Current Date

Search
Close this search box.
Search
Close this search box.

‘ഇന്ത്യന്‍ പൗരത്വം തെളിയിച്ചിട്ടേ ഞാന്‍ മരിക്കൂ’

അസമില്‍ പൗരത്വ വിഷയവുമായി ബന്ധപ്പെട്ടു ഏകദേശം ആയിരം പേരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. നാല് മില്യണ്‍ മുതല്‍ പത്തു മില്യണ്‍ വരെ അനധികൃത കുടിയേറ്റക്കാര്‍ ആസാം പോലുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജീവിക്കുന്നു എന്നാണു ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്ക്. അസമിലെ പതിനഞ്ചോളം ജില്ലകളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടെന്നാണ് കണക്ക്.

തടങ്കല്‍ കേന്ദ്രത്തിലെ അവസ്ഥ ഭയാനകം എന്നതാണ് പലരും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മുറിയില്‍ ഏകദേശം നാല്‍പതോളം പേര്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഇവര്‍ക്കെല്ലാം കൂടി ആകെ ഒരു കക്കൂസ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. രാവിലെ കിട്ടുന്ന ചായയും രണ്ടു ബിസ്‌കറ്റും നഷ്ടമാവാതിരിക്കാന്‍ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു തയ്യാറാകണം. പിന്നെ എല്ലാവരെയും ഉയര്‍ന്ന മതിലുള്ള തുറസ്സായ സ്ഥലത്തേക്ക് തുറന്നു വിടും. വൈകിട്ട് അഞ്ചു മണിക്ക് രാത്രി ഭക്ഷണം ലഭിക്കും. പിന്നെ എല്ലാവരെയും അകത്തു കയറ്റി പുറത്തു നിന്നും ലോക്ക് ചെയ്യും.

സന്ദര്‍ശിക്കാന്‍ വരുന്ന ബന്ധുക്കള്‍ക്ക് പത്ത് മിനിട്ട് അനുവദിക്കും. 1965 മുതല്‍ ദാസിന്റെ കുടുംബം ഇന്ത്യയിലുണ്ട്. ദാസിനെ പ്രസവിച്ചത് തന്നെ ഇന്ത്യയിലാണ്. ഇന്ത്യയില്‍ പല തവണ വോട്ടു ചെയ്തിട്ടുണ്ട്. എന്നിട്ടും ഇന്ത്യാക്കാരനാണെന്ന് തെളിയിക്കുക എന്ന ദുരന്തമാണ് പലരെയും കാത്തിരിക്കുന്നത്. അസുഖമുള്ള ഭാര്യയെയും മകനെയും ശുശ്രൂഷിക്കാനാണ് ദാസിന് പരോള്‍ നല്‍കിയത്. അതെപ്പോള്‍ അവസാനിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് അവനിപ്പോള്‍. നൂറു വയസിനു മുകളിലുള്ളവര്‍ പോലും തങ്ങളുടെ രാജ്യം ഇന്ത്യയാണ് എന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടുകയാണ്.

പലരെയും സാധാരണ ജയിലില്‍ തന്നെയാണ് അടച്ചിട്ടുള്ളത്. അതും കൊടും ക്രിമിനലുകളുടെ കൂടെ. തടങ്കല്‍ കേന്ദ്രത്തില്‍ സ്ഥലമില്ല എന്നതും മറ്റൊരു കാരണമാണ്. അടുത്തിടെ ജയിലിലെ അവസ്ഥകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. അതെ സമയം ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി മൂലം ജയിലില്‍ കഴിയേണ്ടി വന്നവരുമുണ്ട്. ഒരു ജനത ഭയത്തിന്റെ നിഴലിലാണ്. ബംഗ്ലാദേശ് ഉണ്ടാകുന്നതിനു മുമ്പാണ് പലരുടെയും കുടുംബം അവിടെ നിന്നും ഇന്ത്യയില്‍ എത്തിയത്. അന്ന് മുതല്‍ അവര്‍ ഇന്ത്യയുടെ ഭാഗമായി ജീവിക്കുന്നു. ഇന്ന് ജയിലിലും തടങ്കല്‍ ക്യാംപിലുള്ള പലര്‍ക്കും ഇന്ത്യയില്‍ സ്വന്തം പേരില്‍ കൃഷിയിടമുണ്ട് എന്നതാണ് വസ്തുത.

‘എന്റെ യഥാര്‍ത്ഥ പൗരത്വം തെളിയിക്കുന്നതിന് മുമ്പ് ഞാന്‍ മരിക്കില്ല’ എന്ന വിശ്വാസത്തിലാണ് നൂറു വയസ്സ് പ്രായമുള്ള ഒരു തടവുകാരന്‍. വര്‍ഷങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ കൂടെ ജീവിച്ചിട്ടും ഇന്നും അന്യമായി തീര്‍ന്ന ഒരു ജനതയുടെ കണ്ണുനീരും ദുരിതവും കൊണ്ട് പല തടങ്കല്‍ കേന്ദ്രങ്ങളും ജയിലുകളും നിറയുകയാണ്.

Related Articles