Europe-America

‘അര്‍മീനിയന്‍ കൂട്ടക്കൊല പ്രമേയം’ അമേരിക്ക പാസ്സാക്കുമ്പോള്‍

ഒന്നാം ലോക യുദ്ധത്തിനു പിന്നാലെ 1915നും 1923നുമിടയില്‍ പതിനായിരക്കണക്കിന് അര്‍മീനിയന്‍ വംശജരെ ഓട്ടോമന്‍ ഭരണകൂടം കൂട്ടക്കൊല ചെയ്‌തെന്ന ആരോപണം ഏറെക്കാലമായി വിവാദത്തിലാണ്. അര്‍മീനിയക്കാര്‍ക്കെതിരെ നടന്നത് കൂട്ടക്കൊലയാണെന്ന് അംഗീകരിക്കുന്ന മുപ്പത് രാജ്യങ്ങളെങ്കിലുമുണ്ട്. അക്കൂട്ടത്തില്‍ അമേരിക്കയും ചേര്‍ന്നിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രമേയം യു.എസ് ജനപ്രതിനിധിസഭ 11നെതിരെ 405 വോട്ടുകള്‍ക്ക് പാസ്സാക്കിയത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിന്മുറക്കാരായ തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ വിള്ളല്‍ സൃഷ്ടിച്ചിരിക്കുന്നു. പതിനഞ്ചു ലക്ഷം അര്‍മീനിയക്കാരെ ഓട്ടോമന്‍ ഭരണകൂടം വധിച്ചുവെന്ന നിറംപിടിപ്പിച്ച കണക്കാണ് പ്രമേയത്തിലുള്ളത്.

അര്‍മീനിയന്‍ വംശജര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നത് തുര്‍ക്കി നിഷേധിക്കുന്നില്ല. ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വേണം അതിനെ കാണാനെന്നും രണ്ടുഭാഗത്തുമായി പരമാവധി മൂന്നു ലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്നും തുര്‍ക്കി സമ്മതിക്കുന്നു. എല്ലാ യുദ്ധങ്ങളിലും സംഭവിക്കുന്നതിന് അപ്പുറത്ത് വ്യവസ്ഥാപിതമായ വംശീയ ഉന്മൂലനം ഉണ്ടായിട്ടില്ലെന്നാണ് തുര്‍ക്കിയുടെ നിലപാട്. മനുഷ്യരെ അന്യായമായി വധിക്കുന്നത് വന്‍കുറ്റമായി പ്രഖ്യാപിക്കുന്നതാണ് തങ്ങളുടെ ആദര്‍ശമെന്നും അമേരിക്കയുടെ നടപടി തുര്‍ക്കി ജനതയെ അപമാനിക്കലാണെന്നുമാണ് പ്രസിഡന്റ് എര്‍ദോവാന്റെ നിലപാട്.

യുദ്ധങ്ങളും കൂട്ടക്കൊലകളും ആരു നടത്തിയാലും അത് മഹാപാതകമാണെതില്‍ രണ്ടഭിപ്രായമില്ല. അതിനെ ശക്തിയുക്തം അപലപിക്കുന്നതില്‍ മതമോ രാജ്യമോ കൊടിയോ തടസ്സമാകാനും പാടില്ല. എന്നാല്‍, ഇതൊക്കെ പറയാന്‍ എത്ര രാജ്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നതാണ് കാര്യം. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് ലക്ഷത്തിലേറെ നിരപരാധികളെ കൊന്നൊടുക്കിയ അമേരിക്ക തങ്ങളുടേതല്ലാത്ത പാതകങ്ങളൊക്കെ റിസേര്‍ച്ച് നടത്തി മാര്‍ക്കിടുന്ന പരിപാടിയോളം അപഹാസ്യമായി എന്തുണ്ട്? അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അധിനിവേശങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കണക്കെടുക്കാന്‍ യു.എസ് കോൺഗ്രസ് തയ്യാറാവില്ല. ബോസ്‌നിയയില്‍, വിശിഷ്യാ സെബ്രനീസയില്‍ സെര്‍ബ് ഭീകരര്‍ നിഷ്ഠൂരമായി വധിച്ച മുസ്‌ലിംകള്‍ക്കു വേണ്ടിയോ അധിനിവേശ ഫലസ്തീനില്‍ കഴിഞ്ഞ ഏഴു ദശകങ്ങളിലേറെയായി സയണിസ്റ്റ് ഭീകരര്‍ നടത്തിവരുന്ന മനുഷ്യവേട്ടക്കെതിരെയോ ഒരു പ്രമേയവും പാസ്സാക്കാത്തവരാണിവര്‍. 2016ല്‍ ജര്‍മനിയും അര്‍മീനിയന്‍ സംഭവത്തെ കൂട്ടക്കൊലയായി പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കിയിരുന്നു. രണ്ടാം ലോകയുദ്ധത്തിലും നമീബിയയിലും നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാരമ്പര്യമുള്ള രാജ്യമാണ് ജര്‍മനി.

ധൃതിപിടിച്ച് ‘അര്‍മീനിയന്‍ കൂട്ടക്കൊല പ്രമേയം’ പാസ്സാക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതിന് പിന്നില്‍ മാനുഷിക താല്‍പര്യങ്ങളൊന്നുമല്ല, തനി രാഷ്ട്രീയമാണ്. നാറ്റോയിലെ സഖ്യകക്ഷികളാണെങ്കിലും തുര്‍ക്കിയും അമേരിക്കയും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു ണ്ട്. ഏറ്റവും ഒടുവിലത്തേത് സിറിയയിലെ കുര്‍ദ് വൈ.പി.ജി മിലീഷ്യക്കെതിരായ സൈനിക നടപടിയാണ്. വൈ.പി.ജി ഭീകരസംഘടനയാണെ തുര്‍ക്കിയുടെ നിലപാട് ചെവികൊള്ളാന്‍ അമേരിക്ക തയ്യാറല്ല. യു.എസ് സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ തുര്‍ക്കി ആരംഭിച്ച സൈനിക നടപടിയുടെ പേരില്‍ ട്രംപ് ഉപരോധ ഭീഷണി മുഴക്കിയെങ്കിലും ഒടുവില്‍ ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയം, 2016ല്‍ എര്‍ദൊവാനെതിരെ നട അട്ടിമറി നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫതഹുല്ല ഗുലനെ കൈമാറണമെന്ന അങ്കാറയുടെ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന യു.എസ് നിലപാട്, അമേരിക്കന്‍ പാസ്റ്ററെ തുര്‍ക്കിയും ടര്‍ക്കിഷ് ബാങ്കറെ അമേരിക്കയും തടവിലാക്കിയ സംഭവങ്ങള്‍ തുടങ്ങിയവ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ നേരത്തെ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

Facebook Comments
Related Articles

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India
Close
Close