Current Date

Search
Close this search box.
Search
Close this search box.

സാന്‍ഡേഴ്‌സിനെ പിന്തുണച്ച് ഫലസ്തീന്‍ വംശജ ലിന്‍ഡ സാര്‍സു

യു എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റുകളുടെ പ്രൈമറിയിൽ മുന്നിലുള്ള മൂന്നു പ്രമുഖരിൽ ഒരാളാണ് ബെർണി സാൻഡേഴ്‌സ്. കഴിഞ്ഞ തവണ പ്രൈമറിയിൽ ഹിലരിക്ക് തൊട്ടു പിന്നിൽ ഫിനിഷ് ചെയ്ത സാൻഡേഴ്‌സ് മത്സര രംഗത്തുള്ള ഏക ജൂതനാണ് എന്ന പ്രത്യേകതയുമുണ്ട്.

ജൂതനെങ്കിലും സയണിസ്റ്റ് വംശീയ ഭ്രാന്തൊന്നും വെർമെന്റിൽനിന്നുള്ള സെനറ്ററായ സാൻഡേഴ്‌സിനില്ല. ഇസ്രായിലിനെപ്പോലെ നിലനിൽക്കാനുള്ള അവകാശം ഫലസ്തീനികൾക്കും ഉണ്ടെന്നും അമേരിക്കയുടെ ഏകപക്ഷീയ ഇസ്രായേൽ അനുകൂല വിദേശ നയം മാറ്റണമെന്നും നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ നിലപാടുകളെ വിമർശിക്കുന്നത് സെമിറ്റിക് വിരുദ്ധത അല്ലെന്നും പരസ്യമായി പറയുന്നയാളാണ് സാൻഡേഴ്‌സ്.
ജൂതനായ സാൻഡേഴ്‌സിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത് പ്രമുഖ ആക്ടിവിസ്റ്റും ഫലസ്തീൻ വംശജയുമായ ലിൻഡ സാർസുറാണ്. ഇസ്ലാം മത വിശ്വാസിയും ഹിജാബ്ധാരിയുമായ ലിൻഡ, ഇനി സാൻഡേഴ്‌സന്റെ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചു സറോഗേറ്റ് റോളിലാണ് പ്രത്യക്ഷപ്പെടുക. അമേരിക്കക്ക് ഒരു ജൂത പ്രസിഡന്റ് ഉണ്ടാകട്ടെയെന്ന് പരസ്യമായി പ്രഖ്യാപിക്കുക വഴി ജൂതന്മാരെയല്ല, സയണിസ്റ്റ് വംശീയതയെയാണ് തങ്ങൾ വെറുക്കുന്നത് എന്ന സന്ദേശമാണ് ലിൻഡ നൽകുന്നത്.

ജൂതനായതിനാൽ സാൻഡേഴ്‌സണെ പിന്തുണച്ച് ഇസ്രായേൽ മീഡിയകൾ സജീവമായി രംഗത്തുണ്ട്. എന്നാൽ, സയണിസ്റ്റ് വംശീയതക്ക് എതിരെ നിലവിൽ വന്ന BDS (Boycott Divestment and Sanctions) പ്രസ്ഥാനത്തിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ഫലസ്തീൻ വംശജയാണ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത് എന്നതാണ് ഏറെ കൗതുകകരമായിട്ടുള്ളത്.

Related Articles