Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് കേവലമൊരു തുണിക്കഷ്ണമല്ല

നാടകം വീക്ഷിക്കാൻ വന്നവരിൽ ഒരു ഹിജാബ് ധരിച്ച സ്ത്രീ ഉണ്ടായതു കാരണം അഭിനയിക്കാൻ വിസമ്മതിക്കുന്ന അഭിനേതാക്കൾ മുതൽ അടുത്തകാലത്തായി ഉണ്ടായ വിവിധ ഹിജാബ് നിരോധന നിയമങ്ങൾ വരെ, മതത്തിന്റെ കാര്യം വരുമ്പോൾ, പ്രത്യേകിച്ച് ഇസ്ലാം മതത്തിന്റെ കാര്യത്തിൽ ‘le liberte’ (സ്വാതന്ത്ര്യം) തത്വം നടപ്പാക്കാൻ ഫ്രഞ്ച് ജനതക്ക് കുറച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.

ഈ അടുത്തകാലത്താണ്, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളും സ്കൂളുകളിലേക്ക് കുട്ടികളുടെ അകമ്പടി പോകുന്നവരും ഹിജാബ് ധരിക്കാൻ പാടില്ലെന്ന ബില്ലിനെ അനുകൂലിച്ച് ഫ്രഞ്ച് സെനറ്റ് വോട്ട് ചെയ്തത്. നിയമമാകുന്നതിന് മുമ്പ് ബില്ലിന് രാജ്യത്തെ ദേശീയ അസംബ്ലി അംഗീകാരം നൽകേണ്ടതുണ്ടെങ്കിലും, ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഹിജാബ് നിരോധന നീക്കം കാരണമായിട്ടുണ്ട്.

മതപരമായ കാരണങ്ങളാൽ തലമറക്കൽ തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രീകൾ സാധാരണയായി പ്രായപൂർത്തിയാകുന്നതു മുതൽക്കു തന്നെ ഹിജാബ് ധരിക്കാറാണ് പതിവ്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള മുസ്ലിം മാതാക്കളുടെ കാര്യമോ ; ഈ നിയമപ്രകാരം, ശിരോവസ്ത്രം ധരിക്കുന്നു എന്ന കാരണത്താൽ തങ്ങളുടെ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതിൽ നിന്ന് അവർ തടയപ്പെടുമോ ?

ചെറിയ പെൺകുട്ടികൾ പലപ്പോഴും അമ്മമാരെ അനുകരിക്കാനാണ് ആഗ്രഹിക്കുക. ഒരു ഒഴിവു ദിവസം മകൾ ഹിജാബ് ധരിച്ച് പുറത്ത് പോയതിന്റെ പേരിൽ അത്തരം നിയമത്തിന്റെ പേരിൽ ആ പെൺകുട്ടിയുടെ മാതാവിന് സർക്കാർ പിഴ ചുമത്തുമോ? ഹിജാബ് ധരിച്ച ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടാൽ ചിലർ അസ്വസ്ഥരാകുമെങ്കിലും, അസഹിഷ്ണുതയുടെ മറ്റൊരു പ്രത്യക്ഷ പ്രഖ്യാപനമാണ് ഹിജാബ് നിരോധന നീക്കമെന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

മതപരമായ ആവിഷ്കാരത്തെ ഇല്ലാതാക്കാനുള്ള വികാരം ഫ്രാൻസിൽ ഓരോ വർഷവും വർധിച്ചുവരികയാണ്, അത് നിരന്തരമായ ചർച്ചകൾക്കും ആക്കംകൂട്ടുന്നുണ്ട്. 2004 മുതൽക്ക് തന്നെ ഫ്രാൻസിലെ പൊതുവിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നിലവിലുണ്ട്, 2010ൽ പൊതുസ്ഥലങ്ങളിൽ നിഖാബ് (മുഖപടം) ധരിക്കുന്നതും നിരോധിച്ചു.

ഇക്കാര്യത്തിൽ ഫ്രാൻസ് ഒറ്റയ്ക്കല്ല. വിവിധ തരം നിരോധനങ്ങൾക്ക് അംഗീകാരം നൽകിയ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ബെൽജിയം, ഓസ്ട്രിയ, നോർവെ, ബൾഗേറിയ, ഡെൻമാർക്ക് എന്നിവ ഉൾപ്പെടുന്നു. 8.5 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യമായ സ്വിറ്റ്സർലൻഡിൽ അടുത്തിടെ നടന്ന ഒരു റഫറണ്ടത്തിൽ നിഖാബ് നിരോധിക്കാൻ സ്വിറ്റ്സർലണ്ട് ജനത വോട്ട് ചെയ്തു, എന്നാൽ കേവലം 30 സ്ത്രീകൾ മാത്രമാണ് അവിടെ നിഖാബ് ധരിക്കുന്നത് എന്നതാണ് വാസ്തവം. റഫറണ്ടം ക്യാമ്പയിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു മുദ്രാവാക്യ ഇതായിരുന്നു: “തീവ്രവാദം അവസാനിപ്പിക്കുക! നിഖാബ് നിരോധനത്തിനൊപ്പം.”

പൊതുസ്ഥലത്ത് മതം കൊണ്ടുവരുന്നതിനെ കുറിച്ചോ അല്ലെങ്കിൽ കോവിഡ് 19നും മാസ്കുകൾക്കും മുമ്പുള്ള ഒരു യുഗത്തിലെ സുരക്ഷാ പ്രശ്നങ്ങളുമായോ അല്ല ഇത് ബന്ധപ്പെട്ടിരിക്കുന്നത്, ഇത് ഇസ്ലാം എന്ന മതവും ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീയും മാത്രമാണ് അവർക്ക് പ്രശ്നം. വ്യത്യസ്തമായ, പൂർണമായി മനസ്സിലാകാത്ത അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒന്നിനെ കുറിച്ചുള്ള ഭയത്തിൽ നിന്നാണ് അത് ഉടലെടുക്കുന്നത്.

നിർദ്ദിഷ്ട ഹിജാബ് നിരോധന നിയമത്തെ പിന്തുണയ്ക്കുന്ന ഫ്രഞ്ച് വലതുപക്ഷ സെനറ്റർ ബ്രൂണോ റീട്ടെയിലോ പറഞ്ഞു: “മൂടുപടം ഒരു തുണികഷ്ണം മാത്രമാണെന്ന് ഞങ്ങളോട് പറയുന്നത് നിർത്തുക, ഞങ്ങളുടെ മേൽ ഒരു പ്രതിസമൂഹത്തെ അടിച്ചേൽപ്പിക്കുമെന്ന ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രജ്ഞരുടെ വാദത്തിന്റെ ഒരു ഭാഗമാണ് മൂടുപടം.”

“ഇത് കേവലം ഒരു തുണികഷ്ണം മാത്രമാണ്” എന്ന വാചകം ഞാൻ പലപ്പോഴും കേൾക്കാറുണ്ട്. സമൂഹത്തിൽ മൂടുപടം നേരിടുന്ന നിഷേധാത്മക ശ്രദ്ധക്കുള്ള പ്രതികരണമായി പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണത്. മതപരമായ ആചാരവുമായി ബന്ധപ്പെട്ട നിഗൂഢത ഇല്ലാതാക്കാനും ചിലർ അതു പറയാറുണ്ട്. എന്തുതന്നെയായാലും, ഹിജാബ് “വെറും ഒരു കഷ്ണം തുണിയാണ്” എന്ന വാദം ശരിയല്ല, അത് ഒരു തരത്തിലും മുസ്ലിം സമൂഹത്തെ സഹായിക്കുന്നതുമല്ല.

ഒരു കരാർ എന്നത് ഒരു കഷ്ണം കടലാസ് മാത്രമാണ്, ദേശീയഗാനം കേവലം ഒരു പാട്ടു മാത്രമാണ്, എന്നാൽ അവ മറ്റു പലതും അർഥമാക്കുന്നുണ്ട്, അതു പോലെ തന്നെയാണ് ഹിജാബും. അത് അതിന്റെ ഭൗതിക/പദാർഥ രൂപത്തിനപ്പുറം മറ്റു പല ഉദ്ദേശ്യത്തെയും പ്രസരിപ്പിക്കുന്നുണ്ട്. ഹിജാബ് ഒരു മറയാണ്, മതപരമായ ആരാധനയുമായി ബന്ധപ്പെട്ട ഒരു കർമവുമാണ്; അത് കാണാൻ കഴിയുന്ന ഒരു ബാഹ്യ ചിഹ്നം മാത്രമല്ല, മറിച്ച് മനസ്സിന്റെ ആന്തരിക അവസ്ഥയെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. ഹിജാബ് ധരിക്കുക എന്നത് എന്റെ വിശ്വാസത്തെ പ്രയോഗത്തിൽ വരുത്തലാണ്.

എന്നാൽ നിസ്സാരവത്കരണം ഹിജാബിനെ ഒന്നുമല്ലാതാക്കി. സ്ത്രീ ശരീരത്തെ പോലീസിംഗിന് വിധേയമാക്കാനാണ് ലോകം ഇഷ്ടപ്പെടുന്നത്. സ്ത്രീകളെ അടിച്ചമർത്തൽ, അന്യവത്കരണം, തീവ്രവാദ ഭീതി തുടങ്ങിയ ധാരണകൾ കൊണ്ട് ഫ്രഞ്ച് ഭരണകൂടം ഹിജാബിനെ മൂടുമ്പോൾ, മറ്റുള്ളവർ അതിന്റെ പൂർണമായ ഉൻമൂലനത്തിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല എന്ന നിലപാടിലാണുള്ളത്.

ഹിജാബ് ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുന്ന ഒന്നല്ലെന്നും, എന്നാൽ “തെരുവിൽ അതിന് നിരോധനമേർപ്പെടുത്തുന്ന നിയമം നിർമിക്കാൻ” ആഗ്രഹിക്കുന്നില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുമ്പ് പറഞ്ഞിരുന്നു. മതപരമായ ആരാധനാ സ്വാതന്ത്ര്യവും അഭിപ്രായ ബഹുസ്വരതയും ഉറപ്പുനൽകുന്ന ഒരു നിഷ്പക്ഷ മതേതര രാഷ്ട്രത്തിന്റെ ആശയങ്ങൾ തന്നെയാണ് ഫ്രാൻസിന്റേതും. ഹിജാബ് ധരിക്കുന്നവരെ കാണുമ്പോൾ അസ്വസ്ഥരാകുന്നവർ എന്നെ ഒരു തരത്തിലും അലട്ടുന്നില്ല, എന്നാൽ ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയമങ്ങൾ തീർച്ചയായും എന്നെ അലട്ടുന്നവയാണ്.

(ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകയാണ് യാസ്മിൻ ഖാത്തൂൻ ദിവാൻ.)

മൊഴിമാറ്റം : അബൂ ഈസ
അവലംബം: middleeasteye

Related Articles