍ജീരിയയില്‍ അബ്ദുല്‍ അസീസ് ബൂട്ടോഫ്‌ളിക്ക അഞ്ചാം തവണയും പ്രസിഡന്റായി തുടരുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചതിനു പിന്നാലെയാണ് ഫെബ്രുവരിയില്‍ അള്‍ജീരിയയില്‍ ജനങ്ങളൊന്നടങ്കം തെരുവിലിറങ്ങിയത്. ഇതായിരുന്നു മേഖലയിലെ ആദ്യത്തെ ജനകീയ പ്രതിഷേധം. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിയാര്‍ജിച്ചതോടെ ഏപ്രിലില്‍ അദ്ദേഹം രാജിവെച്ചു. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ പൂര്‍ണമായും മാറണം എന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമരം തുടര്‍ന്നു. പ്രതിഷേധത്തിനിടെ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടന്നു.

സുഡാന്‍

സുഡാനില്‍ നീണ്ട വര്‍ഷങ്ങള്‍ ഏകാധിപത്യ ഭരണം നടത്തിയ ഉമര്‍ അല്‍ ബശീറിനു നേരെയും സമാനമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വന്നു. 30 വര്‍ഷം ഭരണം നടത്തിയ അദ്ദേഹം മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ 11ന് രാജിവെച്ചു. 2018 ഡിസംബറില്‍ തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്കിടെ ജനാധിപത്യ വാദം ഉന്നയിച്ച് സമരം നടത്തിയ 120 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സെപ്റ്റംബറില്‍ ഒരു പരിവര്‍ത്തന സര്‍ക്കാര്‍ അധികാരത്തിലേറി.

ഇറാഖ്

2003ല്‍ സദ്ദാം ഹുസൈന്റെ പതനത്തിന് കാരണമായി അരങ്ങേറിയ ജനകീയ പ്രക്ഷോഭം വീണ്ടും 2019ല്‍ ഇറാഖില്‍ അലയടിച്ചു. ‘തിഷ്‌രീന്‍ റെവലൂഷന്‍’ എന്നറിയപ്പെട്ട പ്രക്ഷോഭം എളുപ്പം രാജ്യത്തുടനീളം ആളിപ്പടര്‍ന്നു. അഴിമതിയും തൊഴിലില്ലായ്മയും കാര്യക്ഷമതയുമില്ലാത്ത സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ പൂര്‍ണമായും മാറണമെന്നും ഇറാഖിനു മേലുള്ള ഇറാന്റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നവംബറില്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചു.

ലബനാന്‍

ഒക്ടോബറില്‍ സമാന രീതിയിലുള്ള സംയുക്ത ജനകീയ പ്രക്ഷോഭത്തിനാണ് ലബനാനും സാക്ഷ്യം വഹിച്ചത്. മതവിഭാഗങ്ങള്‍ക്കിടയില്‍ വിഭജിച്ചിരുന്നു രാജ്യത്തിന്റെ രാഷ്ട്രീയ അധികാര വ്യവസ്ഥ പൂര്‍ണമായും മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഇവിടെയും സമരം. ഒക്ടോബര്‍ 26ന് പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെക്കുകയും പ്രസിഡന്റ് മൈക്കല്‍ ഓന്‍ പുതിയ പ്രധാനമന്ത്രിയായി ഹസന്‍ ദിയാബിനെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ നേരത്തെ ഭരണകക്ഷിയില്‍ ഉണ്ടായിരുന്ന ദിയാബിനെയും അംഗീകരിക്കാന്‍ ജനങ്ങള്‍ തയാറായില്ല. അവര്‍ രാഷ്ട്രീയ മാറ്റം ആവശ്യപ്പെട്ട് ഇപ്പോഴും സമരം തുടരുകയാണ്.

ഇറാന്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇറാനില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇന്ധന വില 50 ശതമാനം ഉയര്‍ത്തുകയും പെട്രോളിന് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സമരം ശക്തിയാര്‍ജിച്ചു. രണ്ടു ലക്ഷം പേരാണ് സമരത്തില്‍ അണിനിരന്നത്. 208 പേരാണ് സമരത്തിനിടെ പൊലിസിന്റെ അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ സമരങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയടക്കമുള്ള ഇറാന്റെ ശത്രുക്കളാണെന്ന് പറഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈ രംഗത്തെത്തി. സമരക്കാരെ ശക്തമായ രീതിയില്‍ പൊലിസ് അടിച്ചമര്‍ത്തുകയും ചെയ്തു.

2. തെരഞ്ഞെടുപ്പിനാല്‍ സമൃദ്ധം

ഇസ്രായേല്‍

ഏപ്രിലില്‍ നടന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹുവിനും മുഖ്യ എതിരാളി ബെന്നി ഗാന്റ്‌സിനും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. സെപ്റ്റംബറില്‍ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിലും ഇത് തന്നെ ആവര്‍ത്തിച്ചു. പ്രധാന പാര്‍ട്ടികളായ ലികുഡ് പാര്‍ട്ടിയും ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ അറബ് ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയായ അറബ് സംയുക്ത സഖ്യത്തിന് തങ്ങളുടെ ശക്തി തെളിയിക്കാനായി എന്നത് വലിയ നേട്ടമായിരുന്നു. തുടര്‍ന്ന് രാജ്യം അടുത്ത മാര്‍ച്ച് 2ന് മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.

തുനീഷ്യ

തുനീഷ്യയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 61കാരനായ കെയ്‌സ് സെയ്ദ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ പ്രസിഡന്റായി അധികാരത്തിലേറി. 72.71 ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്.

അള്‍ജീരിയ

ഡിസംബറില്‍ അള്‍ജീരിയയില്‍ നടന്ന തെരഞ്ഞെടുപ്പ് വിവാദപൂര്‍ണ്ണമായിരുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. മുന്‍ പ്രധാനമന്ത്രി അബ്ദുല്‍ മജീദ് തിബൂന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രാജ്യത്ത് രാഷ്ട്രീയ പരിഷ്‌കരണം നടപ്പില്‍ വരുത്തുന്നത് വരെ സമരവുമായി മുന്നോട്ടു പോകാനാണ് പ്രക്ഷേഭകരുടെ തീരുമാനം. ജനകീയ സമരം ഇപ്പോഴും തുടരുകയാണ്.

3. സിറിയയിലെ ബോംബ്‌വര്‍ഷം

ഏപ്രില്‍ 30നാണ് ഇദ്‌ലിബിലെ അവസാന വിമത കേന്ദ്രവും ഐ.എസില്‍ നിന്നും പിടിച്ചെടുക്കാനെന്ന പേരില്‍ സിറിയയില്‍ ബോംബിങ് രൂക്ഷമാക്കിയത്. സിറിയന്‍ സര്‍ക്കാറും റഷ്യന്‍ സേനയും സംയുക്തമായാണ് വ്യോമാക്രമണം രൂക്ഷമാക്കിയത്. യു.എന്‍ കണക്കുപ്രകാരം നാലു ലക്ഷം പേരാണ് ഇവിടെ നിന്നും നാടുകടത്തപ്പെട്ടത്. ഇവിടെ ഇപ്പോഴും ബോംബിങ്ങ് തുടരുകയാണ്.

4. സിറിയയിലെ തുര്‍ക്കിയുടെ സൈനിക നടപടി

ഒക്ടോബറില്‍ വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നും യു.എസ് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ തുര്‍ക്കി മേഖലയില്‍ ശക്തമായ ആക്രമണം നടത്തി. കുര്‍ദുകള്‍ നേതൃത്വ നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റുകള്‍ക്കെതിരെയാണ് (എസ്.ഡി.എഫ്) തങ്ങളുടെ നടപടി എന്നാണ് ഉര്‍ദുഗാന്‍ അറിയിച്ചത്. തുര്‍ക്കിയുടെ അതിര്‍ത്തിപ്രദേശമായ വടക്കുകിഴക്കന്‍ സിറിയയില്‍ തീവ്രവാദികളെ തുരത്താനെന്ന പേരിലായിരുന്നു തുര്‍ക്കിയുടെ നടപടി. മേഖലയില്‍ നിന്നും തുര്‍ക്കിയിലേക്ക് ഭീഷണി നേരിട്ടിരുന്നു.

5. എണ്ണക്കപ്പല്‍ ആക്രമണങ്ങള്‍

മേയിലാണ് ഫുജൈറ തീരത്ത് വെച്ച് യു.എ.ഇയുടെ നാല് വാണിജ്യ കപ്പല്‍ അജ്ഞാതര്‍ അട്ടിമറിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ജൂണില്‍ ഒമാന്‍ കടലിടുക്കില്‍ വെച്ച് രണ്ട് കപ്പലും ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി യു.എസ് രംഗത്തെത്തി.

ജൂലൈ നാലിന് ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തു. യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ചായിരുന്നു ഇത്.

രണ്ടാഴ്ചക്ക് ശേഷം ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോ ഹൊര്‍മൂസ് കടലിടുക്കില്‍ നിന്നും പിടിച്ചെടുത്ത് ഇറാനും തിരിച്ചടിച്ചു. പിന്നീട് ഇരു കപ്പലുകളും വിട്ടയക്കപ്പെട്ടു.

6. അരാംകോ ആക്രമണം

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദ കേന്ദ്രങ്ങളിലൊന്നായ സൗദി സര്‍ക്കാരിന് കീഴിലുള്ള അരാംകോക്ക് നേരെ സെപ്്റ്റംബറിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. യെമനിലെ ഹൂതി വിമത വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പതിവുപോലെ ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന വാദവുമായി യു.എസും സൗദിയും രംഗത്തെത്തി. കനത്ത നാശനഷ്ടം ഉണ്ടായ പ്ലാന്റ് പിന്നീട് പുന:രാരംഭിച്ചു.

7. ശ്രദ്ധേയമായ മരണങ്ങള്‍

ജൂലൈയില്‍ തുനീഷ്യയില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബെജി സെയ്ദ് അസ്സബ്‌സി 92ാം വയസ്സില്‍ അന്തരിച്ചു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ നടന്ന യു.എസിന്റെ സൈനിക നടപടിയില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട വാര്‍ത്ത ഒക്ടോബറിലാണ് പുറത്തു വന്നത്. ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയയിലെ വിതമ കേന്ദ്രമായ ഇദ്‌ലിബില്‍ യു.എസ് സഖ്യസേന നടത്തിയ സൈനിക നടപടിക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യു.എസ് റിപ്പോര്‍ട്ട് ചെയ്തത്.

2019 ഡിസംബറിലാണ് അള്‍ജീരിയയിലെ ശക്തനായ സൈനിക മേധാവി അഹ്മദ് സെയ്ദ് സലാഹ് തന്റെ 79ാം വയസ്സില്‍ അന്തരിച്ചത്.

8. ഗള്‍ഫിലെ രാഷ്ട്രീയ ഫുട്‌ബോള്‍

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളായ സൗദി,യു.എ.ഇ,ബഹ്റൈന്‍ എന്നിവര്‍ ദോഹയില്‍ വെച്ച് നടന്ന 24ാമത് ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്തു എന്നതാണ് കായിക മേഖലയിലെ പ്രധാന സംഭവം. ഫൈനലില്‍ സൗദി അറേബ്യയെ തകര്‍ത്ത് ബഹ്റൈന്‍ ആദ്യമായി കിരീടം ചൂടി. ഉപരോധ രാജ്യങ്ങള്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം തീരുമാനം പിന്‍വലിക്കുകയും മത്സരത്തില്‍ പങ്കെടുക്കുകയുമായിരുന്നു.

കടപ്പാട്: അല്‍ജസീറ

Facebook Comments
Related Articles
Show More
Close
Close