Current Date

Search
Close this search box.
Search
Close this search box.

ആരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍?

2021 ജനുവരി 20ന് വൈകുന്നേരം, അമേരിക്കന്‍ കോണ്‍ഗ്രസ് കെട്ടിടത്തിന് സമീപമുള്ള ചര്‍ച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ വലിയൊരു ആള്‍കൂട്ടത്തെ സാക്ഷി നിര്‍ത്തി അമേരിക്കയുടെ നാല്‍പത്തിയാറാം പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്യാന്‍ ഉദ്ഘാടന വേദിയിലേക്ക് ഒരു നൂറ്റാണ്ടിലേറെയായി തന്റെ കുടുംബം സൂക്ഷിച്ചുവെച്ചിരുന്ന ബൈബിളിന്റെ ഒരു പകര്‍പ്പുമായാണ് അദ്ദേഹം വന്നത്. 1973ല്‍ രാഷ്ട്രീയ ജീവിതം(സെനറ്റര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്) ആരംഭിച്ചതു മുതല്‍ അതുവെച്ചാണ് ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പ്രൊട്ടസ്റ്റന്റ് പ്രസിഡന്റുമാര്‍ ഭരിച്ച അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റിന് വേണ്ടി ഒരു പുരോഹിതന്‍ ബൈബിളിലെ വാക്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലിക്കൊടുത്തു. ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ജോണ്‍ കെന്നഡിയായിരുന്നു അമേരിക്കയുടെ ആദ്യത്തെ കത്തോലിക്കാ പ്രസിഡന്റ്.

ക്രിസ്തുമതത്തിന് ഭീഷണി

ഉദ്ഘാടന ചടങ്ങില്‍ മതം ശക്തമായൊരു പ്രതിനിധാനമായിരുന്നു. ബൈഡന്റെ അധികാരാരോഹണ സമയത്ത് മാത്രമല്ല, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഉദ്ഘാടന ചടങ്ങുകളിലും മതമൊരു പ്രധാന ഘടകമായിരുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ എതിരാളി ബൈഡനുമായുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ച ഘടകങ്ങളിലൊന്ന് മതമായിരുന്നു. ബൈഡന്‍ ക്രിസ്തുമതത്തിന് അപകടമാണെന്ന് അദ്ദേഹം ആരോപിച്ചു. മതകാര്യങ്ങളില്‍ വ്യാപൃതരാകുന്നതിനെതിരെ അമേരിക്കക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതുപോലെത്തന്നെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വംശീയ പ്രചാരണം നടത്തുകയും ഇസ്‌ലാം ഒരു മതം തന്നെയല്ലെന്ന് ആക്ഷേപിക്കുകയും ചെയ്തു. ബിബിസിയുടെ നോര്‍ത്ത് അമേരിക്കന്‍ റിപ്പോര്‍ട്ടറായ ആന്റണി സുര്‍ച്ചര്‍ പറയുന്നത് പോലെ, ‘തീവ്ര ഇസ്‌ലാമിക ഭീകരത’ എന്ന് പറഞ്ഞ് ഇസ്‌ലാമിനെതിരെയുള്ള നുണപ്രചാരവും ട്രംപിന്റെ പതിവായിരുന്നു. ആ പദപ്രയോഗത്തിന് വിസമ്മതിച്ച ഒബാമയെയും ഹിലരി ക്ലിന്റനെയും കുറിച്ച് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകരാണെന്നാണ് ട്രംപ് പറഞ്ഞത്. മറുവശത്ത്, മതത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നതില്‍ ബൈഡനൊട്ടും പരാജയപ്പെട്ടതുമില്ല.

അമേരിക്കന്‍ പ്രസിഡന്‍സിയുടെ ഭാഗമായുള്ള ഈ മത താല്‍പര്യം അറബ് രാജ്യങ്ങളിലെ കൊളോണിയലിസ്റ്റ് ബുദ്ധിജീവികളുടെ ശ്രദ്ധയാകര്‍ശിക്കുന്നില്ലെന്നതാണ് സത്യം. മറിച്ച്, ഒരു മുസ്‌ലിം പ്രസിഡന്റോ ഭരണാധികാരിയോ തന്റെ പ്രസംഗം ബിസ്മികൊണ്ട് ആരംഭിച്ചാല്‍ അവര്‍ പ്രകോപിതരാകുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി സുബ്ഹി നമസ്‌കാരത്തിന് പോയത് ആഗോളതലത്തില്‍ എന്തുമാത്രം കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. തന്റെ പാറാവുകാര്‍ക്ക് വേണ്ടി ഭരണകൂടത്തിന്റെ ഗജനാവില്‍ നിന്നും അധികം തുക ഈടാക്കുകയും എന്നിട്ട് അവരെ തന്റെ കൂടെ നമസ്‌കാരത്തിന് കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് അവര്‍ കള്ളം പടച്ചുവിട്ടു.

ഇസ്‌ലാമിക അസ്തിത്വം

നമ്മുടെ ജീവിതത്തില്‍ നിന്നും ഭരണഘടനയില്‍ നിന്നും ഇസ്‌ലാമിനെ പൂര്‍ണമായും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ് ഈ കൊളോണിയലിസ്റ്റ് ബുദ്ധിജീവികള്‍. ഭരണഘടനയിലെ ഇസ്‌ലാമിക വീക്ഷണങ്ങള്‍ സിവില്‍ സ്‌റ്റേറ്റിന് വിരുദ്ധമാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, അവരുടെ തന്നെ പാശ്ചാത്യ, അമേരിക്കന്‍ റോള്‍ മോഡലുകള്‍ മത വിഷയങ്ങളില്‍ എത്രമാത്രം തീവ്രമായ താല്‍പര്യമാണ് കാണിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. ലണ്ടനിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ പരമോന്നത തലവനാണ് ബ്രിട്ടണിലെ രാജ്ഞിയെന്ന് ഇവര്‍ മറന്നുപോയി. അറബ് ഭരണഘടനയിലെ ഇസ്‌ലാമിക് നിയമങ്ങള്‍ ഉപയോഗിച്ച് ഭരണസംവിധാനങ്ങളില്‍ ഇസ്‌ലാം പ്രായോഗികമായി നിലവിലില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി നീതി, കൂടിയാലോചന, സ്വാതന്ത്ര്യം, മാനുഷിക പരിഗണന എന്നീ വിഷയങ്ങളില്‍ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ ഭരണാധികാരികള്‍ പരിഗണിച്ചിട്ടേയില്ല. മറിച്ച്, ഭരണാധികാരികളുടെ രാഷ്ട്രീ ചായ്‌വിനും അമുസ്‌ലിംകളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ചായിരുന്നു ഭരണാധികാരികള്‍ വിധിച്ചിരുന്നത്. എന്നിട്ടും, കൊളോണിയലിസ്റ്റ് ബുദ്ധിജീവികള്‍ ഇസ്‌ലാമിനെ എല്ലാ രീതിയിലും ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുന്നു. ഇസ്‌ലാമിനൊട്ടും പ്രാധാന്യമില്ലാത്ത ഭരണഘടനയില്‍ നിന്നുപോലും.

മതേതരത്വവും പരസ്പര സഹകരണവും

കൊളോണിയല്‍ ബുദ്ധിജീവികള്‍ സ്‌നേഹിക്കുകയും മതേതര രാഷ്ട്രങ്ങള്‍ എന്ന് വിളിക്കുകയും ചെയ്യുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കൊന്നും തന്നെ ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ സഹിഷ്ണുതയില്ല. മുസ്‌ലിമായിയെന്ന ഒരു പാപമല്ലാതെ മറ്റൊരു തെറ്റുമില്ലാത്ത മനുഷ്യര്‍ക്കെതിരെ നടക്കുന്ന പാശ്ചാത്യന്‍ രാജ്യങ്ങളുടെ വര്‍ഗീയതക്കും വിവേചനങ്ങള്‍ക്കുമെതിരെ പാശ്ചാത്യന്‍ രാജ്യങ്ങളിലെത്തന്നെ പൗരന്മാരില്‍ നിന്നും പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നുകാണാനില്ല. മതേതര രാജ്യങ്ങളുടെ മുസ്‌ലിംകളോടുള്ള ഇത്തരം സമീപനങ്ങളില്‍ കോപിക്കുന്ന ഒരു കൊളോണിയല്‍ ബുദ്ധിജീവിയെയും കാണാനാകില്ല. മറിച്ച്, അതിനോട് ഒഴിവ്കഴിവ് പറയുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക ഭീകരതയെ ചെറുക്കുകയെന്ന മറവില്‍ മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തലിന് അവര്‍ പിന്തുണ നല്‍കുകയും ചെയ്യുന്നു. കൊളോണിയല്‍ ബുദ്ധിജീവികളിലൊരാല്‍ പ്രമുഖ അറബ് ദിനപത്രത്തിന് കൊടുത്ത അഭിമുഖത്തില്‍(2021 ജനുവരി 10) പറയുന്നു: യൂറോപ്പ് ഇന്ന് ഇസ്‌ലാമിക ബാനറിന്റെ മറവില്‍ വളര്‍ന്നുവരുന്ന ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍, മതഭ്രാന്തിന്റെ അഗ്നി ലോകമെമ്പാടും വ്യാപിക്കുന്നത് ചെറുക്കാനുള്ള അവരുടെ ശ്രമത്തില്‍ ഞങ്ങള്‍ അവരുടെ പക്ഷം നില്‍ക്കും. സിവില്‍ സ്വഭാവമുള്ള ഭരകൂടത്തിന് ശക്തിപകരലാണ് ഇന്ന് നാം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.

ഫ്രാന്‍സിനോടുള്ള സഹതാപം

പാശ്ചാത്യ രാജ്യങ്ങളില്‍ മതത്തെ മറപിടിച്ചാണ് മുസ്‌ലിംകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഉന്മൂലനവാദികളായ ബുദ്ധിജീവികള്‍ ആരോപിക്കുന്നു. മുസ്‌ലിംകളുടെ പാശ്ചാത്യന്‍ അടിച്ചമര്‍ത്തലിനൊപ്പം എല്ലാവരും ഒന്നിക്കണമെന്നും അതിലൂടെ മാത്രമേ ഇസ്‌ലാമിക മതഭ്രാന്തില്‍ നിന്നും രക്ഷപ്പെടാനാകും എന്ന് മാത്രമല്ല ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കൂടി അത് പടരുന്നത് തടയാം എന്ന നിഗമനമാണ് അവര്‍ക്കുള്ളത്. അമേരിക്കയും കൊളോണിയലിസ്റ്റ് പാശ്ചാത്യന്‍ രാജ്യങ്ങളും ചേര്‍ന്ന് ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളെ മുച്ചൂടും നശിപ്പിക്കുകയും അവരുടെ നൂതനമായ ബോംബുകളും ആയുധങ്ങളും ഉപയോഗിച്ച് ദശലക്ഷക്കണക്കിന് നിരപരാധികളെ കൊല്ലുകയും സ്ത്രീകളെ വിധവകളാക്കുകയും കുട്ടികളെ അനാഥരാക്കുകയും ചെയ്തതൊന്നും ഓര്‍മ്മിക്കാത്ത മതേതര ബുദ്ധിജീവികളുടെ മാനവികതയുടെ കോലമാണിത്. ഇസ്‌ലാമേതര രാജ്യങ്ങളിലെ മുസ്‌ലിംകളെ ഒരു പോള കണ്ണടക്കാന്‍ പോലും സമ്മതിക്കാതെ ശാരീരികവും മാനസികവുമായി നശിപ്പിച്ചതിന് ശേഷമാണിതെന്ന് കൂടി അവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. പടിഞ്ഞാറിന്റെ മുസ്‌ലിം അടിച്ചമര്‍ത്തലിന് പിന്തുണച്ചുകൊണ്ട് അവര്‍ പറയുന്നു: ഞങ്ങളിന്ന് ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നു. ഫ്രാന്‍സ് നേരിട്ട സംഭവത്തില്‍ സഹതപിക്കുന്നതോടൊപ്പം മതഭീകരതക്കെതിരായ(ഇസ്‌ലാമാണ് അവരുടെ ലക്ഷ്യം) ഫ്രാന്‍സിന്റെ യുദ്ധത്തെ പൂര്‍ണമായും പിന്തുണക്കുകയും ചെയ്യുന്നു. ഫ്രാന്‍സ് ചെയ്യുന്നതുപോലെ ഞങ്ങളും ചെയ്യുന്നത് സിവില്‍ സ്‌റ്റേറ്റിനെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടിയാണ്.

വീണ്ടും അവര്‍ നുണപ്രചാരണങ്ങള്‍ നടത്തുന്നു: നാഗരികതയിലുള്ള വിശ്വാസത്തിന്റെ ഫലമായി ഫ്രാന്‍സ് തന്നെയാണ് ഈ ഭീകരസ്വത്വത്തെ(ഇസ്‌ലാമിനെയാണ് അവര്‍ ഉദ്ദേശിക്കുന്നത്) അവര്‍ക്കിടയില്‍ വളരാന്‍ അനുവദിച്ചത് എന്നതാണ് സത്യം. സഹിഷ്ണുത, അഭിപ്രായ സ്വാതന്ത്ര്യം എന്നീ നാഗരിക ഗുണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫ്രാന്‍സ് അവരെ പരിഗണിച്ചത്. എന്നാല്‍, ഒരു സിവില്‍ സ്‌റ്റേറ്റിന്റെ അര്‍ത്ഥം എന്താണെന്ന് പോലും അറിയാത്ത വിഭാഗങ്ങള്‍ക്കാണ് ഫ്രാന്‍സ് ഇത് ചെയ്തുകൊടുത്തത്. എഴുപതുകളില്‍ ഇസ്‌ലാമിന് വാതില്‍ തുറന്നുകൊടുത്ത ഇംഗ്ലണ്ടിലും സമാന സംഭവം തന്നെയാണ് ഉണ്ടായത്. തങ്ങളുടെ രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങള്‍ മറച്ചുവെച്ചാണ് അവര്‍ ഇംഗ്ലണ്ടിലേക്ക് വന്നത്. 1975ല്‍ ലണ്ടന്‍ തലസ്ഥാന നഗരിയെ ലണ്ടിനിസ്ഥാനാക്കി മാറ്റുന്ന തരത്തിലേക്ക് അവര്‍ വളര്‍ന്നു. ഇംഗ്ലണ്ടിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ അങ്ങേയറ്റമായിരുന്നു അത്.

പള്ളികളും മതസ്ഥാപനങ്ങളും അടച്ചുപൂട്ടല്‍

മുസ്‌ലിംകള്‍ ഇതരം മതസമൂഹങ്ങളെ വിഘടിപ്പിക്കുന്നുവെന്ന നുണപ്രചാരണങ്ങള്‍ നടത്തുന്ന മാക്രോണിനെപ്പോലെയുള്ള കൊളോണിയലിസ്റ്റ് ഇസ്‌ലാമോഫോബിസ്റ്റുകളെ അവഗണിക്കേണ്ട സമയമാണിത്. ചില സാമൂഹിക, രാഷ്ട്രീയ വിലയിരുത്തലുകള്‍ അനുസരിച്ച് സ്വന്തം സിവില്‍ സ്റ്റേറ്റില്‍ സെക്കന്റ് ക്ലാസ് പൗരന്മാരായോ പത്താം ക്ലാസ് പൗരന്മാരായോ മുസ്‌ലിംകള്‍ക്ക് ജീവിക്കേണ്ടി വരുന്ന സമയത്താണ് അവരിത് പറയുന്നതെന്ന് കൂടി നാം ഓര്‍ക്കണം. ഫ്രാന്‍സില്‍ ഒമ്പത് പള്ളികളും മൂന്ന് ഇസ്‌ലാമിക മതസ്ഥാപനങ്ങളും അടച്ചുപൂട്ടി ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാന്‍ താന്‍ ആരംഭിച്ചത് മാക്രോണ്‍ തന്നെ മറന്നുപോയിരിക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. പല ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുകളും അസോസിയേഷനുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാണോ നിങ്ങള്‍ പറയുന്ന സിവില്‍ സ്റ്റേറ്റ് അല്ലെങ്കില്‍ സെക്കുലര്‍ സ്റ്റേറ്റ്?

2021 ജനുവരി ഒന്നിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാളഡ് ട്രംപ് തന്റെ തീവ്രവാദ അനുയായികളോട് ക്യാപിറ്റോളും അവിടെയുള്ള ഡെപ്യൂട്ടി ജീവനക്കാരെയും തൊഴിലാളികളെയും ആക്രമിക്കാനും അഞ്ച് പേരെ കൊല്ലാനും നിര്‍ദ്ദേശിച്ചതിനെക്കുറിച്ച് ഈ മതേതര ബുദ്ധിജീവികള്‍ ഒന്നും പറഞ്ഞ് കേട്ടില്ല. ബൈഡന്‍ ക്രിസ്തുമതത്തിന് ഭീഷണിയാണെന്ന് വരുത്തിത്തീര്‍ത്ത് ഇവാഞ്ചലിക്കല്‍ മൗലികവാദികളെയും സയണിസ്റ്റ് മതഭ്രാന്തന്മാരെയുമാണ് ആക്രമത്തിനായി ട്രംപ് തിരഞ്ഞെടുത്തത്.

വധഭീഷണി

മിഡില്‍ ഈസ്റ്റ് ഐ സൂചിപ്പിക്കുന്നത് പോലെ(2021 ജനുവരി 14), കേണ്‍ഗ്രസ് ആക്രമകാരികളില്‍ ഒരാളെ വാഷിംഗ്ടണ്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ചെറിയൊരു പിക്കപ്പ് ട്രക്കിലായിരുന്നു അയാള്‍. ക്യാപിറ്റോള്‍ ഹില്‍ ആക്രമണ സമയത്ത് ഇയാള്‍ ബോംബുകളും സ്‌ഫോടകവസ്തുക്കളും ട്രക്കില്‍ നിന്നും വിതരണം ചെയ്തിരുന്നു. അമേരിക്കയിലെ മുസ്‌ലിം പ്രതിനിധി ആന്‍ഡെ കാര്‍സണെ വധിക്കാനും അയാള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ‘ഞാനൊരു കറുത്ത വര്‍ഗക്കാരനും സമത്വത്തിന് വേണ്ടി നിരന്തരം പോരാടുന്ന മുസ്‌ലിമും ആയതിനാല്‍ പലപ്പോഴും ആഭ്യന്തര തീവ്രവാദികളുടെ വധഭീഷണി നേരിടേണ്ടി വരുന്നത് സങ്കടകരമാണ്’എന്നായിരുന്നു സംഭവം നടന്നതിന് ശേഷം അതേക്കുറിച്ച് കാര്‍സണ്‍ പറഞ്ഞത്.

തീവ്രവാദം ഇസ് ലാമികമല്ല. കാരണം, ഇസ് ലാം സമാധാനവാദികള്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നില്ല. ഭീകരതയുടെ അടിവേരുകള്‍ ആഴ്ന്നിറങ്ങുന്നത് പടിഞ്ഞാറിലേക്കും അതിന്റെ നിര്‍മ്മാതാക്കളായ യൂറോപ്പ്, അമേരിക്ക, റഷ്യ എന്നിവിടങ്ങളിലേക്കുമാണ്. ഏറ്റവും അവസാനമായി, ലിബിയയില്‍ റഷ്യന്‍ ഭരണകൂടം ചെയ്തത് പോലെ വിദേശ പ്രവര്‍ത്തനങ്ങള്‍ക്കായി അവരിപ്പോല്‍ ‘വാഗ്നര്‍’ മിലീഷിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ അടുത്തിടെ നിരവധി സായുധ സൈനികര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ് ആക്രമിച്ച ‘ബ്രാഡ് ബോയ്‌സ്’ അതിലൊന്നാണ്. ട്രംപിന്റെ അധികാരത്തുടര്‍ച്ചക്ക് ആസൂത്രിതമായ ആക്രമണങ്ങള്‍ നടത്തിയ ഈ സായുധ സേന ആയുധങ്ങളുടെ വന്‍ശേഖരം തന്നെ ഒളിച്ചുവെച്ചിരുന്നു. ആന്റിഫ പോലെ ബ്ലാക്ക് ലീവ്‌സ് മാറ്ററുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി സായുധ സംഘങ്ങള്‍ അമേരിക്കയില്‍ വളര്‍ന്നുവരുന്നുണ്ട്.

അല്ലാഹു അക്ബര്‍

അമേരിക്കയിലെ തീവ്രവാദികള്‍ അധാര്‍മ്മികതയുടെ വക്താക്കളാണെന്നതാണ് വിരോധാഭാസം. ഇസ് ലാമിന്റെ പേരിലാണ് അവര്‍ ഓരോ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടുന്നത്. ക്ലെവ്‌ലാന്റ് ഗ്രോവര്‍ മെറെഡിത്ത് എന്ന് കാപിറ്റോള്‍ ആക്രമണകാരിയെക്കുറിച്ച് എഫ്ബിഐക്ക് വിവരം ലഭിച്ചിരുന്നു. ‘സഭ സ്പീക്കര്‍ നാന്‍സി പെലോസി പ്രസംഗിച്ചുകൊണ്ടിരിക്കെ ഞാന്‍ അവളുടെ തലയില്‍ വെടിവെക്കു’മെന്നായിരുന്നു അദ്ദേഹം അയച്ച സന്ദേശം. അതിനോടൊപ്പം തന്നെ അയാള്‍ മറ്റൊരു സന്ദേശം കൂടി അയച്ചുകൊടുത്തു: അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുപറഞ്ഞ് വാഷിംഗ്ടണ്‍ ഡിസി മുഴുവന്‍ വലിയൊരു ആള്‍കൂട്ടവുമായി ഞാന്‍ ചുറ്റിനടക്കും.
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ക്രിസ്ത്യന്‍ തീവ്രവാദികളുടെ വിദ്വേഷത്തിന്റെ ആഴം എത്രയാണെന്ന് നമുക്ക് വ്യക്തമാകും. ‘അവര്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ അവരെ പിടികൂടി ഉന്മൂലനം ചെയ്യുമായിരുന്നു’ എന്നാണ് ആ തീവ്രവാദികളെക്കുറിച്ച് ഒരു വ്യാഖ്യാതാവ് പറഞ്ഞത്.

യുഎസ് നീതിന്യായ വകുപ്പ് പുറപ്പെടുവിച്ച രേഖ പ്രകാരം പതിമൂന്ന് തീവ്രവാദികള്‍ക്കെതിരെ ഫെഡറല്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല്‍പതോളം പേരെ സുപ്രീംകോടതിയില്‍ വിചാരണ നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. നിയമവിരുദ്ധമായ കടന്നുകയറ്റം, കര്‍ഫ്യൂ ലംഘനങ്ങള്‍, തോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയായിരുന്നു അവര്‍ ചെയ്ത കുറ്റങ്ങള്‍.

സ്‌ഫോടകവസ്തുക്കളുട ഉപയോഗത്തെക്കുറിച്ച് ഏതെങ്കിലും തരത്തില്‍ സംശയമുണ്ടെങ്കിലോ സമീപകാല കലാപങ്ങളുമായി ബന്ധപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കുകയോ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എഫ്ബിഐ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതോടൊപ്പം തന്നെ ഏതെങ്കിലും തരത്തില്‍ അക്രമത്തിന് പ്രേരിപ്പിക്കുകയോ അതിന് പ്രോത്സാഹനം നടത്തുകയോ ചെയ്ത വ്യക്തികള്‍ക്കു വേണ്ടിയും എഫ്ബിഐ തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്ന സമയത്ത് കുറ്റം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മേല്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഭീകരതയുടെ ചില ഉദാഹരണം മാത്രമാണിത്.

സംക്രമണത്തിന്റെ ശേഷിപ്പുകള്‍

ഭരണഘടനയിലെ ഇസ് ലാമിക റഫറന്‍സ് മെറ്റീരിയല്‍ ഉന്മൂലന സ്വഭാവമുള്ള ബുദ്ധിജീവികളെ പ്രകോപിപ്പിക്കുന്നുവെന്ന് മാത്രമല്ല ചരിത്രപരമായ പരിവര്‍ത്തനത്തിന്റെ ശേഷിപ്പായിട്ടാണ് അവരതിനെ കാണുന്നത്. ഞങ്ങളൊരു(ആരാണ് നിങ്ങള്‍?) ആധുനിക സിവില്‍ സ്റ്റേറ്റ് സ്ഥാപിക്കുകയും-അതവരുടെ കേവലം ബാലിശമായ വാദം മാത്രമാണ്- ഭരണകൂടത്തെയോ ഭരണകൂട സ്ഥാപനങ്ങളെയോ ഏതെങ്കിലും വിതത്തില്‍ മതവല്‍കരിക്കാന്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്, ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ബന്ധിപ്പിക്കുന്നത് മതമല്ലെന്നതിനാലും ഭരണഘടനയിലെ ഇസ്‌ലാമിക മതവാചകങ്ങള്‍ ഭൂരിപക്ഷത്തിന്റെ മതമെന്ന നിലക്ക് വെച്ചതായതിനാലും അത് ഉപേക്ഷിക്കണം എന്നിവയെല്ലാമാണ് അവരുടെ ന്യായീകരണം. പഴയതും പുതിയതുമായി ജനപ്രിയ പത്രങ്ങളെല്ലാം തന്നെ മുസ്‌ലിം വിദ്വാഷത്തിന് വേണ്ടിയാണ് പേജുകളും എഴുത്തുകാരെയും ഉപയോഗപ്പെടുത്തുന്നത്. അവര്‍ വളര്‍ത്തുന്ന വിദ്വേഷത്തിന് മറുപടി കൊടുക്കാന്‍ ഒരു വരി പോലും അവര്‍ നല്‍കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയും നുണയും വിദ്വേഷവും മാത്രം അവര്‍ പ്രചരിപ്പിക്കുന്നു. എന്താനാണ് നാം ഇസ്‌ലാമിനെക്കുറിച്ച് പറയുമ്പോള്‍ ലജ്ജിക്കുന്നത്? നാം തന്നെ ഇസ്‌ലാമിനെ സിവില്‍ സ്‌റ്റേറ്റിനെ തടയുന്ന പൗരോഹിത്യമായി കണക്കാക്കുന്നു. ഭൂരിപക്ഷത്തെ അനുകൂലിക്കാത്ത ഭരണഘടനയാണ് രാജ്യ പൗരന്മാരെ പര്‌സപരം ബന്ധിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്നതെന്തിനാണ്?

ഭരണാധികാരിയുടെ തിരഞ്ഞെടുപ്പ്

ഭരണകൂട നാഗരികതക്ക് സുദൃഢമായ അടിത്തറ പാകിയത് ഇസ്‌ലാമാണ്. രാജ്യ പൗരന്മാരാണ് നീതിമാനായ ഭരണാധികാരിയെ തെരെഞ്ഞെടുക്കേണ്ടതെന്നും ഭരണാധികാരി തെറ്റായ മാര്‍ഗത്തിലൂടെ നടക്കുന്ന പക്ഷം അയാളെ പുറത്താക്കേണ്ടതും പൗരന്മാരാണെന്ന് ഇസ്‌ലാമിലെ നിയമപണ്ഡിതന്മാരും കര്‍മ്മശാസ്ത്ര വശാരദന്മാരും വ്യക്തമാക്കുന്നു. മറ്റൊരു സമൂഹത്തിനും സാധ്യമാകാത്ത പൈതൃകം അവര്‍ക്കുണ്ട്. പൗരോഹിത്യത്തിന്റെ ലേബലിലുള്ള ഒരു മതരാഷ്ട്രമല്ല ഇസ് ലാമിക് സ്‌റ്റേറ്റ് എന്ന് പല ഗവേഷകരും അവരുടെ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിനെ ശക്തിപ്പെടുത്തുന്ന പല രചനകളും സമീപ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇസ് ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള മുഹമ്മദ് ളിയാഉദ്ധീന്‍ റൈസിന്റെ രചനയാണ് അതില്‍ പ്രധാനം. മതേതരത്വത്തെക്കുറിച്ചുള്ള മുഹമ്മദുല്‍ ബഹിയുടെ പുസ്തകം, അബൂ സഹ്‌റയുടെ രചനകള്‍ തുടങ്ങി ഒട്ടനവധി രചനകള്‍ ഇവ്വിഷയകവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. പക്ഷെ, വലിയ ബുദ്ധിജീവികളെന്ന് നടിക്കുന്ന ആളുകള്‍ അതൊന്നും വായിക്കാന്‍ തയ്യാറാവുകയില്ല. കാരണം, താന്‍ സേവിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതില്‍ മാത്രമാണ് അവരുടെ ശ്രദ്ധ.

കൈവെള്ളയിലെ തൗറാത്ത്

പൗരോഹിത്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുമോ? പട്ടാള ഭരണകൂടം, വത്തിക്കാന്‍ സ്റ്റേറ്റ്, ഒരു കയ്യില്‍ തൗറാത്തും മറു കയ്യില്‍ ആയുധവും ഉര്‍ത്തിപ്പിടിക്കുന്ന സയണിസ്റ്റ് രാഷ്ട്രം, ആഫ്രിക്കന്‍, ഏഷ്യന്‍, അറബ് രാജ്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല ധാരണയുമുണ്ടോ?
ചൈന പോലുള്ള ഇടതുപക്ഷ രാജ്യങ്ങളില്‍ മുസ് ലിംകളെ അറുകൊല ചെയ്യുന്നത് കാണുമ്പോള്‍ ഉന്മൂലനവാദികളായ കൊളോണിയലിസ്റ്റ് ബുദ്ധിജീവികള്‍ക്ക് ലജ്ജ തോന്നുന്നുണ്ടോ? മ്യാന്മറിലെ സൈനിക വേട്ട, ഇന്ത്യയിലെ ഹുന്ദുത്വ തീവ്രവാദം, ഫ്രാന്‍സ്, സ്വീഡന്‍, ബെല്‍ജിയം, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് പോലെയുള്ള വംശീയതയുടെ ഇടത്താവളങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവക്കെല്ലാം നാഗരിതയും മതേതരത്വവും അവകാശപ്പെടാനാകുമോ? ചൂഷണാത്മക ബുദ്ധിജീവികളുടെ പ്രവര്‍ത്തികള്‍ എത്രമാത്രം നീചമാണ്!

അടിക്കുറിപ്പ്:

പ്യൂ സെന്റര്‍ 2014ല്‍ നടത്തിയ പഠന പ്രകാരം അമേരിക്കയിലെ 70% ക്രൈസ്തവരാണ്. അവരില്‍ തന്നെ 25% ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റുകാരും 21% കാത്തോലിക്കും ബാക്കി 22% ഏത് വിഭാഗത്തിലും ചേര്‍ന്നുനില്‍ക്കാത്ത ക്രൈസ്തവരുമാണ്.

വിവ: മുഹമ്മദ് അഹസ്ന്‍ പുല്ലൂര്‍

Related Articles