Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ ബി.ജെ.പി എങ്ങിനെയാണ് നേരിടുന്നത് ?

പുതിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. പ്രതിഷേധങ്ങളില്‍ ചിലത് അക്രമാസക്തവും പൊലിസിന്റെ ക്രൂരതയും അടയാളപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം പൊലിസ് വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലുടനീളം മുസ്ലിം വീടുകളിലേക്ക് പൊലിസ് അതിക്രമിച്ചു കയറി സാധന സാമഗ്രികകളും ജീവിതായുസ്സ് മുഴുവന്‍ സമ്പാദിച്ച സ്വത്തുക്കളുമെല്ലാം കത്തിക്കുകയും തകര്‍ക്കുകയും ചെയ്യുകയാണ്. പ്രതിഷേധങ്ങളില്‍ പങ്കാളികളാകാത്തവരുടെ പോലും വീടുകളില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍,ടെലിവിഷന്‍,ഗ്യാസ് സ്റ്റൗ,വിലകൂടിയ വീട്ടുപകരണങ്ങള്‍ എന്നിവ തകര്‍ക്കുകയും ചെയ്തു.

രാജ്യം തിളച്ചുമറിയുമ്പോള്‍ ഭരണകക്ഷിയിലെ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബി.ജെ.പി ഇത് മനസ്സിലാക്കുമെന്ന് തോന്നുന്നില്ല. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്നാണ് കഴിഞ്ഞയാഴ്ച യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് പറഞ്ഞത്. 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വികലമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ നോട്ടീസ് നല്‍കാനും തുടങ്ങി.

എന്നാല്‍ പ്രക്ഷോഭത്തിനിടെ വ്യക്തികളുടെ സ്വകാര്യമുതല്‍ നശിപ്പിച്ച പൊലിസുകാരുടെ വീഡിയോകള്‍ അടക്കം തെളിവുകള്‍ പുറത്തുവന്നിട്ടും ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നുമില്ല. ഒരു വശത്ത് ഇത്തരത്തിലുള്ള ഔദ്യോഗിക നടപടികള്‍ ഉണ്ടാകുന്നു. മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തോട് വിവേചനം കാണിക്കുന്ന ഒരു നിയമം പാസാക്കിയതിനു ശേഷം മുസ്ലിം സമൂഹം അനുഭവിക്കുന്ന അപരവല്‍ക്കരണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ബി.ജെ.പി നേതാക്കള്‍ കൂസലില്ലാതെ തുടര്‍ന്നുപോരുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ‘നിരക്ഷരരായ പഞ്ചര്‍ ഷോപ് വാലാസ്’ ആണ് എന്ന തരത്തിലുളള മുസ്ലിംകളെ അവഹേളിക്കുന്ന പരാമര്‍ശമാണ് തിങ്കളാഴ്ച ബംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ നടത്തിയത്. ഹിന്ദുക്കള്‍ക്ക് അവരുടെ വീട് എന്ന പേരില്‍ വിളിക്കാന്‍ ഇന്ത്യ മാത്രമേയുള്ളൂവെന്നും മുസ്ലിംകള്‍ക്ക് ഇത്തരത്തില്‍ 150 രാജ്യങ്ങളുണ്ടെന്നുമാണ് ബില്ലിനെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഒരു റാലിയില്‍ പറഞ്ഞത്.

രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന ഉത്തരവുകള്‍ തങ്ങളെ നാടുകടത്തപ്പെടുമെന്ന ആശങ്ക മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്ലിം സമൂഹത്തിന്റെ ഉത്കണ്ഠകള്‍ വര്‍ധിപ്പിക്കുന്നതിനേ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇടയാക്കൂ. ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹരിയാന ബി.ജെ.പി എം.എല്‍.എ ലീല റാം ഗുര്‍ജാറിന്റെ അഭിപ്രായപ്രകടനം ഏറെ മോശമേറിയതായിരുന്നു. ദേശീയ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സമരം ചെയ്യുന്നവരെ ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തുനിന്നും തുടച്ചുമാറ്റാന്‍ കഴിയും എന്നാണ് അവര്‍ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചത്.

പ്രക്ഷോഭങ്ങള്‍ അവസാനിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കില്‍, അവര്‍ പൊലിസിന്റെ ക്രൂരതക്കു മുന്നില്‍ സ്വന്തം ജീവന്‍ പണയം വെച്ച് തെരുവുകളില്‍ പോരാടുന്നവരുടെ ഭാഗം കേള്‍ക്കാന്‍ തയാറാകണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്ത്ര മന്ത്രി അമിത് ഷാക്കും തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് അവരുടെ നേതാക്കളുടെ ഇത്തരത്തിലുള്ള അശ്രദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. അതുമല്ലെങ്കില്‍ ഈ സാഹചര്യം ഭയപ്പെടുത്തുന്നതാണ്.

അവലംബം:scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles