Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ന്യൂയോർക്ക് സംസ്ഥാനത്തെ ബഫലോയിൽ വെള്ള തീവ്രവംശീയത തലക്ക് കയറിയ ഒരു കൗമാരക്കാരൻ പത്ത് ആഫ്രിക്കൻ വംശജരായ അമേരിക്കക്കാരെ കൂട്ടക്കൊല നടത്തിയതിനെ പറ്റി പറഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ അഭ്യന്തര ഭീഷണി പ്രത്യേകം എടുത്തു പറയുകയുണ്ടായി. വെള്ള തീവ്ര വംശീയ വിഷം അമേരിക്കൻ സമൂഹത്തിൽ എത്ര ആഴത്തിലാണ് പടർന്നിരിക്കുന്നതെന്നും അത് അമേരിക്കൻ സാമൂഹിക ഘടനയെയും ജനാധിപത്യത്തെയും തകർക്കുമെന്നും മുന്നറിയിപ്പു നൽകുന്ന ധാരാളം ലേഖനങ്ങളും കമന്റുകളും വന്നു കഴിഞ്ഞു. ‘പകരം വെക്കൽ’ സിദ്ധാന്തമാണ് ഇത്തരം ഹിംസകൾക്ക് കാരണമാകുന്നതെന്ന് വ്യക്തം (ഒരു വെള്ള വംശീയ ഗൂഢാലോചനാ തിയറിയാണ് ഈ ‘പകരംവെക്കൽ’. ഇംഗ്ലീഷിൽ Grand Replacement. ഫ്രഞ്ച് വംശീയ വാദി റെനെ കാമു (Rene Camus) തന്റെ Le Grand Replacement എന്ന പുസ്തകത്തിലാണ് ഈ വാദം അവതരിപ്പിക്കുന്നത്. അത് പ്രകാരം, പാശ്ചാത്യ ദേശങ്ങളിലേക്ക് കുടിയേറ്റം അനുവദിച്ചാൽ ഏതാനും വർഷങ്ങൾക്കകം കുടിയേറ്റക്കാരായ അറേബ്യൻ, ആഫ്രിക്കൻ , ഹിസ്പാനിക് പോലുള്ള വംശജർ വെള്ളക്കാരെ എണ്ണത്തിൽ മറികടക്കുകയും വെള്ളക്കാരുടെ സ്ഥാനം കയ്യേറുകയും ചെയ്യും. വിവ: ). റിപ്പബ്ലിക്കൻ പാർട്ടിയുടെ പല പ്രമുഖരും ഈ തിയറിയുടെ വക്താക്കളും പ്രചാരകരുമാണ്. തീവ്ര വലത് പക്ഷ മീഡിയയും ഇത് ഏറ്റുപിടിക്കുന്നു. ഇത്തരം വ്യാജ തിയറികൾ തള്ളിക്കളയണമെന്നാണ് ബൈഡൻ അമേരിക്കക്കാരെ ആഹ്വാനം ചെയ്തിരിക്കുന്നത്. പക്ഷെ ഇത് ധാരാളം പേരെ സ്വാധീനിച്ചിരിക്കുന്നു. വെടി വെച്ചു പത്ത് പേരെ കൊലപ്പെടുത്തിയ പൈറ്റൻ ജൻഡ്രോൻ അവരിലൊരാളാണ്. അവന് പതിനെട്ട് വയസ്സ് കഴിഞ്ഞിട്ടില്ല.

റിപ്ലേസ്മെന്റ് സിദ്ധാന്തക്കാർ വിശ്വസിക്കുന്നത്, വെള്ളക്കാരുടെ ജനസംഖ്യാനുപാതം അട്ടിമറിക്കാനും അവരുടെ സംസ്കാരം തകർക്കാനും വളരെ മനപ്പൂർവമാണ് തെക്കനേഷ്യയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നും വെള്ളക്കാരല്ലാത്തവർ കൂട്ടത്തോടെ കുടിയേറുന്നത് എന്നാണ്. പാശ്ചാത്യ ദേശങ്ങളിൽ ജനന നിരക്ക് കുറയുന്നത് കൊണ്ട് പ്രായമായവരാണ് അവരിൽ കൂടുതലും എന്നത് പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ആയതിനാൽ വെള്ളക്കാരനല്ലാത്ത ഏത് കുടിയേറ്റക്കാരനും വരുന്നത് ‘വെള്ളക്കാരുടെ കൂട്ട ഉന്മൂലന’ത്തിനാണ്!

സമീപകാലത്ത് അമേരിക്കയിലും യൂറോപ്പിലുമുണ്ടായ മിക്ക വംശീയാതിക്രമങ്ങൾക്കും ഇന്ധനം പകർന്നത് ഈ ‘പകരം വെക്കൽ’ സിദ്ധാന്തമാണ്. ചിലർ ഇതിന്റെ ഗൗരവം കുറച്ച് കാണുന്നു എന്നതും ശരിയാണ്. അവർക്കത് ‘ഒറ്റപ്പെട്ട ചെന്നായ്ക്കളു’ടെ അതിക്രമങ്ങൾ മാത്രം. ഇതിന്റെ പിന്നിൽ ഒരു ഐഡിയോളജിയോ വ്യവസ്ഥാപിത നെറ്റ് വർക്കോ ഉണ്ടെന്ന് അവർ സമ്മതിച്ച് തരില്ല. പക്ഷെ ഇവിടങ്ങളിലുണ്ടായ മത-വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെയെല്ലാം രാസത്വരകമായി വർത്തിച്ചത് വെള്ള വംശീയ ആഢ്യ ചിന്തയായിരുന്നു എന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല. അവരുടെ വെബ് സൈറ്റുകൾ പരിശോധിച്ചാൽ ഇക്കാര്യവും അവരുടെ സംഘടിത സ്വഭാവവും വ്യക്തമാവും. 2019 ആഗസ്റ്റിൽ ടെക്സാസിലെ എൽ പാസോ വാൾമാർട്ട് കടയിൽ കയറി 21 വയസ്സുള്ള ഒരു വെള്ളക്കാരൻ ഇരുപത്തിയൊന്ന് പേരെ തോക്കിന്നിരയാക്കിയ ശേഷം ഇങ്ങനെ കുറിച്ചിട്ടിരുന്നു :’ ഇത് ഹിസ്പാനിക്കുകൾ ടെക്സാസിൽ കടന്നുകയറുന്നതിനോടുള്ള പ്രതികാരം.’ സൗത്ത് കരോലിനയിലെ ഷാർലസ്റ്റനിൽ 2015-ജൂണിൽ ഒരു ആഫ്രിക്കൻ അമേരിക്കൻ ചർച്ചിലേക്ക് തള്ളിക്കയറി ഒമ്പത് പേരെ വെടിവെച്ചു കൊന്ന വ്യക്തിയും വെള്ള വംശീയത തലക്ക് പിടിച്ച ആളാണെന്ന് വ്യക്തമായിരുന്നു. 2019 ഏപ്രിലിൽ കാലിഫോർണിയയിലെ സാൻഡിയാഗോയിലെ ജൂത സിനഗോഗിലേക്കാണ് ഒരു പത്തൊമ്പത്കാരൻ അതിക്രമിച്ച് കയറി ഒരാളെ കൊല്ലുകയും രണ്ടാൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തത്. അവനെയും ആ കൃത്യത്തിന് പ്രേരിപ്പിച്ചത് വെള്ള മേധാവിത്ത ചിന്തയായിരുന്നു. ന്യൂസിലാൻസിലെ ക്രൈസ്റ്റ്ചർചിൽ രണ്ട് മസ്ജിദുകളിൽ കയറി 51 മുസ്ലിംകളെ കൊലപ്പെടുത്തിയ ബ്രണ്ടൻ ടറന്റ് തനിക്ക് മാതൃകയായെന്നും ഈ കൗമാരക്കാരൻ പറഞ്ഞിരുന്നു.

എഫ്.ബി.ഐ യുടെ കണക്ക് പ്രകാരം കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിദ്വേഷാതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണ്. ആഫ്രിക്കൻ – ഏഷ്യൻ വംശജരാണ് ഈ അതിക്രമങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയരാകുന്നത്. ഇവ തടയാൻ ഫലപ്രദമായ നീക്കങ്ങളൊന്നും ഇത് വരെ നടത്താൻ കഴിഞ്ഞിട്ടില്ല. തോക്കുകൾ പോലുള്ള മാരകായുധങ്ങളുടെ വിൽപ്പന തടയുക എന്നതാണ് നിർദേശിക്കപ്പെടുന്ന ഒരു പരിഹാരം. 1968 മുതൽ 2017 വരെ അമേരിക്കയിൽ തോക്ക് കൊണ്ട് വെടിയേറ്റ് മരിച്ചവർ ഒന്നര ദശലക്ഷം ആണത്രെ. പക്ഷെ തോക്ക് വിൽപ്പന നിർത്തി വെക്കാൻ ആയുധ ലോബി സമ്മതിക്കില്ല.

ന്യൂയോർക്ക് ടൈംസ് എഴുതിയ എഡിറ്റോറിയലിൽ ബഫലോ വെടിവെപ്പ് നടത്തിയ കൗമാരക്കാരനെപ്പോലെയുള്ളവരിലേക്ക് വംശീയ വിഷം കുത്തിവെക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘അമേരിക്കൻ ജീവിതത്തിൽ ഇടക്കിടെ ഇത് പോലെ ഒരു സംഘമാളുകൾക്കെതിരെ വെടിവെപ്പുണ്ടാകുന്നു. അപ്പോഴൊക്കെയും ഒറ്റപ്പെട്ട സംഭവം എന്ന നിലക്കാണ് അത് കൈകാര്യം ചെയ്യപ്പെടുന്നത്. ഇവയെയൊന്നും ഒറ്റപ്പെട്ടതോ യാദൃഛികമോ ആയി കാണാൻ കഴിയില്ല. ദീർഘകാലമായി അമേരിക്കയിലെ വെള്ളവംശവെറിയൻമാർ കറുത്ത വർഗക്കാർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തി വരുന്ന രാഷ്ടീയ ഹിംസയുടെ തുടർച്ച മാത്രമാണിത്.’ ഗണ്യമായ ഒരു വിഭാഗം റിപ്പബ്ലിക്കൻ രാഷ്ടീയക്കാർ റിപ്ലെയ്സ്മെന്റ് സിദ്ധാന്തത്തെ പരസ്യമായി പിന്തുണക്കുന്നവരാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ഈ പ്രവണത എത്രമാത്രം അപകട നിലയിലെത്തിയിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. മാത്രമല്ല, അടുത്ത കാലത്ത് നടത്തിയ ഒരു അഭിപ്രായ സർവെ പ്രകാരം, മുന്നിലൊന്ന് അമേരിക്കക്കാരും അല്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കുന്നവരിൽ ഏതാണ്ട് പകുതി പേരും വിശ്വസിക്കുന്നത്, അമേരിക്കയിൽ കുടിയേറ്റക്കാർ എത്തിച്ചേരുന്നത് മേൽപ്പറഞ്ഞ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നത്രെ.

നിരവധി പാശ്ചാത്യനാടുകളിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾ എത്തിച്ചേർന്ന നിഗമനം വെള്ള വംശീയ ഭീകരവാദം വളരെ ഗുരുതരമായ നിലയിലെത്തിയിരിക്കുന്നു എന്നാണ്. ഇത് വലിയ പിളർപ്പുകൾ സമൂഹത്തിൽ ഉണ്ടാക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായ മിക്ക കൂട്ടക്കൊലകളുടെയും മുഖ്യ പ്രേരകവും ഈ വംശീയ ചിന്തയായിരുന്നു.

വിവ : അശ്റഫ് കീഴുപറമ്പ്

( സുഡാനി പത്രപ്രവർത്തകനാണ് ലേഖകൻ)

Related Articles