Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് വിപ്ലവത്തിന്റെ കഥ പറയുന്ന ഗ്രാഫിറ്റി ചിത്രങ്ങള്‍

2011ന്റെ തുടക്കത്തില്‍ ഈജിപ്തില്‍ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച 18 നാളുകളായിരുന്നു അത്. തലസ്ഥാനമായ കൈറോവിലെ തഹ്‌രീര്‍ ചത്വരത്തെ കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭങ്ങളുടെ ന്യൂസ് കവറേജ് ആണ് മുഴുവന്‍ സമയവും പുറത്തുവന്നുകൊണ്ടിരുന്നത്.

തുനീഷ്യയിലെ ശക്തനായിരുന്ന പ്രസിഡന്റിനെ പുറത്താക്കിയ പോലെ മേഖലയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാഷ്ട്രമായ ഈജിപ്തിലും സംഭവിക്കുമോ എന്നായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. പ്രതിഷേധത്തിനിടെ തഹ്‌രീര്‍ സ്‌ക്വയറിനു ചുറ്റുമുള്ള ചുവരുകളിലും നടപ്പാതകളിലുമെല്ലാം സമരത്തിലേര്‍പ്പെട്ട ആക്റ്റിവിസ്റ്റുകളും കലാകാരന്മാരും ഗ്രാഫിറ്റി ആര്‍ട്ടിലൂടെ (ചുമര്‍ ചിത്രങ്ങള്‍) തങ്ങളുടെ പ്രതിഷേധവും നിരാശയും അടയാളപ്പെടുത്തി.

ജനങ്ങളുടെ മനസ്സിലെ വികാരങ്ങളാണ് ഈജിപ്ത് വിപ്ലവങ്ങളുടെ ഗ്രാഫിറ്റി ആര്‍ട്ടിലൂടെ പുറത്തുവന്നത്. 2011 ജനുവരി 25ന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായ പ്രസിഡന്റ് ഹുസ്‌നി മുബാറക് അധികാരം വിട്ടൊഴിയാനുള്ള ശക്തമായ ആവശ്യമായിരുന്നു ചുവര്‍ചിത്രങ്ങളിലൂടെയും അവര്‍ ഉന്നയിച്ചത്. ഈജിപ്ഷ്യന്‍ കലാകാരന്മാരുടെ അഭിമാനവും ശക്തിയും വിളിച്ചോതുന്ന മിശ്രിത രൂപത്തിലുള്ള ഗ്രാഫിറ്റി ആര്‍ട്ടുകളാണ് ചുവരിലും തെരുവിലും റോഡിലുമെല്ലാം വിരിഞ്ഞത്. കോപാകുലരായ ആളുകളുടെ ശബ്ദം അധികാരികള്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്നതും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭരണകൂടത്തെ പരിഹസിക്കുന്ന ചിത്രങ്ങളായിരുന്നു മിക്കതും.

ഒടുവില്‍ 2011 ഫെബ്രുവരി 11ന് ഹുസ്‌നി മുബാറക്കിന് അധികാരം വിട്ടൊഴിയേണ്ടി വന്നു. തുടര്‍ന്ന് ഈജിപ്തില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ അനിയന്ത്രിതമായ രീതിയിലുള്ള ആഹ്ലാദപ്രകടനങ്ങളാണ് അരങ്ങേറിയത്. എന്നാല്‍, പോരാട്ടത്തിന്റെ പ്രക്ഷുബ്ധമായ കഥ ലോകത്തെ അറിയിക്കാന്‍ ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഇത്തരത്തില്‍ ഗ്രാഫിറ്റി കലാകാരന്മാരില്‍ അറിയപ്പെട്ടയാളാണ് കെയ്‌സര്‍ എന്ന തൂലികാനാമത്തില്‍ ചിത്രം വരച്ചിട്ടിരുന്ന കലാകാരന്‍. എന്നാല്‍ ഇതിന് പിന്നിലെ വ്യക്തി ആരാണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഈജിപ്തിലെ ടോടന്‍ഹാമന്‍ രാജാവിനെ ചെഗുവേരയുമായി ബന്ധപ്പെടുത്തി വരച്ച ചിത്രമാണ് കെയ്‌സറിന്റെ പ്രധാന ഗ്രാഫിറ്റി ആര്‍ട്ട്. പൊലിസ് വാനിന് പുറത്ത് സ്േ്രപ പെയിന്റ് ഉപയോഗിച്ച് ‘മുബാറക് താഴെയിറങ്ങുക’ എന്നും അവര്‍ വരച്ചിട്ടിരുന്നു. ‘പുരാതനമായ ഏകാധിപതിയെ വില്‍പനക്ക്’ എന്നാണ് മറ്റൊരു കലാകാരന്‍ ചോക്ക് ഉപയോഗിച്ച് ചുമരില്‍ വരിച്ചിട്ടത്.

‘അധികാരം വിട്ടൊഴിയൂ, ജനങ്ങള്‍ ഏകാധിപതിയെ തൂത്തെറിയാന്‍ ആഗ്രഹിക്കുന്നു’ എന്ന തഹ്‌രീര്‍ ചത്വരത്തിലെ മുദ്രാവാക്യം മുബാറക്കിന്റെ ചിത്രമടക്കം വരച്ച് സ്റ്റെന്‍സില്‍ ആര്‍ട്ടിലൂടെയാണ് ഒരു വിഭാഗം കലാകാരന്മാര്‍ ഉന്നയിച്ചത്. മുഹമ്മദ് മഹ്മൂദ് സ്ട്രീറ്റില്‍ പട്ടാള ടാങ്ക് കൈയേറി ജനങ്ങള്‍ ‘മുബാറക് താഴെയിറങ്ങൂ’ എന്ന് എഴുതിവെച്ചു. എന്നാല്‍ മുബാറക് അധികാരം വിട്ടൊഴിഞ്ഞതിനു പിന്നാലെ പ്രതിഷേധക്കാര്‍ക്കിടയിലെ പിളര്‍പ്പുകളും പ്രത്യക്ഷമായി തുടങ്ങി. ഇതു ഗ്രാഫിറ്റി ആര്‍ട്ടുകളില്‍ കാണാമായിരുന്നു.

അധികാരം വിട്ടൊഴിഞ്ഞതുകൊണ്ടും പ്രക്ഷോഭം അവസാനിച്ചില്ല. അദ്ദേഹത്തെ വിചാരണ ചെയ്യുക, തക്കതായ ശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അവര്‍ തെരുവില്‍ തന്നെയുണ്ടായിരുന്നു.

മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരുന്നു അല്‍ സിഫ്റ്റിന്റെ പീസ് മെഷീന്‍ (സമാധാന യന്ത്രം) എന്നു പേരുള്ള ആര്‍ട്ട്. കെയ്‌റോയിലെ റോഡ ദ്വീപിലെ ചുവരില്‍ വരച്ച ഈ ചിത്രത്തില്‍ മെഷീന്‍ ഗണ്ണില്‍ നിന്നും വെടിയുണ്ടകള്‍ക്ക് പകരം സമാധാനത്തിന്റെ വെളുത്ത പ്രാവുകള്‍ പറക്കുന്ന സന്ദേശം നല്‍കുന്ന ചിത്രമായിരുന്നു.

മറ്റൊന്നാണ്, ഗന്‍സീറിന്റെ ടാങ്ക് വേഴ്‌സസ് സൈക്കിളിസ്റ്റ് എന്ന ചിത്രം. പ്രേമവുമായി ബന്ധപ്പെട്ട ചിത്രം വരച്ച ചുമരിന് മുകളിലായി ഒരു ചെറുപ്പക്കാരന്‍ സൈക്കിളില്‍ ബ്രഡ് വില്‍പനക്കായി പോകുമ്പോള്‍ തൊട്ടു മുന്നില്‍ പട്ടാള ടാങ്ക് ഈ ചെറുപ്പക്കാരനു നേരെ ലക്ഷ്യം വെച്ച് വരുന്നതും സമീപത്ത് ദുഖത്തോടെ ഒരു പാണ്ട നില്‍ക്കുന്നതുമാണീ ചിത്രം.

പ്രമുഖ ഈജിപ്ത് നടി ഹിന്ദ് റസ്തൂമിനെ മുബാറകിന്റെ നയനിലപാടുകളുമായി താരതമ്യപ്പെടുത്തുന്ന മുഹമ്മദ് മഹ്മൂദിന്റെ ചിത്രവും പ്രശസ്തമായിരുന്നു. ജനങ്ങളും പട്ടാളവും ഒന്നാണെന്ന മുദ്രാവാക്യം മറികടക്കാന്‍ ‘ജനങ്ങളും ജനങ്ങളും ഒന്നാണെന്നും’ ‘വിപ്ലവത്തെ ദൈവം സംരക്ഷിക്കും’ എന്ന വാക്യം അറബ്യയില്‍ കോറിയിടുന്ന ഗ്രാഫിറ്റി ആര്‍ട്ടുകളുമുണ്ടായിരുന്നു. വിപ്ലവത്തിന് തുടക്കമിട്ട ജനുവരി 25നെ അനുസ്മരിപ്പിക്കുന്ന 25 എന്ന നമ്പര്‍ തലയില്‍ ചാപ്പ കുത്തി യുവാക്കള്‍ നടക്കുന്നതും അന്നത്തെ കാഴ്ചകളായിരുന്നു.

 

അവലംബം: അല്‍ജസീറ

Related Articles