Politics

ഇസ്രായേലിന്റെ ക്രൂര വിനോദങ്ങള്‍

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനായി പുറപ്പെട്ട ‘അല്‍ അവ്ദ’ എന്ന കപ്പലിനു നേരെയും ഇസ്രായേലിന്റെ ആക്രമണമുണ്ടായിരിക്കുകയാണ്. കപ്പലിലെ നിരായുധരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ജൂലൈ 31നു നേരെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അതില്‍ ഒരാള്‍ മലേഷ്യയിലെ പെനാങ്ങില്‍ ജനിച്ച ഫലസ്തീന്‍ ആക്റ്റിവിസ്റ്റായ ഡോ. അങ് സീ ചായ് ആണ്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന രംഗങ്ങള്‍ ഇപ്പോഴും ഇവരുടെ മനസ്സിലുണ്ട്. ”അല്‍ അവ്ദ കപ്പലിലെ മുകള്‍ത്തട്ടില്‍ മുഴുവന്‍ രക്തമായിരുന്നു. കപ്പലിലെ അവസാനത്തെ യാത്രക്കാരനെയും വലിച്ചിഴച്ചാണ് അവര്‍ കൊണ്ടുപോയത്”.

22 യാത്രക്കാരില്‍ 20 പേരെയും ഇസ്രായേല്‍ ജയിലിലടച്ചു. ഇവരില്‍ ചിലരെ പിന്നീട് വിട്ടയച്ചു. കടല്‍ വഴിയുള്ള കേവലം മാനുഷിക സഹായങ്ങള്‍ക്കു നേരെയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണിത്. മുഖംമൂടിയണിഞ്ഞ ഇസ്രായേല്‍ സൈനികര്‍ കപ്പലിലെ യാത്രക്കാരെ ക്രൂരമായി മര്‍ദിക്കുകയും വൈദ്യുതാഘാതമേല്‍പ്പിക്കുകയുമാണ് ചെയ്തത്. അല്‍ അവ്ദ കപ്പല്‍ തട്ടിക്കൊണ്ടുപോകാനായിരുന്നു അവരുടെ ശ്രമം. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്നറിയപ്പെടുന്ന ഗസ്സയിലെ ജനതക്കുള്ള മെഡിക്കല്‍ സഹായവും മറ്റു അടിസ്ഥാന സഹായങ്ങളും തടഞ്ഞ ഇസ്രായേലിന്റെ നടപടി അതിതീവ്രവായ ക്രൂരത തന്നെയാണ്.

ഇസ്രായേല്‍ ജയിലിലടച്ച യാത്രക്കാരെ വിട്ടയക്കണമെന്നും അല്‍ അവ്ദയെ ഗസ്സയിലേക്ക് കടത്തിവിടണമെന്നുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാരുകളം മനുഷ്യാവകാശ പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇസ്രായേലിന്റെ ധിക്കാരവും അഹങ്കാരവും കൂടുതല്‍ തുറന്നുകാണിക്കുന്ന നടപടിയായിരുന്നു ഇത്. ഇസ്രായേലിന്റെ അതിരു കടന്നുള്ള ക്രിമിനല്‍ സ്വഭാവം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയും ഇപ്പോള്‍ അതൊരു ശീലമാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്.

2010 മെയ് 31ന് ഇതുപോലെ ഗസ്സയിലേക്ക് സഹായവുമായി പോയ ആറു കപ്പലുകള്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 9 തുര്‍ക്കി ആക്റ്റിവിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകം ലോകത്തെ മുഴുവന്‍ ചൊടിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തിയ യു.എന്‍ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവത്ത ക്രൂരതയാണിതെന്നായിരുന്നു.

തുടര്‍ന്ന് 2011 ജൂലൈില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 300 ആക്റ്റിവിസ്റ്റുകളുമായി പോയ രണ്ടാമത്തെ കപ്പല്‍ സംഘത്തെയും ഇസ്രായേല്‍ തടഞ്ഞു.
ഏറ്റവും പുതിയ സംഭവും ഇതു തന്നെയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കപ്പലിലുണ്ടായിരുന്നത്. ഗസ്സക്കെതിരെയുള്ള ഉപരോധം നീക്കാനും സമാധാനം നിലനിര്‍ത്താനും വേണ്ടിയാണ് അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് സഹായവുമായി 2018ലും കപ്പല്‍ സംഘം യാത്ര തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് യാത്രക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഒരു ക്യാംപയിന്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണിവര്‍. ക്യാംപയിന്റെ അന്തിമ ലക്ഷ്യം ഗസ്സക്കു മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കുക എന്നതാണ്. ഫലസ്തീന്‍ ജനതയെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിപ്പുറത്താക്കിയതിന്റെ 70ാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ പോരാട്ടം.

(മലേഷ്യ ആസ്ഥാനമായുള്ള ഇന്റനാഷണല്‍ മൂവ്‌മെന്റ് ഫോര്‍ എ ജസ്റ്റ് വേള്‍ഡ് (ജസ്റ്റ്) പ്രസിഡന്റ് ആണ് ലേഖകന്‍).

അവലംബം: countercurrents.org
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Show More
Close
Close