യു.എസ് ചരിത്രത്തിലെ ഏറ്റവും ദീർഘകാല യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ഓഗസ്റ്റ് 31ന് പുലർച്ചെയാണ് അവസാന അമേരിക്കൻ സൈനികനും കാബൂൾ വിമാനത്താവളം വിട്ടത്. 2011ൽ അതിന്റെ ഉച്ചിയിൽ എത്തിനിൽക്കുമ്പോൾ 10 മിലിട്ടറി ബേസുകളിലായി ഒരു ലക്ഷം സൈനികരാണ് ബഗ്രാമിലും കാണ്ഡഹാറിലുമുണ്ടായിരുന്നത്. പെന്റഗണിന്റെ കണക്കുപ്രകാരം എട്ട് ലക്ഷം യു.എസ് സൈനികർ യുദ്ധത്തിൽ പങ്കാളികളായിട്ടുണ്ട്.
ലോകത്താകെ 750 യു.എസ് ബേസുകൾ
2021 ജൂലൈ 21 വരെയുള്ള കണക്കുപ്രകാരം ലോകത്താകമാനം 80 രാജ്യങ്ങളിലായി 750 യു.എസ് സൈനിക ബേസുകളുണ്ട്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിനും കൂടുതലായിരിക്കും. കാരണം മുഴുവൻ ഡാറ്റയും പെന്റഗൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 120 ബേസുകളുമായി ജപ്പാനിലാണ് ഏറ്റവും മുന്നിൽ. 119 ബേസ് ജർമനിയിലും 73 എണ്ണം സൗത്ത് കൊറിയയിലുമുണ്ട്.
രണ്ട് വിഭാഗം ബേസുകൾ
യു.എസ് സൈനിക ബേസുകളെ പ്രധാനമായും രണ്ടായി തിരിക്കാം. ഒന്ന് ലാർജ് ബേസുകൾ- 10 ഏക്കറിലധികം സ്ഥലമോ 10 മില്യൺ ഡോളറിലധികമോ ചിലവുള്ള ബേസുകളാണ് ഇതിൽപെടുക. ഇവിടെ സാധാരണയായി 200 സൈനികർ ഉണ്ടാകും. 439 അല്ലെങ്കിൽ 60 ശതമാനം ബേസുകളും ഈ ഗണത്തിലാണ് ഉൾപ്പെടുക.
രണ്ട് സ്മാൾ ബേസുകൾ- 10 ഏക്കറിൽ താഴെയോ 10 മില്യണിൽ താഴെയോ ചിലവുള്ള ബേസുകളാണിത്. അവശേഷിക്കുന്ന 40 ശതമാനം ബേസുകൾ ഇതിൽപ്പെടും.
2020 വരെ 159 രാജ്യങ്ങളിലായി 173,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ജപ്പാനിൽ 53,700, ജർമനിയിൽ 33,900 കൊറിയയിൽ 26,400 എന്നിങ്ങനെയാണ്.
പശ്ചിമേഷ്യയിലെ യു.എസ് സൈനിക സാന്നിധ്യം
2001 മുതൽ അഫ്ഗാനിലും ഇറാഖിലുമായി 1.9 മുതൽ 3 ദശലക്ഷത്തിന് ഇടയിൽ സൈനികരെ വിന്യസിച്ചിരുന്നു. ഇവരിൽ പകുതിയിലധികം പേരെയും ഒന്നിലധികം തവണ വിന്യസിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ക്യാംപ് ഖത്തറിലെ അൽ ഉദൈദ് എയർ ബേസ് ആണ്. 1996ലാണ് ഇത് സ്ഥാപിച്ചത്. ഇവിടെ 11,000 യു.എസ്-സഖ്യ സൈനികർ ഉണ്ട്. 60 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 100 വിമാനങ്ങളും ഡ്രോണുകളും ഉണ്ട്.
2001 സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ 2001 ഒക്ടോബർ ഏഴിനാണ് യു.എസ് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷ് അഫ്ഗാനിൽ അധിനിവേശം ആരംഭിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഉസാമ ബിൻലാദന് താലിബാൻ സംരക്ഷണം നൽകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണമാരംഭിച്ചത്.
241,000 പേർ ഇതിനോടകം അവിടെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇതുകൂടാതെ വിനാശകരമായ യുദ്ധം മൂലമുണ്ടായ പട്ടിണി, രോഗം, പരിക്ക് എന്നിവ കാരണം ലക്ഷക്കണക്കിന് ആളുകൾ,കൂടുതലും സാധാരണക്കാർ മരിച്ചു.
2003ൽ സദ്ദാം ഹുസൈൻ വിനാശകരമായ ആയുധങ്ങൾ കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിച്ച് യു.എസ് ഇറാഖിൽ അധിനിവേശം ആരംഭിച്ചു. എന്നാൽ പിന്നീട് ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. 2007ൽ 170000 സൈനികരെയാണ് ഇറാഖിൽ യു.എസ് വിന്യസിച്ചത്. ഇന്ന് ഇറാഖ് സർക്കാരുമായുള്ള സുരക്ഷാ കരാറിന്റെ ഭാഗമായി 2500 സൈനികർ ഇറാഖിലുണ്ട്.
ജപ്പാനിലും ദക്ഷിണ കൊറിയയിലും
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനിലും കൊറിയൻ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയിലും യു.എസ് സൈന്യത്തെ വിന്യസിച്ചു.
ആകെ യു.എസ് സൈന്യത്തിന്റെ പകുതിക്കടുത്ത് വിദേശരാജ്യങ്ങളിലാണ്. ഇത് മൊത്തം 80,100 വരും. ജപ്പാനിൽ 53700, കൊറിയയിൽ 26,400 സൈനികരാണുള്ളത്. വിദേശത്തെ ഏറ്റവും വലിയ സൈനിക ക്യാംപ് ദക്ഷിണകൊറിയയിലാണ്. 3454 ഏക്കറിൽ തലസ്ഥാനമായ സിയോളിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആകെ 80 ബേസുകളാണിവിടെയുള്ളത്.
യൂറോപ്പിൽ
യൂറോപ്പിൽ 60,000 സൈനികരാണുള്ളത്. 33900 പേർ ജർമനിയിലുണ്ട്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക സാന്നിധ്യമാണിത്. ഇറ്റലിയിൽ 12,300, യു.കെയിൽ 9,300ഉമാണ്. എന്നിരുന്നാലും, 2006നും 2020നും ഇടയിൽ ജർമനിയിൽ നിലയുറപ്പിച്ചിരിക്കുന്ന യു.എസ് സൈനികരുടെ എണ്ണം പകുതിയിലധികം കുറഞ്ഞു. ഇത് 72,400ൽ നിന്ന് 33,900 ആയി. യു.എസിന് പുറത്തെ ഏറ്റവും വലിയ സൈനിക ആശുപത്രിയും ഇവിടെയാണ്. ഇറാഖ്-അഫ്ഗാൻ യുദ്ധത്തിൽ പരുക്കേറ്റ ആയിരക്കണക്കിന് സൈനികരെ ചികിത്സിക്കാൻ വേണ്ടിയുണ്ടാക്കിയതാണിത്.
ലാറ്റിൻ അമേരിക്കയിൽ
യു.എസിന്റെ വിദേശ മിലിട്ടറി ബേസിൽ ഏറ്റവും പഴക്കം ചെന്നത് ക്യൂബയിലെ കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയാണ്. 116 സ്‌ക്വയർ കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന ഈ തടവറ 19ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അമേരിക്കയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഇത് ക്യൂബയും അമേരിക്കയും തമ്മിൽ ചൂടേറിയ തർക്കവിഷയമാവാറുണ്ട്. 1898ൽ അമേരിക്ക കൈയേറുകയും പിന്നീട് 1903 മുതൽ സ്ഥിരമായി പാട്ടത്തിന് നൽകുകയും ചെയ്ത ക്യൂബയുടെ ഈ ഭാഗം തിരികെ നൽകണമെന്ന് ക്യൂബ നിർബന്ധം പിടിക്കുന്നുണ്ട്.
1950 മുതലുള്ള യു.എസിന്റെ സൈനിക വിന്യാസം
കഴിഞ്ഞ 70 വർഷത്തിലധികമായി 200 രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമായാണ് യു.എസ് തങ്ങളുടെ സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യു.എസ് സൈനിക സാന്നിധ്യത്തിന്റെ വിശദ വിവരങ്ങളാണ് താഴെ നൽകിയിട്ടുള്ള ഗ്രാഫിൽ കാണിക്കുന്നത്.
1950-1953
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ വിജയ ശേഷം യു.എസും സോവിയറ്റ് യൂണിയനും കൊറിയയെ വിഭജിച്ചു. ജപ്പാന്റെ ഭരണത്തിന് കീഴിലുണ്ടായിരുന്ന കൊറിയൻ ഉപദ്വീപിനെ രണ്ടായി വിഭജിച്ചു. 1950ൽ ചൈനയുടെയും സോവിയറ്റ് യൂണിയന്റെയും പിന്തുണയോടെ ഉത്തരകൊറിയൻ സൈന്യം തെക്കൻ മേഖല പിടിച്ചെടുത്തുകൊണ്ട് കൊറിയൻ യുദ്ധത്തിന് തുടക്കമിട്ടു. തെക്കൻ കൊറിയയുമായി ചേർന്ന് യു.എസ് 1.78 ദശലക്ഷം സൈനികരെ ഇവിടെ വിന്യസിച്ചു. ഇതോടെ കൊറിയൻ യുദ്ധം മൂന്നു വർഷം നീണ്ടുനിന്നു. യുദ്ധത്തിൽ 2-3 ദശലക്ഷം സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. യു.എസ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 33,739 യു.എസുകാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
1955-1975
1950കളിലും 1960കളിലും യു.എസ് സോവിയറ്റ് യൂണിയനും ചേർന്ന് തെക്കുകിഴക്കൻ ഏഷ്യയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് തുടർന്നു. ഈ കാലത്തെ പ്രധാന സംഘർഷം വടക്കൻ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ തെക്കൻ വിയറ്റ്‌നാമും അവരുടെ സഖ്യകക്ഷിയായ യു.എസും നടത്തിയ ഏറ്റുമുട്ടലായിരുന്നു.
തെക്കുകിഴക്കൻ ഏഷ്യയിൽ 3.4 ദശലക്ഷം സൈന്യത്തെയാണ് യു.എസ് വിന്യസിച്ചത്. യുദ്ധത്തിൽ 58,000 അമേരിക്കക്കാരടക്കം മൂന്ന് ദശലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. 1973ൽ യു.എസ് വിയറ്റ്‌നാം വിട്ടു. രണ്ട് വർഷത്തിന് ശേഷം 1975ൽ കമ്യൂണിസ്റ്റ് സൈന്യം വടക്കൻ വിയറ്റ്‌നാമിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും യുദ്ധം അവസാനിക്കുകയും ചെയ്തു.


1990-1991
1990 ഓഗസ്റ്റ് 2ന് ഇറാഖ് സൈന്യം കുവൈത്തിനെ ആക്രമിച്ചു. ഇതിന് ഒരാഴ്ചക്ക് ശേഷം ഓഗസ്റ്റ് 9ന് Operation Desert Shield എന്ന പേരിൽ യു.എസ് ആയിരക്കണക്കിന് സൈന്യത്തെ സൗദിയിൽ വിന്യസിച്ചു. യുദ്ധത്തിന്റെ ഭാഗമായി 694,550 സൈന്യത്തെ ഈ മേഖലയിൽ വിന്യസിച്ചു. 1991ൽ യു.എസ് പ്രസിഡന്റ് ജോർജ് ബുഷ് വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതേ വർഷം ഏപ്രിൽ മൂന്നിന് യു.എൻ ഔദ്യോഗികമായി വെടിനിർത്തൽ പ്രമേയം പാസാക്കി.
200-2021
9/11 ആക്രമണത്തിന് ശേഷം യു.എസ് 2001ൽ അഫ്ഗാനിലും 2003ൽ ഇറാഖിലും യുദ്ധം പ്രഖ്യാപിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ എട്ട് ലക്ഷം അമേരിക്കൻ സൈന്യമാണ് അഫ്ഗാനിലുണ്ടായിരുന്നത്. 1.5 ദശലക്ഷം പേർ ഇറാഖിലും നിരന്നു. ഇവിടങ്ങളിലായി ഒമ്പത് ലക്ഷം പേരാണ് ആകെ കൊല്ലപ്പെട്ടത്. കൂടുതലും സിവിലിയന്മാരായിരുന്നു.


യുദ്ധത്തിനായി യു.എസ് ആകെ ചിലവഴിച്ച തുക
2020ൽ സൈന്യത്തിനായി 778 ബില്യൺ ഡോളറാണ് യു.എസ് ചിലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ചെലവാണിത്. യു.എസിന് പിന്നിലുള്ള അടുത്ത 10 രാജ്യങ്ങളുടെയെല്ലാം സൈനിക ചിലവുകൾ കൂട്ടിയാൽ ഇതിനോടടുത്തേ വരൂ. 252 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്ത് ചൈനയാണ്. 73 ബില്യൺ ഡോളറുമായി ഇന്ത്യ, 62 ബില്യൺ റഷ്യ, 59 ബില്യൺ യു.കെ എന്നിങ്ങനെയാണ് പട്ടിക.
ആഗോള ഭീകരത വിരുദ്ധ യുദ്ധമെന്ന പേരിൽ കഴിഞ്ഞ 20 വർഷത്തിനിടെ മാത്രം 8 ട്രില്യൺ ഡോളറാണ് യു.എസ് ചിലവഴിച്ചത്. അഫ്ഗാനിൽ മാത്രം 2.3 ട്രില്യൺ ആണ് ചിലവഴിച്ചത്. 20 വർഷത്തേക്ക് പ്രതിദിനം 300 ദശലക്ഷത്തിലധികം ഡോളറിന് തുല്യമാണിത്.
2.1 ട്രില്യൺ ആണ് ഇറാഖിലും സിറിയയിലും യുദ്ധത്തിനായി ചിലവഴിച്ചത്. 355 ബില്യൺ മറ്റു സ്ഥലങ്ങളിലും ചിലവഴിച്ചു. ബാക്കി പണം അടുത്ത 30 വർഷങ്ങളിൽ സൈനികരുടെ പരിചരണത്തിനുള്ള ധനസഹായവും യുദ്ധങ്ങൾക്കായി കടം വാങ്ങിയ ബാധ്യതകൾക്കുമുള്ളതാണ്.
ഇതിനർത്ഥം യു.എസ് അഫ്ഗാനിസ്ഥാൻ വിട്ടതിനുശേഷവും, വരും വർഷങ്ങളിലും യുദ്ധങ്ങൾക്കുള്ള പണം നൽകുന്നത് തുടരും എന്നാണ്.
അവലംബം: അൽജസീറ
വിവ: സഹീർ വാഴക്കാട്
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL