Politics

ഇസ്‌ലാമോഫോബിയ പടര്‍ത്തുന്ന കൂടിക്കാഴ്ചകള്‍

വര്‍ഷങ്ങളോളം പാശ്ചാത്യലോകത്ത് ധീരതയുടെ പര്യായമായിരുന്നു ഓങ് സാന്‍ സൂചി. മ്യാന്‍മാറില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ ഒറ്റയാള്‍ പോരാട്ടവും, അതുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന വര്‍ഷങ്ങളോളം നീണ്ട വീട്ടുതടങ്കലും അവരുടെ മഹത്വം നെല്‍സണ്‍ മണ്ടേലയോളം ഉയര്‍ത്തി. 1991-ലെ സമാധാന നൊബേല്‍ പുരസ്‌കാരം അവരെ തേടിയെത്തുകയും ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷമാണ് മണ്ടേലക്കു സമാധാന നൊബേല്‍ ലഭിച്ചത്.

എന്നാല്‍ കാലംമാറിയിരിക്കുന്നു. മ്യാന്‍മാറിന്റെ പ്രധാനമന്ത്രി പദവിയില്‍ അവരോധിതയായതു മുതല്‍ക്ക് അവര്‍ കൈക്കൊണ്ടിട്ടുള്ള രാഷ്ട്രീയ നിലപാടുകള്‍ അവരുടെ വീരപരിവേഷത്തെപ്രതി സംശയമുളവാക്കുന്നതായിരുന്നു. 2017-ല്‍ രാജ്യത്തുടനീളമുള്ള റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശഹത്യയില്‍ 25000-ത്തിലധികം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട സംഭവത്തോട് തികച്ചും അനുകൂലമായ നിലപാട് അവര്‍ തുറന്നു പ്രകടിപ്പിക്കുകയുണ്ടായി.

ഏഴു ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ സ്വന്തം വീടുകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. റോഹിങ്ക്യന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും അധികാരികളുടെ ഒത്താശയോടെ സൂചിയുടെ സൈന്യം ക്രൂരമായ ബലാത്സംഗത്തിനു വിധേയമാക്കിയെന്ന ആരോപണം മനുഷ്യാവകാശ സംഘടനകളുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. സത്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുക്കൊണ്ടിരിക്കെ, തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് ഓങ് സാന്‍ സൂചി ഇപ്പോഴും വിശ്വസിക്കുന്നത്. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്തര്‍ ഓര്‍ബനുമായി കഴിഞ്ഞ ബുധനാഴ്ച ബുഡാപെസ്റ്റില്‍ നടത്തിയ കൂടിക്കാഴ്ച സൂചിയുടെ വിശ്വാസഗതി എന്താണെന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.

ഇരുനേതാക്കളും പൊതുവായ ഒരുകാര്യത്തിനു വേണ്ടി ഒരുമിച്ചു നിലകൊള്ളുന്നവരാണ് എന്ന് കൂടികാഴ്ചക്കു ശേഷം നടത്തിയ പ്രസ്താവനയില്‍ നിന്നും വ്യക്തമാവും. അതായത്, ‘വളര്‍ന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം ജനസംഖ്യ’യുടെ കാര്യത്തില്‍ ഇരുവരും ആശങ്കാകുലരാണ്. ഓര്‍ബനെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാം വ്യാപനത്തിനു തടയിടാന്‍ യൂറോപ്പിന്റെ അവസാന പ്രതീക്ഷ ക്രിസ്തുമതമാണ്, ഹംഗറിയാണ് അതിനുള്ള അവസാന പ്രതിരോധമതില്‍. രാജ്യത്തെ മുസ്‌ലിം അഭയാര്‍ഥികളെ ഭീകരവാദികള്‍ എന്നാണ് ഓര്‍ബന്‍ വിശേഷിപ്പിക്കുന്നത്.

ഓങ് സാന്‍ സൂചിയെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാം മതം മ്യാന്‍മാറിന്റെ ബുദ്ധമതസംസ്‌കാരത്തിനു നേരെ ഉയര്‍ന്നുവന്നിട്ടുള്ള ഒരു ഭീഷണിയാണ്. 2013-ല്‍ തന്നെ, മ്യാന്‍മാറില്‍ മുസ്‌ലിംകള്‍ക്കു നേരെ വംശഹത്യയൊന്നും തന്നെ നടക്കുന്നില്ലെന്ന പ്രസ്താവനയുടെ പേരില്‍ സൂചി വിമര്‍ശിക്കപ്പെട്ടിരുന്നു.

മ്യാന്‍മാറിലെ സൈനിക ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഓങ് സാന്‍ സൂചിയെ ആവേശപൂര്‍വം പിന്തുണച്ച പാശ്ചാത്യലോകം പക്ഷേ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൂചി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ബുദ്ധമതദേശീയതയെയോ, അതിന്റെ പേരില്‍ രാജ്യത്തെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളെയോ കുറിച്ച് ഒന്നും തന്നെ മിണ്ടുന്നില്ല.

ഇസ്‌ലാം മതം തങ്ങള്‍ നയിക്കുന്ന രാജ്യങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാണെന്ന കാഴ്ചപ്പാടു വെച്ചുപുലര്‍ത്തുന്ന ഒരു ഭൂഖണ്ഡാന്തര രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകങ്ങളാണ് ബുദ്ധമതവിശ്വാസിയായ ഓങ് സാന്‍ സൂചിയും ക്രിസ്തുമതവിശ്വാസിയായ വിക്തര്‍ ഓര്‍ബനും. കമ്യൂണിസ്റ്റ് ചൈനാധിപതി സീ ജിന്‍പിങും ഇതേ വികാരം തന്നെയാണ് പങ്കുവെക്കുന്നത്, കിഴക്കന്‍ തുര്‍ക്കിസ്താനിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ വമ്പിച്ച തോതിലുള്ള വ്യവസ്ഥാപിതമായ സംസ്‌കാരിക വംശഹത്യ നടത്തിക്കൊണ്ടിരിക്കുകയാണ് നിലവില്‍ ചൈനീസ് കമ്യൂണിസ്റ്റു സര്‍ക്കാര്‍.

നരേന്ദ്ര മോദിയുടെ ഇന്ത്യയിലെ സാഹചര്യവും ഏതാണ്ടു സമാനമാംവിധം ഭീതിയുളവാക്കുന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും കൊടിയ അക്രമങ്ങളാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

വലതുപക്ഷ ദേശീയതയില്‍ അധിഷ്ടിതമായ ഭരണകൂടങ്ങള്‍ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ഒരു സ്വഭാവികതയായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും അന്യായജയില്‍ശിക്ഷയും എല്ലാംതന്നെ, മുസ്‌ലിംകള്‍ നമ്മുടെ ശത്രുക്കളാണ് എന്ന ആശയപ്രചാരണത്തിന്റെ പുറത്ത് ന്യായീകരിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മ്യാന്‍മാറിലെ ബുദ്ധമതസന്യാസികളില്‍ ഒരുവിഭാഗം അതിനെ സ്വാഗതം ചെയ്തത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഇസ്‌ലാം പാശ്ചാത്യലോകത്തിനു ഒരു ഭീഷണിയാണെന്നത് കേവലം ഒരു മിഥ്യാധാരണ മാത്രമാണ്. അതേസമയം, പാശ്ചാത്യലോകത്തെ അനവധിനിരവധി മേഖലകളില്‍ ഭൗതികമായും ബൗദ്ധികമായും വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ചു കൊണ്ട് സന്തോഷപൂര്‍വം സഹവസിച്ചു കൊണ്ടിരിക്കുന്നവരാണ് ലക്ഷക്കണക്കിനു വരുന്ന ഇവിടുത്തെ മുസ്‌ലിം ജനവിഭാഗം. സഹവര്‍ത്തിത്വത്തിലധിഷ്ടിതമായ ഈ സമാധാനാന്തരീക്ഷത്തിനും ആഗോളമുസ്‌ലിം സമൂഹത്തിനും നേരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഭീഷണിയാണ് ഓങ് സാന്‍ സൂചിയുടെയും ഓര്‍ബനെയും പോലെയുള്ള നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചകളുടെ അജണ്ടകള്‍ എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

മൊഴിമാറ്റം : ഇര്‍ഷാദ്
അവലംബം : middleeasteye.net

Facebook Comments
Related Articles
Show More
Close
Close