Current Date

Search
Close this search box.
Search
Close this search box.

അയോധ്യയില്‍ നിര്‍മിക്കുന്നത് കേവലം പള്ളിയല്ല; ബൃഹത്തായ സാംസ്‌കാരിക കേന്ദ്രം

അയോധ്യയിലെ ദന്നിപുര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്നത് കേവലം മുസ്‌ലിം പള്ളി മാത്രമല്ല, മറിച്ച് അത്യാധുനിക സൗകര്യങ്ങളടങ്ങിയ സാംസ്‌കാരിക കേന്ദ്രവും ആശുപത്രിയുമെല്ലാമടങ്ങിയ സമുച്ചയ കേന്ദ്രമാണ്. ആധുനിക വാസ്തുശില്‍പ മാതൃകയില്‍ നിര്‍മിക്കുന്ന പള്ളിയുടെ പ്രത്യേകത വൃത്താകൃതിയിലുള്ള ഘടനയാണ്. ജനുവരി 26നാണ് മസ്ജിദിന് തറക്കില്ലിടുന്നത്.

സുപ്രീം കോടതി വിധിക്ക് ശേഷം യു.പി സര്‍ക്കാരിന് കീഴില്‍ രൂപീകരിച്ച ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് (IICF) ആണ് പള്ളി നിര്‍മിക്കുന്നതും നിര്‍മാണപ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും. ശനിയാഴ്ചയാണ് ട്രസ്റ്റ് പുതിയ പള്ളിയുടെ രൂപരേഖ പുറത്തുവിട്ടത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചണ്‍, ലൈബ്രറി, ഹിന്ദു- മുസ്ലിം സംസ്‌കൃതി വിവരിക്കുന്ന മ്യൂസിയം എന്നിവ അടങ്ങിയ രൂപരേഖയാണ് പുറത്തിറക്കിയത്.

ഇരുനിലകളിലായി ഒരേ സമയം 20,000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ടാകും പള്ളിയില്‍. നിര്‍മാണപ്രവൃത്തികളുടെ ആദ്യഘട്ടം അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നും ആശുപത്രിയും പള്ളിയും ചേര്‍ന്നുള്ള സമുച്ചയത്തിന്റെ ശിലാസ്ഥാപനാണ് ആദ്യഘട്ടത്തില്‍ നടക്കുകയെന്നും ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി അത്തര്‍ ഹുസൈന്‍ പറഞ്ഞു.

രണ്ടാം ഘട്ടത്തിലാകും ആശുപത്രി വികസിപ്പിക്കുക. അയോധ്യയിലെ ദന്നിപുറിലെ സൊഹാവല്‍ തെഹ്‌സില്‍ എന്ന ഗ്രാമത്തിലെ അഞ്ച് ഏക്കര്‍ ഭൂമിയില്‍ 1700 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് മസ്ജിദ് സമുച്ചയം പണിയുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണ് മസ്ജിദ് ശിലാസ്ഥാപനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിനാണ് അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത് കൊണ്ട് സുപ്രീം കോടതി വിവാദ വിധി പുറപ്പെടുവിച്ചത്. പകരം കേസില്‍ എതിര്‍കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിന് ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതു വഴി ലഭിച്ച സ്ഥലമാണിത്.

തുടര്‍ന്ന് പള്ളി നിര്‍മിക്കുന്നതിന് വേണ്ടി സുന്നി വഖഫ് ബോര്‍ഡ് ആറു മാസം മുന്‍പ് പുതിയ ട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. പ്രമുഖ മുതിര്‍ന്ന ആര്‍ക്കിടെക്റ്റും ജാമിഅ മില്ലിയ്യ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഡീനുമായ എസ്.എം അക്തര്‍ ആണ് മസ്ജിദ് രൂപകല്‍പന ചെയ്തത്. പുതിയ മസ്ജിദ് ബാബരി മസ്ജിദിനേക്കാള്‍ വലിയതാണെന്നും എന്നാല്‍ രൂപഘടനയിലും സാദൃശ്യത്തിലും അതുണ്ടാകില്ലെന്നും എസ്.എം അക്തര്‍ പറഞ്ഞു. കേംപ്ലക്‌സിലെ മധ്യത്തിലായാകും ആശുപത്രി സ്ഥാപിക്കുക. 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാചകന്‍ തന്റെ അവസാന പ്രസംഗത്തില്‍ പരാമര്‍ശിച്ച പോലെ ഇസ്ലാമിന്റെ ശരിയായ ചൈതന്യമായ മനുഷ്യരാശിയെ സേവിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയും ആശുപത്രിയും പതിവു പോലെയുള്ള കോണ്‍ക്രീറ്റ് ഘടനയിലായിരിക്കില്ലെന്നും കലിഗ്രഫിയും ഇസ്‌ലാമിക ചിഹ്നങ്ങളുംകൊണ്ട് അലങ്കരിച്ച വാസ്തുവിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.

300 കിടക്കകളുള്ള ഒരു സ്‌പെഷ്യാലിറ്റി യൂണിറ്റ് ഇവിടെ സ്ഥാപിക്കും. അവിടെ രോഗികള്‍ക്ക് ചികിത്സ സൗജന്യമായിരിക്കും. സേവന മനസ്‌കതയുള്ള അത്യുത്സാഹത്തോടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ആയിരിക്കും ഇവിടെ സേവനം ചെയ്യുക. ഊര്‍ജ്ജ വിനിയോഗത്തില്‍ സ്വയം പര്യാപ്തത ലഭ്യമാക്കി സൗരോര്‍ജ്ജവും പ്രകൃതി താപനില പരിപാലന സംവിധാനവും ഉള്‍പ്പെടുത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഉയര്‍ന്ന ഗുണമേന്മയുള്ള ഭക്ഷണമാകും ഇവിടെ വിതരണം ചെയ്യുക. സമീപത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ദിവസവും രണ്ട് നേരം സൗജന്യ ഭക്ഷണം വിതരണം ചെയ്യും. ആശുപത്രിയിലേക്കുള്ള മാനവ വിഭവശേഷി നല്‍കുന്നതിനായി ഒരു നഴ്‌സിംഗ്, പാരാമെഡിക് കോളേജ് സ്ഥാപിക്കും. ഫൈസാബാദിലെ പ്രാദേശിക വിഭവങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തും. ഗുരുതരമായ ശസ്ത്രക്രിയകളടക്കം പ്രത്യേക ആവശ്യങ്ങള്‍ക്കായി, പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ അവരുടെ സേവനങ്ങള്‍ ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്ക് ഇതുവരെ പേര് ഇട്ടിട്ടില്ല, എന്നാല്‍ ഏതെങ്കിലും ചക്രവര്‍ത്തിയുടെയോ രാജാവിന്റെയോ പേര് ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍തത്തു.

ആശുപത്രിയുടെ നിര്‍മാണത്തിനു വേണ്ടി കോര്‍പ്പറേറ്റ് ധനസഹായം ഞങ്ങള്‍ തേടുന്നുണ്ട്. ഞങ്ങളുടെ രൂപരേഖക്ക് അനുമതി ലഭിച്ചാല്‍ ധനസഹായം നല്‍കാന്‍ സന്നദ്ധമായി നിരവധി പേര്‍ തയാറായി നില്‍ക്കുന്നുണ്ട്. അതിനുശേഷം, വിദേശ ധനസഹായ ചട്ടമനുസരിച്ച് ഞങ്ങള്‍ ഇന്ത്യന്‍ വംശജരായ മുസ്‌ലിംകളില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിക്കുമെന്നും ഐ.ഐ.സി.എഫ് സെക്രട്ടറി അത്തര്‍ ഹുസൈന്‍ പറഞ്ഞു.

അതേസമയം, അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തുവന്നിട്ടുണ്ട്. ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുത്ത് പകരം നല്‍കുന്ന ഭൂമിയിലെ പള്ളി അനുവദനീയമല്ലെന്നാണ് ബോര്‍ഡ് ഫത്‌വ പുറപ്പെടുവിച്ചത്. അത് മദീനയില്‍ കപടവിശ്വാസികള്‍ നിര്‍മിച്ച ‘മസ്ജിദ് ദിറാര്‍’ പോലെയാണെന്നും ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

പള്ളിക്കു വേണ്ടി വഖഫ് ചെയ്ത ഭൂമി പിന്നീടൊരിക്കലും വില്‍ക്കാനോ മറ്റൊരു ഭൂമിക്ക് പകരമായി കൈമാറാനോ പാടില്ല, സംഭാവന ചെയ്തവര്‍ക്ക് വഖഫ് ഭൂമി തിരിച്ചെടുക്കാന്‍ പോലുമാവില്ല. അതിനാല്‍ ഇസ്ലാമിക നിയമപ്രകാരവും ഇന്ത്യന്‍ വഖഫ് നിയമപ്രകാരവും ഇത് പള്ളിയല്ലെന്നും വ്യക്തിനിയമ ബോര്‍ഡ് അംഗം ഡോ. സയ്യിദ് കാസിം റസൂല്‍ ഇല്യാസ് പറഞ്ഞു.

Related Articles