Politics

കശ്മീര്‍: ബി.ജെ.പിക്കുവേണ്ടി നടത്തുന്ന തെരഞ്ഞെടുപ്പ്

ഇതുപോലൊരു തെരഞ്ഞെടുപ്പ് കശ്മീരില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ല. രാഷ്ടീയ പ്രവര്‍ത്തകര്‍ ജയിലിലും രാഷ്ട്രീയപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലുമായ ഒരു തെരഞ്ഞെടുപ്പ് കശ്മീരില്‍ മുമ്പെങ്ങുമുണ്ടായിട്ടില്ല. വരുന്ന ഒക്ടോബര്‍ 24നാണ് കശ്മീരില്‍ ബ്ലോക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മേഖലയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സ് (എന്‍.സി),പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി),പീപിള്‍സ് കോണ്‍ഫറന്‍സ് (പി.സി)ജമ്മു കശ്മീര്‍ പീപിള്‍സ് മൂവ്‌മെന്റ്,മറ്റു ചെറുപാര്‍ട്ടികള്‍ എന്നിവരെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അവസാന നിമിഷം മലക്കം മറിഞ്ഞ് മറ്റു പാര്‍ട്ടികളോടൊപ്പം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രാദേശിക പാര്‍ട്ടികളെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ‘താഴ്‌വരയെ ഒരു കൂട്ടില്‍ അടച്ചിട്ട് തങ്ങളോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍’-കോണ്‍ഗ്രസ് സംസ്ഥാന തലവന്‍ കൂടിയായ ഗുലാം അഹ്മദ് മിര്‍ പറയുന്നു.

ബി.ജെ.പിക്കു വേണ്ടി തുറന്നിട്ട മൈതാനം

കശ്മീരിനുള്ള പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് കശ്മീരിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ച് രണ്ടു മാസം പൂര്‍ത്തിയാകുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനയും പതാകയും നീക്കം ചെയ്തിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള തിരിച്ചടികള്‍ ഭയന്ന് മേഖലയില്‍ കനത്ത അടിച്ചമര്‍ത്തുലകളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍,അഭിഭാഷകര്‍,വ്യാപാരികള്‍,വിഘടനവാദികള്‍ എന്നിവരെ അറസ്റ്റു ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. പ്രധാന നേതാക്കളെല്ലാം കഴിഞ്ഞ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.

ഇത്തരം അറസ്റ്റുകള്‍ പ്രാദേശിക പാര്‍ട്ടികളെ ആശയക്കുഴപ്പത്തിലാക്കുകയും ബി.ജെ.പിക്ക് താഴെത്തട്ടില്‍ അതിക്രമിച്ച് കടന്നുകയറാന്‍ മാര്‍ഗമൊരുക്കുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ കശ്മീരില്‍ ബി.ജെ.പി അഞ്ച് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്ന രൂപത്തില്‍ ബി.ജെ.പി സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി അനുകൂലികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. അതേസമയം താഴ്‌വരയിലെ മറ്റു പാര്‍ട്ടി ഓഫിസുകളും ക്യാംപുകളുമെല്ലാം വിജനമായി കിടക്കുകയാണ്. നേതാക്കളെല്ലാം ജയിലിലാണെന്നും അതിനാല്‍ പാര്‍ട്ടി ഓഫിസില്‍ കഴിഞ്ഞ ഓഗസ്റ്റ് 5 മുതല്‍ ആരും വന്നിട്ടില്ലെന്ന് ഓഫിസിന് കാവലിരിക്കുന്ന പൊലിസ് ഓഫിസര്‍ പറയുന്നു.

അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ്

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താതെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബി.ഡി.സിയുടെ (ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍) അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനാണ് ഇപ്പോള്‍ ഇലക്ഷന്‍ നടക്കുന്നത്. ജമ്മുകശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ദ്വിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഒക്ടോബര്‍ 24ന് നിശ്ചയിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനവും അന്ന് തന്നെയാണ്.

‘ഈ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്. ഞങ്ങളുടെ നേതാക്കള്‍ ജയിലിലകപ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് എങ്ങോട്ടും പോകാന്‍ പോലും കഴിയില്ല. പിന്നെ എങ്ങിനെയാണ് തെരഞ്ഞെടിുപ്പില്‍ മത്സരിക്കുന്നത്.’ -രണ്ടു മാസത്തെ തടങ്കലിനു ശേഷം കഴിഞ്ഞ ദിവസം വിട്ടയച്ച കോണ്‍ഗ്രസ് നേതാവ് മിര്‍ ഗുലാം ചോദിക്കുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ലോകത്തെ അറിയിക്കാനുള്ള തന്ത്രമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു കാരണങ്ങള്‍

നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി ഒക്ടോബര്‍ 9 ആയിരുന്നു. എന്നാല്‍ മുഖ്യധാര പാര്‍ട്ടികള്‍ ഒന്നും തന്നെ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചിട്ടില്ല. അതിനെപ്പറ്റി പി.ഡി.പി,പി.സി,എന്‍.സി തുടങ്ങിയ പാര്‍ട്ടികളൊന്നും ഒരു ഘട്ടത്തിലും പ്രതികരിച്ചിട്ടില്ല. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് വരെ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് മിക്ക പാര്‍ട്ടികളുടെയും നിലപാട്. ഇതിനെതിരെ കശ്മീരിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും ഒരു പൊതുതന്ത്രം ആവിഷ്‌കരിക്കണമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യത്തുടനീളം ജനരോഷം പടര്‍ന്നുപിടിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370ന്റെ സംരക്ഷണം അവരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മൂലക്കല്ലാക്കി മാറ്റുകും ചെയ്തു. പ്രത്യേകപദവി എടുത്തുകളഞ്ഞതോടെ ഈ രാഷ്ട്രീയപാര്‍ട്ടികള്‍ അപമാനിക്കപ്പെടുകയും ചെയ്തു.

മത്സരം

ഒക്ടോബര്‍ 31ന് കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി തിരിക്കുന്നതിന് മുന്‍പ് നടക്കുന്ന അവസാന തെരഞ്ഞെടുപ്പാണിത്. കളത്തില്‍ പ്രത്യക്ഷമായി യാതൊരു ശക്തികളുമില്ല. ബി.ജെ.പിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും തമ്മില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇരു വിഭാഗങ്ങളിലുമായി 450 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചുവെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസില്‍ നിന്നും ലഭിക്കുന്ന വിവരം.

ജമ്മുകശ്മീരില്‍ 316 പഞ്ചായത്ത് ബ്ലോക്കുകളാണുള്ളത്. ഇതില്‍ 134 എണ്ണവും കശ്മീരിലാണ്. ഇവിടേക്കുള്ള ചെയര്‍പേഴ്‌സണു വേണ്ടിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീരില്‍ 120 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുകയും ബാക്കി 14 എണ്ണത്തില്‍ സ്വതന്ത്രരെ പിന്തുണക്കുകയുമാണ് ചെയ്യുന്നത്. ഞങ്ങള്‍ 90 ശതമാനം സീറ്റുകളിലും വിജയിക്കുമെന്നും കശ്മീരില്‍ താമര വിരിയുമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി അശോക് കൗള്‍ അവകാശവാദമുന്നയിക്കുന്നു.

പഞ്ച്,സര്‍പഞ്ച് എന്നീ സീറ്റുകളിലായി മൊത്തം 19,582 സെഗ്മെന്റില്‍ 12054 ഭാഗവും ഒഴിഞ്ഞു കിടക്കുമ്പോഴും തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ‘താഴ്‌വരയിലെ മൊത്തം ജനങ്ങളും ആശയവിനിമയ സൗകര്യങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ എങ്ങിനെ വ്യാഖ്യാനിക്കും. പ്രഹസനമല്ലാതെ ഇതിനെ മറ്റൊന്നും പറയാനില്ല’.-പി.ഡി.പി നേതാവ് പറഞ്ഞു.

വഞ്ചനാപരമായ തെരഞ്ഞെടുപ്പ് അഭ്യാസമാണിതെന്നും കശ്മീരിലെ തെരെഞ്ഞടുപ്പ് മുഖ്യധാരയുമായി ബന്ധം വേര്‍പെടുത്താന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നുമാണ് മുന്‍ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് ഷെഹ്‌ല റാഷിദ് പറഞ്ഞത്. ഇന്ത്യയിലെ നിയമങ്ങള്‍ കശ്മീരിലെത്തുമ്പോള്‍ മാറുകയാണെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്നും എന്നാല്‍ പൊതുപ്രവര്‍ത്തകയായി തുടരുമെന്നും ഷെഹ്‌ല പറഞ്ഞു.

അവലംബം: thewire.in
മൊഴിമാറ്റം: പി.കെ സഹീര്‍ അഹ്മദ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker