Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് വംശഹത്യക്ക് 17 വയസ്സ്

2002 ഫെബ്രുവരി 28ന് ഗുജറാത്തിലുണ്ടായ കലാപം റിപ്പോര്‍ട്ട് ചെയ്യാനെതിയ ബി. ബി. സി ലേഖകന്‍ റൈഹാന്‍ ഫസല്‍ മുസ്ലിം ജേര്‍ണലിസ്റ്റായ തനിക്ക് നേരിടേണ്ടി വന്ന അനുഭവം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വിവരിച്ചത് ഇങ്ങനെയാണ്:

ആ ദിവസങ്ങളെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ഇന്നും മങ്ങിയിട്ടില്ല. ഫെബ്രുവരി 28ന് രാവിലെ എട്ടുമണിയോടെയാണ് ഞാന്‍ അഹ്മദാബാദിലെത്തിയത്. പ്രക്ഷോഭം അപ്പോള്‍ പൊട്ടിപുറപ്പെട്ടിട്ടില്ലായിരുന്നു.

നഗരത്തിലൂടെ സഞ്ചരിച്ചപ്പോള്‍ ഇരുന്നൂറോളം വരുന്ന ആളുകള്‍ തീ പന്തങ്ങളുമായി പല സ്ഥലത്തും കൂടിനില്‍കുന്നു. അവര്‍ മുദ്രാവാക്യം വിളിക്കുകയും കാറുകള്‍ തടയുകയും ചെയ്യുന്നുണ്ടായിരുന്നു. എന്റെ കാര്‍ നിര്‍ത്തിയ ഉടനെ അന്‍പതോളംപേര്‍ അതിനുചുറ്റും കൂടി. ഞാന്‍ അവരോട് സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ െ്രെഡവര്‍ മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു.

ഞങ്ങള്‍ ബി.ബി. സിയില്‍ നിന്നാണെന്നും 59 ഹിന്ദുക്കള്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഗോധ്ര സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നും അയാള്‍ അവരോട് ഗുജറാത്തിയില്‍ പറഞ്ഞു. അവസാനം ഞങ്ങളെ പോവാന്‍ അനുവദിച്ചു.

ബാലാസിനോറില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഞങ്ങളെ വീണ്ടും തടഞ്ഞു. ചിലര്‍ എന്റെ നേരെ തിരിഞ്ഞ് ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ അപ്പുറത്തെ കാറില്‍ നിന്നും ഒരാളെ വലിച്ചു താഴെയിടുന്നത് ഞാന്‍ കണ്ടു. ശക്തമായി അടികൊണ്ട് അവശനായ അയാള്‍ ചോരയില്‍ മുങ്ങി റോഡില്‍ കിടക്കുകയായിരുന്നു.

വീണ്ടും എന്നോട് ഐഡി കാര്‍ഡ് കാണിക്കാന്‍ ഒരാള്‍ അലറി. എന്റെ മുസ്ലിം പേര് വിരല്‍കൊണ്ട് മറച്ചുപിടിച്ച് ബി. ബി. സിയുടെ കാര്‍ഡ് ഞാന്‍ പൊക്കികാണിച്ചു. നേരത്തെ കണ്ട മനുഷ്യന്റെ അവസ്ഥ തന്നെ എനിക്കും ഉണ്ടാകുമോ? ഇന്ത്യ സാക്ഷിയായ വര്‍ഗീയ കലാപത്തിന്റെ മറ്റൊരു ഇരയാകുമോ ഞാന്‍?

എന്റെ കാര്‍ഡിലേക്ക് അതിലൊരാള്‍ ഒന്നുകൂടി സംശത്തോടെ നോക്കി. പെട്ടെന്ന് മറ്റൊരാള്‍ കാറിലേക്ക് കയറി അയാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരെ അയാള്‍ ദീര്‍ഘമായി പ്രസംഗിച്ചു. അവസാനം അയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുകയും ഞങ്ങളെ അവിടെനിന്നും പോകുവാന്‍ അനുവദിക്കുകയും ചെയ്തു. ഞാന്‍ ഒരുപാട് പ്രയാസപ്പെട്ട നിമിഷങ്ങളായിരുന്നു അത്. എന്തോ ഭാഗ്യത്തെനാണ് അവരുടെ കയ്യില്‍ നിന്നും ഞാന്‍ അന്ന് രക്ഷപെട്ടത്.

ഇതുവരെ നടന്ന കാര്യങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. തുടര്‍ന്ന് മുന്നോട് പോകണോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പിന്മാറാന്‍ കഴിഞ്ഞില്ല.

ട്രെയിന്‍ അപകടത്തില്‍പെട്ട ഗോധ്രയിലെ സ്‌റ്റേഷനില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ആവിടെ മുഴുവനും വല്ലാത്തൊരു ഭീതിതമായ പ്രതീതി ആയിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ എത്രയും വേഗം എന്നോട് അവിടെ നിന്നും പോകുവാന്‍ ആവശ്യപെട്ടു.

ഞാന്‍ അന്ന് ഗോധ്രയില്‍ താങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും െ്രെഡവറുടെ നിര്‍ദേശപ്രകാരം ഞങ്ങള്‍ അഹ്മദാബാദിലേക്ക് തിരിച്ചു. 10km യാത്ര തുടര്‍ന്നപ്പോള്‍ ഒരു സ്ഥലത്ത് ആള്‍ക്കൂട്ടം വീടുകള്‍ക്ക് തീയിടുന്നത് കണ്ടു. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ഞങ്ങളുടെ കാറിന്റെ ടയര്‍ പഞ്ചറായി. ഒരു ടയര്‍ മാറ്റിയപോഴേക്കും അടുത്തതും പഞ്ചറായി. എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങള്‍ കുഴങ്ങി.

എന്റെ െ്രെഡവര്‍ അടുത്തുള്ള ഒരു വീട്ടിലേക്ക് ചെന്നു. അവരുടെ സ്‌കൂട്ടര്‍ കിട്ടിയാല്‍ ടയര്‍ മാറ്റിക്കൊണ്ട് വരാമെന്ന് അയാള്‍ പറഞ്ഞു. െ്രെഡവറെയും കാത്ത് ഞാന്‍ കാറില്‍ ഇരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ എന്റെ നേരെ വരുന്നത് കണ്ടു. പെട്ടെന്നുതന്നെ ഞാന്‍ എന്റെ ഐഡി കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ രേഖകള്‍ കാറിന്റെ കാര്‍പെറ്റിനുതാഴെ ഒളിപ്പിച്ചു.

മഞ്ഞ ബാന്‍ഡ് തലയില്‍ കെട്ടിയ ഒരാള്‍ എന്റെ അടുത്തുവന്ന് ഞാന്‍ മുസ്ലിമാണോ എന്ന് ചോദിച്ചു. അല്ല എന്ന് ഞാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ അയാള്‍ എന്നോട് ഐഡി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. കയ്യിലുണ്ടായിരുന്ന എന്റെ ഭാര്യയുടെ ഐഡി ഞാന്‍ പൊക്കികാണിച്ചു. അതില്‍ ‘ഋതു’ എന്നാണ് പേരുണ്ടായിരുന്നത്. അയാള്‍ അത് ‘ഋതിക് ‘ എന്നാണെന്ന് തെറ്റിദ്ധരിച്ചു. എന്നിട്ട് മറ്റുള്ളവരോട് പറഞ്ഞു ‘ഇവന്‍ മുസ്ലിം അല്ല. ഇവനെ വിട്ടേക്ക് ‘. ഒരിക്കല്‍ കൂടി ഞാന്‍ അവരുടെ കയ്യില്‍ നിന്നും രക്ഷപെട്ടു.

തിരികെ ഞങ്ങള്‍ അഹ്മദാബാദില്‍ എത്തിയപ്പോഴേക്കും സ്ഥിതി ആകെ മാറി. എല്ലായിടത്തും അക്രമം അഴിഞ്ഞാടുകയായിരുന്നു.

എനിക്ക് അഹ്മദാബാദില്‍ നിന്നും സുരക്ഷിതമായി പുറത്തുകടക്കാനും ഡല്‍ഹിയിലെ എന്റെ വീട്ടില്‍ ഏത്താനും സാധിച്ചു.

ഗുജറാത്തിലെ മൃഗീയമായ കലാപം റിപ്പോര്‍ട്ട് ചെയ്തിട്ട് പത്തുവര്‍ഷം കഴിയുന്നു. പക്ഷെ ഒരു പോറലുപോലും ഏല്‍ക്കാതെ എനിക്ക് അവിടെ നിന്നും രക്ഷപെടാന്‍ കഴിഞ്ഞതിനെപറ്റി ആലോചിക്കുമ്പോള്‍ ഇന്നും ഓര്‍മ്മ വരുന്നത് അതിന് സാധിക്കാതെപോയ കുറേ മനുഷ്യരെയാണ്.

Related Articles