Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കി മാറ്റുമ്പോള്‍

അഹ്‌മദാബാദിലെ എന്റെ വീടിനടുത്തുള്ള കടയില്‍ ചെന്ന് കുറച്ച് കോഴിമുട്ട വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഒരു ന്യൂസ് പേപ്പറില്‍ പൊതിഞ്ഞുവെച്ച ആറ് മുട്ടകള്‍ കടക്കാരന്‍ എനിക്ക് വളരെ രഹസ്യമായി എടുത്തു നല്‍കി. സാനിറ്ററി നാപ്കിന്‍ നല്‍കുന്ന പോലെയാണ് അത് കടക്കാരന്‍ നല്‍കിയത്. ഇതിന്റെ തൊട്ടടുത്ത ഫാസ്റ്റ് ഫുഡ് കടയില്‍ ചിക്കന്‍ ലോലിപോപിന്റെ ഒരു മാതൃക ഉണ്ടാക്കി വെച്ചതും കാണാം. ഒ.കെ, ഇനി ഞാന്‍ കാര്യങ്ങള്‍ വിശദമാക്കി തരാം. ഉരുളക്കിഴങ്ങ് കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. പക്ഷേ, അവ കാണാന്‍ ചിക്കന്‍ ലോലിപോപ്പുകള്‍ പോലെയാണ്.

വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്ക് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം സുഖപ്രദമായ ചിലത് നല്‍കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കബാബുകളുടെയും മറ്റ് ഇനങ്ങളുടെയും കാര്യത്തിലും അങ്ങനെ തന്നെ. ഇന്ത്യയില്‍ എവിടെയും ഇത്തരത്തില്‍ പകരം വെക്കുന്ന ഭക്ഷണത്തിന് ക്ഷാമമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് ? ശരിയല്ലേ….

എന്റെ സമുദായമായ സിന്ദിസില്‍ ആഹാരശീലത്തിന് പ്രത്യേക ചിട്ടയുണ്ട്. ഇതില്‍ ചിക്കന്‍ നഗട്ടിന്റെയും മട്ടന്റെയും രുചിയുള്ള വെജിറ്റേറിയന്‍ വിഭവങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്തുള്ളവരും മറ്റുള്ളവരും ആശ്ചര്യപ്പെട്ടുകൊണ്ടേയിരിക്കും എന്നതാണ് ഞാന്‍ പറഞ്ഞുവരുന്നത്. അതായത്, ഗുജറാത്തില്‍ സസ്യാഹാരം എന്ന വിഷയത്തെപോലും പരിഹസിക്കുകയും മാംസ വില്‍പനയ്ക്കും ഉപഭോഗത്തിനുമെതിരായ നിരോധിത നിയമങ്ങളും എങ്ങനെ ഉയര്‍ന്നുവരുന്നു എന്നത് പോലും നിരാശാജനകമാണ്.

പൗരത്വത്തിന്റെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും സന്ദര്‍ഭത്തിലൂടെ ഈ കാര്യം മനസ്സിലാക്കാന്‍ കഴിയില്ല. ആ കാരണങ്ങളാല്‍ കോടതികളില്‍ അതിനെ എതിര്‍ക്കാം, എന്നാല്‍ ഈ ‘രോഗലക്ഷണത്തിന്റെ’ സ്വഭാവം മനസ്സിലാക്കണമെങ്കില്‍ ഗുജറാത്തില്‍ സാധാരണഗതിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണേണ്ടതുണ്ട്.

സസ്യാഹാരം നിര്‍ബന്ധമാക്കുമ്പോള്‍

രണ്ട് രൂപത്തിലുള്ള ഉപമകളാണ് ഞാന്‍ നേരത്തെ പ്രതിപാദിച്ചത്. കോഴിമുട്ട കാഴ്ചക്കാര്‍ക്ക് കാണുന്ന രൂപത്തില്‍ കടകളില്‍ വെക്കുന്നത് ഗുജറാത്തില്‍ ഭ്രഷ്ട് കല്‍പിച്ച പോലെയാണ്. മിക്ക ഉപഭോക്താക്കളും കോഴിമുട്ട വാങ്ങാറില്ല. അതിനാല്‍ തന്നെ ഇത്തരം ഉപഭോക്താക്കള്‍ കടകളിലേക്ക് സാധനം വാങ്ങാന്‍ വരണമെങ്കില്‍ മുട്ട കാഴ്ചയില്‍ നിന്നും മറക്കണം. അതുപോലെ മോക്ക് ലോലിപോപ്പുകളും കബാബുകളും കാണുമ്പോള്‍ നിരോധിത വസ്തുക്കള്‍ കഴിച്ചതിന്റെ കുറ്റബോധമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണുണ്ടാക്കുന്നത്. ഇത്തരം ഇടപാടുകള്‍ ഗുജറാത്തില്‍ സര്‍വസാധാരണ കാഴ്ചയാണ്.

ഗുജറാത്തിലെ സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും ജൈന ഗുജറാത്തികള്‍ക്കും മാംസാഹാരം കാണുന്നത് അവരുടെ മനസ്സിലെ നിരോധിതമായത് ഓര്‍മ്മപ്പെടുത്തും. ഇവരുടെ സമീപ കോളനിയിലോ അയല്‍പക്കത്തിലോ മാംസാഹാരം കഴിക്കുന്ന കുടുംബത്തിന് വീട് നല്‍കരുത് എന്നതാണ് ആദ്യത്തെ അജണ്ട. 1980കളില്‍ എന്റെ കുടുംബത്തിന് ഒരു വീട് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം സിന്ധികള്‍ പൊതുവെ മുസ്ലിംകളെ പോലെ നോണ്‍-വെജിറ്റേറിയന്‍ ആയാണ് അറിയപ്പെടുന്നത്. ഗുജറാത്തിലെ പല സിന്ധികളും ഇപ്പോള്‍ സസ്യാഹാരം സ്വീകരിച്ചു എന്നത് വേറെ കാര്യം.

മുസ്ലിം സമുദായത്തെ തങ്ങളുടെ കാഴ്ചയില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ് രണ്ടാമത്തെ തന്ത്രം, അതിലൂടെ അവരുടെ സാന്നിധ്യമോ അവരുടെ ജീവിതശൈലിയോ ഹിന്ദു ഗുജറാത്തികള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ എന്താണ്, ആരെയാണ് കാണാന്‍ ആഗ്രഹിക്കാത്തത് എന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇത് ആര്‍ക്കിടയിലാണ് തകര്‍ച്ച ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

‘നിങ്ങള്‍ എന്താണ് കഴിക്കുന്നത്, അതാണ് നിങ്ങള്‍’ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന നയമാണ് ഗുജറാത്തില്‍.
മൂന്നാമത്തെ തന്ത്രം നോണ്‍ വെജിറ്റേറിയന്‍ വില്‍ക്കുന്ന ഹോട്ടലുകളുടെ നിലനില്‍പ് അപകടകരമാക്കുക എന്നതാണ്. ഇതിനാല്‍ വലിയൊരു വിഭാഗം ഹോട്ടലുകാര്‍ പെട്ടെന്ന് വെജിറ്റേറിയന്‍ ആകുകയും ദക്ഷിണേന്ത്യന്‍ അല്ലെങ്കില്‍ പഞ്ചാബി റെസ്റ്റോറന്റുകള്‍ പനീര്‍ വിഭവങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങിനെയാണ് പലരും അതിജീവിച്ചത്.

നാലാമത്തെ തന്ത്രം മാംസം കഴിക്കുന്ന കുടുംബങ്ങളുമായി ഇടപഴകുകയോ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യരുത്, സന്ദര്‍ശിക്കുകയാണെങ്കില്‍ തന്നെ അവരില്‍ നിന്ന് ഭക്ഷണം സ്വീകരിക്കരുത് എന്നുമാണ്.

സസ്യാഹാര സംസ്ഥാനമെന്ന കെട്ടുകഥ

ഇപ്പോള്‍ ഇത്തരം ചില വര്‍ജ്ജനരീതികള്‍ ഇന്ത്യയിലെ വെജിറ്റേറിയന്‍ സമൂഹങ്ങളില്‍ സാധാരണമായേക്കാം. എന്നാല്‍ ഗുജറാത്തില്‍ ഇവയെല്ലാം ഉള്ളില്‍ നിന്നുള്ള പ്രതിരോധമില്ലാതെയാണ് നിലനില്‍ക്കുന്നത്. ഇതെല്ലാം ഗുജറാത്ത് ഒരു സസ്യാഹാര സംസ്ഥാനമാണെന്ന് അനുമാനിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ജനസംഖ്യയുടെ 40 ശതമാനം മുതല്‍ 60 ശതമാനം വരെ മാംസാഹാരം കഴിക്കുന്നവരാണ് എന്നത് ഗുജറാത്ത് സമ്പൂര്‍ണ്ണ സസ്യാഹാര സംസ്ഥാനമല്ല എന്ന സത്യം നമുക്ക് മനസ്സിലാക്കാം. സ്വയം പ്രഖ്യാപിതരുടെ മനസ്സില്‍ മാത്രമാണ് ഗുജറാത്ത് സസ്യാഹാര സംസ്ഥാനമായി തെരഞ്ഞെടുത്തത്.

വെജിറ്റേറിയനിസം ഗുജറാത്തിന്റെ സാമാന്യബോധമോ മിഥ്യയോ ആയ മുഖമാണെന്നും അതിന്റെ ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യമല്ലെന്നും ‘മണികണ്‍ട്രോളിനായുള്ള’ തന്റെ സമീപകാല രചനയില്‍ അമൃത ഷാ വാദിക്കുന്നുണ്ട്. ഈ മിഥ്യാനിര്‍മ്മാണം നടന്നിട്ടുള്ള ചില വാചാടോപങ്ങളുണ്ട്. 1989ലെ ഗുജറാത്ത് സ്റ്റേറ്റ് ഗസറ്റിയറില്‍ സസ്യാഹാരത്തെ ‘പാശ്ചാത്യ ശൈലിയിലേക്ക്’ ഔട്ട്‌സോഴ്‌സ് ചെയ്തുകൊണ്ട് സാമാന്യവല്‍ക്കരിക്കുന്നുണ്ട്.

ഗുജറാത്തില്‍ നോണ്‍ വെജിറ്റേറിയനിസം സാധാരണമാണെങ്കിലും നിയമവിരുദ്ധമാണെന്ന് തോന്നിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ ഇറച്ചി വില്‍പ്പനയും ഉപഭോഗവും നടക്കുന്നുണ്ട്. പക്ഷെ അത് സവര്‍ണ്ണരുടെ കാഴ്ചയില്‍ നിന്നും അവരുടെ ഇന്ദ്രിയ ലോകത്തില്‍ നിന്നും അകന്നിരിക്കണം. മാംസം പ്രദര്‍ശിപ്പിക്കുന്നതിന് ഒരു നിയന്ത്രണം ആവശ്യപ്പെടുന്നത് നിലവിലുള്ള അജണ്ടയുടെ പദ്ധതിയില്‍ ഒരു പടി കൂടി മുന്നോട്ട് പോകുക എന്നതാണ്. മാംസം ഞാന്‍ കാണരുത് എന്ന് മാത്രമല്ല പറയുന്നത്, ഞാന്‍ നഗരത്തിന്റെ ആ ഭാഗത്താണെങ്കില്‍ അത് അപൂര്‍വവും ആകസ്മികവുമായി കാണാന്‍ ഇടവരുന്ന സന്ദര്‍ഭം ഒഴിവാക്കണമെന്നുമാണ് പറയുന്നത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അഹമ്മദാബാദോ വഡോദരയോ ആണ് എന്റെ നഗരമാണെങ്കില്‍, അവിടെ എന്റെ നിബന്ധനകള്‍ക്കും ഞാന്‍ പ്രതിനിധീകരിക്കുന്നതുമായിരിക്കണം ഉണ്ടാകേണ്ടത്. അടുത്തിടെ അവിടെ നടപ്പിലാക്കിയ നോണ്‍-വെജ് ഫുഡ് സ്റ്റാളുകളുടെ നിരോധനം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനം മാത്രമല്ല, സംസ്ഥാനത്തെ ഒരു ഹിന്ദു അല്ലെങ്കില്‍ ജൈന പൗരന്‍ എന്ന നിലയില്‍ എന്താണോ ആഗ്രഹിക്കുന്നത് അത് മാത്രം കാണാനും മണക്കാനും കഴിക്കാനുമുള്ള പ്രത്യേകാവകാശം കൂടിയാണത്.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles