Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ് ഉണ്ടായപ്പോള്‍ പറഞ്ഞിരുന്നത്….

bngkl.jpg

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കാതുകള്‍ക്കും ‘ബംഗ്ലാദേശ്’ എന്ന വാക്ക് വളരെ ആനന്ദകരമായി അനുഭവപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെയും ജനസംഘത്തിന്റെയും നേതാക്കളുണ്ട്, പ്രമുഖ ഹിന്ദി-ഇംഗ്ലീഷ് പത്രങ്ങളുടെ എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരുമുണ്ട്. അന്ന് ബംഗ്ലാദേശ് ഉണ്ടായിക്കഴിഞ്ഞിരുന്നില്ല; അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു രാഷ്ട്രം ഉണ്ടായിവരാത്തതില്‍ ഏറ്റവും അസ്വസ്ഥര്‍ ജനസംഘം പാര്‍ട്ടി തന്നെയായിരുന്നു.’ബംഗ്ലാദേശിനെ അംഗീകരിക്കണം, ഇന്നു തന്നെ അംഗീകരിക്കണം’, അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഈ അസ്വസ്ഥത കോണ്‍ഗ്രസിനും അതിന്റെ ഭരണത്തിനും ഉണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ‘പറ്റിയ അവസരത്തി’ന് കാത്തിരിക്കുകയുമായിരുന്നു. വര്‍ഷം 1971. കിഴക്കന്‍ പാകിസ്താന്‍ വേറിട്ട് പോകണമെന്ന പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്ന സന്ദര്‍ഭം. പാകിസ്താന്‍ സൈന്യം ആ ആവശ്യത്തെ ചെറുത്തുകൊണ്ടിരിക്കുന്നു. സര്‍വത്ര അരാജകത്വം. ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ആയിരക്കണക്കിനാളുകള്‍ അഭയാര്‍ഥികളായി വന്നുകൊണ്ടിരിക്കുന്നു. അവരെ ആരും തടയുന്നില്ലെന്ന് മാത്രമല്ല, ഊഷ്മളമായി വരവേല്‍ക്കുകയും ചെയ്യുന്നു. എന്തൊരു സ്വീകരണമായിരുന്നു അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ അവര്‍ക്ക് എല്ലാ വിധ സുഖ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല ഉള്‍ഭാഗങ്ങളിലെ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും അവര്‍ വ്യാപിച്ചു. എല്ലായിടത്തും അവര്‍ സ്വാഗതം ചെയ്യപ്പെട്ടു. ‘നമ്മുടെ ബംഗ്ലാദേശി സഹോദരന്മാര്‍’ എന്നാണ് അക്കാലങ്ങളില്‍ അവരെ വിളിച്ചിരുന്നത്.

അഭയാര്‍ഥി നികുതിയെന്ന പേരില്‍ കോടിക്കണക്കിന് രൂപയാണ് അക്കാലത്ത് പിരിച്ചെടുത്തത്. വിദേശ സഹായം ലഭിക്കുന്നതിന് അഭയാര്‍ഥികളെക്കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മിച്ച് ലോകമൊട്ടാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ജനസംഘം ആഗ്രഹിച്ചത് തന്നെ നടന്നു. ഇന്ദിരാഗാന്ധിയുടെ മനം നിറഞ്ഞ ആശയും അതുതന്നെയായിരുന്നു. 1971 ഡിസംബറില്‍ ബംഗ്ലാദേശിനെ പുതിയ രാഷ്ട്രമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തു. വാര്‍ത്ത കേട്ട് വാജ്‌പേയ് ചാടി എണീക്കുകയും ഇന്ദിരാഗാന്ധിയെ ‘ദുര്‍ഗാ ദേവി’ എന്ന് പുകഴ്ത്തുകയും ചെയ്തുവത്രെ. ബംഗ്ലാദേശ് രൂപവത്കൃതമായതിന് ശേഷവും ‘ബംഗ്ലാദേശി സഹോദരന്മാരോ’ടുള്ള സ്‌നേഹം കുറച്ച് കാലം കൂടി തുടര്‍ന്നു. പിന്നെയാണ് സംഹാരാത്മക രാഷ്ട്രീയത്തിന്റെ തുടക്കം. അഭയാര്‍ഥികളെ അണച്ചുപൂട്ടാനും സ്വീകരിക്കാനും ഏറ്റവും മുന്‍പന്തിയിലുണ്ടായിരുന്ന പാര്‍ട്ടി തന്നെയാണ് അവരുടെ സാന്നിധ്യം ഏറ്റവും വലിയ ഭീഷണിയായി കണ്ട് അവരെ എത്രയും വേഗം നാട് കടത്തണമെന്ന് വളരെ ശക്തിയായി ആവശ്യപ്പെട്ടതും. ബി.ജെ.പി ഔദ്യോഗികമായി തന്നെ ഇത് തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. വിദ്വേഷം വമിക്കുന്ന കാമ്പയിനിനും അവര്‍ തുടക്കമിട്ടു. അങ്ങനെ ‘ബംഗ്ലാദേശി’ എന്ന വാക്ക് ഏറ്റവും വെറുക്കപ്പെട്ടതായിത്തീര്‍ന്നു.

അപ്പോള്‍ രാജ്യത്ത് ബംഗ്ലാദേശികളുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ ഒരിക്കലും മുസ്‌ലിംകളല്ല; അന്നത്തെ ഭരണകൂടവും ആര്‍.എസ്.എസും തന്നെയാണ്. പക്ഷേ, ഇപ്പോള്‍ ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് ആസാമിലെയും മറ്റും ബംഗാളി സംസാരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളാണ്. മുസ്‌ലിം നേതൃത്വം ഈ വസ്തുതകളൊക്കെ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. കഴിഞ്ഞ മാസം 27-ന് ബാംഗ്ലൂരിലെ ഒരു സംഘ്പരിവാര്‍ റാലിയില്‍ വെച്ച് വര്‍ഗീയ വിഷം തുപ്പിയവരെയും ഈ കാര്യം ബോധ്യപ്പെടുത്തണം. ‘നാലു കോടി ബംഗ്ലാദേശികള്‍ ഇന്ത്യയിലുണ്ട്’ എന്നാണ് അവര്‍ തട്ടിവിട്ടിരിക്കുന്നത് (ഇന്ത്യന്‍ എക്‌സ്പ്രസ്, ആഗസ്റ്റ് 28). ഈ വിദ്വേഷ പ്രചാരണം മറ്റു അനര്‍ഥങ്ങള്‍ വരുത്തിവെക്കുന്നതിന് മുമ്പ് ഗവണ്‍മെന്റും മുസ്‌ലിം നേതൃത്വവും പ്രശ്‌നത്തില്‍ ഇടപെടാന്‍ മന്നോട്ട് വരേണ്ടതുണ്ട്.

(ദഅ്‌വത്ത് ത്രൈദിനം 2012 സെപ്റ്റംബര്‍ 5)
 

Related Articles