AsiaPolitics

ആനയും മലപ്പുറവും പിന്നെ സംഘ പരിവാറും

കഅബയോട് പ്രത്യേക എതിര്‍പ്പൊന്നും അബ്രഹത്തിന് ഉണ്ടായിരിക്കാന്‍ ഇടയില്ല. യമനില്‍ നിന്നും കുറെ ദൂരെയാണ് കഅബ. അത് ഒരിക്കലും അദ്ദേഹത്തിന്റെ ഉറക്കത്തിനു തടസ്സമായിട്ടുണ്ടാവില്ല. പിന്നെ എന്തിനാണ് കഅബ പൊളിക്കാന്‍ അബ്രഹത്ത് തീരുമാനിച്ചത്. അന്നും കഅബയുള്ള കാരണം മക്ക ഒരു കച്ചവട കേന്ദ്രം കൂടിയായി മാറിയിരുന്നു. കഅബയാണു മക്കയുടെ കേന്ദ്ര ബിന്ദു എന്നിരിക്കല്‍ അതവിടെ നിന്നും മാറ്റിയാല്‍ കച്ചവടം കൂടി മാറ്റാം എന്ന് അബ്രഹതും അദ്ദേഹത്തിന്റെ മേലാളുകളും കരുതി കാണണം. കഅബക്ക് തുല്യമായ ഒരാരാധനാലയം യമന്‍ തലസ്ഥാനത് സ്ഥാപിക്കുക. അപ്പോള്‍ മക്കയില്‍ വരുന്ന ആളുകള്‍ അങ്ങോട്ട്‌ വരും. അങ്ങിനെ സന്‍ആ ഒരു കച്ചവട കേന്ദ്രമാകും.

പിന്നെ ഉണ്ടായ കാര്യങ്ങള്‍ നമുക്ക് സുപരിചിതമാണ്. കഅബയെ മറയാക്കി കച്ചവടം തുടങ്ങുക എന്നതായിരുന്നു അബ്രഹത് ലൈന്‍. അതു പോലെ മേനക ഗാന്ധിയുടെയും സംഘ പരിവാറിന്റെയും വിഷയം ആനയോ മൃഗ സ്നേഹമോ അല്ല. അവയെ മറയാക്കി കേരളത്തില്‍ ഒരു വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാക്കുക എന്നതു മാത്രം. ശബരി മല സ്ത്രീ പ്രവേശനം മുതല്‍ അതവരുടെ അജണ്ടയില്‍ കാണാം. പക്ഷെ പ്രബുദ്ധരായ കേരള ജനത അതെല്ലാം പരാജയപ്പെടുത്തി. പിന്നെയും പലപ്പോഴും പല രീതിയിലും അവര്‍ രംഗത്ത് വന്നു. കേരളം അപ്പോഴും അതിന്റെ നല്ല മനസ്സ് തുറന്നു വെച്ചു.

തങ്ങളുടെ കൃഷിയിടത്തിലേക്ക് വരുന്ന വന്യ ജീവികളെ തുരത്താന്‍ കൃഷിക്കാര്‍ ഉപയോഗിച്ച രീതിയുടെ ശരി തെറ്റുകള്‍ പറയേണ്ടത് നിയമമാണ്. പക്ഷെ ഒരു കാര്യം ഉറപ്പാണ് കൃഷിയിടത്തിനു പരിരക്ഷ വേണം. പലയിടത്തും കാട്ടുമൃഗങ്ങള്‍ കൂട്ടമായി കൃഷി നശിപ്പിക്കുന്ന വാര്‍ത്ത‍ നാം വായിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഇത്ര ദാരുണമായ രീതിയില്‍ കാര്യങ്ങള്‍ അവസാനിക്കും എന്ന് കൃഷിക്കാരനും മനസ്സിലാക്കി കാണില്ല. ഒരാന ചത്തതോ ജീവിച്ചതോ അല്ല പലര്‍ക്കും കാര്യം . ആനയുടെ മുറിവില്‍ മരുന്നു പുരട്ടാന്‍ ശ്രമിക്കാതെ സമൂഹത്തില്‍ സ്വയം മുറിവുണ്ടാക്കി അതില്‍ മുളക് പുരട്ടാനായിരുന്നു മുന്‍ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും ശ്രമിച്ചത്. എന്തും കച്ചവട കണ്ണിലൂടെ നോക്കിയാല്‍ ആദ്യം മരിക്കുന്നത് കരുണയാണ്, അതാണ്‌ മണ്ണാര്‍ക്കാട് നാം കണ്ടതും.

മലപ്പുറം എന്നത് സംഘ പരിവാര്‍ ഒരു ജില്ലയായി ഇപ്പോഴും അംഗീകരിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. മലപ്പുറത്തെ അവര്‍ കാണുന്നതു മറ്റൊരു കണ്ണിലാണ്. മലപ്പുറത്ത്‌ മുസ്ലിംകളാണ്‌ കൂടുതല്‍ എന്നതല്ലാതെ അതിനെ വെറുക്കാന്‍ മറ്റൊരു കാരണവും നാം കാണുന്നില്ല. കുറ്റകൃത്യങ്ങളില്‍ കേരളത്തിലെ ആദ്യ ജില്ല മലപ്പുറമല്ല. ആനക്കും കൃഷിയിടത്തിനും മലപ്പുറവുമായി ഒരു ബന്ധവുമില്ല. പക്ഷെ അവര്‍ ഉദ്ദേശിക്കുന്ന കാര്യത്തിനു മലപ്പുറം തന്നെ വേണം എന്നതാണ് കാര്യം. പറഞ്ഞു കേള്‍ക്കുന്നത് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിക്കും സംഘ പരിവാര്‍ ഉദ്ദേശിക്കുന്ന വര്‍ണമില്ല എന്നാണു. എല്ലാം മനസ്സിലായിട്ടും തങ്ങള്‍ തിരുത്തില്ല എന്ന ദാര്‍ഷ്ട്യത്തിലാണ് സംഘ പരിവാര്‍. നാം അത് പ്രതീക്ഷിക്കുന്നുമില്ല. മഹാമാരി കാലത്തെങ്കിലും സംഘ പരിവാര്‍ അവരുടെ ദുഷ്ട മനസ്സിന് മാറ്റമുണ്ടാകും എന്ന് കരുതിയത്‌ തീര്‍ത്തും വിഡ്ഢിത്തമാണ്.

Also read: മിണ്ടുന്നതും മിണ്ടാത്തതുമായ എല്ലാ ജീവനുകളും വിലപ്പെട്ടതാണ്

പ്രവാചക കാലത്തെ ജൂതരെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങിനെ പറഞ്ഞു “……………നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല. നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതെക്കാള്‍ ഭയങ്കരമത്രെ……………”, ഇസ്ലാമിന്റെ ശത്രുക്കളുടെ നിലപാട് എന്നും എവിടെയും ഒന്നാണ്. ഒരു അവസരവും അവര്‍ പാഴാക്കില്ല. അവരുടെ മനസ്സുകളിലെ വിദ്വേഷം കൂടുതല്‍ പുറത്തു വരാനിരിക്കുന്നു എന്ന് കൂടി ചേര്‍ത്ത് പറയണം. മലപ്പുറം എന്നത് അത് കൊണ്ട് തന്നെ അവര്‍ക്കെന്നും വല്ലാത്ത വേവലാതി ഉണ്ടാക്കുന്നു.

പക്ഷെ ഇതു കേരളമാണ് എന്ന അടിസ്ഥാന ബോധം അവര്‍ക്ക് നഷ്ടമാകുന്നു. വര്‍ഗീയമായി കേരള മനസ്സുകളെ വേര്‍തിരിക്കാന്‍ ജനത സമ്മതിക്കില്ല. അതിന്റെ അനുകരണങ്ങള്‍ മലപ്പുറം ആന വിഷയത്തിലും നാം കാണുന്നു. വാര്‍ത്ത തെറ്റായി ആദ്യം റിപ്പോര്‍ട്ട് ചെയ്തവര്‍ തന്നെ പിന്നീട് അത് തിരുത്തി. പക്ഷെ സംഘ പരിവാര്‍ മാത്രം അത് തിരുത്താന്‍ കൂട്ടാക്കിയില്ല. ദൈവത്തെ ആരാധിക്കുന്നതായിരുന്നില്ല അബ്രഹത്തിന്റെ കാര്യം. അതിന്റെ പിന്നിലെ കച്ചവടം എന്നത് പോലെ ആന ജീവിക്കലും മരിക്കലുമല്ല സംഘ പരിവാര്‍ വിഷയം. അതിന്റെ പിന്നില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മതവും രാഷ്ട്രീയവുമാണ്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker