Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

ആഗോള രാഷ്ട്രീയത്തിലെ വലിയ അത്ഭുതമെന്തെന്ന് ചോദിച്ചാൽ, ഇപ്പോഴും കുറച്ചാളുകൾ കരുതുന്നത് അമേരിക്ക രാഷ്ട്രാന്തരീയ നിയമങ്ങൾ പാലിക്കുന്ന രാഷ്ട്രമാണെന്നാണ്. അന്താരാഷ്ട്ര കരാറുകളൊക്കെ അമേരിക്ക പാലിക്കുന്നുണ്ടെന്നും അവർ കരുതുന്നു. ഭരണഘടനയുണ്ടെങ്കിൽ അതിനെ പുല്ലും വകവെക്കാത്ത, അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കാത്ത സമഗ്ര സ്വേഛാധിപത്യ ശക്തികളിൽ നിന്ന് അമരിക്കയെ വേർതിരിച്ചു നിർത്തുന്നതും അതാണെന്ന് അവർക്ക് അഭിപ്രായമുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തത്തെക്കുറിച്ച് അമേരിക്ക ലോകത്തിന് മുമ്പിൽ വരച്ചു വെക്കുന്ന ചിത്രവും ഇത് തന്നെയാണല്ലോ. സത്യം പറഞ്ഞാൽ അമേരിക്കയുടെ പ്രത്യേകത എന്ന് പറയുന്നത് സമയാസമയം റിപ്പബ്ലിക്കൻ, ഡമോക്രാറ്റ് എന്നീ രണ്ട് പ്രതിയോഗി പാർട്ടികളിൽ നിന്ന് ഒരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നു എന്നത് മാത്രമാണ്. നൂറ് കണക്കിന് വർഷങ്ങളായി തുടർന്നു വരുന്ന ഏർപ്പാടാണ്. ഈ രണ്ട് കൂട്ടരും അധികാരം കുത്തകയാക്കി വെച്ചിരിക്കുന്നു എന്നത് വലിയൊരു ന്യൂനത തന്നെയല്ലേ. ആഭ്യന്തര, വൈദേശിക നയങ്ങളിൽ ഈ രണ്ട് പാർട്ടികൾ തമ്മിൽ എന്തെങ്കിലും അന്തരമുണ്ടോ എന്ന് ചോദിച്ചാൽ, അതൊട്ടില്ല താനും. രണ്ടോ മൂന്നോ വട്ടം മാത്രം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ റാൾഫ് നാദിർ എന്നൊരു മൂന്നാം കക്ഷിയുമുണ്ടായിരുന്നു. റിപ്പബ്ലിക്കൻമാരും ഡമോക്രാറ്റുകളും തമ്മിലുള്ള വ്യത്യാസം കൊക്കോ കോളയും പെപ്സി കോളയും തമ്മിലുള്ള വ്യത്യാസമാണെന്ന് അദ്ദേഹമൊരിക്കൽ പറയുകയുണ്ടായി.

അമേരിക്കയുടെ ആഭ്യന്തര രംഗം നോക്കൂ. വംശീയ വിവേചനം പച്ചയായി നടക്കുന്നു. നിയമപരമായി സംഗതി നിരോധിച്ചിട്ടുണ്ട്, പക്ഷെ പ്രയോഗത്തിൽ അത് എല്ലായിടത്തുമുണ്ട്. ആരും പ്രശ്നമാക്കുന്നില്ല. അവിടത്തെ ആഭ്യന്തര അഴിമതിയും പലതരത്തിലുള്ള കൊലപാതകങ്ങളും അമിതാധികാര പ്രയോഗങ്ങളും ആളുകൾക്ക് പ്രശ്നമല്ല. ആഗോള മുതലാളിത്ത സാമ്രാജ്യത്തിനകത്ത് സാമൂഹിക നീതിയുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അതും ആളുകൾ പ്രശ്നമാക്കുന്നില്ല.

രാഷ്ട്രന്തരീയ തലത്തിലേക്ക് കടന്നാലോ, സ്ഥിതി ഇതിനേക്കാൾ ഭീകരം. അത് കാണുമ്പോൾ അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒന്നുമേ അല്ല എന്നു തോന്നിപ്പോകും. നോക്കൂ, കഴിഞ്ഞ ജൂലൈ 31 – ന് കാബൂളിൽ വെച്ച് വളരെ കൃത്യതയുള്ള ഡ്രോൺ തൊടുത്ത് വിട്ട് അമേരിക്ക അൽ ഖാഇദ നേതാവ് അയ്മൻ സവാഹിരിയെ വധിക്കുന്നു. എന്നിട്ട് അമേരിക്കൻ പ്രസിസന്റ് ജോ ബൈഡൻ ‘ഒളിക്കൊല കല’ യിൽ തങ്ങൾ നേടിയെടുത്ത സാങ്കേതിക മികവിൽ പരസ്യമായി ഊറ്റം കൊള്ളുന്നു. വ്യക്തികളെ ടാർഗറ്റ് ചെയ്ത് ഈ വിധം വധിക്കുകയെന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെങ്കിലും ബൈദന്റെ സംസാരത്തിലോ ഭാവത്തിലോ അതിന്റെയൊരു സൂചന പോലുമുണ്ടായിരുന്നില്ല.

ശരിയാണ്, ഒരു പാട് രാഷ്ട്രങ്ങൾ തങ്ങളുടെ പ്രതിയോഗികളെയോ ശത്രുക്കളെയോ ഈ വിധം ഒളിക്കൊല നടത്തുന്നുണ്ട്. അത് തങ്ങളാണ് ചെയ്തതെന്ന് പരസ്യമായി പറയാനോ സൂചിപ്പിക്കാൻ പോലുമോ അവർ ധൈര്യപ്പെടാറില്ല. അമേരിക്ക അങ്ങനെയല്ല. ചെയ്തത് തങ്ങളാണെന്ന് അവർ പരസ്യമായി പറയും. ട്രംപ് അത് ചെയ്തിട്ടുണ്ട്; ഇപ്പോൾ ബൈഡനും അത് തന്നെ ചെയ്യുന്നു. മുമ്പ് പറഞ്ഞത് പോലെ ഈ രണ്ട് അമേരിക്കൻ പ്രസിഡന്റുമാരും തമ്മിൽ കൊക്കോ കോളയും പെപ്സി കോളയും തമ്മിലെ വ്യത്യാസമേയുള്ളൂ.

അയ്മൻ സവാഹിരിയുടെ മേൽനോട്ടത്തിലും ആസൂത്രണത്തിലും നടത്തിയ സായുധ ആക്രമണത്തിൽ തങ്ങളുടെ പൗരൻമാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് അമേരിക്ക ആരോപിക്കുന്നത്. കുറ്റാരോപിതനെ കൊണ്ട് വന്നോ അല്ലെങ്കിൽ അയാളുടെ അഭാവത്തിലോ വിചാരണ നടത്തിയാലല്ലേ ആരോപണം ശരിയാണോ അല്ലേ എന്ന് വ്യക്തമാവൂ. അങ്ങനെയൊരു വിചാരണയും അമേരിക്കകത്തോ പുറത്തോ നടന്നിട്ടില്ല. ഇതൊന്നും പക്ഷെ പട്ടാപകൽ കൊല പ്ലാൻ ചെയ്യാൻ അമേരിക്കക്ക് തടസ്സമായില്ല. അത് പരസ്യപ്പെടുത്തുകയും അതിനെ പ്രതി അഭിമാനം നടിക്കുകയും ചെയ്യുന്നു. നിയമം ആവശ്യപ്പെടുന്ന എന്തോ ഒരു മഹത് കൃത്യം ചെയ്ത പോലെയാണ് ഇവരുടെ അഭിമാന പ്രകടനം.

അന്വേഷണമോ തെളിവോ വിചാരണയോ ഒന്നുമില്ലാതെ തങ്ങൾക്കെതിരെ നിൽക്കുന്ന ആരെയും അമേരിക്കക്ക് വധിക്കാമെന്ന് വന്നാൽ അന്താരാഷ്ട്ര സമൂഹത്തിന് അതുണ്ടാക്കുന്ന ദുഷ്കീർത്തി എത്രയാണ്! ഇതൊക്കെ അന്താരാഷ്ട്ര നിയമത്തിന് മാത്രമല്ല, അമേരിക്കൻ നിയമത്തിനും കീഴ് വഴക്കങ്ങൾക്കും എതിരാണ്. അമേരിക്ക അഫ്ഗാനിസ്താനിൽ ചെയ്തത് പോലെ, ഒരു പരാമാധികാര രാഷ്ട്രത്തിലേക്ക് കയറി തങ്ങൾ പ്രതിയോഗികളായി കരുതുന്നവരെ മറ്റും രാഷ്ട്രങ്ങളും ഈ വിധം കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചു നോക്കൂ.

എന്നിട്ടും ചിലയാളുകൾ ഇപ്പോഴും കരുതുന്നു , സകല അന്താരാഷ്ട്ര കരാറുകളും നിയമങ്ങളും പാലിക്കുന്ന രാഷ്ട്രമാണ് അമരിക്കയെന്ന്! അത് കൊണ്ടാണ് ഞാനിതിനെ രാഷ്ട്രീയത്തിലെ അത്ഭുതം എന്ന് വിശേഷിപ്പിച്ചത്.

സവാഹിരി വധം കഴിഞ്ഞ് രണ്ട് ദിവസമേ ആയുള്ളൂ , അപ്പോഴേക്കതാ വരുന്നു അമേരിക്കയുടെ രണ്ടാമത്തെ കൈക്രിയ. അമേരിക്കൻ പാർലമെന്റ് സ്പീക്കർ നാൻസി പെലോസി ചൈനീസ് തായ് വാന്റെ തലസ്ഥാനമായ തായ്പെയിൽ എത്തുന്നു. ഈ സന്ദർശനം പാടില്ലെന്നും അത് പ്രകോപനമാണെന്നും ഉഭയ കക്ഷി ബന്ധങ്ങളെ സാരമായി ബാധിക്കുമെന്നും ചൈന താക്കീത് നൽകിയതാണ്. അമേരിക്ക – ചൈന ധാരണ പ്രകാരം തായ് വാനിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം വെച്ചു നോക്കുമ്പോൾ ചൈനയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളി തന്നെയായിരുന്നു ആ സന്ദർശനം. ഈ ധാരണ പ്രകാരം ഈ സന്ദർശനം സൈനിക പ്രകോപനമാണെന്ന് ചൈന കുറ്റപ്പെടുത്തി. യുദ്ധവിമാനങ്ങൾ അണിനിരത്തിയ റൊണാൾഡ് റീഗൻ യുദ്ധക്കപ്പൽ, മേഖലയിൽ വിന്യസിച്ചത് അതിന്റെ അടയാളമായി ചൈന ചൂണ്ടിക്കാട്ടി. തിരിച്ചടിയായി ചൈനയും സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തി. ഒരു സന്ദർശനത്തിന്റ പേരിൽ ഇങ്ങനെ മസില് പെരുപ്പിക്കുന്നത് എന്തിന് എന്നാണ് അമേരിക്ക കെറുവിച്ചത്.

ശരിയാണ്, മറ്റൊരു സന്ദർഭത്തിലായിരുന്നു ഈ സന്ദർശനമെങ്കിൽ, ഇത്രയധികം നടപടിക്രമങ്ങളിലേക്ക് ചൈന കടക്കുമായിരുന്നില്ല. പല ഉഭയകക്ഷി ചർച്ചകളിൽ നിന്നും (ഉദാഹരണം പരിസ്ഥിതി ) ചൈന പിൻമാറി. അമേരിക്കക്കെതിരെ ചില സാമ്പത്തിക ശിക്ഷാമുറകളും കൈ കൊണ്ടു. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഈ സന്ദർശനമല്ല പ്രശ്നം. അമേരിക്ക യഥാർഥത്തിൽ ഒരു സൈനിക നീക്കമോ ഭീഷണിയോ ആണ് ചൈനക്കെതിരെ നടത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ ബന്ധം വഷളാക്കുന്ന പ്രകോപനപരമായ ഒരു സന്ദർശനം തായ് വാനിലേക്ക് സംഘടിപ്പിക്കേണ്ട ഒരു കാര്യവും അമേരിക്കക്ക് ഇല്ലല്ലോ. അപ്പോൾ അതിനർഥം, പഴയ ബന്ധങ്ങൾ തകർത്ത് ചൈനയുമായി ഒരു സമ്പൂർണ്ണ അഭിമുഖീകരണത്തിന് അമേരിക്ക തയ്യാറാവുന്നു എന്ന് തന്നെയാണ്.

ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും, യുക്രെയ്നിൽ റഷ്യക്കെതിരെയുള്ള യുദ്ധം ചൈനക്കെതിരെക്കൂടിയുള്ള യുദ്ധമാണെന്ന് ; ഒന്നാം യുദ്ധമുഖത്ത് നാം ചൈനയെ കാണുന്നില്ലെങ്കിലും. ചൈനയും റഷ്യയും തമ്മിൽ , 2022 ഫെബ്രുവരി 4 – ന് റഷ്യ – ചൈന ഉച്ചകോടിയിൽ പ്രഖ്യാപിച്ചത് പ്രകാരം, ‘അതിർത്തികളില്ലാത്ത സൗഹൃദം’ ഉണ്ട് എന്നതാണതിന്റെ കാരണം.

അമേരിക്ക ഇടക്കിടെ സ്വയം പ്രഖ്യാപിക്കാറുള്ളത് പോലെ അത് നേരിടുന്ന ഒന്നാമത്തെ ഭീഷണി ചൈന തന്നെയാണ്. ചൈന ആർജിച്ച സാമ്പത്തിക ശക്തി , ശാസ്ത്ര സാങ്കേതിക മികവുകൾ, സൈനിക ശക്തി, സാമ്പത്തികവും രാഷ്ട്രീയവുമായ അന്താരാഷ്ടീയ ബന്ധങ്ങൾ ഇതൊക്കെ തന്നെയാണതിന് കാരണം. ഈ സ്ഥിതിവിശേഷം തങ്ങളെ ഒന്നാം നമ്പർ സ്ഥാനത്ത് നിന്ന് താഴെയിറക്കുമോ എന്ന് അമേരിക്ക ഭയക്കുന്നു. അങ്ങനെ സംഭവിച്ചാൽ ലോകത്തിന് മേൽ പാശ്ചാത്യ സംസ്കാരത്തിനുള്ള മേധാവിത്വത്തിനും അത് അനിവാര്യമായും അന്ത്യം കുറിക്കും. ഈ ആഗോള , ആഗോളീകരണ മേധാവിത്തം വരാൻ പോകുന്ന ഇരുപത് – മുപ്പത് വർഷങ്ങൾക്കകം സംഘർഷങ്ങൾക്ക് ഇടവരുത്താതെ സമാധാനപരമായി നേടിയെടുക്കണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. എന്നാൽ നിരന്തരം രാഷ്ട്രീയ, സാമ്പത്തിക, സൈനിക സംഘർഷങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഇതിനെ ചെറുക്കുക എന്നതാണ് അമേരിക്കയുടെ സ്ട്രാറ്റജി. യുക്രെയ്നിൽ റഷ്യക്കെതിരെ നാറ്റോയെ ഇറക്കിയത്, തായ് വാൻ കാർഡ് വെച്ചുള്ള കളി, ചൈനാ കടലിലെ സംഘർഷങ്ങൾ, പസഫിക് രാജ്യ കൂട്ടായ്മയെ ചൈനക്കെതിരെ തിരിച്ച് വിടൽ ഇതൊക്കെ ഈ സ്ട്രാറ്റജിയുടെ ഭാഗമാണ്.

അതിനാൽ പെലോസിയുടെ തായ് വാൻ സന്ദർശനം, ചൈനക്കെതിരെ ജപ്പാന്റെ നീക്കങ്ങൾ, പെലോസിയുടെ സന്ദർശനത്തോടുള്ള ചൈനയുടെ പ്രതികരണം, യുക്രെയ്ൻ യുദ്ധം ഇതൊക്കെ ഈ നിലയിൽ ആഴത്തിൽ വായിക്കപ്പെടണം.

വിവ : അശ്റഫ് കീഴുപറമ്പ്

(ഫലസ്തീനി ചിന്തകനും കോളമിസ്റ്റുമാണ് ലേഖകൻ.)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles