Europe-America

ഫ്രഞ്ച് മുസ്ലിംകള്‍ക്കെതിരില്‍ ഭീകരത ആരോപിക്കുമ്പോള്‍

ഇസ്ലാമിക ഭീകരതക്കെതിരില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം രാജ്യത്തോട് ആഹ്വനം ചെയ്തത് വളരെ അമ്പരപ്പാണ് നിരീക്ഷകരില്‍ സൃഷ്ടിച്ചത്. സഹപ്രവര്‍ത്തകനാല്‍ കൊലചെയ്യപെട്ട പോലീസ് ഉദ്യഗസ്ഥര്‍ക്ക് മരണാനന്തര ബഹുമതി നല്‍കാനും അനുശോചനം രേഖപ്പെടുത്താനും സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിച്ച്‌കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മാക്രോണിന്റെ വിവാദ ആഹ്വാനം. കൊലയാളിയായ പോലീസുകാരന്‍ പത്തുവര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ചിരുന്നുവെന്നും ഭീകര ആശയങ്ങളില്‍ സ്വാധീനിക്കപെട്ടിരുന്നുവെന്നുമുള്ള പ്രചാണങ്ങള്‍ നടക്കുന്നുമുണ്ട്.

രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് ഈ ഭീകരാക്രമണം. ഇതിന് കാരണമായ രാക്ഷസീയ ഇസ്ലാമിനെ ഒറ്റകെട്ടായി, ജാഗ്രതയോടെ നേരിടാന്‍ പ്രസിഡന്റ് മാക്രോണ്‍ ഫ്രഞ്ച് ജനതയോട് ആവശ്യപെട്ടിരിക്കുകയാണ്. ഇസ്ലാമിനെ നേരിടാനും അതിനെതിരായ പ്രതിരോധനിര ശക്തിപ്പെടുത്താനും വേണ്ടി മുഴുകിയപെലെയാണ് ഇമ്മാനുവല്‍ മാക്രോണിന്റെ നടപടികള്‍. തീവ്രവാദത്തോടുള്ള അമര്‍ഷത്തേക്കാള്‍, ഫ്രഞ്ച് പ്രസിഡന്റിനെ നയിക്കുന്നത് മുസ്ലിം അവഹേളനവും അസഹിഷ്ണുതയും അവാഹിച്ച മുസ്ലിം വിരുദ്ധ വംശീയ മനോഘടനയാണ്. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള പല ഫ്രഞ്ച് കാരുടെയും പൊതു സംസ്‌കാരമായി ഇത് ഇന്ന് മാറിയിട്ടുണ്ട്. നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊലചെയ്യപെട്ടതിന്റെ കാരണങ്ങളും പ്രേരണകളും അന്വേഷിച്ച് പുറത്ത്കൊണ്ട് വരേണ്ടത് ഈ സന്ദര്‍ഭത്തില്‍ അത്യന്താപേക്ഷിതമായ കാര്യമാണ് എന്നതില്‍ രണ്ട് പക്ഷമില്ല.

പൊളിറ്റിക്കല്‍ ഇസ്ലാം ഫ്രഞ്ച് റിപ്പബ്ലിക്കിന് ഭീഷണിയാണെന്നും അതിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമുളള മാക്രോണിന്റെ പ്രസ്ഥാവന ഏതാനും മാസങ്ങള്‍ക്കുമുമ്പ് റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ‘യൂറോ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിനെക്കുറിച്ചും അന്വേഷണം ശക്തമാക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. ‘വസ്തുതകളെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്. മതത്തിന്റെ പേരില്‍ നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പൊളിറ്റിക്കല്‍ ഇസ്ലാം ശ്രമിക്കുന്നത്. നാം സംസാരിക്കുന്നത് ഒരു മതത്തെക്കുറിച്ചല്ല. പൊളിറ്റിക്കല്‍ ഇസ്ലാമിനെകുറിച്ചും അതിന്റെ ഫലമായി രൂപപെടുന്ന ഇസ്ലാമിക ഭീകരതയെകുറിച്ചുമാണ്. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ രണ്ട് ഇസ്ലാം ഇല്ല എന്നതും ശ്രദ്ധിക്കണം.’ ഇങ്ങനെ പോകുന്നു പ്രസിഡന്റിന്റെ സംസാരം. ഇസ്ലാം ഒരു നയമോ നിലപാടോ ആണ് എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ്, 2018 ജൂലൈയില്‍ സ്‌കൈ ന്യൂസ് മാക്രോണ്‍ പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ”ഫ്രഞ്ച് റിപ്പബ്ലിക്കും ഇസ്ലാമും തമ്മിലുള്ള ബന്ധം പ്രയാസമുള്ളതാകാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. ഫ്രഞ്ചിലെ മുസ്ലിം വിഷയങ്ങളില്‍ മെച്ചപെട്ട അവസ്ഥ സംജാതമാക്കുന്നതിന് വരുന്ന ശരത്കാലം മുതല്‍ ചില നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകും.”

എന്നാല്‍ വെര്‍സൈസില്‍ നടന്ന പാര്‍ലമെന്റ് അംഗങ്ങളുടെ സമ്മേളനത്തില്‍ മാക്രോണ്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. റിപ്പബ്ലിക്കിലെ നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്ത് ജീവിക്കാനും പ്രവര്‍ത്തിക്കാനും മുസ്ലിംകള്‍ക്ക് അവസരം നല്‍കുന്ന വ്യവസ്ഥയും നിയമവും ഉണ്ടാക്കും. ഫ്രഞ്ച് മുസ്ലിംകളോടൊപ്പം നാം നിലയുറപ്പിക്കും. എന്നാല്‍ വിധ്വേഷജനകവും കാര്‍ക്കശ്യവുമുള്ള ഇസ്ലാം വായനകള്‍ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂള്‍ ഓഫ് തോട്ട് ഉണ്ടെന്നത് ശ്രദ്ധിക്കണം. ഒരു സ്വതന്ത്ര രാജ്യത്തിന്റെ ശൈഥില്യത്തിന് ഇത് കാരണമാകും. മതപരമായ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ നമ്മുടെ രാജ്യത്തിന് മുട്ട് മടക്കാനാവില്ല എന്നും മാക്രോണ്‍ പറഞ്ഞു.

രാജ്യത്തെ രണ്ടാമത്തെ മതവിഭാഗമാണ് മുസ്ലിംകള്‍ എന്ന് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ആറ് മില്യണ്‍ മുസ്ലിംകളും 2500 പള്ളികളും ഫ്രാന്‍സിലുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലിംകള്‍ക്കുവേണ്ടി ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും 2018 ഫെബ്രുവരിയില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ജൂണ്‍ ഒടുവില്‍ ഇസ്ലാമുമായി ബന്ധപെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വ്യത്യസ്ഥ പ്രവിശ്യകളില്‍ യോഗങ്ങള്‍ നടത്താനും ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. അവര്‍ക്ക് ലഭിക്കുന്ന ഫണ്ടുകളുടെ സ്രോതസ്സുകള്‍ ഏത് വിധത്തിലുള്ളതായിരിക്കണമെന്ന് അതില്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് മുസ്ലിംകളെകുറിച്ചല്ല ഇസ്ലാമിനെകുറിച്ചാണ് ഏറെ വ്യാകുലപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇസ്ലാമിനെ ഉപരോധിക്കാനുള്ള പദ്ധതിയാണ് അദ്ദഹം ലക്ഷ്യമിടുന്നതും. ഫ്രഞ്ച് നിയമത്തിന് വിധേയമായ ഇസ്ലാമിനെ എങ്ങനെ സൃഷ്ടിക്കാമെന്ന ആലോചനയാണ് പ്രസിഡന്റിനെ നയിക്കുന്നതും. തികച്ചും വംശീയ മുന്‍വിധികളോടെ പ്രസിഡന്റ് ‘ഇസ്ലാം ഭീകരത’ എന്ന പ്രയോഗം നടത്തരുതായിരുന്നു എന്നാണ് നിരീക്ഷകരുടെ വാദം. 1905 ല്‍ ഉണ്ടായ മതേതര നിയമം ഇത്തരം പ്രയോഗങ്ങള്‍ നടത്താനുളള ലൈസന്‍സല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇസ്ലാമിക ജീവിതം നയിക്കുന്ന ദശലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്‍മാരായ മുസ്ലിംകള്‍ തീവ്രവാദത്തേയും കുറ്റകൃത്യങ്ങളെയും മതമോ വംശമോ നോക്കാതെ എതിര്‍ക്കുന്നവരാണ്. നീതിക്കുവേണ്ടി നിലകൊള്ളുന്നവരുമാണവര്‍. ഇവരെ കാണാനും ഇവരുടെ സഹിഷ്ണുത, സ്നേഹം എന്നിവയെക്കുറിച്ചൊന്നും സംസാരിക്കാനിവിടെ ഒരിടവും ഇല്ല. ആരും അതിന് മുന്നിട്ട് വരുന്നുമില്ല. ഉപരോധത്തിന്റയും അപകീര്‍ത്തിപെടുത്തലിന്റെയും നടുവിലാണ് ഫ്രാന്‍സിലെ സാധാരണ മുസ്ലിംകള്‍. മാത്രവുമല്ല തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചുണ്ടാക്കിയ നിയമങ്ങള്‍ക്ക് വിധേയപ്പെടാന്‍ നിര്‍ബന്ധിതരുമാണ് അവര്‍.ആ നിയമങ്ങള്‍ പൊതുവായതാണെന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും ലക്ഷ്യം വ്യക്തമാണ്.

എന്നാല്‍ ചില ചരിത്ര വസ്തുതകള്‍ വിസ്മരിക്കരുത്. 1095 ല്‍ ‘അര്‍ബല്‍ മാര്‍പ്പാപ്പയുടെ’ ആശീര്‍വാദത്തോടെയാണ് ‘പീറ്റര്‍ ഹാഫിയുടെ’ നേതൃത്വത്തില്‍ ഫ്രാന്‍സിലെ സെന്റ് മോണ്ട് ക്ലെയറില്‍നിന്നായിരുന്നു കുരിശുയുദ്ധം ആരംഭിച്ചത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് മുസ്ലിം വിദ്വേഷവും വെറുപ്പും വംശീയതയും രക്തക്കൊതിയും സൈനീകരില്‍ കുത്തിവെക്കാനുളള അത്യന്തം പ്രകോപനപരമായ പ്രസംഗം പീറ്റര്‍ ഹാഫി നടത്തുന്നുണ്ട്. ഈ കുരിശു സൈനികരുടെ വികാര വിചാരങ്ങളില്‍ നിന്നും മുക്തമല്ല, ഇസ്ലാമും മുസ്ലിംകളുമായി ബന്ധപെട്ട വിഷയങ്ങളിലെ ഫ്രാന്‍സിന്റെ ഇപ്പോഴത്തെ നിലപാടുകളൊന്നും. സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള വിവേകം സ്വീകരിക്കുന്നതില്‍ നിന്നും ഇത് രാഷ്ട്ര നായകരെ അന്ധരാക്കിയിരിക്കുകയാണ്. അല്ലങ്കില്‍ ഇതെല്ലാം അവര്‍ അവഗണിക്കുന്നു എന്ന് കരുതണം. എന്നാല്‍ ഫ്രാന്‍സിന്റെ ചിത്രം എന്താണ്? സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കുറ്റകൃത്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളുടെ കൂടെ നില കൊണ്ട രാജ്യമാണ് ഫ്രാന്‍സ്. 130 വര്‍ഷം നീണ്ടുനിന്ന അധിനിവേശകാലത്ത് ദശലക്ഷത്തിലധികം അള്‍ജീരിയക്കാരെ ഫ്രാന്‍സ് അറുകൊല ചെയ്തിട്ടുണ്ട്.

തുനീഷ്യ, മൊറോക്കോ, സിറിയ, ലബനാന്‍ എന്നിവിടങ്ങളില്‍ നടന്ന കൂട്ട നരഹത്യയില്‍ കൂട്ടു പ്രതിയാണ് ഫ്രാന്‍സ്. ഒടുവില്‍ റുവാണ്ട, ലിബിയ, മാലി, മധ്യ ആഫ്രിക്ക എന്നിവിടങ്ങളില്‍ നടന്ന കൂട്ടക്കൊലകളില്‍ ഫ്രാന്‍സിന് ഒരു പങ്കുമില്ലെന്നാണോ പ്രസിഡന്റ് മാക്രോണ്‍ കരുതുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയും, ബ്രിട്ടനും ചേര്‍ന്ന് നടത്തിയ അധിനിവേശത്തില്‍ കൊലചെയ്യപെട്ട ലക്ഷക്കണക്കിന് നിരപരാധികളുടെ രക്തത്തില്‍ ഫ്രാന്‍സിന് ഒരു പങ്കുമില്ലേ? 1798ല്‍ രക്ത ദാഹിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഈജിപ്തിലും, ശാമിലും നടത്തിയ നരമേധത്തിന്റെ കഥ ഫ്രാന്‍സ് മറന്നോ? ഈജിപ്തിലെ ജനസംഖ്യയുടെ ഏഴില്‍ ഒന്ന് വരും അന്ന് കൊലചെയ്യപെട്ടവരുടെ എണ്ണം. രണ്ട് ദശലക്ഷം ആയിരുന്നു അന്ന് ഈജിപ്ത്തിന്റെ ജനസംഖ്യ. വ്യത്യസ്ത വഴികളിലൂടെ സമ്പത്ത് കവര്‍ന്നെടുത്തതിനെ കുറിച്ച് വിശദീകരിക്കേണ്ടതേയില്ല.

ക്രിസ്ത്യാനികള്‍, ബുദ്ധ മതക്കാര്‍, ഹിന്ദുക്കള്‍, ജൂതന്മാര്‍ എന്നിവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളിവിടെയുണ്ട്. തങ്ങളുടെ സൈന്യങ്ങള്‍, വിമാനങ്ങള്‍, ബോംബറുകള്‍, തോക്കുകള്‍, കവചങ്ങള്‍ എന്നിവയുമായി വരുന്ന ക്രിസ്ത്യന്‍ ഭീകരതയെ കുറിച്ച് സംസാരിക്കാന്‍ പ്രസിഡന്റ് മാക്രോണിന് എന്തുകൊണ്ടാണ് സാധിക്കാത്തത്. അവരാകട്ടെ സിവിലിയന്‍മാരും, നിരായുധരുമായ ആയിരക്കണക്കിന് മുസ്ലിംകളെയാണ് കൊലചെയ്യുന്നത്. ഹിന്ദുത്വ ഭീകരതയെ പറ്റി പറയാനും പ്രസിഡന്റ് മാക്രോണിന് നാവനങ്ങില്ല. ഇന്ത്യയില്‍ അവര്‍ മുസ്ലിംകളെയാണല്ലോ കൊലചെയ്യുന്നത്. റോഹിങ്ക്യയിലും ഉയിഗൂരിലും മുസ്ലിം വംശഹത്യ നടത്തുന്ന ബുദ്ധമത ഭീകരതയെ ക്കുറിച്ചും പ്രസിഡന്റ് മൗനത്തിലാണ്. ഫലസ്തീനിന്റെ തെരുവകളില്‍ സാധാരണക്കാരായ പൗരന്‍മാരെ അറുകൊല ചെയ്യുന്ന ജൂത ഭീകരതയെപറ്റി പറയാന്‍ മാക്രോണിനെന്താണ് ധൈര്യമില്ലാത്തത്.

ഇസ്ലാമിക ഭീകരതക്കെതിരിലല്ല, ഇസ്ലാമിനെതിരില്‍ തന്നെയാണ് പ്രസിഡന്റ് മാക്രോണ്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ആഭ്യന്തര മന്ത്രി കാസ്റ്റണര്‍, ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശ്രദിധിക്കുക. ഇസ്ലാമിക തീവ്രവാദത്തിന്റെ രൂപം നിര്‍ണ്ണയിക്കാനുള്ള വഴി നിര്‍ദ്ദേശിച്ച് കൊടുക്കവെ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. തീവ്രവാദ ആശയക്കാരുടെ സാമൂഹിക ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക. സ്ത്രീകളുമായി ബന്ധമുണ്ടാക്കുന്നതിനെ ഇത്തരക്കാര്‍ അംഗീകരിക്കുകയില്ല. പതിവായി പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുകയും റമദാന്‍ വ്രതം അടക്കമുള്ള മതാനുഷ്ടാനങ്ങളില്‍ കടുത്ത നിഷ്ട പുലര്‍ത്തുന്നവരുമായിരിക്കും ഇക്കൂട്ടര്‍. ഇതായിരുന്നു ഭീകരതയുടെ അളവുകോലായി കാസ്റ്റണര്‍ മുന്നോട്ട് വെച്ചത്

താടി വളര്‍ത്തുന്ന ശീലവും റാഡിക്കല്‍ ഇസ്ലാമിന്റെയും ഭീകരവാതത്തിന്റെയും അടയാളമാണെന്ന വാദവും കാസ്റ്റനെര്‍ മുന്നോട്ട് വെക്കുന്നുണ്ട്. മൊറോക്കന്‍ വംശജനായ പാര്‍ലമെന്റ് അംഗമായ മജീദ് അല്‍ കിറാബ് ഇതിനെ പരിഹസിച്ച്കൊണ്ട് പാര്‍ലമെന്റില്‍ ഇപ്രകാരം പ്രസ്താവിച്ചത് ശ്രദ്ധേയമായി. അദ്ദേഹം പറഞ്ഞു: ‘താടിവെക്കുന്നത് ഭീകരവാദത്തിന്റെ ലക്ഷമാണെന്ന് താങ്കള്‍ വാദിക്കുന്നു. എത്ര വിചിത്രമായ വാദമാണിത്! താങ്കള്‍ക്കും താടിയുണ്ട്. താങ്കളും ഭീകരവാദിയാണോ?’ ആഭ്യന്തര മന്ത്രിയുടെ പ്രസംഗം പുറത്തായതോടെ ആക്ഷേപിക്കപെട്ട മുസ്ലിം എന്ന ഹാഷ്ടാഗ് ലേബല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ പ്രചരിച്ചു. മാക്രോണും ആഭ്യന്തര മന്ത്രിയും വെളിപെടുത്തിയ അസഹനീയമായ വെറുപ്പും അസഹിഷ്ണുതയും പതിനായിരങ്ങളുടെ പ്രതിഷേധത്തിന് നിമിത്തമായി. വലിയ വിമര്‍ശനം രാജ്യവ്യാപകമയി ഉയര്‍ന്നു വരികയും ചെയ്തു. ഒരു ഫ്രഞ്ച്കാരന്‍ തന്റെ ഹാഷ്ടാഗ് ട്വീറ്റില്‍ ഇങ്ങനെ പരിഹാസകുറിപ്പ് എഴുതി. ‘എന്റെ ജോലിസ്ഥലത്തെ പൊതു ഇടത്തില്‍ ഫ്രഞ്ച് പാരമ്പര്യത്തിന് വിരുദ്ധമായ വാട്ടര്‍ ബോട്ടില്‍ ഞാന്‍ ശ്രദ്ധിച്ചു. ഇതില്‍ നിന്ന് വെള്ളം കുടിക്കരുത്. ഇത് ഇസ്ലാമിസ്റ്റുകള്‍ കൊണ്ടുവന്നതാണ്.’ ഇതായിരുന്നു ട്വീറ്റ്.
ആഭ്യന്തര മന്ത്രിയെ അഭിസംബോധനചെയ്യുന്ന മറ്റൊരു ട്വീറ്റ് ഇപ്രകാരമായിരുന്നു. ”മിസ്റ്റര്‍ കാസ്റ്റ്നെര്‍, ഇമാം അബുല്‍ അലി മഅ്മൂനിനെയും ഞാന്‍ വെറുക്കണമോ? താടിവെച്ച ആ ഗായകന്‍ അല്ലാഹു വലിയവന്‍ എന്നും ഫ്രാന്‍സ് നീണാല്‍ വായട്ടെ എന്നും പാടാറുണ്ട്….?”
ഒരു സ്ത്രീ ചോദിച്ചത് ഇപ്രകാരമായിരുന്നു. ”ഞാന്‍ ഖുര്‍ആന്‍ ഫ്രഞ്ച് ഭാഷയില്‍ വായിക്കുന്നുണ്ട്. പന്നിമാംസം കഴിക്കാറുമില്ല. എന്നെ ഞാന്‍ വെറുക്കണമോ?” മറ്റൊരു സ്ത്രീ ആഭ്യന്തച്ര മന്ത്രിയെ കണക്കിന് പരിഹസിച്ചു. അവര്‍ പറഞ്ഞു. ”എന്റെ മക്കള്‍ മാമാ എന്ന് വിളിക്കുന്ന എന്റെ അയല്‍ക്കാരിയും ഭീകരവാദിയാണോ? അവര്‍ അറേബ്യന്‍ ഭക്ഷണ രീതി ഇഷ്ടപെടുന്നവളാണ്. എന്റെ അറേബ്യന്‍ വസ്ത്ര ധാരണത്തെ അവള്‍ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. മത ചിഹ്നങ്ങള്‍ അണിയുന്നതില്‍ ലജ്ജയും അപകര്‍ഷതയും വെടിയണമെന്നാണവളുടെ വാദം. അവള്‍ റാഡിക്കലാണോ?”

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമാണ് ഫ്രാന്‍സ്. 2011ല്‍ പൊതു സ്ഥലങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ ആദ്യ യൂറോപ്യന്‍ രാജ്യവും ഫ്രാന്‍സാണ്. മറ്റ് മതങ്ങള്‍ക്കൊന്നും ബാധകമല്ലാത്ത സെക്യൂലരിസം ഇസ്ലാമിന്റെ കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നത് എത്ര വിരോധാഭാസമാണ്.

ഇപ്പോള്‍ ചോദ്യം ഇതാണ്. വരുന്ന തെരെഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ ക്രൈസ്തവരുടെ വോട്ട് മാക്രോണും അയാളുടെ മന്ത്രിയും ചോദിക്കുമോ? ഹിലരി ക്ലിന്റ സമ്മതിച്ചപോലെ, മിക്ക തീവ്രവാദ ഗ്രൂപ്പുകളും പാശ്ചാത്യ, അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ചോറ്റുപട്ടാളമാണെത് മാക്രോണ്‍ നിരാകരിക്കുമോ?

ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും അംഗീകരിക്കുന്നില്ല. അവരതിനെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നത് മാക്രോണിന് അറിയില്ല എന്നുണ്ടോ? തങ്ങളുടെ നാടുകളെ കൊള്ളയടിക്കാന്‍ പാശ്ചാത്യര്‍ തന്നെ മെനഞ്ഞുണ്ടാക്കിയ നിഗൂഢ സംഘങ്ങളാണ് ഭീകരവാദ ഗ്രൂപ്പുകളെന്നാണ് മുസ്ലിംകള്‍ കരുതുന്നത്.

മാക്രോണും, ഇസ്ലാമിനെതിരെ നിഷേധാത്മകവും ശത്രുപരവുമായ വീക്ഷണം വെച്ചു പുലര്‍ത്തുന്നവരും പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടവും സഹതാപവുമാണ് തോന്നുന്നത്. ഇസ്ലാമിക ഭീകരതയെ സംബന്ധിച്ച് അറബ് ലോകത്തുള്ള ചില പരിഷ്‌കരണ വാദികളുടെ സമാനമായ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നെഞ്ച് തകരുന്ന വേദനയാണ് തോന്നാറ്. ചോദിക്കട്ടേ, ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഈ പറയപെടുന്ന ഭീകരതയുമായി എന്ത് ബന്ധമാണുള്ളത്?!

അവലംബം: mugtama.com
വിവ. എസ്.എം. സൈനുദ്ദീന്‍

Facebook Comments
Related Articles
Close
Close