Current Date

Search
Close this search box.
Search
Close this search box.

ഹാനോയിലേക്ക് ട്രെയിന്‍ യാത്ര നടത്തുന്ന കിം ജോങ് ഉന്‍

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉനും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി
നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിക്ക് അതിന്റെതായ രാഷ്ട്രീയമായ മാനങ്ങള്‍ ഉണ്ടെങ്കിലും അതിലേറെ അത് വാര്‍ത്തയാകുന്നത് ചില കൗതുകങ്ങള്‍ കാരണമാണ്. ഉച്ചകോടിക്കായി കിം യാത്ര ചെയ്യുന്നത് ഒരു ട്രെയിനിലാണെന്നതാണ് അതില്‍ പ്രധാനം. പ്യോംങ് യാംഗില്‍നിന്ന് ഏതാണ്ട് 4,000 കി.മീറ്റര്‍ യാത്ര ചെയ്താലേ വിയറ്റ്‌നാമില്‍ എത്തുകയുള്ളൂ. ചൈന വഴിയാണ് യാത്ര. ബീജിംഗില്‍ എത്താന്‍ 13 മണിക്കൂറെടുക്കും. വിയറ്റ്‌നാം അതിര്‍ത്തിയിലെ ഡോംഗ് ദാംഗി്ല്‍ എത്തുമ്പോഴേക്ക് 60 മണിക്കൂര്‍ കഴിഞ്ഞിരിക്കും. അവിടെനിന്ന് പിന്നെ 170 കി.മീറ്റര്‍ കാറിലാണ് ഹാനോയിലേക്കുള്ള കിമ്മിന്റെ യാത്ര.

എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ട്രെയിനിലും കാറിലുമൊക്കെയായി 60 മണിക്കൂറോളം കിം യാത്ര ചെയ്യുന്നതെന്ന് ചോദിക്കാന്‍ വരട്ടെ. കിം വിയറ്റ്‌നാമിലേക്ക് പോകുന്നുവെന്നല്ലാതെ, ട്രംപുമായുള്ള ഉച്ചകോടിക്കാണെന്നു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇതുവരെ. കടുത്ത കമ്മ്യൂണിസ്റ്റ് ഏകാധിപത്യ വ്യവസ്ഥ നിലില്‍ക്കുന്ന, സര്‍വ്വവും ദൂരൂഹമായ ഒരു രാജ്യമല്ലേ ഉത്തര കൊറിയ. അവിടെ നടക്കുന്നത് എന്താണെന്ന് പലപ്പോഴും ലോകം അറിയാറില്ല. അറിയുമ്പോഴേക്കും ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞിരിക്കും.

അത്യാഡംബര വിമാനങ്ങളില്‍ ലോക നേതാക്കള്‍ യാത്ര ചെയ്യുമ്പോള്‍ ഉത്തര കൊറിയന്‍ നേതാവ് എന്തേ ഇങ്ങനെ എന്നാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. വിമാന യാത്ര പേടി (aerophobia) ആണോ കിമ്മിന് എന്ന ചോദിക്കുന്നവരുണ്ട്. ലിബിയന്‍ നേതാവായിരുന്ന മൂഅമ്മര്‍ ഗദ്ദാഫിക്ക് ഉയരത്തിലുള്ള കെട്ടിടങ്ങള്‍ ഭയമായിരുന്നുവെന്ന് (acrophobia) പറയാറുണ്ട്. അതിനാല്‍ അപൂര്‍വമായി നടത്താറുള്ള വിദേശയാത്രകളില്‍ തന്റെ പരമ്പരാഗത ടെന്റ് ഖദ്ദാഫി കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാല്‍, കിമ്മിന് അത്തരം പേടിയുള്ളതായി എവിടെയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ ജൂണില്‍ ട്രംപുമായി നടന്ന സിംഗപ്പൂര്‍ ഉ്ച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കുമായിരുന്നില്ലല്ലോ. സിംഗപ്പൂരിലെ പ്രഥമ ഉച്ചകോടിക്ക് ചൈനയില്‍നിന്ന് വിമാനം കടം വാങ്ങിയാണ് കിം പറന്നത്. അതെ, ചൈനയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ചൈന നല്‍കിയ ബോയിംഗ് 747 വിമാനത്തിലായിരുന്നു ഉത്തര കൊറിയന്‍ നേതാവിന്റെ യാത്ര. ഇക്കാലത്ത് ഏതെങ്കിലും ലോക നേതാക്കള്‍ മറ്റൊരു രാജ്യത്തിന്റെ വിമാനം കടം വാങ്ങി പറക്കുകയോ എന്ന സംശയമെല്ലാം മാറ്റിവെച്ചേക്കുക. കിമ്മിന്റെ സ്വന്തം സോവിയറ്റ് നിര്‍മിത ഇല്‍യുഷിന്‍ ഐ162 വിമാനത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. മാത്രമല്ല, അതിന്റെ സ്‌പെയര്‍ പാര്‍ട്‌സുകളൊന്നും കിട്ടാനുമില്ല. അമേരിക്കയുടെ കടുത്ത ഉപരോധമാണ് ഈയൊരു പരാധീനതക്ക് കാരണം.

തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരണമെന്നത് കിമ്മിന് നിര്‍ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാമഹനും ഉത്തര കൊറിയുയടെ സ്ഥാപകനുമായ കിം ഇല്‍ സുംഗ് തുടങ്ങിവെച്ചതാണ് പരമ്പരാഗത ട്രെയിന്‍ യാത്ര. 1984ല്‍ കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ട്രെയിനിലാണ് കിം ഇല്‍ സുംഗ് യാത്ര ചെയ്തത്. ഇതുപോലെ കിമ്മിന്റെ പിതാവ് കിം ജോംഗ് ഇലും 2001ല്‍ മോസ്‌കോ സന്ദര്‍ശനം നടത്തിയത് ട്രെയിനിലായിരുന്നു.

സിംഗപ്പൂരിലേക്ക് പോകാന്‍ നല്‍കിയത് പോലെ ആഡംബര വിമാനം നല്‍കാന്‍ ചൈന എപ്പോഴും സന്നദ്ധമാണ്. കഴിഞ്ഞ വര്‍ഷം മാത്രം നാലു തവണയാണ് കിം ചൈന സന്ദര്‍ശിച്ചത്. എല്ലാം ചൈനയുടെ ക്ഷണപ്രകാരം. അമേരിക്കയാണ്, ചൈനയല്ല സാമ്പത്തിക മേഖലയില്‍ ഉത്തര കൊറിയയുടെ റോള്‍ മോഡലെന്ന് ഉറപ്പിക്കാനായിരുന്നു ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് തന്റെ പകുതി വയസ്സിന് ഇളപ്പമുള്ള ഉത്തരന്‍ കൊറിയന്‍ നേതാവിനെ ക്ഷണിച്ചത്. ആരെയും ആശ്രയിക്കാതെ സ്വന്തം വാഹനത്തില്‍തന്നെ യാത്ര ചെയ്യണമെന്ന് ഉദ്ദേശ്യമായിരിക്കാം ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കാന്‍ കിമ്മിനെ പ്രേരിപ്പിച്ചതെന്നാണ് ഒരു ഉത്തര കൊറിയന്‍ വിദഗ്ധന്‍ പ്രതികരിച്ചത്. എന്നാല്‍, ഇത് ചൈനക്കും വിയറ്റ്‌നാമിനും വരുത്തിവെച്ച തലവേദന ചില്ലറയല്ല. സുരക്ഷയൊരുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം രണ്ടു രാജ്യങ്ങള്‍ക്കുമാണല്ലോ.

കിമ്മിനെ ഉച്ചകോടിക്ക് എത്തിക്കുകയും അണുവായുധ നിയന്ത്രണകരാറില്‍ ഒപ്പിടുവിക്കുകയും ചെയ്യുകയെന്നത് ചൈനയുടെ കൂടി ആവശ്യമാണ്. അതിനാല്‍ കമ്യൂണിസ്റ്റ് സഹോദരനുവേണ്ടി എന്തു ത്യാഗം സഹിക്കാനും ബീജിംഗ് തയ്യാറാണ്.

Related Articles