Current Date

Search
Close this search box.
Search
Close this search box.

പൈശാചിക സിനിമയും അല്‍ഖാഇദയും

alqaeda.jpg

1) ‘അമേരിക്കന്‍ നയതന്ത്രജ്ഞരെ ഉന്നമിടുക: മുസ്‌ലിംകളോട് അല്‍ഖാഇദ’
ദുബൈ: പ്രവാചകനെ പരിഹസിച്ചുകൊണ്ടുള്ള അമേരിക്കന്‍ സിനിമയുടെ പശ്ചാതലത്തില്‍ കൂടുതല്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെ വധിക്കാന്‍ അല്‍ഖാഇദ മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. ആ സിനിമ ഇസ്‌ലാമിനെതിരെയുള്ള കുരിശ് യുദ്ധങ്ങളിലെ ഒരു അധ്യായമാണെന്നും അല്‍ഖാഇദ പറഞ്ഞു(ടൈംസ് ഓഫ് ഇന്ത്യ, സെപ്തമ്പര്‍ 16, റോയിട്ടേഴ്‌സിന്റെ 6 കോളം വാര്‍ത്തയോട് കടപ്പാട്).

2) ‘അല്‍ഖാഇദ ഭീഷണി, അമേരിക്ക അതീവ ജാഗ്രതയില്‍’ ദുബൈ: ഇസ്‌ലാംവിരുദ്ധ സിനിമക്കെതിരെയുള്ള മുസ്‌ലിംകളുടെ പ്രതിഷേധം അമേരിക്കന്‍ എമ്പസികള്‍ക്ക് നേരെയുള്ള കൈയേറ്റമായി പരിണമിക്കുകയും കൂടുതല്‍ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ അല്‍ഖാഇദ ആക്രമണത്തിന് ആഹ്വാനം നല്‍കുകയും ചെയ്ത പശ്ചാതലത്തില്‍ അനിവാര്യമായി നില്‍ക്കേണ്ടവരൊഴികെ ബാക്കി അമേരിക്കന്‍ ഉദ്യോഗസ്ഥരൊക്കെ തുനീഷ്യയില്‍ നിന്നും സുഡാനില്‍ നിന്നും തിരിച്ചു പോരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു (ദ ടൈംസ് ഓഫ് ഇന്ത്യ, സെപ്ത.17, അഞ്ചുകോളം എ.എഫ്.പി ന്യൂസിനെ അവലംബിച്ച്).

3) ‘അമേരിക്കന്‍ നയതന്ത്രജ്ഞരെ വധിക്കണമെന്ന് അല്‍ ഖാഇദ’ കയ്‌റോ: വടക്കനാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദയുടെ ശാഖ അമേരിക്കന്‍ നയതന്ത്രജ്ഞരെ വധിക്കാന്‍ അഹ്വാനം ചെയ്തു (ദ െൈടസ് ഓഫ് ഇന്ത്യ സെപ്ത. 17, എ.എഫ്.പി രണ്ടുകോളം ന്യൂസ്‌നോട് കടപ്പാട്).

മുസ്‌ലിം സമുദായത്തിനെതിരെ ഒരു അമേരിക്കന്‍ സിനിമാ സംവിധായകന്‍ ‘ദ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന സിനിമയില്‍ കാണിച്ച പൈശാചികത നാം കണ്ടു. മറ്റൊരു പൈശാചികത കൂടി അമേരിക്ക കാണിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന് വ്യാപകമായി മീഡിയാ പ്രചാരണം നല്‍കുകയും ചെയ്യുന്നു. അല്‍ഖാഇദ എന്ന ഒരു സംഘം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സമയാസമയങ്ങളില്‍ ഈ വിഭാഗം ആഹ്വാനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്നും അതനുസരിച്ചാണ് മുസ്‌ലിംകള്‍ ലോകമാസകലം അക്രമാസക്തരാവുന്നതെന്നുമാണ് അമേരിക്കയുടെ ആ പൈശാചിക പ്രചാരണം. അമേരിക്കയില്‍ നിന്ന് ആ പൈശാചിക സിനിമ പുറത്ത് വരികയും മുസ്‌ലിംകള്‍ അതിനോട് പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അല്‍ഖാഇദയെ ഇതാ വീണ്ടും പൊടിതട്ടി കൊണ്ട് വന്നിരിക്കുന്നു. മുസ്‌ലിംകളല്ലാത്ത വായനക്കാര്‍ വിചാരിക്കുക ഈ സംഘം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിം സമൂഹത്തില്‍ അവര്‍ക്ക് നല്ല സ്വാധീനമുണ്ടന്നും അവര്‍ പറയുന്ന മാത്രയില്‍ മുസ്‌ലിംകള്‍ കൊല്ലും കൊലയും നടത്താന്‍ ചാടിപ്പുറപ്പെടുമെന്നുമാണ്. പക്ഷേ അല്‍ഖാഇദ എന്ന പേരില്‍ ഒരു ഗ്രൂപ്പും ഇന്ന് നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. അഫ്ഗാനിസ്താനില്‍ നിന്ന് സോവിയറ്റ് യൂനിയന്‍ തോറ്റ് പിന്മാറിയ ശേഷം ഏതാനും വര്‍ഷത്തിനകം തന്നെ അത് നാമാവശേഷമായിട്ടുണ്ട്. ഇന്നതിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന സംഘം ഒന്നുകില്‍ ഭാവനാസൃഷ്ടിയാണ്, അല്ലെങ്കില്‍ അമേരിക്കയുടെ തന്നെ സൃഷ്ടിയാണ്.
മുസ്‌ലിംകള്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദി ഗ്രൂപ്പുകളുടെ കീഴിലാണെന്ന പ്രതീതി വായനക്കാരിലും കാഴ്ചക്കാരിലും  ജനിപ്പിക്കാനാണ് ഇന്ത്യയിലെ മീഡിയയും ശ്രമിച്ച് കാണുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മുംബൈയിലെ ആസാദ് മൈതാനിയില്‍ സംഭവിച്ചത്. ആസാമിലും മ്യാന്‍മറിലും പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മുസ്‌ലിംകള്‍ അവിടെ ഒത്തു ചേര്‍ന്നത്. പരിപാടി മൊത്തം സമാധാനപരമായാണ് നടന്നത്. പരിപാടി അവസാനത്തോടടുക്കവെ ചിലര്‍ പ്രശ്‌നം കുത്തിപ്പൊക്കുകയായിരുന്നു. രോഷാകുലരായി അവര്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന മീഡിയ വാനുകള്‍ക്കെതിരെ തിരിഞ്ഞു. ഇത് ഒന്നുകില്‍ ആരെങ്കിലും നേരത്തെ പ്ലാന്‍ ചെയ്തതാവണം. അല്ലെങ്കില്‍ വൈകാരികതക്ക് അടിപ്പെട്ട് ചിലര്‍ അങ്ങനെ പ്രതികരിച്ചതാവാം. മുസ്‌ലിംകള്‍ക്കെതിരെ തിരിയാന്‍ മീഡിയക്കും പോലിസിനും കുരുട്ടുബുദ്ധിയുമായി നടക്കുന്നവര്‍ക്കും ഇത് സുവര്‍ണാവസരമൊരുക്കി. റിപ്പോര്‍ട്ടമാരും ആങ്കര്‍മാരും മാത്രമല്ല, ‘വിശകലന വിദഗ്ധരും’    സത്യസന്ധത ഇല്ലാതെയും വസ്തുതകള്‍ കണ്ടില്ലെന്ന് നടിച്ചുമാണ് വിഷയത്തെ സമീപിച്ചത്. മൊബൈല്‍-ഇന്റര്‍നെറ്റ് മെസ്സേജുകള്‍ ഒരു ‘ആഗോള മുസ്‌ലിം ഗൂഢാലോചന’യെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. വിഘടന വാദികളുടെ സ്വാധീനവലയത്തിലാണ് മുസ്‌ലിംകള്‍ എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം. അതിനാല്‍ ഇപ്പോഴുള്ള പീഡനവും അതിക്രമങ്ങളുമൊക്കെ മുസ്‌ലിംകള്‍ നിശ്ശബ്ദമായി സഹിച്ചുകൊള്ളണം എന്ന ഒരു സന്ദേശം കൂടി ഈ ബഹളംകൂട്ടലില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അവര്‍ ശബ്ദമുയര്‍ത്തിയാല്‍ ഇതായിരിക്കും അനന്തരഫലം എന്നും അതുകൊണ്ട് അര്‍ഥമാക്കുന്നുണ്ട്. ഈ രണ്ട് സംഭവങ്ങളും കൂട്ടിയാണ് നാം വായിക്കേണ്ടത്.
(ദഅ്‌വത്ത് ത്രൈദിനം, സെപ്റ്റംബര്‍ 26, 2012)

വിവ: അശ്‌റഫ് കീഴ്പറമ്പ്
 

Related Articles